നെൽചെടികളും കളകളും

ഒറിജിനൽ ഉള്ളിടത്തെല്ലാം ഡ്യൂപ്ലിക്കേറ്റും ഉണ്ടാകും. കണ്ടാൽ തിരിച്ചറിയാൻ കഴിയില്ല എന്നതുകൊണ്ടാണ്  പലരും ഡ്യൂപ്ലിക്കേറ്റിനെ ഒറിജിനലായി തെറ്റിദ്ധരിക്കുന്നത്.  സത്യവും അസത്യവും തമ്മിൽ തിരിച്ചറിയാൻ കഴിയുക എന്നതു  പരിശുദ്ധാത്മാവ് തരുന്ന വലിയൊരു ദാനമാണ്.  മറ്റൊരുവിധത്തിൽ പറഞ്ഞാൽ പരിശുദ്ധാത്മാവിൻറെ സഹായമില്ലെങ്കിൽ സത്യത്തെ അസത്യമായും വ്യാജത്തെ സത്യമായും  കാണാൻ നാം പ്രേരിപ്പിക്കപ്പെടും. വിശുദ്ധ പൗലോസ് ശ്ലീഹാ  പറയുന്നു; ‘ അതിനാൽ  വ്യാജമായതിനെ വിശ്വസിക്കാൻ പ്രേരിപ്പിക്കുന്ന  ഒരു മിഥ്യാബോധം  ദൈവം അവരിൽ ഉണർത്തും’ ( 2  തെസ. 2:11).

ഉത്തമമായ പ്രബോധനം മുൻപിലുള്ളപ്പോഴും  മനുഷ്യർ അതിനു ചെവികൊടുക്കാതെ  കേൾവിക്ക്  ഇമ്പമുള്ളവയുടെ പിറകെ പോകുന്ന  ഒരു കാലം വരുമെന്നു  പൗലോസ് ശ്ലീഹാ  തൻറെ ശിഷ്യനായ തിമൊത്തെയോസിനു  മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്;   ‘ജനങ്ങൾ ഉത്തമമായ പ്രബോധനത്തിൽ  സഹിഷ്ണുത കാണിക്കാത്ത കാലം വരുന്നു.  കേൾവിക്ക്  ഇമ്പമുള്ളവയിൽ  ആവേശം കൊള്ളുകയാൽ അവർ തങ്ങളുടെ  അഭിരുചിയ്ക്കു ചേർന്ന പ്രബോധകരെ  വിളിച്ചുകൂട്ടും. അവർ സത്യത്തിനു  നേരെ ചെവിയടച്ച് കെട്ടുകഥകളിലേക്കു  ശ്രദ്ധ തിരിക്കും’  ( 2 തിമോ. 4:3-4).

വിശുദ്ധ യോഹന്നാൻ  പറയുന്നു;  ‘ എല്ലാ ആത്മാക്കളെയും നിങ്ങൾ വിശ്വസിക്കരുത്. ആത്മാക്കളെ പരിശോധിച്ച്  അവ ദൈവത്തിൽ നിന്നാണോ എന്നു  വിവേചിച്ചറിയുവിൻ.  പല വ്യാജപ്രവാചകന്മാരും ലോകത്തിലെങ്ങും പ്രത്യക്ഷപ്പെട്ടിരിക്കുന്നു’ (1 യോഹ.4:1).  ക്രിസ്തു സ്വർഗാരോഹണം ചെയ്ത് ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ലോകമെങ്ങും  പല  വ്യാജപ്രവാചകന്മാരും  പ്രത്യക്ഷപ്പെട്ടുവെങ്കിൽ ക്രിസ്തു മഹത്വത്തോടെ വീണ്ടും വരുന്നതിനു തൊട്ടുമുൻപുള്ള ഈ  മണിക്കൂറുകളിൽ അവരുടെ എണ്ണം എത്രയധികമായിരിക്കും എന്നു  ചിന്തിക്കുക.  അവരെ തിരിച്ചറിയാനുള്ള മാർഗം യോഹന്നാൻ തന്നെ നിർദ്ദേശിക്കുന്നുണ്ട്;  ‘യേശുവിനെ ഏറ്റുപറയാത്ത ആത്മാവ് ദൈവത്തിൽ നിന്നല്ല.  വരാനിരിക്കുന്നു എന്നു  നിങ്ങൾ കേട്ടിട്ടുള്ള  അന്തിക്രിസ്തുവിൻറെ ആത്മാവാണ് അത്’  (1 യോഹ. 4:3).

