പരിശുദ്ധാത്മാവിനോടുള്ള നൊവേന- ഒന്നാം ദിവസം

“കര്‍ത്താവ് മനുഷ്യരെ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും അവിടുന്ന്‍‍ അവര്‍ക്ക് തന്‍റെ ശക്തിക്ക് സദൃശമായ ശക്തി നല്‍കുകയും തന്‍റെ സാദൃശ്യത്തില്‍ അവരെ സൃഷ്ടിക്കുകയും ചെയ്തു” (പ്രഭാ. 17:3).

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ, അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും ഞങ്ങള്‍ക്ക് രൂപം നല്‍കിയതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, പിതാക്കന്മാരുടെ ദൈവമേ, വചനത്താല്‍ അങ്ങ് സകലതും സൃഷ്ടിക്കുകയും ജ്ഞാനത്താല്‍ അവിടുന്ന് മനുഷ്യനു രൂപം നല്‍കി ജീവന്‍ നല്‍കുകയും ചെയ്തതിന് ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു. കാരുണ്യവാനായ കര്‍ത്താവേ, പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ മനസ്സോടും സര്‍വ്വശക്തിയോടും കൂടെ അങ്ങേ ഞങ്ങള്‍ സ്നേഹിക്കുന്നു (നിയ. 6:5).

അങ്ങയുടെ പൂര്‍ണ്ണതയില്‍ നിന്ന്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും കൃപയ്ക്കുമേല്‍ കൃപ വര്‍ഷിച്ച്, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ഞങ്ങളെ സ്നേഹിച്ച സ്വര്‍ഗ്ഗീയ പിതാവേ, സര്‍വ്വസൃഷ്ടിജാലങ്ങളോടും ചേര്‍ന്നു ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങയെ ആരും ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അങ്ങുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഈശോമിശിഹായെ കര്‍ത്താവും ക്രിസ്തുവുമായി ഉയര്‍ത്തിയ ദൈവമേ (അപ്പ. 2:36) അങ്ങയുടെ കാരുണ്യത്തിന് എന്നേക്കും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ. ആമ്മേന്‍.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

“കര്‍ത്താവിനു നന്ദി പറയുവിന്‍. അവിടുന്ന് നല്ലവനാണ്. അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.” (സങ്കീ. 107:1)

ഒന്നാം ദിവസം – ദൈവിക ജീവനില്‍ വളരാന്‍

“ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്‍റെ അടുക്കല്‍ വന്ന് കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഹൃദയത്തില്‍നിന്ന്‍ വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതു പോലെ ജീവജലത്തിന്‍റെ അരുവികള്‍ ഒഴുകും.” (യോഹ.7:37-38)

“സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും നാഥനുമായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്‍മാരിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കള്‍ക്ക് വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്തുതിക്കുന്നു.” (മത്താ. 11:25) അവിടുന്ന് അയച്ചവനില്‍ വിശ്വസിക്കുകയും അവന്‍റെ നാമം വിളിച്ചപേക്ഷിച്ചു കൊണ്ട് പാപങ്ങള്‍ കഴുകിക്കളയാന്‍ തക്കവിധം കൃപ നല്‍കുകയും ചെയ്യുന്ന യേശുനാമത്തെ ഞങ്ങള്‍ വാഴ്ത്തുന്നു. അങ്ങയെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും മേല്‍ അവിടുന്ന് തന്‍റെ സമ്പത്ത് വര്‍ഷിക്കുന്നതിനു ഞങ്ങള്‍ നന്ദി പറയുന്നു. ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെ ആയിരിക്കുവാന്‍ മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങള്‍ക്ക് തരുമെന്ന് വാഗ്ദാനം ചെയ്ത യേശുവേ, ഞങ്ങള്‍ അങ്ങയെ മഹത്വപ്പെടുത്തുന്നു.

