ലോത്തിൻറെ കാലം

അബ്രഹാം കാനാനിലെത്തുന്നത്  ബി സി  1850  നോടടുപ്പിച്ചാണ്  (പി ഒ  സി  ബൈബിൾ  പേജ് 391 – ചരിത്രത്തിലൂടെ). ലോത്ത് അബ്രാഹത്തിൻറെ സമകാലീനനായിരുന്നു. അതായത്  ലോത്ത് ജീവിച്ചിരുന്നത് ഇന്നേക്ക് ഏതാണ്ടു   മുപ്പത്തെട്ടോ മുപ്പത്തൊൻപതോ നൂറ്റാണ്ടുകൾ മുൻപായിരുന്നു. സോദോമിൽ ജീവിച്ചിരുന്ന ലോത്ത് നീതിമാനായിരുന്നുവെന്നും  ആകാശത്തിൽ നിന്ന് അഗ്നിയിറക്കി ആ നഗരത്തെ നശിപ്പിക്കുന്നതിനു  മുൻപേ ദൈവം  തൻറെ കരുണയാൽ  ലോത്തിനെയും കുടുംബത്തെയും അവിടെനിന്നു പുറത്തു കടത്തിയെന്നും നമുക്കറിയാം.  ഉപേക്ഷിച്ചുപോരാൻ ദൈവം പറഞ്ഞ പാപത്തിൻറെ നഗരത്തിലേക്കു  ഒരിക്കൽ മാത്രം തിരിഞ്ഞുനോക്കിയ ലോത്തിൻറെ ഭാര്യ ആ പലായനത്തിലെ ദുരന്തകഥാപാത്രമായി മാറുന്നുണ്ട്.  എങ്കിലും ലോത്തും മക്കളും സുരക്ഷിതരായി നഗരത്തിനു പുറത്തുകടന്നു. തൊട്ടുപിന്നാലെ ആകാശത്തുനിന്നു അഗ്നിയും ഗന്ധകവും ഇറങ്ങി  മ്ലേച്ഛതയുടെ പര്യായമായ  ആ നഗരത്തെ നശിപ്പിച്ചുകളയുകയും ചെയ്തു.

ഉൽപത്തിപുസ്തകത്തിനു പുറത്തു ലോത്തിനെക്കുറിച്ചു  പരാമർശങ്ങളുണ്ടോ എന്നു പലരും ശ്രദ്ധിക്കാറില്ല. ഉണ്ടെന്നു മാത്രമല്ല വളരെ പ്രധാനപ്പെട്ട ഒരു സന്ദർഭത്തിൽ   യേശു  ലോത്തിനെക്കുറിച്ചു  സൂചിപ്പിക്കുന്നുമുണ്ട്.. ലൂക്കായുടെ സുവിശേഷം പതിനേഴാം അധ്യായത്തിൽ  ‘മനുഷ്യപുത്രൻറെ  ആഗമനം’ എന്ന തലക്കെട്ടിനു താഴെ നാം ഇപ്രകാരം വായിക്കുന്നു. ‘ദൈവരാജ്യം എപ്പോഴാണു  വരുന്നത് എന്നു   ഫരിസേയർ ചോദിച്ചതിന്, അവൻ മറുപടി പറഞ്ഞു. …………………… നോഹയുടെ  ദിവസങ്ങളിൽ സംഭവിച്ചത് എങ്ങനെയോ  അങ്ങനെയായിരിക്കും മനുഷ്യപുത്രൻറെ  ദിവസങ്ങളിലും. നോഹ പെട്ടകത്തിൽ പ്രവേശിക്കുകയും ജലപ്രളയം വന്നു  സകലതും നശിപ്പിക്കുകയും  ചെയ്തതുവരെ അവർ തിന്നും കുടിച്ചും വിവാഹം ചെയ്തും ചെയ്തുകൊടുത്തും കഴിഞ്ഞിരുന്നു.  ലോത്തിൻറെ നാളുകളിലും അങ്ങനെ തന്നെ ആയിരുന്നു. അവർ തിന്നുകയും കുടിക്കുകയും വാങ്ങുകയും വിൽക്കുകയും നടുകയും വീടുപണിയുകയും ചെയ്തുകൊണ്ടിരുന്നു. പക്ഷേ ലോത്ത് സോദോമിൽ നിന്ന് ഓടിപ്പോയ ദിവസം  സ്വർഗത്തിൽ നിന്നു  തീയും  ഗന്ധകവും പെയ്ത് അവരെയെല്ലാം നശിപ്പിച്ചു. ഇപ്രകാരം തന്നെയായിരിക്കും മനുഷ്യപുത്രൻ വെളിപ്പെടുന്ന ദിവസത്തിലും’ ( ലൂക്കാ 17: 26-30).

