മറക്കാൻ പാടില്ലാത്ത ഒരാൾ

ആരെയാണ് നാം ഏറ്റവും എളുപ്പത്തിൽ മറക്കുന്നത്? തീർച്ചയായും നമുക്ക് ഇഷ്ടമില്ലാത്തവരെത്തന്നെയായിരിക്കും അത്. വിശുദ്ധി ഇഷ്ടമില്ലാത്തവർക്കു വിശുദ്ധരെയും ഇഷ്ടമുണ്ടാകില്ല. ജീവിതവിശുദ്ധിക്ക് ഒരു സ്ഥാനവും കൊടുക്കാത്ത ഈ തലമുറ ആദ്യം മറന്നുകളയുന്നതു വിശുദ്ധരെയാണെന്നതിൽ അത്ഭുതമില്ല. അത്തരത്തിൽ നാം മറന്നുപോയ ഒരാളെക്കുറിച്ച് ഓർമ്മിപ്പിക്കാനാണ് ഈ ലേഖനം.

പരസ്യജീവിതകാലത്ത് ഈശോയോട് ഏറ്റവും കൂടുതൽ ചേർന്നുനിന്നിരുന്ന വ്യക്തികൾ ആരൊക്കെയായിരുന്നു? മാതാവു കഴിഞ്ഞാൽ നാം പ്രമുഖ സ്ഥാനം കൊടുക്കുന്നതു പന്ത്രണ്ടു ശിഷ്യന്മാർക്കാണ്. അതിൽ തന്നെ അപ്പസ്തോലന്മാരുടെ തലവനായി കർത്താവു നിയമിച്ച പത്രോസും കർത്താവിൻ്റെ പ്രേഷ്ഠശിഷ്യനായ യോഹന്നാനും പ്രത്യേകപരിഗണന അർഹിക്കുന്നു. താബോർ മലയിലെ രൂപാന്തരീകരണവേളയിൽ ഈ രണ്ടു ശിഷ്യന്മാർക്കൊപ്പം സെബദീപുത്രനായ യാക്കോബും ഉണ്ടായിരുന്നു.

എന്നാൽ പന്ത്രണ്ടുതവണ സുവിശേഷങ്ങളിൽ പേരു പരാമർശിക്കപ്പെടുന്ന ഒരു വ്യക്തിയെ നാം പലപ്പോഴും മറന്നുപോകുന്നു. അതു മറ്റാരുമല്ല, ഗലീലിയിലെ മഗ്ദല എന്ന ചെറുപട്ടണത്തിൽ നിന്നുള്ള മറിയം എന്ന സ്ത്രീയാണ്. അപ്പസ്തോലന്മാരുടെ അപ്പസ്തോല എന്നു സഭ ആദരവോടെ വിളിക്കുന്ന മഗ്ദലേനാമറിയം യേശുവിന്റെ ഉത്ഥാനത്തിൻ്റെ പ്രഥമസാക്ഷിയായിരുന്നു. ഉത്ഥിതനായ യേശുവിനെ ആദ്യം കാണാനുള്ള ഭാഗ്യം ലഭിച്ചതു പത്രോസിനോ യോഹന്നാനോ ആയിരുന്നില്ല, യേശു ആരിൽ നിന്ന് ഏഴു പിശാചുക്കളെ പുറത്താക്കിയോ ആ മറിയത്തിനായിരുന്നു. യഹൂദപാരമ്പര്യമനുസരിച്ച് ഏഴ് എന്നതു പൂർണ്ണതയെ കുറിക്കുന്ന സംഖ്യയാണ്. മഗ്ദലേന മറിയത്തിൽ നിന്ന് ഏഴു പിശാചുക്കളെ യേശു പുറത്താക്കി എന്നു പറയുമ്പോൾ അതിനു മുൻപുള്ള ആ സ്ത്രീയുടെ ജീവിതം എത്ര ദയനീയമായിരുന്നു എന്നു മനസിലാക്കാം.

തൻ്റെ ആത്മാവിനെയും ശരീരത്തെയും സുഖപ്പെടുത്തിയ യേശുവിനു മറിയം പകരം കൊടുത്തത് സ്വന്തം ജീവിതം തന്നെയാണ്. അതുകൊണ്ടാണു ഗലീലി മുതൽ അവനെ അനുഗമിച്ച സ്ത്രീകളുടെ പട്ടികയിൽ എപ്പോഴും പ്രഥമസ്ഥാനത്തുതന്നെ പരാമർശിക്കപ്പെടാനുള്ള ഭാഗ്യം അവൾക്കു ലഭിച്ചത്. മറിയം തൻ്റെ സമ്പത്തുകൊണ്ടു യേശുവിനെ ശുശ്രൂഷിച്ചിരുന്നു എന്നുപറയുമ്പോൾ അവൾ സമ്പന്നയായിരുന്നു എന്നും മനസിലാക്കാം.