കർത്താവു പറഞ്ഞത് ഇതുമായി ചേർത്തുവയ്ക്കുക. നല്ല വിത്തുകൾക്കിടയിൽ  ശത്രു രഹസ്യത്തിൽ വിതച്ച കളകൾ പറിച്ചുകളയട്ടേയെന്നു  ചോദിച്ച  വേലക്കാരോടു   യജമാനൻ പറഞ്ഞത് അതു  കൊയ്ത്തു വരെ ഒരുമിച്ചുവളരട്ടെയെന്നാണ്. കാരണം അപ്പോൾത്തന്നെ പറിച്ചുകളയുക യാണെങ്കിൽ കളകളോടൊപ്പം നല്ല ചെടികളും പറിച്ചുകളയാൻ  സാധ്യതയുണ്ടല്ലോ.   ധാന്യച്ചെടിയും കളയും  തമ്മിലും  നെല്ലും  പതിരും തമ്മിലും വേർതിരിക്കുന്നതു  കൊയ്ത്തുകാലത്താണ്. കൊയ്ത്തു യുഗാന്ത്യമാണെന്നു  ക്രിസ്തു തന്നെ പറയുന്നുണ്ട്.  അതായതു  ക്രിസ്തുവിൻറെ രണ്ടാം വരവിനായി നാം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ നാളുകളിൽ  തന്നെയാണു  കളകളെയും  നെൽച്ചെടികളെയും തമ്മിൽ   തിരിച്ചറിയേണ്ടതും..

പറയുമ്പോൾ വളരെ എളുപ്പമാണ്. എന്നാൽ പ്രയോഗത്തിൽ അത് അത്ര  നിസാരമല്ല. കാരണം നെൽചെടികളും  കളകളും  കാഴ്ചയ്ക്ക് ഒരുപോലെ തന്നെ ഇരിക്കും. അവ  കതിരിടുമ്പോൾ മാത്രമേ നെല്ലേത്, കളയേത് എന്നു  തിരിച്ചറിയാൻ കഴിയുകയുള്ളൂ.

ക്രിസ്തുവിനെ ഏറ്റുപറയുന്നവരുടെ സമൂഹമാണു  സഭ എന്നു  നമുക്കറിയാം. ക്രിസ്തുവിനെ ഏറ്റുപറയാത്തവൻ ക്രിസ്ത്യാനിയല്ല.  അധരം  കൊണ്ടു  ക്രിസ്തുവിനെ സ്തുതിക്കുകയും എന്നാൽ ഹൃദയം  ക്രിസ്തുവിൽ നിന്ന് അനേക കാതം ദൂരെയായിരിക്കുകയും ചെയ്യുന്നവരെ നമുക്കു  പരിചയമുണ്ടാകും. ക്രിസ്തീയ നാമധാരിയാണെന്നതുകൊണ്ടു  മാത്രം ഒരുവൻ ക്രിസ്ത്യാനി യാകുന്നില്ല.  അവൻ ക്രിസ്തുവിനെ സ്നേഹിക്കുന്നവനാകണം. തന്നെ സ്നേഹിക്കുന്നവരുടെ ലക്ഷണമായി കർത്താവു ചൂണ്ടിക്കാണിച്ചത്   അവിടുത്തെ കല്പനകൾ അനുസരിക്കുക എന്നതാണ്. ‘ നിങ്ങൾ എന്നെ സ്നേഹിക്കുന്നുവെങ്കിൽ  എൻറെ കല്പന പാലിക്കും’ ( യോഹ.14:15). കർത്താവേ, കർത്താവേ എന്ന്  എപ്പോഴും വിളിച്ചുകൊണ്ടിരിക്കുന്നവനല്ല, തൻറെ പിതാവിൻറെ ഇഷ്ടം നിറവേറ്റുന്നവനാണു   സ്വർഗ്ഗരാജ്യത്തിൽ  പ്രവേശിക്കുന്നത് എന്നും അവിടുന്ന് പറഞ്ഞുവച്ചിട്ടുണ്ട്.  തങ്ങളോടൊത്ത് യേശു ഭക്ഷണം കഴിച്ചിട്ടുണ്ടെന്നതും  തങ്ങളുടെ തെരുവുകളിൽ  അവൻ പഠിപ്പിച്ചിട്ടുണ്ടെന്നതും   അവൻറെ നാമത്തിൽ തങ്ങൾ അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടുണ്ടെന്നതും   സ്വർഗ്ഗരാജ്യപ്രവേശനത്തിനുള്ള യോഗ്യതയാണെന്നു കരുതുന്നവരോടു    ക്രിസ്തു പറയുന്നതു  ‘ഞാൻ നിങ്ങളെ  അറിയുന്നില്ല’ എന്നാണ്.