കർത്താവിൻറെ രണ്ടാം വരവിനു  മുൻപുള്ള കാലം നോഹയുടെയും ലോത്തിൻറെയും കാലം പോലെയായിരിക്കും  എന്നത് അർത്ഥശങ്ക യ്ക്കിടയില്ലാത്ത  വിധം യേശുക്രിസ്തു പറഞ്ഞുവച്ചിട്ടുണ്ട്. നോഹയുടെ കാലത്തെക്കുറിച്ചു  നമുക്കറിയാവുന്നത്  ഇത്രയുമാണ്. ‘ദൈവത്തിൻറെ ദൃഷ്ടിയിൽ ഭൂമിയാകെ  ദുഷിച്ചതായിത്തീർന്നു. എങ്ങും അക്രമം നടമാടി. ഭൂമി ദുഷിച്ചുപോയെന്നു ദൈവം കണ്ടു.  ലോകത്തിൽ മനുഷ്യരെല്ലാം ദുർമാർഗികളായി’  (ഉൽ. 6:11-12). അതായതു  ലോകത്തിൽ പൊതുവായി  ധാർമികമൂല്യച്യുതി  ഉണ്ടായ കാലമായിരുന്നു അത്. മനുഷ്യർ പാപങ്ങൾ ചെയ്തു  ഭൂമിയെ ദുഷിപ്പിച്ചതിൻറെ ശിക്ഷയായിരുന്നു ജലപ്രളയം.

ഇനി  ലോത്തിൻറെ  കാലത്തേയ്‌ക്കു  വരാം. എന്തായിരുന്നു സോദോമിൻറെ പാപം?  അതു മ്ലേച്ഛമായ സ്വവർഗ രതി അല്ലാതെ മറ്റൊന്നുമായിരുന്നില്ല. അതിഥികളായി വന്നവരെ മാന്യമായി സ്വീകരിക്കാതിരുന്നതാണു  സോദോമിൻറെ പാപം എന്നൊക്കെയുള്ള  വ്യാജപ്രബോധനങ്ങൾ   പരക്കുന്നതുകാണുമ്പോൾ  സൂക്ഷിക്കുക.  സോദോമിൻറെ പാപം   അതൊന്നുമായിരുന്നില്ല. അങ്ങനെയൊരു സൂചന പോലും വിശുദ്ധഗ്രന്ഥം  നൽകുന്നില്ല.  പിന്നെ എന്തുകൊണ്ടാണു   പലരും സോദോമിൻറെ പാപത്തെ ലളിതവൽക്കരിച്ചുകൊണ്ടുള്ള നിലപാടു   സ്വീകരിക്കുന്നത് എന്നത്  അത്ഭുതകരമായി  തോന്നുന്നില്ലേ?

എന്നാൽ നാം അതിൽ അത്ഭുതപ്പെടേണ്ടതില്ല. ഇങ്ങനെയൊരു കാലം വരുമെന്നു  നമ്മുടെ കർത്താവു മുന്നമേ തന്നെ  പറഞ്ഞുവച്ചിട്ടുണ്ട്.   തൻറെ രണ്ടാം വരവിനു മുൻപുള്ള കാലം  ലോത്തിൻറെ കാലം പോലെയായിരിക്കും എന്ന കർത്താവിൻറെ മുന്നറിയിപ്പു   ഗൗരവമായിട്ടെടുക്കുന്നില്ലെങ്കിൽ, കാലത്തിൻറെ അടയാളങ്ങൾ വിവേചിച്ചറിയുന്നതിൽ നാം പരാജയപ്പെടുന്നു എന്നാണ് അതിൻറെയർത്ഥം.

