സ്വന്തം മതവിശ്വാസത്തിൻ്റെ പേരിൽ ലോകത്തിൽ ഏറ്റവുമധികം പീഡനം അനുഭവിക്കുന്ന ജനവിഭാഗം ഏതാണ്? അതു ക്രിസ്ത്യാനികളാണെന്നു പറഞ്ഞാൽ കേരളത്തിലെ ക്രിസ്ത്യാനികൾ ചിരിക്കും. എന്നാൽ സത്യം അതാണ്. എന്തുകൊണ്ട് നാം സത്യം അറിയുന്നില്ല എന്നു ചോദിച്ചാൽ സത്യം നമ്മെ അറിയിക്കുമെന്നു നാമെല്ലാം വിശ്വസിക്കുന്ന പത്രങ്ങളും മാധ്യമങ്ങളും ക്രൈസ്തവപീഡനത്തിൻ്റെ കാര്യം വരുമ്പോൾ മൗനം പാലിക്കുകയാണു ചെയ്യുന്നത്. അതിൻ്റെ കാരണങ്ങൾ വഴിയേ പറയാം.
ഏതാനും വർഷങ്ങൾക്കു മുൻപു ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള യൂറോപ്പിലേക്ക് അനധികൃതമായി നുഴഞ്ഞുകയറാൻ ശ്രമിച്ച മുസ്ലിം കുടുംബത്തിലെ ഒരു കുട്ടി കടൽത്തീരത്തു മരിച്ചുകിടക്കുന്നത് ലോകമാസകലമുള്ള പത്രങ്ങളും വാർത്താചാനലുകളും വലിയ പ്രാധാന്യത്തോടെ റിപ്പോർട്ടു ചെയ്തതു നമുക്ക് ഓർമ്മയുണ്ട്. എന്നാൽ നൈജീരിയയിലും സുഡാനിലും ലിബിയയിലും പാക്കിസ്ഥാനിലും ഇറാനിലും സൊമാലിയയിലും ചൈനയിലും ഉത്തരകൊറിയയിലും ഇന്ത്യയിലുമായി ആയിരക്കണക്കിനു ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുകയും അതിക്രൂരമായി വധിക്കപ്പെടുകയും ചെയ്യുന്നത് എത്ര പത്രങ്ങൾ റിപ്പോർട്ടുചെയ്തു? എത്ര സാംസ്കാരികനായകന്മാർ അതിനെക്കുറിച്ചു കണ്ണീരൊഴുക്കി? ടി വി ചാനലുകൾ ആ വാർത്ത കണ്ടതായേ നടിക്കുന്നില്ല. കാരണം അവർക്ക് അത് ഒരു വാർത്തയല്ല എന്നതുതന്നെ. എന്നും സംഭവിക്കുന്ന ഒരു കാര്യം വാർത്തയാക്കേണ്ട ആവശ്യമില്ലല്ലോ.
എന്തുകൊണ്ടാണ്ഇക്കാലത്തു ലോകം മുഴുവൻ ക്രിസ്ത്യാനികൾ പീഡനത്തിനിരയാകുന്നത് എന്നു മനസ്സിലാകണമെങ്കിൽ നാം വേദപുസ്തകം വായിക്കുക തന്നെ ചെയ്യണം.
“ദൈവദൂഷണവും വൻപും പറയുന്ന ഒരു വായ് അതിനു നൽകപ്പെട്ടു. നാല്പത്തിരണ്ടു മാസം പ്രവർത്തനം നടത്താൻ അതിന് അധികാരവും നൽകപ്പെട്ടു. ദൈവത്തിനെതിരെ ദൂഷണം പറയാൻ അത് വായ് തുറന്നു. അവിടുത്തെ നാമത്തെയും അവിടുത്തെ വാസസ്ഥലത്തെയും സ്വർഗത്തിൽ വസിക്കുന്നവരെയും അതു ദുഷിച്ചുപറഞ്ഞു. വിശുദ്ധരോടു പടപൊരുതി അവരെ കീഴ്പ്പെടുത്താൻ അതിന് അനുവാദം നൽകി. സകല ഗോത്രങ്ങളുടെയും ജനതയുടെയും ഭാഷകളുടെയും രാജ്യങ്ങളുടെയും മേൽ അതിന് അധികാരവും ലഭിച്ചു……………………… ഇവിടെയാണ് വിശുദ്ധരുടെ സഹനശക്തിയും വിശ്വാസവും”.
ഇങ്ങനെയൊരു ഭാഗം എവിടെയെങ്കിലും വായിച്ചതായി ഓർക്കുന്നുണ്ടോ? ക്രിസ്ത്യാനികൾ പൊതുവെയും കത്തോലിക്കർ പ്രത്യേകിച്ചും വായിക്കാൻ മടിക്കുന്ന വെളിപാടു പുസ്തകത്തിൻ്റെ പതിമൂന്നാം അധ്യായം 5 മുതൽ 10 വരെയുള്ള വചനങ്ങളാണിവ. ലോകമെങ്ങും നടക്കുന്നതും എന്നാൽ ക്രിസ്ത്യാനികൾ മാത്രം അറിയാതെ പോകുന്നതുമായ ക്രൈസ്തവപീഡനത്തെക്കുറിച്ച് അഥവാ ക്രിസ്ത്യാനികൾക്കെതിരെയുള്ള യുദ്ധത്തെക്കുറിച്ചു മനസ്സിലാക്കണമെങ്കിൽ ഈ തിരുവചനഭാഗം വായിച്ചു ധ്യാനിച്ചാൽ മതി. അതിനുള്ള ഒരു എളിയ ശ്രമമാണ് ഈ ലേഖനം.