ഈയൊരു പശ്ചാത്തലത്തിലാണ് നാം സത്യസഭ, വ്യാജസഭ എന്ന വിഷയത്തെക്കുറിച്ച് ചിന്തിക്കേണ്ടത്. പലരും ചിന്തിച്ചേക്കാം.  കർത്താവിൻറെ സഭ  ശ്ലൈഹികവും  കത്തോലിക്കവും  വിശുദ്ധവുമെന്നതുപോലെതന്നെ  ഏകവുമാണല്ലോ. പിന്നെയെങ്ങനെയാണ് ഒരു വ്യാജസഭ ഉണ്ടാകുന്നത് എന്ന്.  അതിനുള്ള മറുപടി ദൃശ്യമായ അടയാളങ്ങളോടെയല്ല ഒരു വ്യാജസഭ രൂപപ്പെടുന്നത് എന്നാണ്. സത്യസഭയാകുന്ന  മുന്തിരിച്ചെടിയിൽ  നിന്നു  വെള്ളവും വളവും വലിച്ചെടുത്ത്  വളരുന്ന  ഇത്തിൾക്കണ്ണിയാണ് വ്യാജസഭ എന്നു  പറയാം.  അതുകൊണ്ട് വ്യാജസഭയെ തെരഞ്ഞു നാം പോകേണ്ടതു  സഭയ്ക്കു  പുറത്തല്ല, സഭയ്ക്ക് അകത്തുതന്നെയാണ്.  മുന്തരിച്ചെടിയ്ക്കു വിശ്വാസമാകുന്ന  മണ്ണിൽ വേരുകളുണ്ട്. എന്നാൽ വ്യാജസഭയ്ക്കു  വിശ്വാസവുമായി ഒരു   ബന്ധവുമില്ല.  വിശ്വാസത്തിൻറെ പോഷണം സ്വീകരിച്ചു വളരുന്ന സത്യസഭയുടെ ചോരയും നീരും,  മുൻപൊക്കെ രഹസ്യമായും ഇപ്പോൾ പരസ്യമായും,  വലിച്ചൂറ്റിയെടുക്കുന്നവരുടെ  സമൂഹത്തെയാണ് വ്യാജസഭ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഇങ്ങനെ പറയുന്നത്  അൽപം    കടന്ന കൈയല്ലേ എന്നു  നിങ്ങളിൽ പലരും  ചിന്തിച്ചേക്കാം. ക്രിസ്തുവിനെ ഏറ്റുപറയാത്തവരുടെ കൂട്ടമാണ്  വ്യാജസഭ എന്നിരിക്കെ, സത്യസഭയിലായിരുന്നുകൊണ്ടു  തന്നെ ക്രിസ്തുവിൻറെ പ്രബോധനങ്ങളെ  എതിർക്കുന്നവരെ നാം എന്താണു വിളിക്കേണ്ടത്?

