ഓർമ്മകൾ ഉണ്ടായിരിക്കണം

ഓർമ്മകൾ മാഞ്ഞുപോകാൻ എത്രകാലം വേണം? വർഷങ്ങളോ മാസങ്ങളോ വേണ്ട. ദിവസങ്ങൾ മതി എന്നാണ് നമ്മുടെ അനുഭവം
‘ഇതെന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ’ എന്ന് യേശു പറഞ്ഞിട്ട് ഇരുപതു നൂറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു. ഇക്കാലത്തിനിടയിൽ ഒരിക്കൽ പോലും ക്രിസ്തുവിന്റെ ബലിയുടെ ഓർമ്മ ക്രിസ്ത്യാനിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോയിരുന്നില്ല. കാൽവരി ബലിയുടെ ഓർമ്മയും പുനരാവർത്തനവുമായ പരിശുദ്ധകുർബാന എന്ന നിരന്തരദഹനബലി അനുദിനമർപ്പിച്ചുകൊണ്ട് സഭ ഇക്കാലമത്രയും കർത്താവിന്റെ വിരുന്നുമേശയിലേക്കും അവിടുത്തെ മരണക്കട്ടിലായ കുരിശിലേക്കും അവിടുന്ന് ഉത്ഥാനം ചെയ്ത തിരുക്കല്ലറയിലേക്കും ദൃഷ്ടികൾ പതിപ്പിച്ചുകൊണ്ട് കർത്താവിന്റെ ഓർമ്മ ആചരിച്ചുപോന്നിരുന്നു.

കോവിഡ് എല്ലാം തകിടം മറിച്ചു എന്നായിരിക്കും നിങ്ങളുടെ ആദ്യ പ്രതികരണം. ഒരു പരിധി വരെ അത് ശരിയുമാണ്. എന്നാൽ യാഥാർത്ഥകാരണം കൊറോണ വൈറസോ സാമൂഹ്യഅകലമോ സർക്കാർ നിർദ്ദേശങ്ങളോ ഒന്നുമല്ല. ക്രിസ്ത്യാനിയുടെ മനസിൽ നിന്ന് ക്രിസ്തുവിന്റെ ബലിയുടെ ഓർമ്മകൾ മാഞ്ഞുതുടങ്ങിയിരിക്കുന്നു. മുൻകാലങ്ങളിലൊന്നും ‘ഇനിയൊരു ബലി അർപ്പിക്കാൻ ഞാൻ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ’ എന്ന് ചൊല്ലുമ്പോൾ പരിശുദ്ധകുർബാന നിർത്തലാക്കപ്പെടുന്ന ഒരു കാലം വരുമെന്നത് നമ്മുടെയാരുടെയും കാടുകയറിയ ചിന്തകളിൽ പോലും ഉണ്ടായിരുന്നില്ല.

മൂന്നുമാസം മുൻപ് എന്റെ ഇടവക ദൈവാലയത്തിൽ അവസാനത്തെ പരിശുദ്ധകുർബാനയിൽ പങ്കെടുത്ത് ബലിപീഠത്തോട് വിടപറഞ്ഞപ്പോഴാണ് ഞാൻ ആദ്യമായി ദൈവാലയത്തിൽ വച്ചു കരഞ്ഞത് എന്നു പറയുന്നത് വായനാസുഖത്തിനുവേണ്ടി എഴുതുന്നതല്ല. ഇനിയൊരു ബലിയർപ്പിക്കാൻ കഴിയുമോ ഇല്ലയോ എന്നറിയാതെ കണ്ണീരൊഴുക്കിക്കൊണ്ട് ദൈവാലയം വിട്ടിറങ്ങിയ ആയിരങ്ങൾക്കുവേണ്ടിക്കൂടിയാണ് ഞാനിതെഴുതുന്നത്.

ഓർമ്മകൾ ഉണ്ടായിരിക്കണം.

നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രൻ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിൻ എന്ന് പറഞ്ഞ യേശുവിന്റെ ഓർമ്മകൾ. ഞാനാണ് ജീവന്റെ അപ്പം, എന്റെ അടുത്ത് വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നിൽ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല എന്ന് പറഞ്ഞ യേശുവിന്റെ ഓർമ്മകൾ. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കിൽ, നിങ്ങൾക്ക് ജീവൻ ഉണ്ടായിരിക്കുകയില്ല എന്ന് പറഞ്ഞ യേശുവിന്റെ ഓർമ്മകൾ. ആത്മാവാണ് ജീവൻ നൽകുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല എന്നു പറഞ്ഞ യേശുവിന്റെ ഓർമ്മകൾ.

