ഓ എൻറെ ഈശോയേ

0 1,343

‘ഓ എൻറെ ഈശോയേ, ഞങ്ങളുടെ പാപങ്ങൾ  പൊറുക്കണമേ, നരകാഗ്നിയിൽ നിന്നു  ഞങ്ങളെ  രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും പ്രത്യേകിച്ച് അങ്ങേ സഹായം കൂടുതൽ ആവശ്യമുള്ളവരെയും സ്വർഗ്ഗത്തിലേക്കാനയിക്കണമേ’. 

ഈ പ്രാർത്ഥന  നമുക്കു  സുപരിചിതമാണ്. ജപമാലയുടെ  ഓരോ ദശകങ്ങൾക്കിടയിലും  നാം അതു ചൊല്ലുന്നുമുണ്ട്.  പരിശുദ്ധ അമ്മ മനുഷ്യരാശിയ്ക്കായി ഈ പ്രാർഥന പഠിപ്പിച്ചുതന്നിട്ടു  നൂറ്റിനാലു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.  1917 ലെ ഫാത്തിമദർശനങ്ങളുടെ സംഗ്രഹം എന്നുതന്നെ ഈ കൊച്ചുപ്രാർത്ഥനയെ   വിശേഷിപ്പിക്കാം.  പരിഹാരം ചെയ്യാൻ ആരുമില്ലാത്തതിൻറെ പേരിൽ  അനേകം ആത്മാക്കൾ  നരകത്തിലേക്കു വീഴുന്നതു തടയാൻ  നമ്മുടെ പ്രാർത്ഥനകൾക്കും പരിഹാരപ്രവൃത്തികൾക്കും  കഴിയും എന്ന അമ്മ പറഞ്ഞുകൊടുത്തിരുന്നു.

ഫാത്തിമയിലെ കോവാദാ ഇറിയയിൽ ലൂസിയ, ജസീന്ത, ഫ്രാൻസെസ്‌കോ  എന്നീ മൂന്ന് ഇടയക്കുട്ടികൾക്കു  മാതാവു പ്രത്യക്ഷപ്പെടുന്നതിന്  ഒരു വർഷം  മുൻപു  തന്നെ  പോർട്ടുഗൽ രാജ്യത്തിൻറെ കാവൽ മാലാഖ എന്നു  സ്വയം പരിചയപ്പെടുത്തിയ ഒരു മാലാഖ  അതിനായി  അവരെ ഒരുക്കിയിരുന്നു.  “ഭയപ്പെടേണ്ട,  ഞാൻ സമാധാനത്തിൻറെ മാലാഖയാകുന്നു. എന്നോടൊത്തു   പ്രാർഥിക്കുക”. ഇതായിരുന്നു മാലാഖയുടെ  ആദ്യവാക്കുകൾ.  തുടർന്നു  മൂന്നു തവണ തല കുമ്പിട്ടു  മാലാഖ ചൊല്ലിക്കൊടുത്ത പ്രാർത്ഥന കുട്ടികൾ  അതേപടി ഏറ്റുചൊല്ലി. ‘ഓ ദൈവമേ, ഞാൻ അങ്ങയിൽ  വിശ്വസിക്കുന്നു, അങ്ങയെ ആരാധിക്കുന്നു, അങ്ങയിൽ ശരണപ്പെടുന്നു, അങ്ങയെ സ്നേഹിക്കുന്നു.  അങ്ങയിൽ വിശ്വസിക്കുകയോ, അങ്ങയെ ആരാധിക്കുകയോ അങ്ങയിൽ  ശരണപ്പെടുകയോ അങ്ങയെ  സ്നേഹിക്കുകയോ ചെയ്യാത്തവർക്കായി ഞാൻ അങ്ങയോടു മാപ്പു ചോദിക്കുന്നു’. ഈശോയുടെയും മാതാവിൻറെയും ഹൃദയങ്ങൾ  നമ്മുടെ  യാചനകൾക്കു നേരെ  തുറന്നിരിക്കുകയാണ്  എന്നും  ഇപ്പോൾ പഠിപ്പിച്ചതുപോലെ  പ്രാർത്ഥിക്കണമെന്നും  മാലാഖ കുട്ടികൾക്കു പറഞ്ഞുകൊടുത്തു.