ഉയിര്‍ത്തെഴുന്നേറ്റ് ഇന്നും ശക്തിയോടെ ജീവിക്കുന്ന എന്‍റെ ഈശോയെ, അങ്ങയെ എന്‍റെ എകരക്ഷകനും നാഥനും കര്‍ത്താവും ദൈവവുമായി ഞാന്‍ സ്വീകരിക്കുന്നു. പാപത്തെയും പാപസാഹചര്യങ്ങളെയും സാത്താന്‍റെ കുടിലതന്ത്രങ്ങളെയും ഞാന്‍ വെറുത്ത് ഉപേക്ഷിക്കുന്നു. യേശു ക്രിസ്തുവിനെ എന്‍റെ കര്‍ത്താവും രാജാവുമായി ഞാന്‍ എന്‍റെ ഹൃദയത്തില്‍ പൂജിക്കുന്നു. യേശു ദൈവപുത്രനും (യോഹ.4:49) ലോകരക്ഷകനും (യോഹ. 4:42) സമാധാനത്തിന്‍റെ രാജാവും നിത്യനായ പിതാവും സര്‍വ്വശക്തനുമായ ദൈവവുമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ വിശ്വാസം എന്‍റെ ഹൃദയത്തില്‍ വിശ്വസിച്ച് അധരത്തിലൂടെ ഏറ്റു പറയുവാനും ലോകം മുഴുവനിലും ഈ രക്ഷയെ ആഘോഷിക്കുവാനും എന്നെ അങ്ങയുടെ ഒരു ഉപകരണമാക്കണമേ. ആമ്മേന്‍. 1 സ്വര്‍ഗ്ഗ 1 നന്മ. 1 ത്രിത്വ.

പരിശുദ്ധാത്മാവിന്‍റെ ജപമാല

വിശ്വാസപ്രമാണം

1. സ്വർഗ്ഗ 1.നന്മ 1.ത്രിത്വ .

പരിശുദ്ധാത്മാവ് നിന്‍റെ മേൽ വരും, അത്യുന്നതന്‍റെ  ശക്തി നിന്‍റെ  മേൽ ആവസിക്കും ” ആമേൻ. ( ലൂക്ക 1:35 )

1. യേശുവിൻറെ വാഗ്ദാനമായ പരിശുദ്ധാത്മാവേ, ഞങ്ങളിൽ വന്നു നിറയണമേ . ( 10 പ്രാവശ്യം ) 1.ത്രിത്വ .

പരിശുദ്ധാത്മാവ് നിന്‍റെ മേൽ വരും, അത്യുന്നതന്‍റെ  ശക്തി നിന്‍റെ  മേൽ ആവസിക്കും ” ആമേൻ. ( ലൂക്ക 1:35 )

2. യേശുവിൻറെ  വാഗ്ദാനമായ പരിശുദ്ധാത്മാവേ, ഞങ്ങളെ നയിക്കണമേ. ( 10 പ്രാവശ്യം ) 1.ത്രിത്വ .

പരിശുദ്ധാത്മാവ് നിന്‍റെ മേൽ വരും, അത്യുന്നതന്‍റെ  ശക്തി നിന്‍റെ  മേൽ ആവസിക്കും ” ആമേൻ. ( ലൂക്ക 1:35 )

3. യേശുവിൻറെ  വാഗ്ദാനമായ പരിശുദ്ധാത്മാവേ, ഞങ്ങളെ ശുദ്ധീകരിക്കണമേ. ( 10 പ്രാവശ്യം ) 1.ത്രിത്വ .

പരിശുദ്ധാത്മാവ് നിന്‍റെ മേൽ വരും, അത്യുന്നതന്‍റെ  ശക്തി നിന്‍റെ  മേൽ ആവസിക്കും ” ആമേൻ. ( ലൂക്ക 1:35 )

4. യേശുവിൻറെ  വാഗ്ദാനമായ പരിശുദ്ധാത്മാവേ, ഞങ്ങളെ ഉജ്ജ്വലിപ്പിക്കണമേ. ( 10 പ്രാവശ്യം ) 1.ത്രിത്വ .

പരിശുദ്ധാത്മാവ് നിന്‍റെ മേൽ വരും, അത്യുന്നതന്‍റെ  ശക്തി നിന്‍റെ  മേൽ ആവസിക്കും ” ആമേൻ. ( ലൂക്ക 1:35 )

5. യേശുവിൻറെ  വാഗ്ദാനമായ പരിശുദ്ധാത്മാവേ , അങ്ങേ വരദാനഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കണമേ. ( 10 പ്രാവശ്യം ) 1.ത്രിത്വ .

പരിശുദ്ധാത്മാവേ, എഴുന്നള്ളി വരണമേ, അങ്ങയുടെ വത്സലമണവാട്ടിയായ പരിശുദ്ധ കന്യകാ മറിയത്തിൻറെ    വിമലഹൃദയത്തിൻറെ   ശക്തമായ മദ്ധ്യസ്ഥതയാൽ ഞങ്ങളുടെ മേൽ എഴുന്നള്ളി വരണമേ, ഞങ്ങളിൽ വന്നു വസിക്കണമേ .