ആദ്യമേ തന്നെ മനസിലാക്കേണ്ടത് കർത്താവിൻ്റെ രണ്ടാം വരവിൻ്റെയും യുഗാന്ത്യത്തിൻ്റെയും മുന്നോടിയായി സംഭവിക്കേണ്ടതാണ് ഈ ക്രൈസ്തവപീഡനം എന്ന വസ്തുതയാണ്. വെളിപാടു പുസ്തകത്തിനുപുറമെ, മത്തായിയുടെ സുവിശേഷം ഇരുപത്തിനാലാം അധ്യായവും മർക്കോസിൻ്റെ സുവിശേഷം പതിമൂന്നാം അധ്യായവും ലൂക്കായുടെ സുവിശേഷം ഇരുപത്തിയൊന്നാം അധ്യായവും ഒക്കെ അന്ത്യനാളുകളിൽ സത്യവിശ്വാസികൾ നേരിടാൻ പോകുന്ന വലിയ പീഡനങ്ങളെക്കുറിച്ചു പ്രതിപാദിച്ചിട്ടുണ്ട്. വെളിപാടു പുസ്തകം പ്രതീകാത്മകമാണെന്നും അതിൽ പറഞ്ഞ കാര്യങ്ങൾ ആദിമനൂറ്റാണ്ടുകളിലെ ക്രൈസ്തവപീഡനത്തിൻ്റെ കാലത്തു നിറവേറിക്കഴിഞ്ഞു എന്നും ഇന്നത്തെക്കാലത്ത് അതിനു പ്രസക്തിയില്ല എന്നുമൊക്കെയുള്ള അബദ്ധപ്രബോധനങ്ങൾ സഭയ്ക്കുള്ളിൽ നിന്നുതന്നെ ഉയരുന്ന കാലമാണിത്. അത്തരം വ്യാജപ്രവാചകരുടെ വലയിൽ വീണ് ആസന്നമായ ക്രിസ്തുവിൻ്റെ ദ്വിതീയാഗമനത്തെ സംശയത്തോടെ വീക്ഷിക്കുന്നവർ ഈ സുവിശേഷഭാഗങ്ങൾ എങ്കിലും വായിച്ചു സത്യം ഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ നമുക്കു മുന്നോട്ടുപോകാം.
അവസാനനാളുകളിൽ സംഭവിക്കേണ്ട ക്രിസ്തീയവിശ്വാസത്തിനെതിരായ ആക്രമണത്തിൻ്റെ സ്വഭാവം എന്തെന്നു തിരുവചനത്തിൻ്റെ വെളിച്ചത്തിൽ നമുക്കു ചിന്തിക്കാം.
– ആ കാലത്ത് ദൈവദൂഷണം വ്യാപകമാകും
– വൻപ് ( അഹങ്കാരം) നിറഞ്ഞ വാക്കുകൾ പുറപ്പെടും
– നിശ്ചിത കാലയളവ് ദൈവത്തിനെതിരെ പ്രവർത്തിക്കാനുള്ള അധികാരം നൽകപ്പെടും
– ദൈവത്തിൻ്റെ നാമത്തെ ദുഷിക്കുന്ന പ്രവർത്തികൾ സംഭവിക്കും
-സ്വർഗത്തെ ദുഷിക്കുന്ന വാക്കുകൾ എവിടെയും കേൾക്കപ്പെടും
-സ്വർഗത്തിൽ വസിക്കുന്നവരെ ( മാലാഖമാരെയും വിശുദ്ധരെയും) ദുഷിക്കുന്ന വാക്കുകൾ കേൾക്കപ്പെടും
– വിശുദ്ധരോട് ( അതായത് ക്രിസ്ത്യാനികളോട്) പടപൊരുതുന്ന ഒരു വൻശക്തിയുടെ ഉദയം സംഭവിക്കും
-അത് വിശുദ്ധരെ കീഴ്പ്പെടുത്തുന്നു
-ജീവൻ്റെ ഗ്രന്ഥത്തിൽ പേരില്ലാത്തവരെല്ലാം അതിനെ ആരാധിക്കും.
– വിശുദ്ധർ സഹനശക്തിയും വിശ്വാസവും പ്രകടിപ്പിക്കേണ്ട സമയമാണത്.
ദൈവദൂഷണം നിറഞ്ഞ വാക്കുകൾ, സാഹിത്യരചനകൾ, സിനിമകൾ, ടെലിവിഷൻ പരിപാടികൾ, ദൈവത്തെ നിഷേധിക്കുന്ന തത്വചിന്തകൾ, സാത്താൻ ആരാധന, മനുഷ്യന് എന്തും നേടാൻ കഴിയും എന്ന അഹങ്കാരം, എല്ലാവരും സ്വർഗത്തിൽ പോകുമെന്ന തരത്തിലുള്ള വ്യാജസുവിശേഷം, നരകം എന്നൊന്നില്ല എന്ന മട്ടിലുള്ള സാത്താൻ്റെ പ്രബോധനങ്ങൾ, മാലാഖമാരെയും വിശുദ്ധരെയും നിന്ദിക്കുന്ന വാക്കുകൾ, പരിശുദ്ധഅമ്മയ്ക്കെതിരെ വർധിച്ചുവരുന്ന അവഹേളനം, പാപത്തെ പുണ്യമായും പുണ്യത്തെ പാപമായും അവതരിപ്പിക്കുന്ന ചിന്താരീതികൾ, ദൈവികനിയമങ്ങൾക്കും സന്മാർഗികതയ്ക്കും എതിരായ രാഷ്ട്രനിയമങ്ങൾ എന്നിവയെല്ലാം അന്ത്യകാലത്തെ ക്രൈസ്തവപീഡനത്തിൻ്റെ നാളുകളിലേക്കു നാം പ്രവേശിച്ചുകഴിഞ്ഞു എന്നതിൻ്റെ അടയാളങ്ങളാണ്.
ഇതിനിടയിൽ നാം ശ്രദ്ധിക്കേണ്ട പ്രധാനകാര്യം ക്രിസ്തീയവിശ്വാസത്തോടും അതുവഴി ക്രിസ്തുവിനോടുതന്നെയും പടപൊരുതുന്ന ഒരു വൻശക്തിയുടെ ഉദയത്തിൻ്റെ കാലഘട്ടത്തിലാണു നാം ജീവിക്കുന്നത് എന്നതാണ്. എതിർക്രിസ്തു എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ ശക്തി സാത്താൻ്റെ ഭൂമിയിലെ അവതാരമായിരിക്കും എന്ന പല വിശുദ്ധരുടെയും പ്രവചനങ്ങൾ തിരുവചനവുമായി ഒത്തുപോകുന്നവയാണ്.