ഒരുദാഹരണം പറഞ്ഞാൽ  കൊലപാതകം മാരകപാപമാണെന്നു  ദൈവം പറയുന്നു. കത്തോലിക്കാസഭയും മറ്റെല്ലാ ക്രിസ്തീയസഭകളും  അതു പഠിപ്പിക്കുകയും  ചെയ്യുന്നു. അങ്ങനെ പഠിപ്പിക്കുന്ന ഒരു സഭയിൽ പേരുകൊണ്ട് അംഗമായിരിക്കുകയും എന്നാൽ അതേ  സമയം   കൊലപാതകത്തിൻറെ ഏറ്റവും ക്രൂരമായ  വകഭേദമായ    ഗർഭഛിദ്രം നടത്തുകയോ ആ തിന്മയെ പിന്തുണയ്ക്കുകയോ ചെയ്യുന്നവർ സത്യസഭയ്ക്കുള്ളിൽ നാമറിയാതെ വളർന്നുവരുന്ന വ്യാജസഭയുടെ വിഷവിത്തുകളാണ്.  നമുക്ക് മനസിലാക്കാൻ എളുപ്പമുള്ള ഒരുദാഹരണം ഈയടുത്ത നാളുകളിൽ  സംഭവിച്ചതു  നമ്മുടെ കൺമുന്നിലുണ്ട്. അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടായി  ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്തപ്പോൾ  കേരളത്തിലെയും ലോകമെമ്പാടുമുള്ള അനേകം  കത്തോലിക്കരും  സഭാധികാരികളും അതിനെ  പാടിപ്പുകഴ്ത്തി. അതിനു കാരണം  ജോ  ബൈഡൻ കത്തോലിക്കനാണ്  എന്നതായിരുന്നു.  എത്രയോ വർഷങ്ങളായി ഗർഭച്ഛിദ്രത്തെയും സ്വവർഗലൈംഗികബന്ധങ്ങളെയും  പരസ്യമായി അനുകൂലിച്ചുപോന്ന ബൈഡൻറെ നിലപാടിൽ  പ്രസിഡണ്ടായതിനുശേഷവും  യാതൊരു  മാറ്റവും ഉണ്ടായിട്ടില്ല.  സത്യപ്രതിജ്ഞ ചെയ്തു രണ്ടാം ദിവസം അദ്ദേഹം പറഞ്ഞത്  അബോർഷൻ  കൂടുതൽ   എളുപ്പമാക്കുന്ന തരത്തിൽ നിയമവ്യവസ്ഥകൾ ക്രോഡീകരിക്കുമെന്നും അബോർഷൻ പോലെയുള്ള മാരകപാപങ്ങളും സ്വവർഗരതി പോലുള്ള  മ്ലേച്ഛതകളും അംഗീകരിക്കുന്ന ജഡ്ജിമാരെ നിയമിക്കും എന്നുമായിരുന്നു. അദ്ദേഹം വൈസ് പ്രസിഡണ്ടായിരുന്നപ്പോൾ  ഒരു സ്വവർഗ ‘വിവാഹത്തിനു’ കാർമ്മികത്വം വഹിച്ചയാളുമാണ്.

ഇങ്ങനെയുള്ള ജോ ബൈഡൻ  ഏകവും വിശുദ്ധവും കത്തോലിക്കവും  ശ്ലൈഹികവും ആയ സഭയിലെ അംഗമാണെന്ന് നിങ്ങൾ  കരുതുന്നുണ്ടോ? ഇല്ലെന്നറിയാം. എന്നാൽ പ്രശ്നം അവിടെയല്ല.  അദ്ദേഹം ഉത്തമകത്തോലിക്കൻ  ആണെന്നു  ചിന്തിക്കുന്ന  അനേകം കത്തോലിക്കരും കത്തോലിക്കാ സഭാധികാരികളുമുണ്ട്. അവർക്കു ചൂട്ടുപിടിക്കുന്ന കത്തോലിക്കാ മാധ്യമങ്ങളുമുണ്ട്. സത്യസഭയ്ക്കുള്ളിൽ  നാമറിയാതെ വ്യാജസഭയുടെ വിഷവിത്തുകൾ  വിതയ്ക്കപ്പെട്ടിട്ടു  കാലമേറെയായി. ഇതുവരെ  തിരിച്ചറിയാൻ കഴിയാത്തവർക്കും  അതു തിരിച്ചറിയാൻ കഴിയുന്ന  യുഗാന്ത്യമെന്ന കൊയ്ത്തുകാലം ഇതാ ആഗതമായിരിക്കുന്നു.