രണ്ടാം തവണ പ്രത്യക്ഷപ്പെട്ട മാലാഖ  പറഞ്ഞതു   കൂടുതലായി പ്രാർത്ഥിക്കുകയും അത്യുന്നതൻറെ  മുൻപിൽ കൂടുതൽ  പരിത്യാഗപ്രവൃത്തികൾ ചെയ്യുകയും ചെയ്യേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചാണ്.  എങ്ങനെയാണു  പരിത്യാഗപ്രവൃത്തികൾ ചെയ്യേണ്ടതെന്നു  ചോദിച്ച കുട്ടികളോടു   ദൂതൻ പറഞ്ഞത്,  തങ്ങൾ ചെയ്യുന്ന ഓരോ  പ്രവൃത്തിയും ഒരു പരിഹാരപ്രവൃത്തിയായി മാറണം  എന്നായിരുന്നു.  അവയെല്ലാം ദൈവത്തിനെതിരായി ചെയ്യപ്പെടുന്ന പാപങ്ങൾക്കു  പരിഹാരമായും   പാപികളുടെ മാനസാന്തരത്തിനായും വേണ്ടിയാണു    കാഴ്‌ചവയ്‌ക്കേണ്ടിയിരുന്നത്. ദൈവം അനുവദിക്കുന്ന എല്ലാ സഹനങ്ങളും  താഴ്മയോടെ  സ്വീകരിക്കണം എന്നും മാലാഖ  പറഞ്ഞു.

മൂന്നാം തവണ പ്രത്യക്ഷപ്പെട്ട മാലാഖ മറ്റൊരു പ്രാർത്ഥന കൂടി അവരെ പഠിപ്പിച്ചു.  ‘പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേകദൈവമേ, ഞാൻ അങ്ങയെ ആരാധിക്കുന്നു.  ലോകമെങ്ങുമുള്ള സക്രാരികളിൽ സന്നിഹിതമായിരിക്കുന്ന ഈശോമിശിഹായുടെ വിലപ്പെട്ട തിരുശരീരവും  തിരുരക്തവും ആത്മാവും ദൈവത്വവും  അവിടുത്തേയ്‌ക്കെതിരായി നടത്തപ്പെടുന്ന എന്ന  നിന്ദനങ്ങൾക്കും ദൂഷണങ്ങൾക്കും   അവഗണനയ്ക്കും പരിഹാരമായി ഞാൻ കാഴ്ചവയ്ക്കുന്നു. ഈശോയുടെ പരമപരിശുദ്ധ തിരുഹൃദയത്തിൻറെയും  മറിയത്തിൻറെ   അമലോത്ഭവഹൃദയത്തിൻറെയും  അനന്തയോഗ്യതകളാൽ  നിർഭാഗ്യ പാപികൾ  മാനസാന്തരപ്പെടണമെ എന്നും  അങ്ങയോടു ഞാൻ യാചിക്കുന്നു’.

ഇപ്രകാരം  ഒരുക്കപ്പെട്ട  ഇടയക്കുട്ടികൾക്ക് പരിശുദ്ധ അമ്മ ആദ്യമായി ദർശനം നൽകിയത് 1917  മേയ് 13  നായിരുന്നു. ‘ഭയപ്പെടേണ്ട, ഞാൻ നിങ്ങളെ ഉപദ്രവിക്കില്ല’  എന്നു  പറഞ്ഞുകൊണ്ടാണു   പ്രകാശപൂർണ്ണയായ  ആ  സ്വർഗീയരൂപം അവരെ സമീപിച്ചത്.  എവിടെ നിന്നു  വരുന്നു എന്ന ചോദ്യത്തിനു  താൻ  സ്വർഗത്തിൽ നിന്നാണു  വരുന്നതെന്നു  പറഞ്ഞ അമ്മ  കുഞ്ഞുങ്ങളുടെ തുടർന്നുള്ള ചോദ്യങ്ങൾക്കു മറുപടിയായി  അവരെ എല്ലാവരെയും താൻ  സ്വർഗത്തിലേക്കു  കൊണ്ടുപോകും എന്നും വാക്കുകൊടുത്തു.  അടുത്ത  ആറു  മാസങ്ങളിലും പതിമൂന്നാം തിയതി ഇതേ സ്ഥലത്തു വരണമെന്ന നിർദേശം കൊടുത്ത  അമ്മ  ദൈവത്തിനെതിരെ ചെയ്യപ്പെടുന്ന പാപങ്ങൾക്കു  പരിഹാരമായും   പാപികളുടെ മാനസാന്തരത്തിനായും തങ്ങളെത്തന്നെ  ഒരു പരിഹാരബലിയായി  പിതാവിനു  സമർപ്പിക്കാൻ തയ്യാറാണോ  എന്നാണു  കുട്ടികളോടു  ചോദിച്ചത്. ‘അതേ’ എന്ന മറുപടി കേട്ടപ്പോൾ   പരിശുദ്ധ കന്യക ഇപ്രകാരം പറഞ്ഞു.  “നിങ്ങൾ ഒരുപാടു സഹിക്കേണ്ടി വരും.  ദൈവകൃപ നിങ്ങളുടെ ആശ്വാസമായിരിക്കും”. വിടപറയുന്നതിനു മുൻപേ   അമ്മ ഇങ്ങനെ പറഞ്ഞു. “ലോകസമാധാനത്തിനായും   യുദ്ധം (അപ്പോൾ ഒന്നാം ലോകമഹായുദ്ധം നടന്നുകൊണ്ടിരിക്കുകയായിരുന്നു) അവസാനിക്കുന്നതിനായും  എല്ലാ ദിവസവും  ജപമാല ചൊല്ലി പ്രാർത്ഥിക്കുക”.