ക്രിസ്ത്യാനികൾക്കെതിരെയുള്ള ആക്രമണങ്ങൾ എന്നു നാം വിശേഷിപ്പിക്കുന്ന സംഭവങ്ങളെല്ലാം യഥാർത്ഥത്തിൽ ക്രിസ്തുവിനും അവിടുന്നു പഠിപ്പിച്ച കാര്യങ്ങൾക്കും എതിരായുള്ള ആക്രമണമാണ്. അതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നത് എതിർക്രിസ്തുവിൻ്റെ ആത്മാവുതന്നെയാണന്നതിൽ സംശയമില്ല. ഇസ്ലാമികഭീകരന്മാരുടെ കൊലക്കത്തിയിൽ നിന്നു രക്ഷപ്പെടണമെങ്കിൽ ക്രിസ്തുവിനെ തള്ളിപ്പറഞ്ഞാൽ മതി. ഹിന്ദു വർഗീയവാദികളുടെ കൈയിൽ നിന്നു രക്ഷപ്പെടാനും ക്രിസ്തുവിനെ തള്ളിപ്പറഞ്ഞാൽ മാത്രം മതി. ചൈനയിൽ കഞ്ഞി കുടിക്കണമെങ്കിൽ പോലും ക്രിസ്തുവിനെയും സഭയെയും തള്ളിപ്പറയണം. . വ്യത്യസ്തമതവിശ്വാസങ്ങളും പ്രത്യയശാസ്ത്രങ്ങളും പിന്തുടരുന്നവരുടെയും പൊതുശത്രു ക്രിസ്തുവാണ് എന്നതെങ്കിലും നമ്മുടെ കണ്ണുതുറപ്പിക്കുമോ? ഇതു വിജാതീയരാജ്യങ്ങളിലെ സ്ഥിതിയാണ്
ക്രൈസ്തവരാജ്യങ്ങൾ എന്നു നാം തെറ്റായി വിശ്വസിക്കുന്ന പല പാശ്ചാത്യരാജ്യങ്ങളിലും ക്രിസ്തുവിനെതിരെയുള്ള ആക്രമണം മറ്റൊരുതരത്തിലാണ്. ഒന്നുരണ്ട് ഉദാഹരണങ്ങൾ കൊണ്ട് ഇതു വ്യക്തമാക്കാം.
ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ബാങ്കുകളിൽ ഒന്നാണു ബാർക്ലെയ്സ് ബാങ്ക്. അവർ ഈയിടെ ഇംഗ്ലണ്ടിലെ Core Issues Trust എന്ന ക്രിസ്ത്യൻ സംഘടനയുടെ ബാങ്ക് അക്കൗണ്ട് സ്വമേധയാ ക്ലോസു ചെയ്തു. MailChimp, PayPal എന്നീ ഭീമന്മാരും ഈ സംഘടനയ്ക്കെതിരെ നടപടിയെടുത്തു. തീർന്നില്ല, ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും Core Issues Trustൻ്റെ ലേഖനങ്ങൾ നീക്കം ചെയ്തു. ഇനി Core Issues Trust ചെയ്ത തെറ്റ് എന്താണെന്നറിയണ്ടേ?
സ്വവർഗ ലൈംഗിക പ്രവണതയുള്ള വ്യക്തികളെ പ്രാർത്ഥനയിലൂടെയും കൗൺസലിംഗിലൂടെയും ആ തിന്മയിൽ നിന്നു രക്ഷപ്പെടുത്തിയെടുക്കാം എന്ന് അവർ പറഞ്ഞു എന്നതാണു കുറ്റം. എത്ര ഗുരുതരമായ ആരോപണമാണെന്നു നോക്കുക! കള്ളക്കടത്തുകാരൻ്റെയും കൊലപാതകിയുടെയും വ്യഭിചാരിയുടെയും ആഭിചാരക്കാരൻ്റെയും കള്ളസാക്ഷി പറയുന്നവൻ്റെയും നികുതി വെട്ടിക്കുന്നവൻ്റെയും ഗർഭഛിദ്രം നടത്തുന്നവൻ്റെയും കൈക്കൂലി കൊടുക്കുന്നവൻ്റെയും വാങ്ങുന്നവൻ്റെയും യുദ്ധക്കൊതിയന്മാരുടെയും ഒന്നും അക്കൗണ്ട് ബാങ്കുകൾ സ്വമേധയാ ക്ലോസു ചെയ്യാറില്ല. ഫേസ്ബുക്കും ട്വിറ്ററും ഇൻസ്റ്റഗ്രാമും യൂട്യൂബും അവരുടെ അക്കൗണ്ടുകളും പോസ്റ്റുകളും നീക്കം ചെയ്യാറുമില്ല. സുവിശേഷം പറയുന്നവൻ്റെ നേരെ മാത്രമേ നടപടി ഉണ്ടാകുകയുള്ളൂ.
എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നറിയണമെങ്കിൽ നമുക്ക് വീണ്ടും വെളിപാടു പുസ്തകത്തിലേക്കു തന്നെ തിരിച്ചുപോകണം. പന്ത്രണ്ടാം അധ്യായം അവസാനിക്കുന്നത് ഇങ്ങനെയാണ്. ” അപ്പോൾ സർപ്പം സ്ത്രീയുടെ നേരെ കോപിച്ചു. ദൈവകല്പനകൾ കാക്കുന്നവരും യേശുവിനു സാക്ഷ്യം വഹിക്കുന്നവരുമായി
അവളുടെ സന്താനങ്ങളിൽ ശേഷിച്ചിരുന്നവരോടു യുദ്ധം ചെയ്യാൻ അതു പുറപ്പെട്ടു. അതു സമുദ്രത്തിന്റെ മണൽതിട്ടയിൽ നിലയുറപ്പിച്ചു”
കാര്യം പിടികിട്ടിയോ? അവസാനകാലത്തു സാത്താൻ്റെ യുദ്ധം സത്യവിശ്വാസത്തിൽ ഉറച്ചുനിൽക്കുന്ന വിശ്വാസികളോടു മാത്രമായിരിക്കും. അതായതു ലോകം രണ്ടു ചേരിയായി തിരിയും എന്നർത്ഥം. ക്രിസ്തുവിൻ്റെ കൂടെയും ക്രിസ്തുവിനെതിരായും എന്ന രണ്ടു ചേരികൾ മാത്രമേ അപ്പോൾ ഉണ്ടാകുകയുള്ളൂ എന്നാണു തിരുവചനം നമുക്കു പറഞ്ഞുതരുന്നത്. ‘അപ്പോൾ’ എന്നു നാം വിവക്ഷിച്ച സമയം ഇപ്പോൾ നാം ജീവിക്കുന്ന ഈ നാളുകൾ തന്നെയാണ് എന്ന ബോധ്യം ഉള്ളവർക്ക് ഇക്കാര്യങ്ങൾ ഒക്കെ മനസിലാക്കാൻ എളുപ്പമാണ്.