സത്യത്തിൽ നാം ജീവിക്കുന്നത് അത്തരമൊരു കാലത്തിലാണോ?  അതിനുള്ള ഉത്തരം   നാം ഓരോരുത്തരും സ്വയം കണ്ടെത്തുന്നതാണു  നല്ലത്. എങ്കിലും അതിനു സഹായിക്കുന്ന ചില കാര്യങ്ങൾ വാർത്തകളുടെ രൂപത്തിൽ പലപ്പോഴായി നമ്മുടെ  ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എന്നാൽ  അവയെ നാം  നിസാരമായി തള്ളിക്കളയുകയോ തമാശയായി എടുക്കുകയോ ചെയ്യുന്നു എന്നതാണു  ദുരന്തം.  ഗൗരവമായ കാര്യങ്ങളെ  തമാശയായി എടുത്ത രണ്ടു ചെറുപ്പക്കാർ അവരുടെ ഭോഷത്തതിനു സ്വന്തം  ജീവൻ   വിലകൊടുക്കേണ്ടി വന്ന ഒരു സംഭവം ബൈബിളിൽ വിവരിച്ചിട്ടുണ്ട്.   നമുക്ക് ആ സംഭവത്തിലേക്കു  വരാം. യാദൃച്ഛികമെന്നു പറയുന്നില്ല, ഈ രണ്ടു യുവാക്കളും ലോത്തിനോടൊപ്പം രക്ഷപ്പെടേണ്ടവരായിരുന്നു. ‘ ഉടനെ ലോത്ത് തൻറെ പുത്രിമാരെ വിവാഹം ചെയ്യാനിരുന്നവരുടെ അടുത്തുചെന്നു പറഞ്ഞു: എഴുന്നേറ്റ് ഉടനെ  സ്ഥലം വിട്ടുപോവുക. കർത്താവ്  ഈ നഗരം നശിപ്പിക്കാൻ പോവുകയാണ്.  എന്നാൽ അവൻ തമാശ പറയുകയാണ് എന്നത്രെ അവർക്കു തോന്നിയത്’  (ഉൽ  19:14).

അതുകൊണ്ട്  ഇനി പറയുന്ന കാര്യങ്ങൾ തമാശയല്ല, സത്യമാണ് എന്നു തിരിച്ചറിയാനുള്ള  കൃപ നമുക്കോരോരുത്തർക്കും  ദൈവം നൽകട്ടെ  എന്നു പ്രാർഥിക്കുന്നു.

ജർമ്മനിയിൽ  ഇക്കഴിഞ്ഞ മാസം ( 2021  മെയ്) നൂറോളം  കത്തോലിക്കാ ദൈവാലയങ്ങളിൽ  സ്വവർഗ “ദമ്പതികൾക്ക്”  വൈദികർ പരസ്യമായി ആശിർവാദം നൽകി. സ്വവർഗബന്ധങ്ങൾ ക്രമരഹിതവും തിന്മയുമാണെന്നു  കത്തോലിക്കാ സഭ ആധികാരികമായി  പഠിപ്പിക്കുന്നു.     ഒരു കാരണവശാലും   പാപകരമായ ബന്ധങ്ങളിൽ തുടരുന്ന വ്യക്തികളുടെ “വിവാഹബന്ധത്തെ”  ദൈവാലയങ്ങളിൽ വച്ച് ആശിർവദിക്കാൻ പാടുള്ളതല്ല  എന്നുകാണിച്ച്  2021  മാർച്ച് മാസത്തിൽ വത്തിക്കാനിൽ നിന്നു   പുറപ്പെടുവിച്ച  ഉത്തരവിനെ ധിക്കരിച്ചാണ് ജർമ്മനിയിലെ  ഈ വ്യാജ ആശിർവാദകർമ്മം  നടത്തപ്പെട്ടത്. അതിനെ പരസ്യമായി പിന്തുണച്ചവരിൽ അനേകം വൈദികരും ഡീക്കന്മാരും ഉണ്ടെന്നതുപോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണു   രഹസ്യമായി അതിനെ പിന്തുണയ്ക്കുന്ന മെത്രാന്മാരും ഉണ്ടായിരുന്നു എന്നത്.