 പലതും ശ്രദ്ധിക്കാതെ പോയ ഒരു കാര്യം ഓർമ്മിപ്പി.ക്കാം.  അബോർഷനെ ഇത്തരത്തിൽ തുറന്നു  പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും അമേരിക്കൻ പ്രസിഡണ്ട് എന്ന തൻറെ അധികാരം ഉപയോഗിച്ച് അബോർഷൻ കൂടുതൽ സുഗമമാക്കാനുള്ള  നടപടികൾ  സ്വീകരിക്കുകയും ചെയ്ത ജോ ബൈഡൻ തൊട്ടടുത്ത ഞായറാഴ്ച വാഷിംഗ്ടണിലെ കത്തോലിക്കാ  ദൈവാലയത്തിൽ വച്ചു  പരിശുദ്ധ കുർബാന സ്വീകരിച്ചു എന്നതിനേക്കാൾ നമ്മെ അലട്ടുന്ന കാര്യം അങ്ങനെയുള്ളർവർക്കു  പരിശുദ്ധ കുർബാന  കൊടുക്കുന്നതിൽ  വാഷിങ്ങ്ടണിലെ കർദിനാളായ  വിൽട്ടൻ ഗ്രിഗറിയ്ക്ക് യാതൊരു എതിർപ്പും ഇല്ല എന്നതാണ്. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പറയുന്നു. ‘താൻ മാരകമായ പാപം ചെയ്തിട്ടുണ്ടെന്നു ബോധ്യമുള്ള ഏതു  വ്യക്തിയും കുമ്പസാര കൂദാശയിലൂടെ  പാപമോചനം സ്വീകരിക്കാതെ ദിവ്യകാരുണ്യം സ്വീകരിക്കരുത്’ ( CCC  1415).  ‘ഗർഭഛിദ്രത്തിനു  മനഃപൂർവം സഹായിക്കുന്നതു ഗൗരവപൂർണമായ  കുറ്റമാണ്.  മനുഷ്യജീവനെതിരെയുള്ള ഈ  അപരാധത്തിനു സഭ കാനോനികമായ ‘മഹറോൻ ‘ ശിക്ഷ കല്പിച്ചിരിക്കുന്നു ( CCC   2272).   കത്തോലിക്കാ സഭയുടെ  മതബോധനഗ്രന്ഥം വായിക്കാത്ത ആളാകില്ലല്ലോ കർദിനാൾ. വ്യാജസഭയുടെ വേരുകൾ  സഭാശ്രേണികളിൽ  നാം കരുതുന്നതിലുമധികം ആഴത്തിൽ പടർന്നു‌കഴിഞ്ഞിരിക്കുന്നു  എന്നതാണു  സത്യം

ഇനി രണ്ടു വഴികളില്ല. ഒന്നുകിൽ നെല്ല് അല്ലെങ്കിൽ കള. ഒന്നുകിൽ ക്രിസ്തുവിൻറെ കൂടെ അല്ലെങ്കിൽ ക്രിസ്തുവിനെതിരെ, ഒന്നുകിൽ  വെള്ളം ചേർക്കാത്ത സുവിശേഷത്തോടുചേർന്ന്  അല്ലെങ്കിൽ ലോകത്തിനിഷ്ടപ്പെടുന്ന തരത്തിൽ  വളച്ചൊടിച്ച പ്രബോധനങ്ങൾക്കനുസരിച്ച്, ഒന്നുകിൽ പത്തു പ്രമാണങ്ങളും അനുസരിച്ച് അല്ലെങ്കിൽ അവയിൽ ഒത്തുതീർപ്പുകൾ നടത്തി, ഒന്നുകിൽ  ക്രിസ്തുവിനെ  ദൈവപുത്രനും ഏകരക്ഷകനുമായി  ഏറ്റുപറഞ്ഞുകൊണ്ട് അല്ലെങ്കിൽ  അവനെ വെറുമൊരു പ്രവാചകനോ സാമൂഹ്യപരിഷ്കർത്താവോ ഗുരുവോ  ആയി തരം  താഴ്ത്തിക്കൊണ്ട്.   ഇപ്പോൾ നാം ഒരു നിലപാടെടുത്തേ  തീരൂ. 

സത്യത്തിൽ നാം ഓരോരുത്തരും അങ്ങനെയൊരു നിലപാട്  ഇപ്പോൾ തന്നെ  എടുത്തുകഴിഞ്ഞു.തിരിഞ്ഞുനോക്കുക.   നാം എവിടെയാണ് നിൽക്കുന്നത്?  സത്യസഭയിലോ അതോ വ്യാജസഭയിലോ? കർത്താവായ യേശുക്രിസ്തു പഠിപ്പിച്ചിട്ടുള്ള  കാര്യങ്ങളിൽ  ഏറ്റവും  നിസാരമായ ഒന്നെങ്കിലും ലംഘിക്കുകയോ ലംഘിക്കാൻ  മറ്റുള്ളവരെ  പഠിപ്പിക്കുകയോ  ചെയ്തിട്ടും സത്യസഭയുടെ അംഗമാണെന്നു മേനിപറയുന്നവർ ആണോ നമ്മിൽ ആരെങ്കിലും?  എങ്കിൽ   മനസിലാക്കുക, വ്യാജമായതിനെ വിശ്വസിക്കാൻ  പ്രേരിപ്പിക്കുന്ന മിഥ്യാബോധം  നിങ്ങളിൽ വളർന്നുകഴിഞ്ഞു.

മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ എന്നു ചോദിച്ചതു സാക്ഷാൽ മനുഷ്യപുത്രൻ തന്നെയാണ്.   വലിയതോതിലുള്ള വിശ്വാസത്യാഗം  യുഗാന്ത്യത്തിൻറെ തൊട്ടുമുൻപ് സംഭവിക്കേണ്ടതാണെന്ന സൂചന  കർത്താവിൻറെ ഈ വാക്കുകളിലുണ്ട്. പൗലോസ് ശ്ലീഹാ  പരിശുദ്ധാത്മാവിനാൽ പ്രേരിതനായി ഇതേ കാര്യം  തന്നെ എഴുതുന്നുണ്ട്.  ‘ എന്തെന്നാൽ  ആ ദിവസത്തിനു  മുൻപ്  (അതായതു  കർത്താവിൻറെ പ്രത്യാഗമനത്തിനു മുൻപ്)  വിശ്വാസത്യാഗമുണ്ടാവുകയും  നാശത്തിൻറെ സന്താനമായ അരാജകത്വത്തിൻറെ  മനുഷ്യൻ  പ്രത്യക്ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു’ ( 2 തെസ.2:3).

സഭയെന്നത് ആത്മാവിലുള്ള കൂട്ടായ്മയാണ്.  വലിയ ദൈവാലയങ്ങളോ സ്ഥാപനങ്ങളോ അംഗസംഖ്യയോ ഒന്നും ഒരു  സമൂഹത്തെ സഭയാക്കി മാറ്റുന്നില്ല എന്നു നാം അറിഞ്ഞിരിക്കണം. ക്രിസ്തുവിൻറെ ദൈവപുത്രത്വവും  ഏകരക്ഷകസ്ഥാനവും ഏറ്റുപറയുകയും  ഇടം വലം  തിരിയാതെ പത്തു  പ്രമാണങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നവരുടെ സമൂഹം മാത്രമേ സഭ എന്ന പേരിന് അർഹരാകുന്നുള്ളൂ. യേശുക്രിസ്തുവിനെ ഏറ്റുപറയേണ്ട സമയത്തും സ്ഥലത്തും സാഹചര്യത്തിലും അവിടുത്തെ  ഏറ്റുപറയാൻ മടിക്കുന്നവരെ തൻറെ പിതാവിൻറെ മഹത്വത്തിൽ വരുമ്പോൾ മനുഷ്യപുത്രനും തളളിപ്പറയും എന്ന തിരുവചനത്തിനു മാറ്റമില്ല.  

നമ്മുടെ പല സ്ഥാപനങ്ങളും   ജീവകാരുണ്യപ്രവർത്തനങ്ങളും  സുവിശേഷം പ്രഘോഷിക്കുന്നതിനു പകരമായി നാം കണ്ടുപിടിക്കുന്ന സൂത്രപ്പണികളല്ലേ? ക്രിസ്തു ഏകരക്ഷകൻ എന്ന് ഏറ്റുപറയാൻ മടിക്കുന്നവരല്ലേ മതസൗഹാർദ്ദ സമ്മേളനവേദികളിൽ പോയി അതും ഇതും ഒക്കെ ഒന്നാണെന്ന  പ്രസംഗം കേട്ടു  കൈയടിച്ചു തിരിച്ചുപോരുന്നത്? എല്ലാം ഒന്നല്ല എന്നതാണ് ഒരു ക്രിസ്ത്യാനി ഏറ്റവും ആദ്യം മനസിലാക്കേണ്ട കാര്യം.

കർത്താവിൻറെ സഭയ്ക്ക് ഒരേയൊരു ലക്ഷ്യമേയുള്ളൂ. അത് ആത്മാക്കളുടെ രക്ഷയാണ്.  എൻറെയും നിങ്ങളുടെയും രക്ഷ. അതിന്  ഒരേയൊരു വഴിയേയുള്ളൂ. ‘കർത്താവായ യേശുവിൽ വിശ്വസിക്കുക. നീയും നിൻറെ കുടുംബവും രക്ഷ പ്രാപിക്കും’ ( അപ്പ.16:31). യേശുക്രിസ്തുവിലൂടെയുള്ള സൗജന്യരക്ഷയെക്കുറിച്ച് മറ്റുള്ളവരെ  അറിയിക്കാൻ ഉപകരിക്കാത്ത ഒരു പ്രവർത്തിയും സുവിശേഷവേലയല്ല.  സാമൂഹ്യസേവനം സുവിശേഷ വേലയ്ക്കു   പകരമാവില്ല. കർത്താവ് സഭയെ ഏല്പിച്ച ദൗത്യവും അതല്ല. സുവിശേഷപ്രഘോഷണത്തിന് ഉപകരിക്കുന്നത്രയുമേ സാമൂഹ്യസേവനത്തിന് പ്രസക്തിയുള്ളൂ.