തങ്ങൾക്കുണ്ടായ ഈ ദർശനം  ഏറെനേരം രഹസ്യമാക്കി വയ്ക്കാൻ  കുട്ടികൾക്കു  സാധിച്ചില്ല. എന്നാൽ അവർ  പറഞ്ഞ കാര്യങ്ങൾ  ആർക്കും ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല. ലൂസിയയുടെ അമ്മ ചിന്തിച്ചതു  മകൾ കള്ളം പറയുകയാണെന്നായിരുന്നു. എന്നാൽ താൻ കണ്ട കാര്യങ്ങൾ  നിഷേധിക്കാൻ കടുത്ത സമ്മർദ്ദങ്ങൾക്കിടയിലും  കുട്ടികൾ തയ്യാറായില്ല.  മാതാവിൻറെ പ്രത്യക്ഷീകരണത്തിൻറെ വാർത്ത ഗ്രാമത്തിലെങ്ങും പരന്നു.  അതുകൊണ്ട് അടുത്ത മാസം മാതാവു  പ്രത്യക്ഷപ്പെട്ടപ്പോൾ കുട്ടികളുടെ കൂടെ ഏതാണ്ട് അൻപതോളം ഗ്രാമവാസികളും ഉണ്ടായിരുന്നു.

ജൂലൈ മാസം  പതിമൂന്നാം തിയതിയിലെ ദർശനവേളയിൽ   ലൂസിയ ചോദിച്ചു.  “അങ്ങ് ആരാണ്? ജനങ്ങൾ വിശ്വസിക്കുന്നതിനായി  അങ്ങ് ഒരു അത്ഭുതം പവർത്തിക്കാമോ?” മാതാവ് പറഞ്ഞു.  “നിങ്ങൾ  എല്ലാ മാസവും ഇവിടെ വരുന്നതു  തുടരുക.    ഞാൻ ആരാണെന്ന്  ഒക്ടോബർ മാസത്തിൽ ഞാൻ വെളിപ്പെടുത്താം. അന്നു ഞാൻ  ഒരു അത്ഭുതവും പ്രവർത്തിക്കാം.  പാപികൾക്കു  വേണ്ടി പരിഹാരം ചെയ്യുക.  ഏതെങ്കിലും പരിത്യാഗപ്രവൃത്തികൾ ചെയ്യുമ്പോൾ ഈ പ്രാർത്ഥന ചൊല്ലുക. ഓ എൻറെ ഈശോയേ, അങ്ങയോടുള്ള സ്നേഹത്തെപ്രതിയും  നിർഭാഗ്യപാപികളുടെ   മാനസാന്തരത്തിനായും  മറിയത്തിൻറെ  അമലോത്ഭവ ഹൃദയത്തിനെതിരെ  ചെയ്യപ്പെടുന്ന  എല്ലാ പാപങ്ങൾക്കും പരിഹാരമായും  ഞാൻ ഇത് അങ്ങേയ്ക്കു സമർപ്പിക്കുന്നു”. 

