സൈന്യത്താലുമല്ല, ബലത്താലുമല്ല

കർത്താവ് ജോഷ്വയോട് അരുളിച്ചെയ്തു: “ഇതാ ഞാൻ ജറീക്കോപ്പട്ടണത്തെ  അതിൻ്റെ  രാജാവിനോടും യുദ്ധവീരന്മാരോടും  കൂടെ  നിൻ്റെ  കരങ്ങളിൽ   ഏൽപിച്ചിരിക്കുന്നു. നിങ്ങളുടെ  യോദ്ധാക്കൾ   ദിവസത്തിൽ ഒരിക്കൽ പട്ടണത്തിനു ചുറ്റും  നടക്കണം.  ഇങ്ങനെ ആറു ദിവസം   ചെയ്യണം. ഏഴു പുരോഹിതന്മാർ ആട്ടിൻകൊമ്പുകൊണ്ടുള്ള ഏഴു കാഹളവും പിടിച്ചു  വാഗ്ദാനപേടകത്തിൻ്റെ  മുൻപിലൂടെ നടക്കണം. ഏഴാം ദിവസം  പുരോഹിതന്മാർ കാഹളം മുഴക്കുകയും  നിങ്ങൾ പട്ടണത്തിനു ചുറ്റും  ഏഴു പ്രാവശ്യം നടക്കുകയും വേണം.  അവർ കാഹളം മുഴക്കുന്നതു  കേൾക്കുമ്പോൾ നിങ്ങൾ ആർത്തട്ടഹസിക്കണം. അപ്പോൾ  പട്ടണത്തിൻ്റെ  മതിൽ നിലംപതിക്കും. നിങ്ങൾ നേരെ ഇരച്ചുകയറുക” ( ജോഷ്വ 6:2-5).

നാൽപതു വർഷം നീണ്ടുനിന്ന ഒരു  മഹായാത്രയുടെ അവസാനപാദമായിരുന്നു അത്.  അതിനിടയിൽ ഒരു തലമുറ മുഴുവൻ മണ്ണടിഞ്ഞുപോയിരുന്നു. ഈജിപ്തിൽ നിന്നു  തുടങ്ങിയ ആ യാത്ര സാധാരണഗതിയിൽ നാൽപതു ദിവസം കൊണ്ടു ലക്ഷ്യസ്ഥാനത്തെത്തേണ്ടതായിരുന്നു. എന്നാൽ ദൈവം തീരുമാനിച്ചതു  മറ്റൊരുവിധത്തിലായിരുന്നു. നേർവഴി പോകാതെ  വളഞ്ഞ വഴി പോകാനാണ്  ദൈവം അവരോടു  കല്പിച്ചത്.  ഈജിപ്തിൽ വച്ചു  തിടുക്കത്തിൽ അവർ ആചരിച്ച ആദ്യത്തെ പെസഹാ മുതൽ വാഗ്ദത്തദേശത്തു  ഗിൽഗാലിൽ  വച്ച്  അവർ ആചരിച്ച  പെസഹാ വരെയുള്ള  ക്ലേശപൂർണമായ ആ യാത്രയ്ക്കു പുറപ്പെട്ട   ആറുലക്ഷം പേരിൽ രണ്ടേരണ്ടു പേർക്കു മാത്രമേ  വാഗ്ദത്തദേശത്തു കാലുകുത്താൻ ഭാഗ്യം ഉണ്ടായുള്ളൂ. നൂനിൻ്റെ  പുത്രനായ ജോഷ്വയ്ക്കും  യെഫുന്നയുടെ പുത്രനായ കാലേബിനും മാത്രം.  കർത്താവു പറഞ്ഞിട്ടുണ്ടല്ലോ ; ” വിളിക്കപ്പെട്ടവർ വളരെ; തെരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം”( മത്തായി 22:14).