Core Issues Trust ഒരു പ്രതീകമാണ്. ഇന്നു ലോകമെങ്ങും നടമാടിക്കൊണ്ടിരിക്കുന്ന ക്രൈസ്തവപീഡനത്തിൻ്റെ പ്രതീകം. വിവിധ ദേശങ്ങളിൽ അതു വ്യത്യസ്തരീതികളിൽ ആണു പ്രത്യക്ഷപ്പെടുന്നത് എന്നു മാത്രം. അക്രൈസ്തവർക്കു ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ അതു നേരിട്ടുള്ള ക്രൈസ്തവപീഡനം ആയി വെളിപ്പെടുന്നു. ഉദാഹരണം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്നു മേനി പറയുന്ന ഭാരതം മുതൽ പാകിസ്ഥാൻ, ഇറാൻ, തുർക്കി, ലിബിയ, ഈജിപ്ത്, സൗദി അറേബ്യ, ഇറാക്ക്, സിറിയ, അൾജീരിയ, ബുർക്കിനോഫാസോ, നൈജീരിയ, സുഡാൻ, സോമാലിയ, ചൈന, ഉത്തരകൊറിയ മുതലുള്ള രാജ്യങ്ങൾ. ഇവിടങ്ങളിലൊക്കെ ഏതെങ്കിലും മതവിശ്വാസത്തിൻ്റെയോ ( ഉദാ. ഇസ്ലാം, ഹിന്ദുമതം) പ്രത്യയ ശാസ്ത്രങ്ങളുടെയോ ( ഉദാ. കമ്മ്യൂണിസം) പിൻബലത്തിൽ ക്രൈസ്തവവിരുദ്ധർ അഴിഞ്ഞാടുന്നു. അവർക്കു നാം ഒരിക്കലും പ്രതീക്ഷിക്കാത്ത ഉന്നതസ്ഥാനങ്ങളിൽ നിന്നു രഹസ്യവും പരസ്യവുമായ പിന്തുണ ലഭിക്കുന്നുണ്ടെന്നത് ഏവർക്കും അറിയാം.
മറുവശത്തു ക്രൈസ്തവരാജ്യങ്ങൾ എന്നു നാം ഇതുവരെയും ചിന്തിച്ചുപോന്ന രാജ്യങ്ങളിൽ ഈ പീഡനം മറ്റൊരുവിധത്തിലാണ് നടമാടുന്നത്. അവിടെ ക്രൈസ്തവമായ എന്തിനെയും എതിർക്കാൻ പോന്ന അബദ്ധസിദ്ധാന്തങ്ങളും അസാന്മാർഗികനിയമങ്ങളും അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. പേരുകൊണ്ട് ക്രിസ്ത്യാനിയായവരെ വഴിതെറ്റിക്കാൻ സാത്താൻ കണ്ടെത്തിയ എളുപ്പവഴിയാണത് . അങ്ങനെയാണ് അബോർഷനും സ്വവർഗ്ഗരതിയും വിവാഹമോചനവും ദയാവധവും എല്ലാം നിയമം വഴി അനുവദിക്കപ്പെടുന്നത്. പാപത്തെ പുണ്യമെന്ന രീതിയിൽ അവതരിപ്പിക്കുന്ന ഈ രാജ്യങ്ങൾക്കു തുറന്ന പിന്തുണ നൽകുന്നവരാണ് ഐക്യരാഷ്ട്ര സംഘടനയും യൂറോപ്യൻ യൂണിയനും ഒക്കെ.
ദരിദ്ര രാജ്യങ്ങൾക്കു കോവിഡിനെ നേരിടാൻ സഹായം നല്കണമെങ്കിൽ അവർ ആ പണത്തിൽ നിന്നൊരു പങ്ക് ഗർഭച്ഛിദ്രത്തിനായി നീക്കിവയ്ക്കണം എന്നു ലോകാരോഗ്യസംഘടന നിർബന്ധിക്കുമെന്നു പറഞ്ഞാൽ ഭൂരിഭാഗം മലയാളികളും വിശ്വസിക്കില്ല. കാരണം അവർ എല്ലാ ദിവസവും രാവിലെ വെള്ളം ചേർക്കാതെ
വിഴുങ്ങുന്ന മുത്തശ്ശിപത്രങ്ങളിലെ വാർത്തകളിലോ ടെലിവിഷനിലെ അന്തിച്ചർച്ചകളിലോ ഈ കാര്യം റിപ്പോർട്ടു ചെയ്യപ്പെടുന്നില്ല. അതിൻ്റെ കാരണം ഭൂരിഭാഗം പത്രങ്ങളെയും മാധ്യമങ്ങളെയും നിയന്ത്രിക്കുന്നത് ക്രിസ്തുവിരുദ്ധരാണെന്നതുതന്നെയാണ്. നെറ്റി ചുളിക്കാൻ വരട്ടെ. കേരളത്തിലെ ക്രിസ്ത്യാനികൾ ഇപ്പോഴും ഏറ്റവും കൂടുതൽ വായിക്കുന്ന പത്രത്തിന് ഏതാനും വർഷം മുൻപുവരെ ദുഃഖവെള്ളിയാഴ്ച അവധിയായിരുന്നു എന്നും എന്നാൽ ഇപ്പോൾ അങ്ങനെയല്ല എന്നും എത്രപേർ ശ്രദ്ധിച്ചിട്ടുണ്ട്?