പരിശുദ്ധാത്മാവിന്‍റെ ലുത്തിനിയ

കർ‍ത്താവേ, അനുഗ്രഹിക്കണമേ

മിശിഹായേ, അനുഗ്രഹിക്കണമേ

മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേൾക്കണമേ

മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ

സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ

ഭൂലോക രക്ഷിതാവായ പുത്രനായ ദൈവമേ, ഞങ്ങളെ അനുഗ്രഹിക്കണേ

പരിശുദ്ധാത്മാവായ ദൈവമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ

ഏക ദൈവമായ പരിശുദ്ധ ത്രിത്വമേ,
ഞങ്ങളെ  അനുഗ്രഹിക്കണമേ

പിതാവിനോടും പുത്രനോടും സമനായ പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ

പിതാവിന്‍റെ വാഗ്ദാനമായ പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ

ദൈവത്തിന്‍റെ ദാനമായ പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ

ഭൂമുഖം നവീകരിക്കുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ

പ്രാവിന്‍റെ രൂപത്തില്‍‌ ഈശോയുടെമേല്‍ ഇറങ്ങിവന്ന പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ

പരിശുദ്ധ അമ്മയില്‍ നിറഞ്ഞുനിന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ

പന്തക്കുസ്താ ദിവസം ശ്ലീഹന്മാരുടെമേല്‍ ആവസിച്ച് അവരെ ശക്തിപ്പെടുത്തിയ പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു
നിറയേണമേ

ആദിമ ക്രൈസ്തവ സമൂഹത്തില്‍ നിറഞ്ഞുനിന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ

അടയാളങ്ങളും അദ്ഭുതങ്ങളും പ്രവർത്തിക്കുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ

യേശുവിന്‍റെ സാക്ഷികളാകാന്‍ ഞങ്ങളെ പഠിപ്പിക്കുന്ന പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ

തിരുവചനത്താല്‍ ഞങ്ങളെ വിശുദ്ധീകരിക്കുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ

സഭയില്‍ നിര‌ന്തരം വസിക്കുന്ന പരിശുദ്ധാത്മാവേ ,
ഞങ്ങളില്‍ വന്നു നിറയേണമേ

കൂദാശയിലൂടെ ഞങ്ങളെ ശക്തിപ്പെടുത്തുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ

പ്രാര്‍ത്ഥിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ

പ്രലോഭനങ്ങളെ അതിജീവിക്കുവാന്‍ ശക്തിതരുന്ന പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ

ഞങ്ങള്‍ക്ക് പാപബോധം തരുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ

ഞങ്ങള്‍ക്ക് നീതിബോധം തരുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ

ന്യായവിധിയെക്കുറിച്ച് ഞങ്ങളെ ബോധ്യപ്പെടുത്തുന്ന പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ

സത്യത്തിന്‍റെ പൂര്‍ണതയിലേക്ക് ഞങ്ങളെ നയിക്കുന്ന പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ

ഞങ്ങള്‍ക്ക് സമൃദ്ധമായി ജീവന്‍ തരുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ

ബോധജ്ഞാനത്തിന്‍റെ അരൂപിയായ പരിശുദ്ധാത്മാവേ,
ഞങ്ങളെ നയിക്കേണമേ

ജ്ഞാനത്താല്‍ നിറയ്ക്കുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളെ നയിക്കേണമേ.

ബുദ്ധിയുടെ ദിവ്യപ്രകാശമായ പരിശുദ്ധാത്മാവേ,
ഞങ്ങളെ നയിക്കേണമേ

വിവേകത്തിന്‍റെ ഉറവിടമായ പരിശുദ്ധാത്മാവേ,
ഞങ്ങളെ നയിക്കേണമേ

ആത്മശക്തിയുടെ കതിരുകൾ ഏകുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളെ നയിക്കേണമേ

അറിവിന്‍റെ പ്രകാശമായ പരിശുദ്ധാത്മാവേ,
ഞങ്ങളെ നയിക്കേണമേ

ഭക്തിയുടെ ചൈതന്യമാകുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളെ നയിക്കേണമേ

ദൈവഭയത്തിന്‍റെ പ്രതീകമാകുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളെ നയിക്കേണമേ