ഗിൽഗാലിൽ താമസിച്ച ചെറിയൊരു ഇടവേളയ്ക്കുശേഷം  അവരുടെ അടുത്ത ലക്‌ഷ്യം ജറീക്കോ ആയിരുന്നു.  കോട്ടകളാൽ സുരക്ഷിതമാക്കപ്പെട്ടിരുന്ന ജറീക്കോ  ലോകത്തിലെ തന്നെ അതിപുരാതനനഗരങ്ങളിലൊന്നാണ്.  പതിനായിരം വർഷത്തെ ചരിത്രമുള്ള ഈ നഗരം സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും താഴെ ( 258  മീറ്റർ) കിടക്കുന്ന നഗരവുമാണ്. വാഗ്ദത്തദേശം കൈവശപ്പെടുത്തുന്ന പ്രക്രിയയിൽ  ഇസ്രായേൽക്കാർ ഏറ്റവുമാദ്യം പിടിച്ചെടുത്ത നഗരം ജറീക്കോ ആയിരുന്നു.  1994 ലെ ഓസ്‌ലോ  കരാർ അനുസരിച്ച് ഇസ്രായേൽ പലസ്തീൻ അതോറിറ്റിയ്ക്കു  കൈമാറിയ  ഏറ്റവും ആദ്യത്തെ പട്ടണവും ജറീക്കോ ആയിരുന്നു എന്നതു  ചരിത്രത്തിൻ്റെ   യാദൃച്ഛികത. 

നാം നേരത്തെ കണ്ട വചനഭാഗം  ജറീക്കോപ്പട്ടണം പിടിച്ചെടുക്കാൻ  ഇസ്രായേൽക്കാർ പ്രയോഗിച്ച  പദ്ധതിയെക്കുറിച്ചാണ്.  സത്യത്തിൽ അത് അവരുടെ പദ്ധതിയായിരുന്നില്ല, അവരുടെ സർവ്വസൈന്യാധിപൻ്റെ, സൈന്യങ്ങളുടെ കർത്താവായ  ദൈവത്തിൻ്റെ  തന്നെ പദ്ധതിയായിരുന്നു. 

 അവർ ചെയ്യാൻ പോകുന്നതു  ശുദ്ധമണ്ടത്തരമായിരുന്നു എന്ന് ഒറ്റനോട്ടത്തിൽ തോന്നാം.  ആയുധധാരികൾക്കു പിറകെ  ആട്ടിൻകൊമ്പുകൊണ്ടുള്ള കാഹളം മുഴക്കിക്കൊണ്ട് ഏഴുപുരോഹിതർ നടക്കണം. അവർക്കുപിറകിലായി  വാഗാനപേടകം വഹിക്കുന്നവർ.  അതിനും പിറകിൽ ഇസ്രായേൽ ജനം മുഴുവനും, ഒന്നല്ല തുടർച്ചയായി ആറുദിവസം നടക്കണമായിരുന്നു. ഏഴാം ദിവസം  ഒന്നല്ല, ഏഴുതവണ പട്ടണം വലംവയ്ക്കണം. തങ്ങളുടെ നഗരത്തിനുചുറ്റും   ഒരു പേടകവും പിടിച്ച്, കാഹളവും ഊതിക്കൊണ്ട്  എല്ലാ ദിവസവും  നടക്കുന്ന ഇസ്രായേൽക്കാർ ഭ്രാന്തന്മാരാണെന്ന് ഒരുപക്ഷേ  ജറീക്കോ   നിവാസികൾക്കു തോന്നിയിട്ടുണ്ടാകും.

എന്നാൽ ഏഴാം ദിവസം, ഏഴു തവണയും  നഗരം  വലംവച്ചതിനുശേഷമാണു   ദൈവത്തിൻ്റെ   കരം പ്രവർത്തിച്ചത്. ”  ഏഴാം പ്രാവശ്യം  പുരോഹിതന്മാർ  കാഹളം മുഴക്കിയപ്പോൾ  ജോഷ്വ ജനത്തോടു പറഞ്ഞു: അട്ടഹസിക്കുവിൻ. ഈ പട്ടണം  കർത്താവു നിങ്ങൾക്കു  നൽകിയിരിക്കുന്നു ( ജോഷ്വ 6:16). അത്ഭുതം നടന്നതു  ഞൊടിയിടയിലായിരുന്നു. “കാഹളം മുഴങ്ങി.  കാഹളധ്വനി കേട്ടപ്പോൾ  ജനം ആർത്തട്ടഹസിക്കുകയും  മതിൽ നിലംപതിക്കുകയും ചെയ്തു.  അവർ ഇരച്ചുകയറി പട്ടണം പിടിച്ചെടുത്തു” ( ജോഷ്വ 6: 20).