പിന്നെ ഒരു നിമിഷം കഴിഞ്ഞപ്പോൾ  ലൂസിയയും ജസീന്തയും  ഫ്രാൻസെസ്കോയും  കാണുന്നതു  തങ്ങൾ  നരകത്തിൻറെ  വാതിൽക്കൽ നിൽക്കുന്നതായിട്ടാണ്.  അമ്മ പറയുകയാണ്  നിർഭാഗ്യപാപികൾ ചെന്നു വീഴുന്ന ന്ന നരകം നിങ്ങൾ കണ്ടുകഴിഞ്ഞു. ഇനിയും  നശിച്ചുപോയേക്കാവുന്ന ആത്മാക്കളെ   രക്ഷിക്കാനായി  എൻറെ അമലോത്ഭവഹൃദയത്തോടുള്ള  ഭക്തി ലോകത്തിൽ സ്ഥാപിക്കപ്പെടണമെന്നു   ദൈവം  ആഗ്രഹിക്കുന്നു. ഞാൻ പറയുന്നത്  അനുസരിക്കുമെങ്കിൽ അനേകം ആത്മാക്കൾ രക്ഷപ്പെടും. എൻറെ അഭ്യർത്ഥന സ്വീകരിക്കപ്പെട്ടാൽ  റഷ്യ മനസുതിരിയുകയും സമാധാനം സംജാതമാവുകയും ചെയ്യും. അല്ലാത്ത പക്ഷം  അവൾ തൻറെ  തെറ്റുകൾ ലോകമെങ്ങും വ്യാപിപ്പിക്കും.  അതുവഴി യുദ്ധങ്ങളും സഭയ്ക്കു  വലിയ പീഡനവും ഉണ്ടാവും. നീതിമാന്മാർ    രക്തസാക്ഷി കളാകും.പരിശുദ്ധപിതാവിനു വളരെയധികം  സഹിക്കേണ്ടി വരും.  അനേകം  രാഷ്ട്രങ്ങൾ നശിപ്പിക്കപ്പെടും. എന്നാൽ അവസാനം എൻറെ അമലോത്ഭവഹൃദയം  വിജയിക്കും.  പരിശുദ്ധപിതാവു  റഷ്യയെ എനിക്കു  പ്രതിഷ്ഠിക്കുകയും അങ്ങനെ റഷ്യ മാനസാന്തരപ്പെടുകയും  തുടർന്നു  ലോകത്തിനു  സമാധാനത്തിൻറെ  ഒരു കാലഘട്ടം അനുവദിക്കപ്പെടുകയും ചെയ്യും. 1917 ജുലൈ  13 ലെ ഈ ദർശനത്തിൻറെ സമയത്താണ് നാം ആദ്യം സൂചിപ്പിച്ച  ‘ഓ എൻറെ ഈശോയേ,… ‘ എന്ന പ്രാർഥന  അമ്മ  പഠിപ്പിച്ചുകൊടുത്തത്.

എന്നാൽ മാതാവിൻറെ  ദർശനവും  അതിൽ  ജനങ്ങൾ  കാണിക്കുന്ന താല്പര്യവും അതുവഴി ഉണ്ടാകുന്ന ആത്മീയഉണർവും  എല്ലാവർക്കും  ഇഷ്ടപ്പെടില്ലല്ലോ. ഓഗസ്റ്റ് മാസത്തിൽ വലിയൊരു ജനക്കൂട്ടം അവിടെ സന്നിഹിതരായിരുന്നു.  എന്നാൽ മാതാവിൻറെ ദർശനസ്ഥലത്തേക്കു പോകുന്നതിൽ നിന്നു   സർക്കാർ അധികാരികൾ   കുട്ടികളെ  തടഞ്ഞു.    രണ്ടുദിവസം കസ്റ്റഡിയിൽ സൂക്ഷിച്ചു    ചതുരുപായങ്ങളും പ്രയോഗിച്ചു നോക്കിയെങ്കിലും കുട്ടികൾ തങ്ങൾ നേരത്തെ പറഞ്ഞത്തിൽ നിന്നു  കടുകിട   മാറ്റിപ്പറയാൻ തയ്യാറായില്ല. അവസാനം ഓഗസ്റ്റ് 19 ന് മോചിതരായതിനെത്തുടർന്ന്   അവർ തൊട്ടടുത്തുള്ള ഒരു സ്ഥലത്തു  തങ്ങളുടെ ആടുകളെ മേയ്ക്കാൻ കൊണ്ടുപോയപ്പോൾ  അമ്മ അവിടെ അവർക്കു പ്രത്യക്ഷപ്പെട്ടു. ദുഃഖഭാവത്തിൽ കാണപ്പെട്ട അമ്മ പറഞ്ഞത് ഇപ്രകാരമായിരുന്നു.  ‘പ്രാർത്ഥിക്കുക.  പാപികൾക്കുവേണ്ടി ഒരുപാടു പ്രാർഥിക്കുകകയും  പരിഹാരം അനുഷ്ഠിക്കുകയും ചെയ്യുക. തങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാൻ ആരുമില്ലാത്തതിനാൽ അനേകം  ആത്മാക്കൾ  നരകത്തിലേക്കു  പോകുന്നുവെന്നു   നിങ്ങൾക്കറിയാമല്ലോ’.