വിശ്വാസത്തിന്‍റെയും,പ്രത്യാശയുടെയും ആത്മാവേ ,
ഞങ്ങളേ വിശുദ്ധികരിക്കേണമേ

സ്നേഹത്തിന്‍റെയും, സന്തോഷത്തിന്‍റെയും
ആത്മാവേ ,  ഞങ്ങളേ വിശുദ്ധികരിക്കേണമേ

സമാധാനത്തിന്‍റെയും,ക്ഷമയുടെയും ആത്മാവേ,
ഞങ്ങളേ വിശുദ്ധികരിക്കേണമേ

ദയയുടെയും, നന്മയുടെയും
ആത്മാവേ, ഞങ്ങളേ വിശുദ്ധികരിക്കേണമേ

വിശ്വസ്തതയുടെയും, സൗമ്യതയുടെയും, ആത്മസംയമനത്തിന്‍റെയും ആത്മാവേ, ഞങ്ങളേ വിശുദ്ധികരിക്കേണമേ

എളിമയുടെയും, ഐക്യത്തിന്‍റെയും ആത്മാവേ,
ഞങ്ങളേ വിശുദ്ധികരിക്കേണമേ

വിശുദ്ധിയുടെയും, ദൈവമക്കളുടെയും ആത്മാവേ,
ഞങ്ങളേ വിശുദ്ധികരിക്കേണമേ

തിരുസഭയുടെ സംരക്ഷകനെ, ദൈവകൃപകളുടെ ഉറവിടമേ
ഞങ്ങളേ വിശുദ്ധികരിക്കേണമേ

വേദനകളുടെ ആശ്വാസമേ
ഞങ്ങളേ വിശുദ്ധികരിക്കേണമേ

നിത്യമായ പ്രകാശമേ, ജീവന്‍റെ ഉറവയെ,
ഞങ്ങളേ വിശുദ്ധികരിക്കേണമേ

ഞങ്ങളുടെ ആത്മാവിന്‍റെ അഭിഷേകമേ, മാലാഖമാരുടെ സന്തോഷമേ, ഞങ്ങളേ വിശുദ്ധികരിക്കേണമേ

പ്രവാചകന്മാരുടെ പ്രചോദനമേ,
അപ്പൊസ്തോലന്മാരുടെ അധ്യാപകനെ,
ഞങ്ങളേ വിശുദ്ധികരിക്കേണമേ

രക്തസാക്ഷികളുടെ ശക്തികേന്ദ്രമേ,
സകല വിശുദ്ധരുടേയും ആനന്ദമേ,
ഞങ്ങളേ വിശുദ്ധികരിക്കേണമേ

കരുണാമയനായ പരിശുദ്ധാത്മാവേ,
ഞങ്ങളുടെമേല്‍ കനിയണമേ

കരുണാമയനായ പരിശുദ്ധാത്മാവേ, ഞങ്ങളുടെ പ്രാര്ത്ഥന കേള്ക്കേണമേ

കരുണാമയനായ പരിശുദ്ധാത്മാവേ, ഞങ്ങളേ അനുഗ്രഹിക്കണേ

പ്രാര്ത്ഥിക്കാം

പിതാവിനോടും പുത്രനോടും ,സമനായ ദൈവവും സകലത്തെയും പവിത്രികരിക്കുന്ന ആശ്വാസദായകനുമായ പരിശുദ്ധാത്മാവേ,
അങ്ങേ ദാസരായ ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങ് പവിത്രീകരിക്കണമേ. അങ്ങ് ഉന്നതനായ ദൈവത്തിന്‍റെ ദാനവും,ജീവനുള്ള ഉറവയും, അഗ്നിയും, സ്നേഹവും ,ആത്മീയ അഭിഷേകവുമാകുന്നു.അങ്ങ് പിതാവായ ദൈവത്തിന്‍റെ വാഗ്ദാനവും , ഏഴുവിധ ദാനങ്ങളോടു കൂടിയവനുമാകുന്നു. അങ്ങേ ദാനങ്ങളാലും, വരങ്ങളാലും, ഫലങ്ങളാലും ഞങ്ങളെ സമ്പന്നരാക്കണമേ. വിചാരങ്ങളില്‍ നൈര്‍മല്യവും, സംസാരത്തില്‍ വിനയവും, പ്രവര്‍ത്തികളില്‍ വിവേകവും, ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമേ. ക്ലേശങ്ങളില്‍ സ്ഥൈരൃവും, സംശയങ്ങള്‍ അകറ്റാന്‍ വിശ്വാസവും, ജീവിത നൈരാശ്യങ്ങളിൽ പ്രത്യാശയും, മറ്റുള്ളവരില്‍ അങ്ങയെ ദര്‍ശിക്കുവാന്‍ സ്നേഹവും ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമേ.