അതുമല്ലെങ്കിൽ ഏതെങ്കിലും വൈദികനെതിരെയുള്ള കേസുകളിൽ കാണിക്കുന്ന താല്പര്യം എന്തുകൊണ്ടാണ് പത്രക്കാരും ചാനലുകാരും മറ്റു പീഡനക്കേസുകളിലോ കൊലപാതകക്കേസുകളിലോ പ്രദർശിപ്പിക്കാത്തത്? വിദേശനാണ്യവിനിമയച്ചട്ടം ലംഘിച്ചതിൻ്റെ പേരിൽ ആയിരത്തിഇരുനൂറിലധികം സംഘടനകളുടെ ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കിയ വാർത്ത റിപ്പോർട്ടുചെയ്തപ്പോൾ ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള പത്രം അതിൻ്റെ തലക്കെട്ടായി ” YMCAയുടെ ലൈസൻസ് റദ്ദാക്കി” എന്നുമാത്രം കൊടുക്കാൻ കാരണം എന്തായിരിക്കും? ലോകമെങ്ങും ക്രൈസ്തവപീഡനത്തിനു വളം വച്ചുകൊടുക്കുന്നത് അതാതിടങ്ങളിലെ മുഖ്യധാരാമാധ്യമങ്ങളാണ് എന്ന സത്യം മറച്ചുവച്ചിട്ടു കാര്യമില്ല.
ക്രൈസ്തവരാജ്യങ്ങളിൽ ക്രൈസ്തവപീഡനത്തിനു ചുക്കാൻ പിടിക്കുന്നത് ഫ്രീമേസൺ സംഘങ്ങളും തീവ്ര ഇടതുപക്ഷ സംഘടനകളും ആണ്. അമേരിക്കയിൽ ഒരു കറുത്ത വർഗക്കാരനെ പോലീസ് കൊലപ്പെടുത്തിയതിൽ പ്രതിഷേധിക്കുന്നവർ എന്തിനാണു ലോകമെങ്ങും യേശുക്രിസ്തുവിൻ്റെയും കന്യകാമറിയത്തിൻ്റെയും വിശുദ്ധരുടെയും രൂപങ്ങളും ക്രൂശിതരൂപങ്ങളും തകർക്കുന്നത് എന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ? യൂറോപ്പിലേക്കുള്ള അനധികൃത മുസ്ലിം കുടിയേറ്റത്തിന് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്ന തുർക്കി പോലൊരു രാജ്യത്ത് ആയിരം വർഷത്തെ ക്രിസ്തീയ ആരാധനാചരിത്രമുള്ള ഹാഗിയ സോഫിയ ദൈവാലയം മുസ്ലിം പള്ളിയാക്കി മാറ്റിയപ്പോൾ അതിനെതിരെ പ്രതിഷേധിക്കാൻ ക്രൈസ്തവമെന്നു നാം ധരിച്ചിരിക്കുന്ന അമേരിക്കൻ ഭൂഖണ്ഡങ്ങളിലെയും യൂറോപ്പിലെയും ഭൂരിപക്ഷം ഭരണാധിപന്മാർക്കും കഴിഞ്ഞില്ലെങ്കിൽ അതിൻ്റെയർത്ഥം അവർ ക്രിസ്തുവിൻ്റെയും അവൻ്റെ സുവിശേഷത്തിൻ്റെയും എതിർപക്ഷത്താണെന്നതാണ്. ഇംഗ്ലണ്ട്, ഫ്രാൻസ്, ഇറ്റലി, ബെൽജിയം, ഡെൻമാർക്ക്, സ്വീഡൻ, നെതർലാൻഡ്, ജർമ്മനി എന്നിവിടങ്ങളിലെല്ലാം ഇസ്ലാമികതീവ്രവാദികൾ അഴിഞ്ഞാടുമ്പോൾ കാര്യക്ഷമതയ്ക്കു പേരുകേട്ട അവിടുത്തെ പോലീസ് എന്തുചെയ്യുകയാണ് എന്നു ചിന്തിച്ചിട്ടുണ്ടോ?
ഈ നിലയ്ക്കു പോയാൽ യൂറോപ്പിൻ്റെ ഇസ്ലാമികവൽക്കരണം പൂർത്തിയാകാൻ അധികം താമസമുണ്ടാകില്ല.
യൂറോപ്പ് സ്വന്തം ഭോഷത്തം കൊണ്ടുതന്നെ ഇസ്ലാം അധിനിവേശം വിളിച്ചുവരുത്തും എന്ന പഴയൊരു പ്രവചനം ആരെങ്കിലും വായിച്ചതായി ഓർക്കുന്നുണ്ടോ? ഇസ്ലാമിക ഭീകരവാദത്തിനെതിരെയും അനധികൃത കുടിയേറ്റത്തിനെതിരെയും ശക്തമായ നിലപാടുകളെടുക്കുകയും സ്വന്തം രാജ്യത്തിൻ്റെ ക്രൈസ്തവപാരമ്പര്യം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന ഹംഗറിയിലെയും പോളണ്ടിലെയും ഭരണകൂടങ്ങളെ എതിർക്കുന്നതിൽ ക്രിസ്തുവിരുദ്ധർ എല്ലാം ഒറ്റക്കെട്ടാണ്. അമേരിക്കയിൽ ഡൊണാൾഡ് ട്രംപിനെതിരെയുള്ള പ്രക്ഷോഭങ്ങളുടെയും മൂലകാരണം ട്രംപ് ക്രിസ്തീയവിശ്വാസത്തെയും പാരമ്പര്യത്തെയും പിന്തുണയ്ക്കുന്നു എന്നതാണെന്നു ഞാൻ പറയുമ്പോൾ പലരുടെയും നെറ്റി ചുളിയുമെന്നറിയാം. എന്നാൽ സത്യം അതാണ്.