സെപ്റ്റംബർ  മാസം  പതിമൂന്നാം തിയതി  കോവാദ ഇറിയയിൽ ഇടയക്കുട്ടികളുടെ കൂടെ  ഏതാണ്ട് മുപ്പതിനായിരത്തോളം ആളുകളും  വന്നുചേർന്നിരുന്നു. യുദ്ധം അവസാനിക്കാനായി  ജപമാല തുടർന്നും ചൊല്ലിക്കൊണ്ടിരിക്കണം എന്ന്  അന്നത്തെ സന്ദേശത്തിൽ അമ്മ പറഞ്ഞു.  അടുത്ത മാസം കർത്താവും  വ്യാകുലമാതാവും കർമ്മലമാതാവും  ഉണ്ണിയേശുവിനെ   വഹിക്കുന്ന യൗസേപ്പിതാവും  ലോകത്തെ ആശിർവദിക്കാനായി ഫാത്തിമയിൽ പ്രത്യക്ഷപ്പെടും എന്നും  ലൂസിയയുടെയും ജസീന്തയുടെയും ഫ്രാൻസെസ്കോയുടെയും   പരിഹാരപ്രവൃത്തികളിൽ ദൈവം സംപ്രീതനാണെന്നും  അമ്മ കൂട്ടിച്ചേർത്തു.

ആറാമത്തെയും അവസാനത്തെയും  പ്രത്യക്ഷീകരണം  1917 ഒക്ടോബർ 13 ന് ആയിരുന്നു. കോരിച്ചൊരിയുന്ന മഴയായിരുന്നിട്ടും അന്ന്  ഏതാണ്ട് എഴുപതിനായിരത്തോളം ജനങ്ങൾ അവിടെ തടിച്ചുകൂടിയിരുന്നു. പതിവുപോലെ  ലൂസിയ ചോദിച്ചു. ‘ ഞങ്ങൾ എന്താണു  ചെയ്യേണ്ടത്?”  അമ്മ മറുപടി പറഞ്ഞു. “ഞാൻ ജപമാലരാജ്ഞിയാണ്. ഇവിടെ എൻറെ ബഹുമാനാർത്ഥം ഒരു ചാപ്പൽ പണിയിക്കപ്പെടണം.  ജനങ്ങൾ  എല്ലാ ദിവസവും   ജപമാല ചൊല്ലുന്നതു  തുടരുകയും വേണം.  യുദ്ധം അവസാനിക്കും. പട്ടാളക്കാർ തങ്ങളുടെ  ഭവനങ്ങളിലേക്കു മടങ്ങും. രോഗസൗഖ്യങ്ങളും മാനസാന്തരങ്ങളും   അപേക്ഷിച്ചാൽ അതു  ലഭിക്കുമോ എന്ന ലൂസിയയുടെ നിഷ്കളങ്കമായ ചോദ്യത്തിന് അമ്മ ഇങ്ങനെ മറുപടി പറഞ്ഞു.  “ചിലതൊക്കെ ലഭിക്കും. ചിലതു ലഭിക്കില്ല.  ജനങ്ങൾ തങ്ങളുടെ പാപങ്ങൾക്കു പൊറുതി  യാചിക്കുക എന്നത് ആവശ്യമാണ്. ഇപ്പോൾ തന്നെ  മനുഷ്യപാപം മൂലം അത്യധികം വ്രണിതനായ  ദൈവത്തെ അവർ ഇനിയും കൂടുതലായി   മുറിപ്പെടുത്തരുത്”.

മനുഷ്യർ  പാപം ചെയ്യുന്നത് തുടർന്നുകൊണ്ടിരുന്നാൽ  ഇപ്പോൾ നടക്കുന്നതിലും ഭീകരമായ  ഒരു യുദ്ധം സംഭവിക്കും. അപ്രതീക്ഷിതമായി ഒരു  രാത്രിയിൽ   അജ്ഞാതമായ ഒരു പ്രകാശത്താൽ ആകാശം  ജ്വലിക്കുന്നത് കാണുമ്പോൾ  അതു  ദൈവത്തിൽ നിന്നുള്ള ഒരു അടയാളമാണെന്നു മനസിലാക്കിക്കൊള്ളുക.  യുദ്ധവും  ക്ഷാമവും  സഭാപീഡനവും കൊണ്ടു   ലോകത്തെ  അതിൻറെ  പാപങ്ങൾക്കായി ദൈവം  ശിക്ഷിക്കാൻ പോകുന്നതിൻറെ അടയാളം.    ഇതു സംഭവിക്കാതിരിക്കാനായി റഷ്യയെ എൻറെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുകയും  ആദ്യശനിയാഴ്ചകൾ  പരിഹാരത്തിനായി അർപ്പിക്കുകയും വേണം. 