വത്തിക്കാനിലെ  Pontifical Council for  the Protection of Minors  എന്ന സമിതിയിൽ  ഈയിടെ  ഉൾപ്പെടുത്തിയ വ്യക്തിയാണ്  ജുവാൻ  കാർലോസ് ക്രൂസ്.  താൻ  ഒരു സ്വവർഗാനുരാഗിയാണെന്നു  തുറന്നുസമ്മതിക്കുന്ന  വ്യക്തിയാണ് ഇദ്ദേഹം. മ്ലേച്ഛമെന്നും പാപകരമെന്നും സഭ വിധിയെഴുതിയിട്ടുള്ള സ്വവർഗബന്ധത്തിൽ തുടരുന്ന   ഈ  വ്യക്തിയെ  സഭയുടെ പ്രധാനപ്പെട്ട ഒരു ഔദ്യോഗിക സമിതിയിലേക്കു    നോമിനേറ്റ് ചെയ്യുമ്പോൾ അദ്ദേഹത്തിൻറെ പശ്ചാത്തലം എന്തെന്നുകൂടി പരിഗണിക്കേണ്ടതായിരുന്നില്ലേ?

ജർമ്മനിയിലെ വിമതവൈദികർ മുന്നോട്ടുവയ്ക്കുന്ന അബദ്ധപ്രബോധനങ്ങൾ തന്നെ മറ്റൊരു തരത്തിൽ പ്രചരിപ്പിക്കുന്ന വ്യക്തിയാണ് അമേരിക്കയിലെ ഈശോസഭാ വൈദികനായ  ഫാ. ജെയിംസ് മാർട്ടിൻ. ഇദ്ദേഹത്തെ വത്തിക്കാനിലെ ‘കമ്മ്യൂണിക്കേഷൻ കൺസൽറ്റൻറ് ‘ ആയി നോമിനേറ്റ് ചെയ്തിട്ടുണ്ട്.  ഇദ്ദേഹവും ഇദ്ദേഹത്തെപ്പോലെയുള്ള പല  വിമതവൈദികരും അവകാശപ്പെടുന്നതു  തങ്ങൾക്കു   സഭയിലെ ഉന്നതാധികാരികളുടെ പിന്തുണ ഉണ്ടെന്നാണ്. കത്തോലിക്കാസഭയ്ക്കു  പുറത്താകട്ടെ, പല ക്രിസ്തീയസഭാ വിഭാഗങ്ങളും  സ്വവർഗബന്ധങ്ങളെ അംഗീകരിച്ചുകഴിഞ്ഞു.

ഇപ്പോൾ ലോകത്തിൽ ഏതാണ്ട് ഇരുപത്തിനാലു  രാജ്യങ്ങളിൽ  സ്വവർഗ്ഗ “വിവാഹം”  നിയമപരമായി അംഗീകരിച്ചുകഴിഞ്ഞു. ഈ  രാജ്യങ്ങളിലെ ആകെ ജനസംഖ്യ ലോകജനസംഖ്യയുടെ   ഏഴിലൊന്നിലധികം വരും.   ആ രാജ്യങ്ങളുടെ പട്ടിക ഒന്നു   ശ്രദ്ധിക്കുന്നതു നന്നായിരിക്കും.