ഇനി ഒരു നിമിഷം ചിന്തിക്കുക. എങ്ങനെയാണ് ജറീക്കോ  വീണത്? അതു  സ്വർഗത്തിൽ നിന്നുള്ള സഹായം കൊണ്ടായിരുന്നുവെന്നതിൽ സംശയമില്ല. എന്നിരുന്നാലും അവർക്ക് ആ സഹായം  കിട്ടിയത് എങ്ങനെയായിരുന്നു  എന്നു  ചിന്തിക്കണം.  അവർ  ദൈവത്തിൻ്റെ  കല്പന അതേപടി അനുസരിച്ചു എന്നതാണ്  അതിനുള്ള കാരണം.  പിന്നിട്ട നാലു ദശാബ്ദങ്ങളിൽ ഇസ്രായേൽക്കാരുടെ മുഖമുദ്രയായിരുന്ന  മറുതലിപ്പ്  ഉപേക്ഷിച്ച് അവർ  ദൈവത്തിൻ്റെ  മുൻപിൽ വിനീതരും അനുസരണയുള്ളവരും ആയി മാറി. എന്നിട്ടും  എന്തുകൊണ്ടാണു  ദൈവം അവരെ വീണ്ടും  ഏഴു ദിവസം കൂടി ശോധന ചെയ്തതിനുശേഷം മാത്രം   ജറീക്കോയിലേക്ക് അവരെ പ്രവേശിപ്പിച്ചാൽ മതി എന്ന് തീരുമാനിച്ചത്?

അത് ഒരു രഹസ്യമാണ്. സാത്താനെതിരെയുള്ള ഏറ്റവും ഫലപ്രദമായ ഒരു പ്രാർത്ഥനയുടെ അടിസ്ഥാനവും ഈ  രഹസ്യമാണ്.  ജറീക്കോ പ്രാർത്ഥനയെക്കുറിച്ചു   നിങ്ങൾക്കു  കുറച്ചെങ്കിലും അറിയാമെന്നു  ഞാൻ കരുതുന്നു. അത് ഏഴു ദിവസം നീണ്ടുനിൽക്കുന്ന ഒരു പ്രാർത്ഥനയാണ്. ഏഴുദിവസം വാഗ്ദാനപേടകവുമായി  നഗരത്തിനു ചുറ്റും  വലംവച്ചുകൊണ്ട് ഇസ്രായേൽക്കാർ തങ്ങളുടെ  ശത്രുവിനെ കീഴടക്കിയതുപോലെ     നമ്മുടെ നിത്യശത്രുവായ സാത്താനും അവൻ്റെ  പിണിയാളുകൾക്കുമെതിരെയുള്ള  പോരാട്ടത്തിൽ  വിജയം വരിക്കാൻ ജറീക്കോ പ്രാർത്ഥന  നമ്മെയും സഹായിക്കും

നിങ്ങൾ ആത്മീയജീവിതത്തിൽ മുന്നോട്ടുപോകാൻ സാധിക്കാത്ത തരത്തിലുള്ള ഏതെങ്കിലും  ബന്ധനത്തിൽപ്പെട്ടുകിടക്കുകയാണെങ്കിൽ, നിങ്ങളുടെ പ്രിയപ്പെട്ടവരുടെയോ നിങ്ങളുടെ വസ്തുവകകളുടെയോ  സ്ഥലത്തിൻ്റെയോ മേൽ  ഏതെങ്കിലും  വിധത്തിലുള്ള തിന്മയുടെ സ്വാധീനമുണ്ടെന്നു നിങ്ങൾ ഭയപ്പെടുന്നുണ്ടെങ്കിൽ,  ഈ പ്രാർത്ഥന ചൊല്ലുക. നിങ്ങൾക്കു മനസിലാക്കാൻ  പറ്റാത്ത എന്തെങ്കിലും കാരണം കൊണ്ടു   നിങ്ങളുടെ ജീവിതം  ദുരിതപൂർണ്ണമാകുന്നുവെങ്കിൽ,  എവിടെയോ എന്തോ  തകരാറിലായിട്ടുണ്ടെന്നു  നിങ്ങൾക്കു  തോന്നുന്നുവെങ്കിൽ  ജറീക്കോ   പ്രാർത്ഥനയെ ആശ്രയിക്കുക. എല്ലാ വഴികളും അടയുകയും മനുഷ്യപ്രയത്നത്താൽ നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല  എന്നു  ബോധ്യം വരികയും ചെയ്തുവെങ്കിൽ   ജറീക്കോ  പ്രാർത്ഥനയിലേക്കു തിരിയുക. എൻ്റെ  ഹൃദയത്തിൻ്റെ  ആഴങ്ങളിൽ നിന്നു ഞാൻ ഉറപ്പുതരുന്നു; ജറീക്കോ പ്രാർത്ഥനയുടെ ഫലങ്ങൾ നിങ്ങളെ അതിശയിപ്പിക്കും.