ഇതിനിടയിൽ തന്നെ കുട്ടികൾ  യൗസേപ്പിതാവും ഉണ്ണീശോയും ലോകത്തെ അനുഗ്രഹിച്ചുകൊണ്ട് നിൽക്കുന്ന ദർശനം കണ്ടു. തുടർന്നു   വ്യാകുലമാതാവും  കർമ്മലമാതാവും നിൽക്കുന്നതായും അവർ കണ്ടു.

സൂര്യാത്ഭുതവും  കനത്ത മഴയിൽ  നനഞ്ഞുകുതിർന്നിരുന്ന മനുഷ്യരുടെ വസ്ത്രങ്ങൾ അത്ഭുതകരമായി    ഉണങ്ങിയതും  നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്.  ഇനി ഇതെല്ലാം കെട്ടുകഥയാണെന്നു  ചിന്തിക്കുന്നവരോടു  പറയട്ടെ. സഭയ്ക്കും വിശ്വാസത്തിനും എതിരായ നിലപാടുകൾ എടുത്തിരുന്ന പത്രങ്ങൾ പോലും ഈ വാർത്ത അന്നു വലിയ പ്രാധാന്യത്തോടെ റിപ്പോർട്ടു ചെയ്തിരുന്നു എന്ന് അറിഞ്ഞിരിക്കുക. 

ആദ്യത്തെ പ്രത്യക്ഷീകരണവേളയിൽ വാഗ്ദാനം ചെയ്തിരുന്നതുപോലെ ഫ്രാൻസെസ്‌കോ രണ്ടു വർഷത്തിനുള്ളിലും ജസീന്ത മൂന്നു വർഷത്തിനുള്ളിലും സ്വർഗത്തിലേക്കു   വിളിക്കപ്പെട്ടു. മരണത്തിനു മുൻപായി ജസീന്ത മാതാവ് പറഞ്ഞ ചില കാര്യങ്ങൾ കൂടി വെളിപ്പെടുത്തിയിരുന്നു.  മറ്റേതു പാപത്തെക്കാളും കൂടുതലായി  മനുഷ്യർ നരകത്തിലേക്കു  പോകുന്നതിൻറെ കാരണം ജഡികപാപങ്ങളാണെന്നും  ദൈവത്തിന് ഇഷ്ടമില്ലാത്ത  ചില ഫാഷനുകൾ ഭാവിയിൽ അവതരിപ്പിക്കപ്പെടുമെന്നും  പല വിവാഹങ്ങളും  ദൈവത്തെ പ്രീതിപ്പെടുത്തുന്നവയോ ദൈവേഷ്ടപ്രകാരം ഉള്ളവയോ  അല്ലെന്നും  വൈദികർ അങ്ങേയറ്റത്തെ വിശുദ്ധി പാലിക്കണമെന്നും  സഭയുമായോ ആത്മാക്കളുടെ രക്ഷയുമായോ ബന്ധപ്പെട്ടതല്ലാത്ത ഒന്നിലും  അവർ  ഇടപെടാൻ നിൽക്കരുത് എന്നും   മേലധികാരികളോടും  മാർപ്പാപ്പയോടുമുള്ള  അവരുടെ  അനുസരണക്കേട് ദൈവം ഇഷ്ടപ്പെടുന്നില്ല എന്നും ലോകത്തിൻറെ പാപങ്ങൾക്കു  ന്യായയുക്തമായ ശിക്ഷ കൊടുക്കുന്നതിൽ നിന്നു  തൻറെ  ദിവ്യസുതൻറെ കരങ്ങളെ  ഇനിയും തടയാൻ  മാതാവിനു കഴിയില്ല എന്നതും  ഒക്കെ ജസീന്തയിലൂടെ വെളിപ്പെടുത്തപ്പെട്ട  സന്ദേശങ്ങളാണ്.  മറിയത്തിൻറെ അമലോത്ഭവഹൃദയം വഴിയായി  ദൈവം  കൃപകൾ വിതരണം ചെയ്യുന്നു എന്നും  ദൈവികകൃപകൾ   ആവശ്യമുള്ളവർ മറിയത്തോടു ചോദിക്കട്ടെ  എന്നും  തൻറെ  അമ്മയുടെ അമലോത്ഭവ ഹൃദയത്തോടു  ചേർന്നു  വണങ്ങപ്പെടാൻ  ഈശോയുടെ തിരുഹൃദയം ആഗ്രഹിക്കുന്നു എന്നും ഫാത്തിമയിലെ ദർശകർക്ക്  വെളിപ്പെടുത്തിക്കൊടുക്കപ്പെട്ടിരുന്നു.