ലോകവുമായി ഏത്  ഒത്തുതീർപ്പിനും തയ്യാറാകും എന്നതാണു  വ്യാജസഭയുടെ  പ്രധാനലക്ഷണം.  അവരെ സംബന്ധിച്ചിടത്തോളം ലോകം പറയുന്നതാണ് നിയമം.  കർത്താവിൻറെ  തിരുശരീരത്തിലൂടെയും തിരുരക്തത്തിലൂടെയും കൊറോണ വൈറസ്   പകരുമെന്നു  ലോകം പറഞ്ഞാൽ  അവർ അത്  അംഗീകരിക്കും.  കുമ്പസാരം   വേണ്ടെന്നു ലോകം പറഞ്ഞാലും അവർ  സമ്മതിക്കും.  രാഷ്ട്രീയ സമ്മേളനങ്ങളിലൂടെയോ ഷോപ്പിംഗ് മാളുകളിലൂടെയോ വാഹനങ്ങളിലൂടെയോ പകരാത്ത വൈറസ് ക്രൈസ്തവദൈവാലയങ്ങളിൽ കൂടി പകരും  എന്ന് അവിശ്വാസികളും  ക്രിസ്തീയവിരോധികളും പറഞ്ഞാൽ അവർ അതിനെയും കൈയടിച്ചു സ്വീകരിക്കും. സുവിശേഷം അനുസരിച്ചു മുന്നോട്ടുപോയാൽ ജീവിതത്തിൽ വിജയിക്കാനാകില്ല എന്നു  ചിന്തിക്കുന്ന ക്രിസ്ത്യാനികളെ   നമുക്കറിയാമല്ലോ.  മറ്റു മതഗ്രന്ഥങ്ങളിൽ കാണുന്ന ചില കഥാപാത്രങ്ങളെ യേശുക്രിസ്തുവുമായി തുലനം ചെയ്യാൻ അവർക്കൊരു മടിയുമില്ല.  യേശുക്രിസ്തു ഇന്നു  ജീവിച്ചിരുന്നുവെങ്കിൽ  അങ്ങനെയല്ല ഇങ്ങനെയാണു   പറയുമായിരുന്നത് എന്നൊക്കെപ്പറഞ്ഞു    തങ്ങളുടെ  മ്ലേഛപ്രവൃത്തികളെ ന്യായീകരിക്കുന്ന  ക്രിസ്ത്യാനികളെയും നമുക്കറിയാം. ഇവരൊക്കെ ഏതു  സഭയിലെ അംഗങ്ങളാണ്? സത്യസഭയിലെയോ അതോ വ്യാജസഭയിലെയോ?

ഇസ്രായേൽ ജനം മുഴുവനും വഴിപിഴച്ച് ബാലിനെ ആരാധിക്കാൻ പോയപ്പോഴും ബാലിൻറെ മുൻപിൽ മുട്ടുമടക്കാത്ത ഏഴായിരം പേരെ കർത്താവ് തനിക്കായി മാറ്റിനിർത്തിയിരുന്നു. അവരാണ് യഥാർത്ഥ ദൈവജനം.  പൗലോസ് ശ്ലീഹാ  എഴുതുന്നു, ‘ അപ്രകാരം തന്നെ  കൃപയാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു അവശിഷ്ടഭാഗം ഇക്കാലത്തും ഉണ്ട്’.  പൗലോസ് ശ്ലീഹായുടെ കാലത്തുമാത്രമല്ല, ഇന്നും ആ അവശിഷ്ടഭാഗം  നിലവിലുണ്ട്. അവരാണ്  യഥാർത്ഥ ദൈവജനം. അവരാണ് സത്യസഭ. അവരെ  തിരിച്ചറിയാനുള്ള വഴി അവർ ലോകത്തിൻറെ മുൻപിൽ, സുഖത്തിൻറെ മുൻപിൽ, പണത്തിൻറെ മുൻപിൽ, പദവിയുടെ മുൻപിൽ, അധികാരത്തിൻറെ മുൻപിൽ, വ്യാജസിദ്ധാന്തങ്ങളുടെ മുൻപിൽ, ദൈവനിഷേധത്തിൻറെ മുൻപിൽ, പ്രമാണലംഘനത്തിൻറെ മുൻപിൽ മുട്ടുമടക്കാത്തവരായിരിക്കും.   

