ഒരു വെടിയ്ക്ക് രണ്ടു പക്ഷി

സാധാരണഗതിയിൽ സംഭവിക്കാൻ സാധ്യതയില്ലാത്ത കാര്യമാണ് ഒരു വെടിയ്ക്ക് രണ്ടു പക്ഷിയെ കിട്ടുക എന്നത്. എന്നാൽ ഇപ്പോൾ സാധാരണ കാലമല്ല. അതുകൊണ്ട് ഒരുവെടിയ്ക്ക് രണ്ടല്ല, ഇരുപത് പക്ഷിയെയും കിട്ടിയെന്നിരിക്കും. ‘എല്ലാറ്റിലും പ്രധാനമായ കൽപന ഏതാണ്? യേശു പ്രതിവചിച്ചു. ഇതാണ് ഒന്നാമത്തെ കൽപന: ഇസ്രായേലേ, കേൾക്കുക! നമ്മുടെ ദൈവമായ കർത്താവാണ് ഏക കർത്താവ്. നീ നിന്റെ ദൈവമായ കർത്താവിനെ പൂർണഹൃദയത്തോടും, പൂർണാത്മാവോടും, പൂർണമനസോടും, പൂർണശക്തിയോടും കൂടെ സ്നേഹിക്കുക. രണ്ടാമത്തെ കല്പന: നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക. ഇവയെക്കാൾ വലിയ കൽപനയൊന്നുമില്ല (മർക്കോസ് 12: 28-31). പത്തു കൽപനകളുടെ സംഗ്രഹമാണ് ഈ രണ്ടു കൽപനകൾ. ദൈവത്തെ സ്നേഹിക്കുക, അതോടൊപ്പം അയൽക്കാരനെയും സ്നേഹിക്കുക എന്നതിലാണ് പ്രമാണങ്ങളുടെ പൂർണത അടങ്ങിയിരിക്കുന്നത്. ജീവനിലേക്കു പ്രവേശിക്കാനാഗ്രഹിക്കുന്നവർക്കുള്ള വഴി പ്രമാണങ്ങളുടെ പാലനമാണെന്ന് യേശു ധനികനായ യുവാവിനെ പഠിപ്പിക്കുന്നുണ്ടല്ലോ. മനുഷ്യർ പ്രമാണങ്ങൾ അനുസരിക്കണമെന്നും അതുവഴിയായി നിത്യരക്ഷയുടെ മാർഗം മനസിലാക്കണമെന്നും ദൈവം ആഗ്രഹിക്കുമ്പോൾ പ്രമാണങ്ങൾ ലംഘിക്കാൻ പ്രേരിപ്പിച്ചുകൊണ്ട് കൂടുതൽ കൂടുതൽ പേരെ നരകത്തിലേക്ക് കൊണ്ടുപോകാൻ സാത്താൻ ആഗ്രഹിക്കുന്നു. മനുഷ്യനെ ദൈവത്തിൽ നിന്നും അയൽക്കാരനിൽ നിന്നും അകറ്റുക എന്ന പൈശാചികതന്ത്രം വിവിധകാലങ്ങളിൽ വിവിധരൂപങ്ങളിൽ ലോകത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നു. നമ്മുടെ നാളുകളിൽ ഇതിനായി സാത്താൻ ഉപയോഗിച്ച വലിയൊരു അവസരമായിരുന്നു കൊറോണ വൈറസ്. വിശ്വാസം വരുന്നില്ലേ? എങ്കിൽ ശ്രദ്ധിക്കുക. കോവിഡ് രോഗം തടയാനെന്ന പേരിൽ ലോകത്തെല്ലായിടത്തും ആദ്യം അടപ്പിച്ചത് ആരാധാനാലയങ്ങളാണ്. ലോക്ക് ഡൗൺ അവസാനിപ്പിച്ചപ്പോൾ ഏറ്റവും അവസാനം അനുവാദം നല്കപ്പെട്ടതും പരസ്യമായ ദൈവാരാധനയ്ക്കാണ്. പല നാടുകളിലും ഇപ്പോഴും പരസ്യമായ ദൈവാരാധന അനുവദിക്കപ്പെട്ടിട്ടില്ല. ഭരണകൂടങ്ങൾ അനുവാദം നൽകിയ പല സ്ഥലങ്ങളിലും ആരാധാനാലയങ്ങൾ തുറക്കേണ്ട എന്ന് മതമേധാവികൾ തന്നെ പറയുകയും ചെയ്യുന്നു. പള്ളിയും പ്രാർത്ഥനയും കൂദാശയും ദൈവവും ഒന്നും വേണ്ട എന്ന ചിന്താഗതിയിലേക്ക് അനേകം വിശ്വാസികൾ വീണുകഴിഞ്ഞു. എന്തെങ്കിലും സംശയമുണ്ടെങ്കിൽ നിങ്ങൾക്ക് പരിചയമുള്ള പത്തു ക്രിസ്ത്യാനികളോട് സംസാരിച്ചാൽ ആ സംശയം തീർന്നുകിട്ടും. ദൈവാലയങ്ങൾ തുറക്കപ്പെടുകയും പരിശുദ്ധകുർബാനകൾ അർപ്പിക്കപ്പെടുകയും ചെയ്‌താൽ എന്ത് സംഭവിക്കും? വിശ്വാസമില്ലാത്തവർ പറയും രോഗം വ്യാപിക്കുമെന്ന്. വിശ്വാസമുള്ളവർ പറയും രോഗബാധ കുറയുമെന്ന്. ദൈവത്തെ സ്നേഹിക്കുന്നതിന്റെ പ്രകടമായ അടയാളമാണ് ദൈവത്തെ ആരാധിക്കുക എന്നത്. ക്രിസ്ത്യാനിയുടെ ഏറ്റവും വലിയ ആരാധന