നെതർലാൻഡ്‌സ്,   യു  എസ്  എ, ബെൽജിയം, കാനഡ, സ്പെയിൻ,  സൗത്ത് ആഫ്രിക്ക, നോർവേ, സ്വീഡൻ,  അർജൻറീന, പോർട്ടുഗൽ,  ഐസ് ലാൻഡ്,  ഡെൻമാർക്ക്‌,  ഉരുഗ്വായ്,  ബ്രസീൽ,  ന്യൂസിലാൻഡ്,  ബ്രിട്ടൻ,  ഫ്രാൻസ്, ലക്സമ്പെർഗ്,   അയർലൻഡ്, ഫിൻലൻഡ്‌, കൊളംബിയ, മാൾട്ട, ഓസ്ട്രേലിയ, ജർമ്മനി, ഓസ്ട്രിയ !

ക്രിസ്തീയരാജ്യങ്ങൾ എന്നു  വിളിക്കപ്പെട്ടിരുന്ന ഇവിടങ്ങളിലെല്ലാം   ദൈവം  വെറുക്കുന്ന  ഈ മ്ലേച്ഛത നിയമപരമായി അംഗീകരിച്ചുകഴിഞ്ഞു എന്നതിനേക്കാൾ  നമ്മെ ഞെട്ടിപ്പിക്കേണ്ടത് ഈ പട്ടികയിൽ  ക്രിസ്ത്യാനികൾക്കു ഭൂരിപക്ഷമില്ലാത്ത ഒരു രാജ്യം പോലും ഇല്ല എന്നതാണ്.   എന്നുവച്ചു  നാം ഇന്ത്യക്കാർക്ക് അഭിമാനിക്കാനും വകയില്ല. ലോക ജനസംഖ്യയുടെ ആറിലൊന്നു വസിക്കുന്ന  നമ്മുടെ രാജ്യത്തു  സ്വവർഗബന്ധങ്ങൾ കുറ്റകരമാക്കുന്ന ഇന്ത്യൻ പീനൽ കോഡിലെ മുന്നൂറ്റി എഴുപത്തേഴാം വകുപ്പ്   ഭരണഘടനാവിരുദ്ധമാണെന്നു സുപ്രീം കോടതി 2018 ൽ  തന്നെ വിധി പ്രസ്താവിച്ചുകഴിഞ്ഞു.   ഭാരതമടക്കം രാജ്യങ്ങളും  പാശ്ചാത്യരാജ്യങ്ങളുടെ മാതൃക പിന്തുടരുകയാണ് എന്നു തന്നെ  നാം ഭയപ്പെടണം.

നാം ലോത്തിൻറെ കാലത്തിലാണു  ജീവിക്കുന്നത്  എന്നതിന് ഇനിയും തെളിവുകൾ  വേണോ?  ” സഹോദരരേ, ഇത്തരം  മ്ലേച്ഛത കാട്ടരുതെന്നു  ഞാൻ നിങ്ങളോടു യാചിക്കുന്നു”  എന്നു  പറഞ്ഞ ലോത്തിനോടു  സോദോം നഗരവാസികൾ പറഞ്ഞതെന്തെന്നുകൂടി നാം വായിക്കണം. “പരദേശിയായി വന്നവൻ ന്യായം വിധിക്കാൻ ഒരുങ്ങുന്നു! അവരോടെന്നതിനേക്കാൾ  മോശമായി  നിന്നോടും ഞങ്ങൾ പെരുമാറും”.  