അവർക്കായി നിത്യമഹത്വത്തിൻറെ കൂടാരങ്ങൾ തയ്യാറായിരിക്കുന്നു. എങ്കിലും അതിൽ പ്രവേശിക്കുന്നതിനു  മുൻപായി  അവർ  തങ്ങളുടെ  വിശ്വാസത്തിൻറെ  കർത്താവും രക്ഷകനുമായ  യേശുക്രിസ്തു നടന്നുപോയ  വഴികളിലൂടെ കടന്നുപോകേണ്ടിയിരിക്കുന്നു.  അവിടെ ഞെരുക്കവും ദാരിദ്ര്യവും ഉണ്ടാകും. പീഡനവും തടവറയും അവരെ കാത്തിരിക്കുന്നുണ്ട്. സ്മിർണയിലെ സഭയെ  കർത്താവ് ഓർമിപ്പിക്കുന്നു.  ‘നിൻറെ ഞെരുക്കവും ദാരിദ്ര്യവും എനിക്കറിയാം. എങ്കിലും നീ സമ്പന്നനാണ്.  യഹൂദരെന്ന് അവകാശപ്പെടുകയും  എന്നാൽ അങ്ങനെയല്ലാതെ  സാത്താൻറെ സിനഗോഗായി  വർത്തിക്കുകയും ചെയ്യുന്നവരുടെ ദോഷാരോപണങ്ങളും  ഞാൻ അറിയുന്നുണ്ട്’ (വെളി. 2: 9).

എങ്കിൽ, ഇപ്പോൾ ക്രിസ്ത്യാനികളാണെന്ന്  അവകാശപ്പെടുകയും എന്നാൽ സാത്താൻറെ സിനഗോഗായി  വർത്തിക്കുകയും ചെയ്യുന്നവരുടെ  ദോഷാരോപണങ്ങളും അവർ  ദൈവമക്കൾക്കെതിരെ ചെയ്യുന്ന അതിക്രമങ്ങളും  ദൈവം അറിയാതിരിക്കുമോ? 

തീർച്ചയായും അവിടുന്ന് അതെല്ലാം അറിയുന്നുണ്ട്. അതുകൊണ്ടാണല്ലോ  നെല്ലും പതിരും  തമ്മിലുള്ള ഈ വേർതിരിക്കൽ  ഈ നാളുകളിൽ അതിശക്തമായി  പരിശുദ്ധാത്മാവു  നടത്തിക്കൊണ്ടിരിക്കുന്നത്. ‘കർത്താവിൻറെ പക്ഷത്തുള്ളവർ  മാറി നിൽക്കട്ടെ’ എന്നു പറഞ്ഞ  മോശയെപ്പോലെ  ആത്മാവിൽ നിറഞ്ഞ്   കർത്താവിൻറെ വാക്കുകൾ വെള്ളം ചേർക്കാതെ പ്രഘോഷിക്കുന്ന  അനേകം ദൈവദാസന്മാരെ  നൽകി ഈ നാളുകളിൽ  കർത്താവ് നമ്മുടെ ദേശത്തെയും സഭയെയും അനുഗ്രഹിക്കുന്നതിനെയോർത്ത് നന്ദി പറയാം.

അതോടൊപ്പം വലിയൊരു കടമയും  നമുക്കുണ്ട്. തങ്ങൾ  ക്രിസ്ത്യാനികളാണെന്നു സ്വയം കരുതുകയും എന്നാൽ അങ്ങനെയല്ലാതിരിക്കുകയും ചെയ്യുന്ന നമ്മുടെ സഹോദരർക്കുവേണ്ടി നാം പ്രാർത്ഥിക്കുകയും ചെയ്യണം.  തങ്ങൾ ആയിരിക്കുന്ന അവസ്ഥ തിരിച്ചറിയാനും  ലോകത്തെ ഉപേക്ഷിച്ച്, കർത്താവിൻറെ പക്ഷത്തേക്ക് മാറിനിൽക്കാനും അവർക്കു കൃപ ലഭിക്കണമേ എന്നും  നമുക്ക് പ്രാർത്ഥിക്കാം.