സർവശക്തനായ ദൈവത്തോടും, ഏകജാതനായ പുത്രനോടും കൂടി എന്നെന്നും ജീവിച്ചു വാഴുന്ന അങ്ങേക്ക് സ്തുതിയും, മഹത്വവും കൃതജ്ഞതയും എന്നെന്നും ഉണ്ടായിരിക്കട്ടെ ആമ്മേന്‍..

പരിശുദ്ധാരൂപിക്ക് പ്രതിഷ്ഠാജപം

പരിശുദ്ധ ത്രിത്വത്തിന്‍റെ മൂന്നാമാളും, പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നവനും, എല്ലാത്തിലും അവർക്കു തുല്ല്യനും സത്യത്തിന്‍റെയും സ്നേഹത്തിന്‍റെയും അരൂപിയുമായ റൂഹാദ്ക്കുദശാതമ്പുരാനെ! എത്രയും വലിയഎളിമവണക്കത്തോടുകൂടി അങ്ങയെ ഞാനാരാധിക്കുന്നു. മാലാഖമാരിൽ നിന്നും പരിശുദ്ധന്മാരിൽ നിന്നും നീ കൈക്കൊള്ളുന്ന സ്തുതിയാരാധനകളോട് എന്‍റെതിനേയും ചേർത്ത് നിന്നെ ഞാൻ വാഴ്ത്തുന്നു. നീ ലോകത്തിന് നല്കിയതും നിരന്തരം നല്കിവരുന്നതുമായ എല്ലാ മനോഗുണങ്ങളെപ്രതിയും ഹൃദയപൂർവ്വം നിനക്ക് ഞാൻ സ്തോത്രം ചൊല്ലുന്നു.

എന്‍റെ ഓർമ്മ, ബുദ്ധി, മനസ്സ്,ഹൃദയം മുതലായി എനിക്കുള്ളതെല്ലാം ഇന്നും എന്നേയ്ക്കുമായി നിനക്കു ഞാൻ കാഴ്ച വയ്ക്കുന്നു. എന്‍റെ മുഴുവൻ ഹൃദയത്തോടുകൂടി നിന്നെ ഞാൻ സ്നേഹിക്കുന്നു. നീ എല്ലാ നന്മകളുടെയും ദാനങ്ങളുടെയും കാരണഭൂതനാകുന്നു. നീ നിന്‍റെ എല്ലാ വരപ്രസാദങ്ങളോടുംകൂടി എന്നെ സന്ദർശിക്കേണമെ. നിന്‍റെ സ്വർഗ്ഗീയപ്രേരണകൾക്കും, നീ ഭരിച്ചു നടത്തുന്ന വിശുദ്ധസഭയുടെ ഉപദേശങ്ങൾക്കും എന്‍റെ മനസ്സ് എപ്പോഴും അനുസരണയുള്ളതായിരിക്കട്ടെ. ദൈവസ്നേഹത്താലും പരസ്നേഹത്താലും എന്‍റെ ഹൃദയം എപ്പോഴും എരിയട്ടെ. ദൈവതിരുമനസ്സിനോട് എന്‍റെ മനസ്സ് എല്ലാക്കാര്യങ്ങളിലും അനുരൂപമായിരിക്കട്ടെ.

എന്‍റെ ജീവിതം മുഴുവനും ഈശോമിശിഹായുടെ ജീവിതത്തിന്‍റെ യും പുണ്യങ്ങളുടെയും വിശ്വസ്ത അനുകരണമായിരിക്കട്ടെ.