ഇതു തമാശയല്ല. പണ്ടെന്നോ നടന്നുപോയ  കാര്യവുമല്ല.  പല രാജ്യങ്ങളിലും സ്വവർഗബന്ധം തെറ്റാണെന്നു പറയുന്നതു കുറ്റകരമാക്കിക്കഴിഞ്ഞു. സ്‌കൂൾ പാഠപുസ്തകങ്ങളിൽ  ഈ മ്ലേച്ഛതയെ മഹത്വവൽക്കരിച്ചുകൊണ്ടുള്ള  ഭാഗങ്ങൾ കൂട്ടിച്ചേർക്കുന്നു. സ്വാഭാവിക ലൈംഗിക  ബന്ധത്തിലേർപ്പെടുന്നവർക്കില്ലാത്ത പ്രത്യേകപരിഗണന  പല രാജ്യങ്ങളും ഇക്കൂട്ടർക്കു  കൊടുക്കുന്നു. സ്വവർഗ ഭോഗികൾക്കു  കുഞ്ഞുങ്ങളെ ദത്തെടുക്കാനും തങ്ങൾ ആയിരിക്കുന്ന പാപത്തിൽ തന്നെ അവരെ വളർത്താനും  രാജ്യങ്ങൾ അനുവദിക്കുന്നു. എന്നുമാത്രമല്ല  സ്വവർഗ “ദമ്പതികൾക്ക്” കുഞ്ഞുങ്ങളെ  ദത്തെടുക്കാൻ  അനുവദിക്കാത്ത  സ്ഥാപനങ്ങൾക്കു പ്രവർത്തനാനുമതി നിഷേധിക്കുകയും ചെയ്യുന്നു.  

ഇന്നു  പ്രകൃതിനിയമമനുസരിച്ചുള്ള  സ്വാഭാവിക സ്ത്രീപുരുഷബന്ധത്തിൽ  വിശ്വസിക്കുന്നവരാണ് ഏറ്റവുമധികം വിവേചനം അനുഭവിക്കുന്നത്. കാരണം  ഏതാണ്ടെല്ലാ ഭരണകൂടങ്ങളും  മാധ്യമങ്ങളും    സ്വവർഗഭോഗികളെ  പരസ്യമായോ  രഹസ്യമായോ പിന്തുണയ്ക്കുന്ന നിലപാടാണു  സ്വീകരിക്കുന്നത്.  ഐക്യരാഷ്ട്രസംഘടനയും അതിൻറെ  കീഴിലുള്ള പ്രസ്ഥാനങ്ങളും പരസ്യമായിത്തന്നെ  അബോർഷനും സ്വവർഗ ലൈംഗികതയും അടക്കമുള്ള  മ്ലേച്ഛപാപങ്ങൾക്കു  കൂട്ടുനിൽക്കുന്നവരാണ് എന്നും നമുക്കറിയാം. കുഞ്ഞുങ്ങൾ കാണുന്ന കാർട്ടൂണുകളിൽ പോലും  അവരുടെ മനസിലേക്ക് ഈ  തിന്മ കുത്തിവയ്ക്കാൻ പാകത്തിലുള്ള  പരിപാടികളാണ്  അവതരിക്കപ്പെടുന്നത്. തിന്മയുടെ അതിപ്രസരം നിറഞ്ഞ ഈ ലോകത്തിൽ വിശുദ്ധിയോടെ ജീവിക്കാൻ നമുക്കു  ബുദ്ധിമുട്ടാണെങ്കിൽ, നമ്മുടെ കുഞ്ഞുങ്ങളുടെ  അവസ്ഥ എന്തായിരിക്കും?  

നാം ജീവിക്കുന്നതു  ലോത്തിൻറേതുപോലുള്ള  ഒരു  കാലത്താണെങ്കിൽ, സോദോമിനു സംഭവിച്ചതിനു സമാനമായ ഒരു ശിക്ഷയും നാം പ്രതീക്ഷിച്ചിരിക്കണം. എന്നാൽ അതു  പ്രശ്നത്തിൻറെ  ഒരു വശം മാത്രമേ ആകുന്നുള്ളൂ.  നാം ജീവിക്കുന്നതു  ലോത്തിൻറേതുപോലുള്ള  ഒരു കാലത്താണെങ്കിൽ അതിൻറെയർത്ഥം  മനുഷ്യപുത്രൻറെ ആഗമനം തൊട്ടുമുൻപിലെത്തി എന്നുതന്നെയാണ്.  കർത്താവായ യേശുക്രിസ്തുവിൻറെ  വാക്കുകൾ വിശ്വസിക്കുന്ന ഏതൊരാൾക്കും ഇക്കാര്യത്തിൽ മറിച്ചൊരു അഭിപ്രായം  ഉണ്ടാകാൻ സാധ്യതയില്ല.