ജറീക്കോ  പ്രാർത്ഥന  സാത്താനികശക്തികളിൽ നിന്നു   സംരക്ഷണം കിട്ടാനും  ഒരു പടി കൂടി കടന്നു പൈശാചികശക്തികളെ കീഴടക്കാനും വേണ്ടിയുള്ളതാണ്. ദുഷ്ടാരൂപികൾക്കെതിരെയുള്ള ഈ  യുദ്ധത്തിൽ ആക്രമണവും പ്രതിരോധവും ഒന്നിച്ചുപോകുന്നു.  അതുകൊണ്ടുതന്നെ  ആരും ഈ പ്രാർത്ഥനയെ നിസ്സാരമായി  കാണരുതെന്നപേക്ഷിക്കുന്നു.  ആവശ്യമായ മുന്നൊരുക്കങ്ങൾ ഇല്ലാതെ  എടുത്തുചാടി നടത്തേണ്ട ഒന്നല്ല ജറീക്കോ പ്രെയർ എന്നു  മനസിലാക്കിയിരിക്കണം.  നിങ്ങൾക്കു  തനിയെ ചെയ്യാവുന്നതേയുള്ളൂവെങ്കിലും കുടുംബാംഗങ്ങളെയും കൂട്ടി  ഒരുമിച്ചു പ്രാർത്ഥിക്കുന്നത് കൂടുതൽ ഫലപ്രദമായിരിക്കും.  എന്നാൽ താല്പര്യമില്ലാത്ത ആരെയും  നിർബന്ധിച്ചു കൂടെ  കൂട്ടാതിരിക്കാൻ  പ്രത്യേകം ശ്രദ്ധിക്കണം.  ജറീക്കോ പ്രാർത്ഥന എന്തെന്നു  പൂർണ്ണമായി മനസിലാക്കാതെയും ആരുടെയെങ്കിലും നിർബന്ധത്തിനു  വഴങ്ങിയും  അതിലേക്ക്  എടുത്തുചാടുന്നവർ   താമസിയാതെ തന്നെ മറ്റുള്ളവർക്കു  ബാധ്യതയായിത്തീരും.  ഓർക്കുക, ഇതു   സ്വമനസാലെ താൽപര്യപ്പെട്ടു വരുന്നവർ  മാത്രം ഏഴു ദിവസവും തുടർച്ചയായി ചൊല്ലേണ്ട പ്രാർത്ഥനയാണ്.

 ജെറിക്കോ പ്രാർത്ഥന ചൊല്ലേണ്ടതെങ്ങനെ?

ജറീക്കോ കീഴടക്കാനായി  ഇസ്രായേൽക്കാർ പോയതു  തനിച്ചായിരുന്നില്ല. അവർക്കുമുൻപേ  കർത്താവിൻ്റെ  വാഗ്ദാനപേടകം  യാത്രചെയ്തിരുന്നു.  വാഗ്ദാനപേടകത്തിനുള്ളിൽ സൂക്ഷിച്ചിരുന്നത്  എന്തൊക്കെയായിരുന്നു എന്നു  നമുക്കറിയാം.  പത്തുപ്രമാണങ്ങൾ എഴുതിയ കല്പലകയും, അഹറോൻ്റെ തളിർത്ത   വടിയും ഒരു പിടി മന്നയും ആയിരുന്നു അവ. ജറീക്കോ പ്രാർത്ഥനയിലേക്കു പ്രവേശിക്കുന്ന ഏതൊരാളും  തങ്ങളുടെതന്നെ സംരക്ഷണത്തിനായി  പ്രാർത്ഥനാദിവസങ്ങളിൽ പ്രസാദവരാവസ്ഥയിലായിരിക്കണം. സ്വർഗീയമന്നയാകുന്ന  പരിശുദ്ധകുർബാന  സ്വീകരിച്ച്, അഹറോൻ്റെ  തളിർത്ത വടി പ്രതിനിധാനം ചെയ്യുന്ന സഭാധികാരത്തോട് വിധേയപ്പെട്ട്, പത്തുകല്പനകൾ  ഇടം വലം തിരിയാതെ പാലിച്ചുകൊണ്ടു  ‌ ജീവിക്കുന്ന ഒരു വ്യക്തിയാണു  ജറീക്കോ പ്രാർത്ഥന  നടത്തേണ്ടത് എന്ന് സാരം.