എന്‍റെ അന്തസ്സിന്‍റെ കടങ്ങൾ നിറവേറ്റുവാനുള്ള വശങ്ങളും പുണ്യങ്ങളും നീ എനിക്കു തരേണമെ. വിശ്വാസവും,ശരണവും,ഉപവിയും എന്നിൽ വർദ്ധിപ്പിക്കേണമെ. നല്ല വ്യാപാരത്തിനുള്ള പ്രധാന പുണ്യങ്ങളും, നിന്‍റെ ഏഴു ദിവ്യദാനങ്ങളും, പന്ത്രണ്ടു ഫലങ്ങളും എനിക്കു നീ നല്കേണമെ. ഞാൻ പരീക്ഷയിൽ ഉൾപ്പെടുവാൻ ഒരുനാളും നീ അനുവദിക്കല്ലെ. പിന്നെയോ, ഇന്ദ്രിയങ്ങൾക്കു ജ്ഞാനപ്രകാശം നല്കി,എനിക്കു വഴികാട്ടിയായിരുന്ന്, സകല തിന്മയിൽനിന്നും ഞാൻ ഒഴിവാൻ കൃപചെയ്തരുളണമേ.

ഈ അനുഗ്രഹങ്ങളെല്ലാം എനിക്കും, ആർക്കെല്ലാം വേണ്ടി ഞാനപേക്ഷിപ്പാൻ നീ തിരുമനസ്സായിരിക്കുന്നുവോ അവർക്കും നീ നല്കിയരുളണമേ. നീ വഴിയായ് പിതാവിനെയും പുത്രനെയും ഇവരിരുവരുടേയും അരൂപിയായ നിന്നെയും ഞങ്ങൾ അറിഞ്ഞ് സ്നേഹിച്ച്, ഇപ്പോഴും എപ്പോഴും നിങ്ങൾക്കു സ്തോത്രം പാടുവാൻ നീ അനുഗ്രഹം ചെയ്യണമെ എന്ന് ഞങ്ങളുടെ കർത്താവീശോമിശിഹായെക്കുറിച്ച് അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

ആമ്മേൻ.

പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥന

1. പരിശുദ്ധാത്മാവേ ഞാൻ അങ്ങയെ ആരാധിക്കുന്നു. നന്ദി പറയുന്നു. എന്തെന്നാൽ അങ്ങ് പിതാവായ ദൈവത്തിന്റെ ആത്മാവും എന്റെ കർത്താവും രക്ഷകനും ദൈവപുത്രനുമായ യേശുക്രിസ്തുവിന്റെ ആത്മാവും ആണ്.

2. പരിശുദ്ധാത്മാവേ ഞാൻ അങ്ങയെ ആരാധിക്കുന്നു. സ്തുതിക്കുന്നു. എന്തെന്നാൽ അങ്ങ് എന്റെ കർത്താവാണ്, എന്റെ സൂക്ഷിപ്പുകാരനാണ്, എന്റെ ശക്തിയാണ്, എന്നെ നയിക്കുന്നവനാണ്, എന്റെ ശ്രോതസ്സാണ്, എന്റെ ജ്ഞാനമാണ്, എന്റെ ആരോഗ്യമാണ്, എന്റെ മഹത്വമാണ്, എന്റെ സംരക്ഷകനാണ്, എന്റെ ജീവനാണ്, എന്റെ സംഭാരകനാണ്.

3. പരിശുദ്ധാത്മാവേ ഞാൻ അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു, എന്തെന്നാൽ നീ എന്റെ സഹായകനാണ്. നീ എന്റെ ഉപദേഷ്ടാവാണ്. എന്റെ അഭിഭാഷകനാണ്, എന്റെ ആശ്വാസദായകനാണ്, എന്റെ കാവൽക്കാരനാണ്, എന്റെ കൂട്ടുകാരനാണ്, എന്റെ മാദ്ധ്യസ്ഥനാണ്.

4. ഓ, പരിശുദ്ധാത്മാവേ അങ്ങ് ത്രിയേക ദൈവത്തിലെ മൂന്നാമത്തെ വ്യക്തിയാണ്. പിതാവിൽ നിന്നും പുത്രനിൽ നിന്നും പുറപ്പെടുന്ന അങ്ങ് സത്യത്തിന്റെ ആത്മാവാണ്, സ്നേഹത്തിന്റെ ആത്മാവാണ്, വിശുദ്ധിയുടെ ആത്മാവാണ്.