വരാനിരിക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളിയായ ജോ ബൈഡൻ അബോർഷനെ അനുകൂലിക്കുന്ന വ്യക്തിയാണെന്നു മാത്രം പറഞ്ഞാൽ ചിത്രം പൂർണ്ണമാകില്ല. അദ്ദേഹത്തിൻ്റെ കൂടെ വൈസ് പ്രസിഡണ്ട് ആയി മത്സരിക്കാൻ വേണ്ടി ഡെമോക്രാറ്റിക് പാർട്ടിയുടെ നോമിനേഷനു ശ്രമിക്കുന്ന എല്ലാവരും അബോർഷൻ അനുകൂലികളാണ് എന്നും അതിൽ ചിലർ പ്രഖ്യാപിത സ്വവർഗഭോഗികളാണെന്നും കൂടി നാം അറിഞ്ഞിരിക്കണം. ഇതേ അമേരിക്കയിലാണ് നാഷണൽ ഫുട്ബോൾ ലീഗിലെ കളിക്കാർ ദൈവാലയങ്ങളിൽ പോയി കുർബാനയിലോ ആരാധനയിലോ പങ്കെടുക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ അവർക്കു സർക്കാരിനെതിരെയുള്ള പരസ്യപ്രതിഷേധപ്രകടനങ്ങളിൽ പങ്കെടുക്കാം.അതിനു കൊറോണ വൈറസ് ബാധകമല്ല! അബോർഷനെതിരെ പൊതുനിരത്തിൽ പ്രകടനം നടത്തിയാൽ കോടതിയിൽ കേസു കൊടുക്കാവുന്ന അവസ്ഥയിലേക്ക് അമേരിക്ക മാറിക്കഴിഞ്ഞു.
ചൈനയിൽ നിന്നുള്ള വാർത്ത അവർ വത്തിക്കാനെതിരെ സൈബർ ആക്രമണം നടത്തി വിലപ്പെട്ട രഹസ്യങ്ങൾ മോഷ്ടിച്ചു എന്നതാണ്. 2018ൽ ചൈനയും വത്തിക്കാനും തമ്മിൽ ഒപ്പിട്ട രഹസ്യ കരാർ പുതുക്കേണ്ട സമയമാകുമ്പോഴേയ്ക്കും വിലപേശലിൽ മുൻതൂക്കം നേടാൻ വേണ്ടിയാണത്രേ ഈ ഹാക്കിങ്ങ് നടത്തിയത്. കരാറിൻ്റെ ഉള്ളടക്കം ഇപ്പോഴും വത്തിക്കാനുപുറത്ത് ആർക്കും അറിയില്ല എന്നതു മറ്റൊരുവശം.
പരമ്പരാഗത വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നവരെ മതതീവ്രവാദികൾ എന്നു വിളിച്ച് ആക്രമിക്കുന്നത് സഭയ്ക്കുള്ളിലെ വിശ്വാസം നഷ്ടപ്പെട്ട പുരോഗമനവാദികളുടെ സ്ഥിരം തന്ത്രമാണ്. ഉദാഹരണങ്ങൾ ആയിരക്കണക്കിനുണ്ട്. അർജൻറീനയിൽ ഈയിടെ സംഭവിച്ച കാര്യം പറയാം. അവിടെ സാൻ റാഫേൽ രൂപതയിലെ സെമിനാരിയിൽ വൈദികവിദ്യാർത്ഥികൾക്കു നാവിൽ ദിവ്യകാരുണ്യം കൊടുക്കുന്ന പതിവ് മാറ്റി കൈകളിൽ മാത്രമേ കൊടുക്കാവൂ എന്നു രൂപതാധ്യക്ഷൻ ഉത്തരവിട്ടപ്പോൾ അതു ശരിയല്ല എന്നുപറഞ്ഞ റെക്ടറെ രായ്ക്കുരാമാനം പിരിച്ചുവിട്ടു. പകരം വന്നയാളും ബിഷപ്പിൻ്റെ തെറ്റായ നിർദേശങ്ങൾക്കു വഴങ്ങാതെ വന്നപ്പോൾ ബിഷപ്പു കണ്ടുപിടിച്ച എളുപ്പവഴി സെമിനാരി തന്നെ അടച്ചുപൂട്ടുക എന്നതായിരുന്നു. നാൽപതു സെമിനാരി വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായി എന്നതിനേക്കാളുപരി നാം അറിയേണ്ട കാര്യം ഈ സെമിനാരി പോപ്പിൻ്റെ നാടായ അർജൻറീനയിലെ അവശേഷിക്കുന്ന ഒരേയൊരു നല്ല സെമിനാരിയായിരുന്നു എന്നതാണ്. മറ്റു സെമിനാരികളൊക്കെ ലിബറൽ ആശയങ്ങളുടെ പിറകെ പോയി ക്രിസ്തുവിനെ മറന്നപ്പോൾ, പരമ്പരാഗത ക്രിസ്തീയവിശ്വാസത്തിൽ ഉറച്ചുനിന്ന സാൻ റാഫേലിലെ സെമിനാരിയെ ഇനിയും വച്ചു പൊറുപ്പിക്കാൻ പറ്റില്ലല്ലോ!
ക്രിസ്തു ഭിന്നതയുടെ അടയാളമാണ് എന്നതിൽ സംശയമില്ല. ക്രിസ്തുവിൻ്റെ പേരിൽ ലോകം രണ്ടു ചേരിയായി മാറിയേ തീരൂ. കാരണം ദൈവത്തിൻ്റെ മാറ്റമില്ലാത്ത വചനം സാക്ഷ്യപ്പെടുത്തുന്നത് അതാണ്. വധിക്കപ്പെട്ട കുഞ്ഞാടിൻ്റെ ജീവഗ്രന്ഥത്തിൽ പേരില്ലാത്തവരെല്ലാം എതിർക്രിസ്തുവിനെ ആരാധിക്കും എന്നു വെളിപാടു പുസ്തകം പതിമൂന്നാം അധ്യായം വ്യക്തമായ സൂചന നൽകുന്നുണ്ട്.