എന്നിട്ട് നാമെന്താണ് ചെയ്യുന്നത്? ഒരു വൈറസിനെ പേടിച്ച് കതകടച്ചിരിക്കുന്നു. സർക്കാർ അനുവാദം തന്നിട്ടും ദൈവാലയങ്ങളിൽ നല്ലൊരുഭാഗം അടഞ്ഞുകിടക്കുന്നു. മധ്യകേരളത്തിലെ ഒരു ഇടവകയിൽ പരിശുദ്ധകുർബാന തുടങ്ങണമോ എന്നറിയാൻ അഭിപ്രായം ചോദിച്ചപ്പോൾ ആറു പേർ അതിനെ അനുകൂലിച്ചു. ബാക്കി നാനൂറോളം പേർക്ക് കൂടുതൽ വിശ്വാസം കൊറോണ വൈറസിനെയായിരുന്നു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്ന് തോന്നുന്നുണ്ടോ?

ഭൂമിയുടെ നിലനിൽപിന് സൂര്യനെക്കാൾ ആവശ്യം ദിവ്യകാരുണ്യമാണെന്ന് പറഞ്ഞ വിശുദ്ധ പാദ്രെ പിയോ മരിച്ചിട്ട് അരനൂറ്റാണ്ട് കഴിഞ്ഞപ്പോഴേക്കും പരിശുദ്ധകുർബാനയുടെ മഹത്വം പുരോഹിതർക്കുപോലും മനസിലാകുന്നില്ല. ബലിയർപ്പണത്തെക്കാൾ പ്രധാനം കോവിഡ് ബാധ തടയാനായി ദൈവാലയങ്ങൾ അടച്ചിടുകയാണെന്ന അഭിപ്രായം പരസ്യമായി പറയാൻ മടിയില്ലാത്ത വൈദികരെ കാണാനുള്ള ദൗർഭാഗ്യവും നമുക്കുണ്ടായല്ലോ. പരിശുദ്ധകുർബാനയെക്കാൾ വലുതായി മറ്റൊന്നുമില്ല; അങ്ങനെയെന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ ദൈവം അത് നമുക്ക് തരുമായിരുന്നു എന്നുപറഞ്ഞ ജോൺ മരിയ വിയാനിയൊക്കെ വെറും പഴഞ്ചൻ.

യേശുവിന്റെ വസ്ത്രത്തിന്റെ വിളുമ്പിൽ തൊട്ട സ്ത്രീയ്ക്ക് സൗഖ്യം ലഭിച്ചെങ്കിൽ യേശുവിന്റെ യഥാർത്ഥ ശരീരവും യഥാർത്ഥ രക്തവും ഉള്ളിൽ സ്വീകരിക്കുന്ന വ്യക്തികൾക്ക് എങ്ങനെയാണ് രോഗം പിടിപെടുക എന്ന് ആരെങ്കിലും പറഞ്ഞുതന്നാൽ നന്നായിരുന്നു.

ഓർമ്മകൾ ഉണ്ടായിരിക്കണം.

നിരന്തരദഹനബലി നിർത്തലാക്കപ്പെടുകയും വിനാശകരമായ മ്ലേച്ഛത ദൈവാലയത്തിൽ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലത്തെക്കുറിച്ച് പ്രവചിച്ച ദാനിയേലിന്റെയും ശരീരത്തെ മാത്രം നശിപ്പിക്കാൻ കഴിയുന്നവനെ ഭയപ്പെടേണ്ട; മറിച്ച് ശരീരത്തെയും ആത്മാവിനെയും ഒരുമിച്ച് നരകാഗ്നിയ്ക്ക് ഇരയാക്കാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ എന്നു പറഞ്ഞ യേശുവിന്റെയും ഓർമ്മകൾ.

വിശ്വാസത്തിന്റെ ഓർമ്മകൾ പോലും മാഞ്ഞുപോകുന്ന ഈ കാലത്തെ മുന്നിൽക്കണ്ടുകൊണ്ടല്ലേ ” മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ”എന്ന് യേശു വിലപിച്ചത്. അങ്ങനെയൊരു കാലത്താണ് നാം ജീവിക്കുന്നത് എന്നെങ്കിലും ഓർക്കുക.