5. പിതാവിൽ നിന്നും പുത്രനിൽ നിന്നും പുറപ്പെടുന്ന എല്ലാ കാര്യങ്ങളിലും അവർക്ക് സമനാണ്. പൂർണ്ണ ഹൃദയത്തോടെ ഞാൻ അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു. ആരാണോ എന്നെ സൃഷ്ടിച്ചത്, ആർക്കുവേണ്ടിയാണോ ഞാൻ സൃഷ്ടിക്കപ്പെട്ടത് ആ ദൈവത്തെ അന്വോഷിക്കുവാനും, അറിയുവാനും എന്നെ പഠിപ്പിക്കണമേ. ആ ദൈവത്തോടുള്ള വലിയ സ്നേഹത്തിലും, ദൈവഭയത്താലും എന്റെ ഹൃദയത്തെ നിറയ്ക്കണമേ. അനുതാപവും ക്ഷമയും എനിക്കു നൽകണമേ. പാപത്തിൽ വീഴാൻ എന്നെ അനുവദിക്കരുതേ.

6. പരിശുദ്ധാത്മാവേ ഞാൻ അങ്ങേയ്ക്കു നന്ദി പറയുന്നു. എന്തെന്നാൽ നിന്റെ സാന്നിദ്ധ്യവും ശക്തിയും എപ്പോഴും എന്നോടു കൂടെയുണ്ട്. നന്ദി കർത്താവേ എന്തെന്നാൽ അങ്ങയുടെ സാന്നിദ്ധ്യവും, ശക്തിയും, കരുണയും, കൃപയും, അനുഗ്രഹവും എന്നെ വിട്ടുപോയിട്ടില്ല.

7. പരിശുദ്ധാത്മാവേ, ഞാൻ അങ്ങേയ്ക്ക് നന്ദിപറയുന്നു. എന്തെന്നാൽ എന്റെ ശരീരം സമ്പൂർണ്ണമായും അങ്ങയുടെ ആലയമാണ്, അങ്ങയുടെ സാന്നിദ്ധ്യം എന്നിൽ സമൃദ്ധമായി വസിക്കുകയും ചെയ്യുന്നു.

8. പരിശുദ്ധാത്മാവേ ഞാൻ അങ്ങേയ്ക്കു നന്ദി പറയുന്നു. എന്തെന്നാൽ അങ്ങ് പിതാവിൽ നിന്നു ലഭിച്ച കൃപയുടെ സമൃദ്ധിയാണ്, നീതിയുടെ ദാനമാണ്.

9. പരിശുദ്ധാത്മാവേ ഞാൻ അങ്ങേയ്ക്കു നന്ദിപറയുന്നു, എന്തെന്നാൽ നിന്റെ സാന്നിദ്ധ്യവും ശക്തിയും എന്നിൽ പ്രവർത്തിക്കുന്നു. ദൈവത്തിന്റെ നീതിയിലും, ചട്ടങ്ങളിലും നടക്കാനും; ന്യായവിധികൾ ചെയ്യാനും പ്രേരിപ്പിക്കുന്നു.

10. പരിശുദ്ധാത്മാവേ ഞാൻ അങ്ങേയ്ക്കു നന്ദിപറയുന്നു, എന്തെന്നാൽ ദൈവത്തോടും മനുഷ്യരോടും സ്നേഹത്തിൽ നടക്കുന്നതിന് ശ്രദ്ധാലുക്കളാക്കുന്നു.

11. പരിശുദ്ധാത്മാവേ ഇന്നത്തെ ദിവസം എന്നെ സഹായിക്കണമേ. പരിശുദ്ധാത്മാവേ എന്റെ ഭാവനകളെയും ചിന്തകളെയും നയിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യണമേ.

12.പരിശുദ്ധാത്മാവേ, എന്റെ തിരഞ്ഞെടുപ്പുകളും, പ്രവർത്തനങ്ങളും, വികാരങ്ങളും, സ്വഭാ വങ്ങളും ആഗ്രഹങ്ങളും പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്യണമേ. പരിശുദ്ധാത്മാവേ, – എന്റെ ചുവടുകളെ ക്രമീകരിക്കുകയും ഞാൻ പോകേണ്ട വഴിയിലൂടെ എന്നെ നയിക്കുകയും ചെയ്യണമേ. പരിശുദ്ധാത്മാവേ, നിന്റെ സ്വരം തിരിച്ചറിയുവാനും, അനുസരിക്കുവാനും എന്നെ സഹായിക്കണമേ.

13.പരിശുദ്ധാത്മാവേ, നിന്റെ സ്വരം മനസിലാക്കാനും അനുസരിക്കുവാനും എന്നെ പ്രേരിപ്പിക്കണമേ എന്നു ഞാൻ പ്രാർത്ഥിക്കുന്നു.