ലൂസിയ പിന്നീട് ഒരു  കന്യാസ്ത്രീയായി. കോൺവെൻറിൽ ആയിരിക്കുമ്പോൾ  രണ്ടുതവണകൂടി ലൂസിയയ്ക്ക്  പരിശുദ്ധ അമ്മയുടെ ദർശനം  ലഭിച്ചിരുന്നു. അതിൽ ആദ്യത്തേത് 1925  ഡിസംബർ പത്തിനായിരുന്നു.  ഉണ്ണിയേശുവിൻറെയൊപ്പം  വന്ന  കന്യകാമറിയം  മുള്ളുകളാൽ ചുറ്റപ്പെട്ട തൻറെ ഹൃദയം കാണിച്ചുകൊടുത്തുകൊണ്ട് ഇപ്രകാരം പറഞ്ഞു. “എൻറെ മകളേ, നന്ദിഹീനരായ മനുഷ്യർ തങ്ങളുടെ ദൈവദൂഷണങ്ങൾ കൊണ്ടും  കൃതഘ്നത കൊണ്ടും  അനുനിമിഷം  കുത്തിത്തുളയ്ക്കുന്നതും മുള്ളുകളാൽ ചുറ്റപ്പെട്ടതുമായ എൻറെ ഹൃദയം കാണുക. അവരോടെല്ലാം ഇങ്ങനെ പറയുക. ‘ തുടർച്ചയായി അഞ്ചു മാസത്തേയ്ക്ക് ആദ്യശനിയാഴ്ചകളിൽ കുമ്പസാരിച്ച്, പരിശുദ്ധ  കുർബാന സ്വീകരിക്കുകയും, ജപമാല ചൊല്ലുകയും  പരിഹാരത്തിൻറെ  അരൂപിയിൽ  ജപമാലയുടെ പതിനഞ്ചു രഹസ്യങ്ങളെയും  ധ്യാനിച്ചുകൊണ്ടു  പതിനഞ്ചു മിനിറ്റെങ്കിലും എന്നോടുകൂടെയായിരിക്കുകയും ചെയ്യുന്നവർക്കു  തങ്ങളുടെ ആത്മാക്കളുടെ രക്ഷയ്ക്കാവശ്യമായ  എല്ലാ  കൃപകളും   അവരുടെ  മരണവേളയിൽ നൽകും എന്നു  ഞാൻ  വാഗ്ദാനം ചെയ്യുന്നു”.

ഫാത്തിമാ ദർശനങ്ങളുടെയും സന്ദേശങ്ങളുടെയും ആധികാരികതയെ തിരുസഭ  അംഗീകരിച്ചിട്ടുണ്ട്.  അനേകം മാർപ്പാപ്പാമാരും സഭാധികാരികളും ഫാത്തിമാ ദർശനങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഉത്സുകരായിരുന്നു. 1981 മെയ് 13 ന്  ഒരു ഭീകരൻറെ വെടിയുണ്ടയിൽ നിന്നു  തൻറെ ജീവൻ രക്ഷിച്ചതു  പരിശുദ്ധ അമ്മയാണെന്ന് ഏറ്റുപറഞ്ഞുകൊണ്ടു   ജോൺ പോൾ രണ്ടാമൻ  പാപ്പയും ഫാത്തിമാ മാതാവിനോടുള്ള  ഭക്തി  വെളിപ്പെടുത്തിയിരുന്നു. പാപ്പയ്ക്കു വെടിയേറ്റത്  അഞ്ചാം മാസം പതിമൂന്നാം തിയതി വൈകുന്നേരം 5.13 നായിരുന്നു എന്നത് യാദൃച്ഛികമല്ലല്ലോ.

