എഴുപതു വർഷങ്ങൾക്കു മുൻപ്, കൃത്യമായി പറഞ്ഞാൽ 1951 ഫെബ്രുവരി 11 ന് ആംസ്റ്റർഡാമിൽ ഇഡാ പീഡർമാൻ എന്ന സഹോദരിയ്ക്കു പ്രത്യക്ഷപ്പെട്ട പരിശുദ്ധ അമ്മ ‘ സകല ജനപദങ്ങളുടെയും നാഥയോടുള്ള പ്രാർത്ഥന’ പഠിപ്പിച്ചുകൊടുത്തു.
ഒന്നര വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ 17. 11. 2019 ന്, ലോകത്തിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ടു ചെയ്യപ്പെട്ടു. ഇന്നും ആ പകർച്ചവ്യാധി നിയന്ത്രണത്തിലാകുന്നതിൻറെ ലക്ഷണങ്ങൾ ഇല്ല. ലോകം കണ്ടതിൽ വച്ച് സമാനതകളില്ലാത്ത ദുരന്തമാണു കോവിഡ്.
ഒരാഴ്ച മുൻപ്, കൃത്യമായി പറഞ്ഞാൽ 2021 മെയ് 10 ന്, ജർമ്മനിയിലെ അനേകം കത്തോലിക്കാ വൈദികർ ചില മെത്രാന്മാരുടെയും സഭാംഗങ്ങളുടെയും തുറന്ന പിന്തുണയോടെ സ്വവർഗബന്ധം എന്ന മ്ലേച്ഛതയ്ക്കു ദൈവാലയങ്ങളിൽ വച്ച് ആശിർവാദം നൽകി. ധാർമ്മികാധപതനത്തിന് ഇതിനേക്കാൾ വലിയൊരു ഉദാഹരണം ചിന്തിക്കുക തന്നെ വിഷമം.
കഴിഞ്ഞ ഒരാഴ്ചക്കാലത്തിനിടയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം രൂക്ഷമാവുന്നതു നാം ആശങ്കയോടെ കണ്ടുകൊണ്ടിരിക്കുന്നു. അത് ഒരു തുറന്ന യുദ്ധത്തിലേക്കു നയിക്കുമോ എന്ന ഭീതിയിലാണു ലോകം. ഇസ്രായേൽ – പലസ്തീൻ സംഘർഷം ഒരു യുദ്ധത്തിലേക്കു വഴുതിവീഴുകയും മറ്റു രാജ്യങ്ങൾ അതിലിടപെടുകയും ചെയ്താൽ സ്ഥിതി നിയന്ത്രണാതീതമാവും. അങ്ങനെ സംഭവിക്കാതിരിക്കാനായി നമുക്കു പ്രാർത്ഥിക്കാം.
വ്യത്യസ്ത കാലങ്ങളിൽ, വ്യത്യസ്ത സാഹചര്യങ്ങളിൽ, വ്യത്യസ്ത ദേശങ്ങളിൽ നടന്ന നാലു സംഭവങ്ങളാണു മുകളിൽ വിവരിച്ചത്. എന്താണ് ഈ നാലു സംഭവങ്ങളും ഒരുമിച്ചു പരാമർശിക്കാൻ കാരണം എന്നു പറയുന്നതിനു മുൻപു നമുക്കു പരിശുദ്ധ അമ്മ ആംസ്റ്റർഡാമിൽ വച്ചു പഠിപ്പിച്ച പ്രാർത്ഥന ഒരിക്കൽ ചൊല്ലാം.
‘ക്രിസ്തുനാഥാ, പിതാവിൻറെ പുത്രാ, അങ്ങയുടെ അരൂപിയെ ഇപ്പോൾ ഭൂമിയിലേക്ക് അയയ്ക്കണമേ. എല്ലാ ജനപദങ്ങളുടെയും ഹൃദയത്തിൽ പരിശുദ്ധാത്മാവു വസിക്കട്ടെ. അതുവഴി ധാർമ്മികാധപതനം, ദുരന്തങ്ങൾ, യുദ്ധം എന്നിവയിൽ നിന്ന് അവർ രക്ഷിക്കപ്പെടട്ടെ. ഒരിക്കൽ മറിയമായിരുന്ന സർവജനപദങ്ങളുടെയും നാഥ നമ്മുടെ അഭിഭാഷക ആയിരിക്കട്ടെ. ആമേൻ’.
ധാർമ്മികാധപതനത്തിൻറെയും ദുരന്തങ്ങളുടെയും യുദ്ധങ്ങളുടെയും ഈ നാളുകളിൽ അവയിൽ നിന്നു ലോകം രക്ഷിക്കപ്പെടാനായി പരിശുദ്ധ അമ്മ പഠിപ്പിച്ച പ്രാർത്ഥന നമുക്ക് ഒരുമിച്ചു ചൊല്ലാം.
(NB: ‘ഒരിക്കൽ മറിയമായിരുന്ന സർവ ജനപദങ്ങളുടെയും നാഥ’ എന്നതു സഭാധികാരികൾ പിന്നീട് ‘സർവജനപദങ്ങളുടെയും നാഥയായ പരിശുദ്ധ കന്യകാമറിയം’ എന്നു തിരുത്തിയിരുന്നു)