പണ്ടൊരിക്കൽ മോശ ഇസ്രായേൽ ജനത്തോട് പറഞ്ഞു ; ” കർത്താവിന്റെ പക്ഷത്തുള്ളവർ എൻ്റെ അടുത്തേക്കുവരട്ടെ” ( പുറ.32:26). കർത്താവിൻ്റെ പക്ഷത്തുള്ളവരും അല്ലാത്തവരും രണ്ടു ചേരിയായി മാറി. ഏറെക്കാലത്തിനുശേഷം ഏലിയാ പ്രവാചകൻ ജനത്തോടു പറഞ്ഞു; “കർത്താവാണു ദൈവമെങ്കിൽ അവിടുത്തെ അനുഗമിക്കുവിൻ. ബാലാണു ദൈവമെങ്കിൽ അവൻറെ പിന്നാലെ പോകുവിൻ (1 രാജാ. 18:21). .ആൾബലം കുറവുള്ള കർത്താവിൻ്റെ പക്ഷം ജയിച്ചു എന്നു നാം വായിക്കുന്നു.സ്നാപകയോഹന്നാൻ്റെ കാലത്തും ഭിന്നത ഉണ്ടായിരുന്നു. ദൈവത്തിൻ്റെ കൂടെ നിൽക്കുന്നവരും ദൈവത്തിനെതിരുനിൽക്കുന്നവരും. രണ്ടാമതുപറഞ്ഞവരെ യോഹന്നാൻ വിളിച്ചത് ‘ അണലിസന്തതികളേ’ എന്നായിരുന്നു. ക്രിസ്തുവും പറഞ്ഞിട്ടുണ്ടല്ലോ,’എന്നോടുകൂടെയല്ലാത്തവൻ എനിക്കെതിരാണ്’ എന്ന്.
അതായതു ലോകചരിത്രത്തിൽ എക്കാലത്തും ദൈവത്തിൻ്റെ പക്ഷവും സാത്താൻ്റെ പക്ഷവും തമ്മിൽ ഭിന്നത നിലനിന്നിരുന്നു. എന്നാൽ ഈ ഭിന്നത ചരിത്രത്തിൽ ഏറ്റവുമധികം ദൃശ്യമാകുന്ന കാലയളവാണിത്. അതിൻ്റെ കാരണം യേശുവിൻ്റെ രണ്ടാം വരവ് അടുത്തിരിക്കുന്നു എന്നതും അതിനുമുൻപായി പരമാവധി ആത്മാക്കളെ തട്ടിയെടുക്കാൻ സാത്താൻ വലവിരിച്ചുകഴിഞ്ഞു എന്നതുമാണ്.
കല, സാഹിത്യം, സിനിമ, രാഷ്ട്രീയം, സമ്പദ്വ്യവസ്ഥ, പരിസ്ഥിതി, കുടിയേറ്റം, ദാരിദ്ര്യം, കൃഷി, വ്യവസായം, ടെക്നോളജി, ആരോഗ്യപരിപാലനം, സംസ്കാരം, ചരിത്രപഠനം, ആഗോള സ്ഥാപനങ്ങൾ, മതാന്തരസംവാദം, നിയമനിർമ്മാണം, ബിസിനസ്, വിവരസാങ്കേതികവിദ്യ, എന്നിങ്ങനെ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും ക്രിസ്തുവിനുവേണ്ടിയും ക്രിസ്തുവിനെതിരെയും എന്ന വേർതിരിവു സുവ്യക്തമായിക്കഴിഞ്ഞു. നിങ്ങൾക്ക് ഇപ്പോൾ രണ്ടിലൊന്നു തെരഞ്ഞെടുത്തേ പറ്റൂ. കയ്യാലപ്പുറത്തിരിക്കുക എന്ന എളുപ്പവഴി ഇനിയില്ല എന്നർത്ഥം. ഒന്നുകിൽ ക്രിസ്തുവിൻ്റെ കൂടെ നിന്നുകൊണ്ടു ലോകത്തിൻ്റെ ഉച്ഛിഷ്ടമായി ആട്ടും തുപ്പും ഏറ്റു സ്വർഗത്തിലേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ യാത്ര ചെയ്യാം. അല്ലെങ്കിൽ ലോകത്തിൻ്റെ കൂടെ എല്ലാവരെയും പ്രീതിപ്പെടുത്തി, ലോകം പറയുന്ന വഴിയിൽക്കൂടി യാത്ര ചെയ്തു നിത്യനാശത്തിലേക്കുള്ള വിശാലമായ പാതയിലെത്താം.
യേശുക്രിസ്തു ദൈവമാണെന്നു ഏറ്റുപറയാൻ നിങ്ങളെ അനുവദിക്കാത്ത തരത്തിൽ ലോകം മാറിക്കൊണ്ടിരിക്കുന്നു. കൊലപാതകവും വ്യഭിചാരവും പാപമല്ല എന്നു പഠിപ്പിക്കുന്ന തത്വശാസ്ത്രങ്ങളും മതങ്ങളും ലോകത്തിൽ സുലഭമാണ്. ഒരിക്കൽ നെറ്റിയിൽ വീണ മാമോദീസയുടെ അടയാളം മറന്നുകൊണ്ട് അനേകം ക്രൈസ്തവർ ഇന്ന് എല്ലാ മ്ലേച്ഛതയും അനുവദിക്കുന്ന തത്വശാസ്ത്രങ്ങളുടെയും മതസമൂഹങ്ങളുടെയും പിറകേ പോകുന്നതു കാണുമ്പോൾ ഒന്നോർക്കുക. ക്രിസ്തുവിനെതിരെയുള്ള യുദ്ധത്തിൻ്റെ ഇരകളാണവർ. സുവിശേഷം വളച്ചൊടിച്ചു ലോകത്തിന് ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിക്കുന്നവരും യുദ്ധത്തിൽ വീണുപോയവർ തന്നെ. ലോത്തിൻ്റെ കാലത്തു തിന്മയായിരുന്നതും ലോകാവസാനം വരെ തിന്മ തന്നെ ആയിരിക്കുന്നതുമായ സ്വവർഗരതി എന്ന മ്ലേച്ഛത അംഗീകരിക്കുന്നവരും സാത്താൻ്റെ ആയുധങ്ങളുടെ ഇരയായവരാണ്.