എന്നിട്ടും  നാം നമ്മെ കാത്തിരിക്കുന്നതെന്തെന്നറിയാതെ  ‘തിന്നുകയും കുടിക്കുകയും വാങ്ങുകയും വിൽക്കുകയും നടുകയും വീടുപണിയുകയും’  ചെയ്തുകൊണ്ടു മുന്നോട്ടുപോകുന്നു! 

ക്രിസ്തീയസഭകൾ  മ്ലേച്ഛതകൾക്കു കൂട്ടുനിൽക്കുകയും  ക്രിസ്തീയരാജ്യങ്ങൾ മ്ലേച്ഛപാപങ്ങളെ  നിയമം വഴി അംഗീകരിക്കുകയും ചെയ്യുമ്പോൾ  നമുക്ക് ഓർക്കാനുള്ളത് ആദ്യത്തെ മാർപ്പാപ്പയുടെ വാക്കുകളാണ്. ‘എന്തെന്നാൽ വിധിയുടെ സമയം സമാഗതമായിരിക്കുന്നു. ദൈവത്തിൻറെ ഭവനത്തിലായിരിക്കും അതാരംഭിക്കുക. അതു  നമ്മിലാണ് ആരംഭിക്കുന്നതെങ്കിൽ, ദൈവത്തിൻറെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്തായിരിക്കും? നീതിമാൻ കഷ്ടിച്ചുമാത്രം രക്ഷപെടുന്നുവെങ്കിൽ  ദുഷ്ടൻറെയും പാപിയുടെയും  സ്ഥിതി എന്തായിരിക്കും?’  (1 പത്രോസ് 4:17-19).

പാപം നിറഞ്ഞ ദേശത്തവശേഷിച്ച അവസാനത്തെ  നീതിമാനായ   ലോത്തു പോലും  കഷ്ടിച്ചാണു  രക്ഷപ്പെട്ടത്. അതും അവസാനനിമിഷത്തിൽ കർത്താവു സമയം നീട്ടിക്കൊടുത്തതുകൊണ്ടുമാത്രം!  ദുഷ്ടൻറെയും പാപിയുടെയും സ്ഥിതി എന്തായിരിക്കും എന്നതിനേക്കാൾ ഇന്നു  നാം ചിന്തിക്കേണ്ടതു   നീതിമാന്മാരെന്നു സ്വയം കരുതുന്ന നാം കഷ്ടിച്ചെങ്കിലും രക്ഷപ്പെടുമോ എന്നാണ്. ഓർക്കുക.  വിധിയുടെ സമയം ആരംഭിക്കുന്നതു  ദൈവത്തിൻറെ ഭവനത്തിൽ  – സഭയിൽ – ആയിരിക്കും എന്നു  പറഞ്ഞതു   കർത്താവു   സഭയെ പണിയാൻ തെരഞ്ഞെടുത്ത പാറ  തന്നെയായ പത്രോസാണ്.

നമുക്കു ദൈവത്തിൻറെ അനന്തമായ കരുണയിൽ ആശ്രയിക്കാം. യേശുക്രിസ്തുവിൻറെ നാമം ഏറ്റുപറയുന്നവർക്ക്  ഇനിയുള്ള നാളുകൾ കഷ്ടപ്പാടിൻെറയും പീഡനങ്ങളുടെയും  ഒറ്റപ്പെടലിൻറെയും  തിരസ്കരണത്തിൻറെയും നാളുകളായിരിക്കും. ആ പരീക്ഷണഘട്ടങ്ങളിൽ വീഴാതെ പിടിച്ചുനിൽക്കാനുള്ള കൃപയ്ക്കായി നമുക്ക് ഉണർന്നിരുന്നു പ്രാർഥിക്കാം.