കർത്താവിൻ്റെ കുരിശുമരണവേളയിൽ ഗാഗുൽത്തായിൽ ഉണ്ടായിരുന്നത് ആരൊക്കെയാണെന്നു നോക്കുക. കന്യകാമറിയത്തിനും യോഹന്നാനും പുറമെ ഗലീലിയിൽ നിന്നു യേശുവിനെ അനുഗമിക്കുകയും അവനെ ശുശ്രൂഷിക്കുകയും ചെയ്ത ഏതാനും സ്ത്രീകൾ മാത്രമേ അവിടെ ഉണ്ടായിരുന്നതായി നാം സുവിശേഷങ്ങളിൽ വായിക്കുന്നുള്ളൂ. ഇക്കാര്യം സുവിശേഷത്തിൽ എഴുതിവയ്ക്കുമ്പോൾ മത്തായിയും മർക്കോസും ആദ്യം പറയുന്ന പേര് മഗ്ദലേന മറിയത്തിൻ്റെതാണ്. യേശുവിൻ്റെ സംസ്കാരത്തിനു സാക്ഷിയായതും മഗ്ദലേനാമറിയവും പിന്നെ മറ്റൊരു മറിയവും മാത്രമായിരുന്നു. ആഴ്ചയുടെ ഒന്നാംദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോൾ തന്നെ യേശുവിന്റെ കല്ലറയ്ക്കു മുൻപിലേക്ക് ഏറ്റവുമാദ്യം ഓടിക്കിതച്ചെത്തിയതും മഗ്ദലേന മറിയം തന്നെ. ശൂന്യമായ കല്ലറയെക്കുറിച്ചു പത്രോസിനെയും യോഹന്നാനെയും അറിയിച്ചതും അവൾ തന്നെ. മറിയത്തിൻ്റെ വാക്കു കേട്ടു കല്ലറയ്ക്കരികിലെത്തുകയും തുടർന്നു കല്ലറയ്ക്കുള്ളിൽ കടന്ന് യേശു ഉത്ഥാനം ചെയ്തുവെന്നു സത്യമായും വിശ്വസിക്കുകയും ചെയ്ത തൻ്റെ അരുമശിഷ്യന്മാർക്കുപോലും ലഭിക്കാതിരുന്ന ഒരു മഹാഭാഗ്യം യേശു മഗ്‌ദലനക്കാരിയ്ക്കായി കാത്തുവച്ചിരുന്നു. ഉത്ഥിതനായ യേശുവിനെ ആദ്യം കാണാനുള്ള മഹാഭാഗ്യം!

കണ്ടിട്ടു മനസിലായില്ലെങ്കിലും ഗുരുവിൻ്റെ ‘മറിയം’ എന്ന ഒറ്റവിളിയിൽ തന്നെ അതു തൻ്റെ കർത്താവാണെന്ന് അവൾക്കു മനസിലായി. ‘റബ്ബോനി’ – ഗുരു എന്നർത്ഥം – എന്ന മറുപടിയിലൂടെ അവൾ തൻ്റെ കർത്താവിലുള്ള വിശ്വാസം പത്രോസിനെക്കാളും തോമസിനെക്കാളും മുൻപേ പ്രഖ്യാപിക്കുകയും ചെയ്തു. അവിടെവച്ചാണ് യേശു അവൾക്കു പ്രേഷിതദൗത്യം നൽകിയത്. ” നീ എൻ്റെ സഹോദരന്മാരുടെ അടുത്തുചെന്ന് അവരോടു ഞാൻ എൻ്റെ പിതാവിൻ്റെയും നിങ്ങളുടെ പിതാവിൻ്റെയും എൻ്റെ ദൈവത്തിൻ്റെയും നിങ്ങളുടെ ദൈവത്തിൻ്റെയും അടുത്തേക്ക് ആരോഹണം ചെയ്യുന്നു എന്നുപറയുക” (യോഹ.20:17) . അവൾ ആ ദൗത്യം കൃത്യമായി നിറവേറ്റി എന്നതുകൊണ്ടാണു നാം അവളെ അപ്പസ്തോലന്മാരുടെ അപ്പസ്തോല എന്നു വിളിക്കുന്നത്. ജൂലൈ 22 ന് മഗ്ദലേന മറിയത്തിൻ്റെ തിരുനാൾ ആചരിച്ചുകൊണ്ട് സഭ ആ വിശുദ്ധയുടെ സ്മരണ പുതുക്കുന്നു..

ഏഴു പിശാചുക്കളെ പുറത്താക്കി എന്നതിൽ നിന്നു നാം മനസിലാക്കേണ്ടത് മറിയം വലിയ പൈശാചികബന്ധനത്തിൽ ആയിരുന്നു എന്നാണ്. കർത്താവിനെ തൈലം കൊണ്ട് അഭിഷേകം ചെയ്ത പാപിനിയായ സ്ത്രീയും ലാസറിൻ്റെയും മാർത്തയുടെയും സഹോദരിയായ മറിയവും മഗ്ദലേനക്കാരി മറിയം തന്നെയാണ് എന്നാണ് ക്രൈസ്തവപാരമ്പര്യം സാക്ഷ്യപ്പെടുത്തുന്നത്. അശുദ്ധപാപങ്ങളിൽ നിന്നും തഴക്കദോഷങ്ങളിൽ നിന്നുമുള്ള നിന്നുള്ള മോചനത്തിനായി മഗ്ദലേന മറിയത്തിന്റെ മാധ്യസ്ഥം തേടി ക്രിസ്ത്യാനികൾ പ്രാർത്ഥിച്ചിരുന്നു. . ആറാം പ്രമാണത്തിൻ്റെയും ഒൻപതാം പ്രമാണത്തിൻ്റെയും ലംഘനം വളരെ നിസ്സാരമാണെന്നു കരുതുന്ന ഒരു കാലത്താണു നാം ജീവിക്കുന്നത്. കണ്ണും ചെവിയും അശുദ്ധപാപങ്ങൾക്കായി എന്നത്തേക്കാളും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഒരു കാലം.