ആദ്യത്തെ ആറു  ദിവസം  ഇനിപ്പറയുന്ന പ്രാർത്ഥനകൾ ചൊല്ലണം.

സ്വർഗ്ഗസ്ഥനായ പിതാവേ …….. ദൈവകൃപ നിറഞ്ഞ മറിയമേ…….ത്രിത്വസ്തുതി

വായനകൾ  :     സങ്കീർത്തനം 91, ജോഷ്വ  അധ്യായം6, അപ്പസ്തോല പ്രവൃത്തികൾ  16:25-34

വിശ്വാസപ്രമാണം

ഒരു ജപമാല  ( ചിലർ  ഒരു ജപമാലയ്ക്കു പകരം ഒരു സമ്പൂർണ്ണ  ജപമാല ചൊല്ലാറുണ്ട്.  മറ്റു ചിലർ അതിനു പകരം 33 വിശ്വാസപ്രമാണം ചൊല്ലുന്നു)

മിഖായേൽ മാലാഖയോടുള്ള പ്രാർത്ഥന

പ്രാർത്ഥന തുടങ്ങുമ്പോൾ  മുതൽ അവസാനിക്കുന്നതുവരെ  ഒരു വെഞ്ചരിച്ച മെഴുകുതിരി കത്തിച്ചുവയ്ക്കുക.  ആമുഖപ്രാർത്ഥനകളും  വിശുദ്ധഗ്രന്ഥവായനയും നിന്നുകൊണ്ടോ ആരോഗ്യം അനുവദിക്കുന്ന പക്ഷം  മുട്ടിന്മേൽ നിന്നുകൊണ്ടോ  നടത്തുക.  വിശ്വാസപ്രമാണവും ജപമാലയും  നിങ്ങൾ സംരക്ഷണം ലഭിക്കാൻ  ആഗ്രഹിക്കുന്ന ഭവനത്തിൻ്റെയോ സ്ഥലത്തിൻ്റെയോ  വസ്തുവിൻ്റെയോ ചുറ്റും നടന്നുകൊണ്ടു ചൊല്ലുക. അതിനുശേഷം പ്രാർത്ഥന തുടങ്ങിയിടത്തുതന്നെ  തിരിച്ചുവന്നു മിഖായേൽ മാലാഖയോടുള്ള പ്രാർത്ഥനയോടെ  അവസാനിപ്പിക്കുക.  മിഖായേൽ മാലാഖയോടുള്ള പ്രാർത്ഥനയുടെ ദീർഘരൂപം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.  ഒരു കുപ്പിയിൽ ഹന്നാൻ വെള്ളം കൈയിൽ കരുതുകയും നടക്കുന്നിടത്തെല്ലാം  തളിക്കുകയും ചെയ്യുക.

ഏഴാം ദിവസം ഈ പ്രാർത്ഥനകൾ എല്ലാം ആവർത്തിക്കുക. ഒരേയൊരു വ്യത്യാസമുള്ളത്  അന്ന് ഒരു തവണയല്ല, ഏഴുതവണ ഭവനത്തിനോ സ്ഥലത്തിനോ, വസ്തുവിനോ വലംവയ്ക്കണം.എന്നതാണ്.