14.പരിശുദ്ധാത്മാവേ, ഇന്ന് സ്വർഗ്ഗം എന്നോട് എന്താണ് പറയുന്നത് എന്ന് അറിയാൻ എന്നെ സഹായിക്കണമേ.

15. എന്റെ ചിന്തകളെല്ലാം വിശുദ്ധമാക്കേണ്ടതിന് പരിശുദ്ധാത്മാവേ എന്നിൽ നിശ്വസിക്കുക. എന്റെ പ്രവർത്തനങ്ങളെല്ലാം വിശുദ്ധമാക്കേണ്ടതിന് പരിശുദ്ധാത്മാവേ എന്നിൽ ചലിക്ക ണമേ . വിശുദ്ധമായവയെ മാത്രം സ്നേഹിക്കുവാൻ പരിശുദ്ധാത്മാവേ എന്റെ ഹൃദയത്തെ ആകർഷിക്കണമേ. വിരുദ്ധമായവയെ പ്രതിരോധിക്കുവാൻ പരിശുദ്ധാത്മാവേ എന്നെ ശക്തിപ്പെടുത്തണമേ. ഞാൻ എപ്പോഴും വിശുദ്ധമായിരിക്കുവാൻ പരിശുദ്ധാത്മാവേ എന്നെ സംരക്ഷിക്കണമേ.

16. പരിശുദ്ധാത്മാവേ, ഞാൻ അങ്ങേയ്ക്ക് നന്ദിപറയുന്നു. എന്തെന്നാൽ എന്നിലുള്ള അങ്ങയുടെ സാന്നിദ്ധ്യവും ശക്തിയും ദുഷ്ടതയിൽ നിന്നും എന്നെ സംരക്ഷിക്കുന്നു. എനിക്ക് എതിരായി ഉണ്ടാക്കിയിട്ടുള്ള ഒരായുധവും ഫലദായകമാവുകയില്ല.

17.പരിശുദ്ധാത്മാവേ, ഞാൻ അങ്ങേയ്ക്കു നന്ദി പറയുന്നു. കാരണം, ദൈവത്തിന്റെ പ്രകാശം എന്നെ വലയം ചെയ്തിരിക്കുന്നു, ദൈവസ്നേഹം എന്നെ പൊതിയുന്നു, ദൈവശക്തി – എന്നെ സംരക്ഷിക്കുന്നു, ദൈവസാന്നിദ്ധ്യം എന്നെ നിരീക്ഷിക്കുന്നു. ഞാൻ എവിടെയായാലും എവിടെ പോയാലും ദൈവം എന്റെ കൂടെയുണ്ട്.

18. അല്ലയോ, പരിശുദ്ധാത്മാവേ, എന്റെ ആത്മാവിന്റെ ആത്മാവേ, ഞാൻ അങ്ങയെ ആരാ ധിക്കുന്നു. എന്നെ ബോധദീപ്തമാക്കണമേ, നയിക്കണമേ, ശക്തിപ്പെടുത്തണമേ. ഞാൻ എന്തു ചെയ്യണമെന്ന് എന്നോട് പറയണമേ. അതു ചെയ്യാൻ എന്നോട് കൽപിക്കണമേ. എന്റെ ജീവിതത്തിൽ സംഭവിക്കാൻ അനുവദിക്കുന്ന എല്ലാറ്റിനും കീഴ്വഴങ്ങുമെന്ന് ഞാൻ ഉറപ്പേകുന്നു. അങ്ങയുടെ തിരുവിഷ്ടം മാത്രം എനിക്കു കാണിച്ചു തരണമേ.

19. പരിശുദ്ധാത്മാവേ, എനിക്ക് അനുതാപവും പാപബോധവും നല്കണമേ. വിശുദ്ധിയിൽ എന്നെ സന്ദർശിക്കണമേ. യേശുനാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു.

20. പരിശുദ്ധാത്മാവേ, ഞാൻ അങ്ങയെ ആരാധിക്കുന്നു, പരിശുദ്ധാത്മാവേ ഞാൻ അങ്ങയെ സ്തുതിക്കുന്നു, പരിശുദ്ധാത്മാവേ, ഞാൻ അങ്ങേയ്ക്ക് യേശുക്രിസ്തുവിന്റെ ശക്തമായ നാമത്തിൽ നന്ദിപറയുന്നു. ആമ്മേൻ