ശരീരത്തിന്റെ സുഖമാണ് ഏറ്റവും വലിയ സുഖം എന്ന് അനേകർ ചിന്തിക്കുന്ന ഈ കാലത്ത് ഏറ്റവുമധികം ആത്മാക്കൾ നരകത്തിലേക്കു നിപതിക്കുന്നത് അശുദ്ധപാപങ്ങൾ മൂലമാണെന്ന പരിശുദ്ധ അമ്മയുടെ കണ്ണീരിൽ കുതിർന്ന മുന്നറിയിപ്പ് എത്ര പേരുടെ ഹൃദയത്തിലേക്ക് കടന്നിട്ടുണ്ട് എന്നറിയില്ല. പുണ്യം ചെയ്യാൻ ഒരുപാടു ബുദ്ധിമുട്ടേണ്ടി വരുന്ന ഈ നാളുകളിൽ പാപം ചെയ്യുന്നതു കൂടുതൽ എളുപ്പമാക്കിക്കൊണ്ട് സാത്താൻ തൻ്റെ കളി തുടങ്ങിക്കഴിഞ്ഞു. പാപത്തിനോടു ‘നോ ‘ പറഞ്ഞു പുണ്യത്തിൻ്റെ വഴിയേ ചരിക്കാൻ മുൻപത്തേക്കാളും കൂടുതൽ ധൈര്യം ആവശ്യമായ നാളുകളാണിവ.

ഭീരുക്കൾക്കും അവിശ്വാസികൾക്കും ദുർമാർഗികൾക്കും കൊലപാതകികൾക്കും വ്യഭിചാരികൾക്കും മന്ത്രവാദികൾക്കും വിഗ്രഹാരാധകർക്കും കാപട്യക്കാർക്കും ( വെളി. 21:8) പ്രവേശനമില്ലാത്ത പുതിയ ആകാശവും പുതിയ ഭൂമിയും കാത്തിരിക്കുന്നവരാണു നാമെങ്കിൽ നമ്മുടെ ഹൃദയത്തിൽ നിന്ന് ഏഴു മൂലപാപങ്ങളാകുന്ന അശുദ്ധാത്മാക്കളെ പുറത്താക്കുക തന്നെ വേണം. അഹങ്കാരം, ദ്രവ്യാഗ്രഹം, മോഹം, കോപം, കൊതി, അസൂയ, അലസത എന്നീ പിശാചുക്കൾ നമ്മുടെ ജീവിതത്തെ പാപവഴികളിലേക്ക് വലിച്ചുകൊണ്ടുപോകുമ്പോൾ അവയെ പുറത്താക്കാൻ അധികാരമുള്ള യേശുവിനോടു നമുക്ക് പ്രാർത്ഥിക്കാം. പ്രത്യേകമായി ആറും ഒൻപതും പ്രമാണങ്ങളുടെ ലംഘനത്തിലേക്കു നയിക്കുന്ന അശുദ്ധാത്മാക്കളെ ബന്ധിച്ചു ബഹിഷ്കരിക്കാൻ വിശുദ്ധ മഗ്ദലേനാമറിയത്തിൻ്റെ മാധ്യസ്ഥം തേടുകയും ചെയ്യാം.

നമുക്കു പ്രാർത്ഥിക്കാം:

‘അനേകം പാപങ്ങൾ ചെയ്തുവെങ്കിലും മനസാന്തരത്തിലൂടെ യേശുവിനു പ്രിയപ്പെട്ടവളായി മാറിയ വിശുദ്ധ മഗ്ദലേനാമറിയമേ, സ്നേഹമെന്ന മഹാത്ഭുതത്തിലൂടെ യേശു നമ്മോടു ക്ഷമിക്കുന്നു എന്നതിനു സാക്ഷ്യം നല്കുന്നതിനെയോർത്തു ഞങ്ങൾ അങ്ങേയ്ക്കു നന്ദി പറയുന്നു. യേശുവിൻ്റെ മഹത്വത്തിൻ്റെ സാന്നിധ്യത്തിൽ നിത്യാനന്ദം അനുഭവിക്കുന്ന അങ്ങ് എനിക്കുവേണ്ടി മാധ്യസ്ഥം വഹിക്കണമേ. അതുവഴിയായി ഞാനും ഒരുനാൾ ആ നിത്യാനന്ദത്തിൽ പങ്കുചേരുവാൻ ഇടയാകട്ടെ, ആമേൻ.’