ലോകത്തെ ക്രിസ്തുവിൻ്റെ വഴിയിലേക്കു കൊണ്ടുവരുന്നതിനു പകരം ക്രിസ്തുവിൻ്റെ സഭയെ ലോകത്തിൻ്റെ വഴിയിലേക്കു കൊണ്ടുപോകാൻ ശ്രമിക്കുന്ന സഭാതനയരും യുദ്ധത്തിൽ സാത്താൻ കീഴടക്കിയവർ തന്നെ. നിർഭാഗ്യവശാൽ അവരുടെ എണ്ണം പെരുകുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്.
യുദ്ധം മുറുകുകയാണ്. ഇതു വേർതിരിവിൻ്റെയും തിരഞ്ഞെടുപ്പിൻ്റെയും കാലമാണ്. കൊയ്ത്തുകാലം വരെ ഒരുമിച്ചു വളർന്ന ഗോതമ്പും കളകളും വേർതിരിക്കുന്ന കാലം. ആ വേർതിരിവിൻ്റെ പ്രവൃത്തി പരിശുദ്ധാത്മാവ് ഈ നാളുകളിൽ അതിശക്തമായി സഭയിലും ലോകത്തിലും നടത്തിക്കൊണ്ടിരിക്കുന്നു.
അതോടൊപ്പം പരിശുദ്ധ ദൈവമാതാവും യേശുവിൻ്റെ വരവിനായി തൻ്റെ സൈന്യത്തെ ഒരുക്കുന്ന ശുശ്രൂഷയിൽ വ്യാപൃതയാണ്. ഒരു ചെറിയ അജഗണം, അത് എത്ര തന്നെ ചെറുതായാലും, അന്ത്യം വരെ പിടിച്ചുനിൽക്കേണ്ടത് അത്യാവശ്യമാണ് എന്നു വിശുദ്ധനായ പോൾ ആറാമൻ പാപ്പാ പറഞ്ഞത് അവസാനയുദ്ധത്തിൽ ക്രിസ്തുവിൻ്റെ പക്ഷത്തുനിന്നു പോരാടേണ്ടവരെക്കുറിച്ചാണ്.
അവർ നമ്മളല്ലാതെ മറ്റാരാണ്? അതുകൊണ്ട് നമുക്ക് അര മുറുക്കാം. പടയ്ക്കിറങ്ങാം. ഓർക്കുക അവസാനയുദ്ധത്തിനുള്ള കാഹളം മുഴങ്ങിക്കഴിഞ്ഞു. ക്രിസ്തുവിനുവേണ്ടിയോ ക്രിസ്തുവിനെതിരെയോ എന്നു തീരുമാനമെടുക്കേണ്ട സമയം വന്നുകഴിഞ്ഞു. കലപ്പയിൽ കൈവച്ചതുകൊണ്ടു മാത്രമായില്ല; പിന്തിരിഞ്ഞുനോക്കാതിരിക്കുകകൂടി ചെയ്യാനുള്ള കൃപ പരിശുദ്ധാത്മാവു നമുക്കു നൽകട്ടെ.
ഓർക്കുക, ഈ യുദ്ധത്തിൽ ലോകം മുഴുവനും നമുക്കെതിരായിരിക്കും. ക്രിസ്തുവിരുദ്ധമായ ആശയങ്ങളിലൂടെ, പ്രമാണങ്ങളുടെ നഗ്നമായ ലംഘനം സാധ്യമാക്കുന്ന നിയമങ്ങളിലൂടെ, സാത്താൻ്റെ , പിണിയാളുകളായി പ്രവർത്തിക്കുന്ന മാധ്യമങ്ങളിലൂടെ, അശുദ്ധിയ്ക്കായി ഉഴിഞ്ഞുവച്ചിരിക്കുന്ന സോഷ്യൽ മീഡിയയിലൂടെ, സംഘടിതമായ ആക്രമണങ്ങളിലൂടെ, ദൈവത്തെക്കൂടാതെ സ്വർഗം കെട്ടിപ്പടുക്കാം എന്ന വാഗ്ദാനത്തിലൂടെ, ഏതു തിന്മയെയും ന്യായീകരിക്കാൻ കഴിയുന്ന വ്യാജവിശ്വാസ ങ്ങളിലേക്കുള്ള പ്രലോഭനങ്ങളിലൂടെ, വരുമാനമാർഗങ്ങളെയും സമ്പത്തിനെയും ഔഷധത്തെയും നിയന്ത്രിക്കുന്നതിലൂടെ, സുവിശേഷം പ്രഘോഷിക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കുന്നതിലൂടെ ഒക്കെ ഒരേ സമയം പല യുദ്ധമുഖങ്ങൾ തുറന്നുകൊണ്ടു കർട്ടനുപിറകിലിരുന്നു ചരടുവലിക്കുന്നത് നുണയനും നുണയുടെ പിതാവുമായവൻ തന്നെയാണ്. അവന്റെ കുടിലതന്ത്രങ്ങളെ എതിർത്തുനിൽക്കണമെങ്കിൽ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കണം.
“അതിനാൽ സത്യം കൊണ്ട് അരമുറുക്കി, നീതിയുടെ കവചം ധരിച്ചു നിങ്ങൾ ഉറച്ചുനിൽക്കുവിൻ. സമാധാനത്തിൻ്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷകൾ ധരിക്കുവിൻ. സർവോപരി, ദുഷ്ടൻ്റെ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തുന്നതിനു നിങ്ങളെ ശക്തരാക്കുന്ന വിശ്വാസത്തിൻ്റെ പരിച എടുക്കുവിൻ. രക്ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്മാവിൻ്റെ വാൾ എടുക്കുകയും ചെയ്യുവിൻ” (എഫേ 6:14-17).
ഓർക്കുക, ഇത് അന്തിമയുദ്ധമാണ്. നാം ഏതെങ്കിലും ഒരു പക്ഷത്തു ചേർന്നേ മതിയാകൂ.അന്തിമവിജയം ക്രിസ്തുവിനുള്ളതാണെന്ന് ബോധ്യമുള്ളവർ അന്ത്യകാലത്തെ അപ്പസ്തോലന്മാരായി ഇറങ്ങിപ്പുറപ്പെടട്ടെ.