അനേകം സന്ദർഭങ്ങളിൽ ജറീക്കോ പ്രെയർ അവിശ്വസനീയമായ  ഫലങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്   എന്നു  പലരും സാക്ഷ്യപ്പെടുത്തിയിട്ടുള്ളതിനാൽ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്  ഈ പ്രാർത്ഥന ഞാൻ നിങ്ങൾക്കു  ശുപാർശ ചെയ്യുന്നത്. വടക്കേ ഇന്ത്യയിലെ   ഒരു സന്യാസവൈദികാശ്രമത്തിൻ്റെ  അനുഭവം പറയാം.  അവർ ഒരു ഉൾനാടൻ  ഗ്രാമത്തിൽ കൃഷി ചെയ്യാനായി കുറച്ചു സ്ഥലം വാങ്ങിച്ചു.  വളരെ കുറഞ്ഞ വിലയ്ക്കു  സ്ഥലം കിട്ടി എന്നതായിരുന്നു  അവരെ ആകർഷിച്ച ഒരേയൊരു കാര്യം. എന്നാൽ കാട്ടാനകളുടെ ശല്യം കൊണ്ട് പൊറുതിമുട്ടിയിട്ടാണു  മുൻ ഉടമസ്ഥർ ആ സ്ഥലം വിറ്റതെന്ന് അവർക്കു പിന്നീടാണ്  മനസിലായത്.

സന്ധ്യ മയങ്ങിയാൽ സമീപത്തുള്ള വനത്തിൽ നിന്നു  കാട്ടാനക്കൂട്ടങ്ങൾ വന്നിറങ്ങി എല്ലാ കൃഷികളും നശിപ്പിക്കുമായിരുന്നു.  വൈദ്യുതവേലി കൊണ്ടൊന്നും ഒരു ഫലവുമുണ്ടാകാതെവന്നപ്പോൾ  അവർ ആരുടെയോ ഉപദേശപ്രകാരം ജറീക്കോ  പ്രാർത്ഥന നടത്തി. അവർ സാക്ഷ്യപ്പെടുത്തിയത്  ഏഴാം ദിവസം മുതൽ  കാട്ടാനക്കൂട്ടം പതിവുപോലെ  വനത്തിൽ നിന്നിറങ്ങി വരുമായിരുന്നെങ്കിലും  അവ ആശ്രമത്തിൻ്റെ  വേലിക്കെട്ടിനകത്തേയ്ക്കു കടക്കാതെ മടങ്ങിപ്പോയിരുന്നു  എന്നാണ്.

ജെറിക്കോ പ്രാർത്ഥന ചൊല്ലുകയും അതിൻ്റെ  ഫലസിദ്ധി നേരിട്ടനുഭവിക്കുകയും  ചെയ്യുക.  ഈ പ്രാർത്ഥന ഏറ്റവും ആവശ്യമായിരിക്കുന്ന  നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഈ സന്ദേശം ഷെയർ ചെയ്യാൻ  മറക്കാതിരിക്കുകയും ചെയ്യുക. ” നിങ്ങളുടെ ശത്രുവായ  പിശാച്  അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന്   അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു” ( 1 പത്രോസ് 5: 8) എന്ന് എപ്പോഴും ഓർത്തിരിക്കുക.  അവനെ ആട്ടിയകറ്റാനും കീഴ്‌പ്പെടുത്താനും  മാത്രമല്ല അവൻ്റെ പിടിയിൽ നിന്നു  രക്ഷപെടാനും   പിടിയിൽപ്പെട്ടവരെ രക്ഷപ്പെടുത്താനും  ശക്തമാണ് ഈ പ്രാർത്ഥന.  അതിനുമപ്പുറം  അവൻ്റെ കോട്ടകൾ തകർക്കാനും അവൻ്റെ  മടയിൽ ചെന്ന് അവനെ കീഴടക്കാനും  ജറീക്കോ  പ്രാർത്ഥന നമ്മെ സഹായിക്കും.  നാം ഭയാനകവും അതിരൂക്ഷവുമായ ഒരു ആത്മീയയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഈ നാളുകളിൽ  ജെറിക്കോ പ്രാർത്ഥനയെയും നമ്മുടെ ആവനാഴിയിൽ ചേർക്കുക.  അതു  നമ്മുടെ നിത്യശത്രുവായ പിശാചിൻ്റെ  സങ്കേതങ്ങൾ തകർത്തുകൊണ്ടു  നമ്മുടെ വാഗ്ദത്തദേശമായ സ്വർഗരാജ്യത്തിലേക്കു മുന്നേറാൻ  നമ്മെ സഹായിക്കും.