പരിശുദ്ധകുർബാനയാണ്. ആ പരിശുദ്ധകുർബാന നിരോധിക്കുന്നതിലൂടെ മനുഷ്യനെ ദൈവത്തിൽ നിന്നകറ്റുക എന്ന പദ്ധതിയിൽ സാത്താൻ ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞു. ദൈവാലയങ്ങളേക്കാൾ ആദ്യം തുറക്കേണ്ടത് മാർക്കറ്റുകളും മദ്യക്കടകളും വാഹനഗതാഗതവും ക്ലബ്ബുകളും ബീച്ചുകളും ഓഫീസുകളും ആണെന്ന് വരുമ്പോൾ അതിന്റെയർത്ഥം നാം ഒന്നാം സ്ഥാനം കൊടുക്കുന്നത് ദൈവത്തിനല്ല എന്നാണ്. ഒന്നാം സ്ഥാനം ദൈവത്തിനുകൊടുക്കാത്ത എന്തും ഒന്നാം പ്രമാണത്തിന്റെ ലംഘനമാണ്. മനുഷ്യനെയും മനുഷ്യനെയും തമ്മിൽ അകറ്റുക എന്ന പൈശാചികലക്ഷ്യം വിദഗ്ദമായി സോഷ്യൽ ഡിസ്റ്റൻസിങ്ങിന്റെ മറവിലൂടെ സാത്താൻ സാധിച്ചുകഴിഞ്ഞു. സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ആരോഗ്യകാരണങ്ങളല്ല നമ്മുടെ വിഷയം. അത് തീർച്ചയായും സർക്കാർ നിർദേശിക്കുന്നതനുസരിച്ച് പാലിക്കാൻ നമുക്ക് ഉത്തരവാദിത്വമുണ്ട്. പനിയും ചുമയും വന്നാലുടനെ അയാൾക്ക് കോവിഡ് ആണെന്ന് വിധി കൽപിച്ച് അകറ്റിനിർത്താനും മൃതദേഹം സംസ്കരിക്കുന്നതിന് തടസ്സം നിൽക്കാനും ഒരു മടിയുമില്ലാത്ത സമൂഹമായി നാം മാറിയെങ്കിൽ, മനസിലാക്കുക, നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന കൽപനയുടെ ലംഘനം അതിലൂടെ സാത്താൻ സാധിച്ചെടുത്തുകഴിഞ്ഞു. പത്തു കല്പനകളെയും നിഷേധിക്കുന്ന ഒരു പുതിയ ലോകക്രമത്തിലേക്ക് (New World Order) നമ്മെ നയിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ആഗോള വരേണ്യവർഗത്തിന്റെ (global elites) പദ്ധതികളെക്കുറിച്ച് നാം അജ്ഞരല്ലല്ലോ. ഫ്രീമേസൺ ആശയങ്ങളിലൂടെയും ന്യൂ ഏജ് സിദ്ധാന്തങ്ങളിലൂടെയും അവയുടെ പ്രചാരകരും ഉപാസകരുമായ ഐക്യരാഷ്ട്രസംഘടന പോലുള്ള പ്രസ്ഥാനങ്ങളിലൂടെയും അവർ നമ്മെ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നതും ഇതുതന്നെയാണ്. പാപമൊന്നും പാപമല്ല. അതുകൊണ്ടുതന്നെ പാപമോചനത്തിന്റെ ആവശ്യവുമില്ല. രക്ഷകന്റെ ആവശ്യം ഒട്ടുമേയില്ല. അതായത് ക്രിസ്തീയവിശ്വാസം എന്നത് ശുദ്ധഭോഷ്കാണ് എന്നർത്ഥം. യഹൂദർക്ക് ഇടർച്ചയും വിജാതീയർക്കു ഭോഷത്തവുമായ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ ഏറ്റുപറയുന്നവർക്ക് ഇനിയുള്ള കാലങ്ങൾ കൂടുതൽ ക്ലേശകരമായിരിക്കും എന്നു തീർച്ച. ഒരു വെടിയ്ക്ക് രണ്ടു പക്ഷിയെ വീഴ്ത്തിയ നുണയനും നുണയുടെ പിതാവുമായ പിശാച് ‘ദൈവകല്പനകൾ കാക്കുന്നവരും യേശുവിന് സാക്ഷ്യം വഹിക്കുന്നവരുമായി അവളുടെ (സ്ത്രീയുടെ) സന്താനങ്ങളിൽ ശേഷിച്ചിരുന്നവരോട് യുദ്ധം ചെയ്യാൻ പുറപ്പെട്ടു’ ( വെളി 12:17) എന്ന തിരുവചനം പൂർത്തിയാകുന്ന കാലങ്ങളാണിവ എന്ന കാര്യം എപ്പോഴും നമ്മുടെ മനസിലുണ്ടായിരിക്കണം. എല്ലാറ്റിലുമുപരിയായി സത്യദൈവത്തെ സ്നേഹിക്കാനും ആരാധിക്കാനും അതോടൊപ്പം നമ്മെപ്പോലെതന്നെ നമ്മുടെ അയൽക്കാരനെ സ്നേഹിക്കാനും ദൈവം നമ്മെ സഹായിക്കട്ടെ.