ഫാത്തിമയിൽ മാതാവ് നൽകിയ സന്ദേശങ്ങൾ എന്നത്തേക്കാളും ഏറെ ഇന്നു   പ്രസക്തമാണ്. എണ്ണമറ്റ ആത്മാക്കൾ  ജഡികപാപങ്ങൾ മൂലം നരകത്തിൽ പതിക്കുന്നു. പാപിൾക്കു വേണ്ടി പ്രാർഥിക്കാനും  പരിഹാരം ചെയ്യാനും  തയാറുള്ളവരുടെ എണ്ണം   ചുരുങ്ങിവരുന്നു.  മർക്കടമുഷ്ടിയോടെ ദൈവത്തിനെതിരെ മറുതലിക്കുന്ന ജനങ്ങൾ സത്യത്തിനു നേരെ  കണ്ണടയ്ക്കുന്നു. ദൈവദൂഷണം പെരുകിവരുന്നു.  പാപത്തെ പുണ്യമായും തിന്മയെ നന്മയായും  അംഗീകരിക്കുന്ന  ലോകം, ദൈവത്തിൻറെ കരുണയുടെ വാതിലുകൾ ഒരു നാൾ അടയുമെന്നോ  ആ ദിനം തൊട്ടുമുൻപിലുണ്ടെന്നോ  അറിയുന്നതേയില്ല.

വെളിപാടിൻറെ പുസ്തകം പന്ത്രണ്ടാം അധ്യായത്തിൽ പറയുന്ന സൂര്യനെ ഉടയാടയാക്കിയ സ്ത്രീ താൻ തന്നെയാണെന്നു   ഫാത്തിമയിലെ  സൂര്യാത്ഭുതത്തിലൂടെ  കന്യകാമറിയം വെളിപ്പെടുത്തി. എന്നിട്ടും  പരിശുദ്ധ അമ്മയെ  വണങ്ങാൻ മടി കാണിക്കുന്നവർ വിമലഹൃദയപ്രതിഷ്ഠയുടെ പ്രാധാന്യം എന്നെങ്കിലും മനസിലാക്കുമോ?  ആസന്നമായ ദൈവക്രോധത്തിൽ നിന്ന് ഓടിയകലാൻ  സ്നാപകയോഹന്നാനെപ്പോലെ മുന്നറിയിപ്പു  നൽകാനല്ലേ  കർത്താവിൻറെ രണ്ടാം വരവിനു തൊട്ടുമുൻപുള്ള ഈ നാളുകളിൽ അമ്മ  അനേക സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്?   1917 നു  ശേഷമുള്ള എല്ലാ മരിയൻ  പ്രത്യക്ഷീകരണങ്ങളും  ഒരർത്ഥത്തിലല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ ഫാത്തിമാ സന്ദേശങ്ങളുടെ തുടർച്ചയോ  നിറവേറലോ  പൂർത്തീകരണമോ ആണെന്ന കാര്യം നാം മറന്നുപോകരുത്.

 നമുക്ക് ഫാത്തിയിൽ  വച്ചു  മാതാവു പറഞ്ഞ  വാക്കുകൾ അനുസരിക്കാം. പാപികൾക്കു  വേണ്ടി പ്രാർഥിക്കാം.  ആത്മാക്കൾക്കുവേണ്ടി പരിഹാര- പ്രായശ്ചിത്ത പ്രവൃത്തികൾ  അനുഷ്ഠിക്കാം. നിരന്തരം ജപമാല ചൊല്ലാം. ശുദ്ധത എന്ന പുണ്യം കാത്തുസൂക്ഷിക്കാം.  ലൂസിയയെയും  ജസീന്തയെയും ഫ്രാൻസെസ്കോയെയും  പോലെ   എന്തെല്ലാം പ്രലോഭനങ്ങളോ ഭീഷണികളോ ഉണ്ടായാലും, ആരെല്ലാം  പരിഹസിച്ചാലും  ലോകം മുഴുവൻ സംശയിച്ചാലും  വേണ്ടപ്പെട്ടവർ തള്ളിപ്പറഞ്ഞാലും സത്യത്തോടു  ചേർന്നുനിൽക്കുമെന്നു  തീരുമാനിക്കാം.   അവസാനം വരെ പിടിച്ചുനിൽക്കുന്നവർ മാത്രമേ രക്ഷപ്പെടുകയുള്ളൂ എന്ന കർത്താവിൻറെ വചനം ഓർത്തുകൊണ്ട്  അവസാനനാളുകളിൽ പീഡനങ്ങളിൽ പിടിച്ചുനിൽക്കാനുള്ള കൃപയ്ക്കായി  പരിശുദ്ധ അമ്മയുടെ അമലോത്ഭവഹൃദയത്തിൻറെ  മാധ്യസ്ഥം തേടി പ്രാർത്ഥിക്കുകയും ചെയ്യാം.