ഒരു കാര്യം മനസ്സിൽ ഓർത്തുവയ്ക്കണം.  തികച്ചും അസാധാരണമായ ഈ പ്രാർത്ഥനയ്ക്ക് ഇറങ്ങിത്തിരിക്കുന്നവരെ ചുറ്റുമുള്ളവർ പരിഹസിച്ചെന്നിരിക്കും.  അവരെ സംബന്ധിച്ചിടത്തോളം ഇതൊരു  വിഫലപ്രയത്നം മാത്രം.  അതിൽ അത്ഭുതപ്പെടേണ്ടതില്ല.  ഏഴാം നാൾ ഏഴാം തവണ ദീർഘമായി കാഹളം മുഴങ്ങുകയും  ഇസ്രായേൽക്കാർ ആർത്തട്ടഹസിക്കുകയും  സുരക്ഷിതമെന്നു  തങ്ങൾ വിചാരിച്ചിരുന്ന തങ്ങളുടെ നഗരത്തിൻ്റെ   മതിലുകൾ തകർന്നുവീഴുകയും ചെയ്യുന്നതുവരെ    ജറീക്കോവിലെ ജനങ്ങളും  ഇസ്രായേൽക്കാരെ   പരിഹസിച്ചിട്ടുണ്ടാവണം.  ഏഴുദിവസവും പരിഹാസം ഏൽക്കാൻ തയ്യാറുള്ളവർക്കു മാത്രമുള്ളതാണു ജറീക്കോ  പ്രാർത്ഥന.

‘ചുരുങ്ങിയ സമയമേ തനിക്ക് അവശേഷിച്ചിട്ടുള്ളൂ’ ( വെളി 12:12) എന്നു സാത്താനു നന്നായി അറിയാം.  ചുരുങ്ങിയ സമയം എന്നു  തിരുവചനം അന്നു  വിശേഷിപ്പിച്ച ആ  അന്ത്യനാളുകളിലാണ്  ഇന്നു  നാം ജീവിക്കുന്നതെന്നു  നമുക്കും അറിയാം.  അതിനാൽ യുദ്ധം  രൂക്ഷമാകാതെ തരമില്ല.  ദൈവത്തിനും ദൈവജനത്തിനുമെതിരെ സാധ്യമായ എല്ലാ  ആക്രമണങ്ങളും സാത്താൻ  നടത്തും.  കാരണം യേശുക്രിസ്തുവിൻ്റെ പ്രത്യാഗമനം  തൊട്ടുമുൻപിലെത്തിയെന്ന് ആരൊക്കെ   മറന്നുപോയാലും  സാത്താൻ മറന്നുപോയിട്ടില്ല. ‘കർത്താവായ യേശു തൻ്റെ  വായിൽ  നിന്നുള്ള നിശ്വാസം കൊണ്ട് അവനെ  സംഹരിക്കുകയും തൻ്റെ പ്രത്യാഗമനത്തിൻ്റെ  പ്രഭാപൂരത്താൽ അവനെ നാമാവശേഷമാക്കുകയും ചെയ്യും’ ( 2 തെസ.2:8) എന്നും അവനറിയാം.  അതു  നമുക്ക് സന്തോഷവും ആശ്വാസവും തരുന്ന വാർത്തയാണെന്നതിൽ സംശയമില്ല.  എങ്കിലും കർത്താവു  പറഞ്ഞിട്ടുള്ളത് അവസാനം വരെ പിടിച്ചുനിൽക്കുന്നവർ  മാത്രമേ രക്ഷപ്പെടുകയുള്ളൂ എന്നാണ്. അവസാനം വരെ പിടിച്ചുനിൽക്കാൻ ജറീക്കോ  പ്രാർത്ഥന നമ്മെ  സഹായിക്കട്ടെ.

” ദൈവം ഉണർന്നെഴുന്നേൽക്കട്ടെ! അവിടുത്തെ ശത്രുക്കൾ ചിതറിപ്പോകട്ടെ! അവിടുത്തെ ദ്വേഷിക്കുന്നവർ അവിടുത്തെ മുൻപിൽ നിന്ന് ഓടിപ്പോകട്ടെ! കാറ്റിൽ പുകയെന്നപോലെ അവരെ തുരത്തണമേ!  അഗ്‌നിയിൽ മെഴുക് ഉരുകുന്നതുപോലെ  ദുഷ്ടർ  ദൈവസന്നിധിയിൽ  നശിച്ചുപോകട്ടെ”( സങ്കീ. 68:1-2).