നാൽപത് എന്ന സംഖ്യ വിശുദ്ധഗ്രന്ഥത്തിൽ അനേകം തവണ ആവർത്തിക്കപ്പെടുന്ന ഒന്നാണ്. ഇസ്രായേൽക്കാർ മരുഭൂമിയിലൂടെ യാത്ര ചെയ്ത നാൽപതു വർഷം മുതൽ, മോശ ദൈവസന്നിധിയിൽ പ്രാർഥനയിൽ ചെലവഴിച്ച നാൽപതു ദിവസവും, യോനാ പ്രവാചകനിലൂടെ നിനെവേയ്ക്ക് അനുതപിക്കാൻ അനുവദിച്ച നാൽപതു ദിവസവും, നോഹയുടെ കാലത്തു ലോകത്തെ ശിക്ഷിക്കാനായി ദൈവം തോരാത്ത മഴ പെയ്യിച്ച നാല്പതു രാവും നാൽപതു പകലും, ഏലിയാ പ്രവാചകൻ മരുഭൂമിയിൽ ഉപവസിച്ചു നാല്പതുദിവസവും, ഗോലിയാത്ത് ഇസ്രായേൽക്കാരെ നിർത്താതെ വെല്ലുവിളിച്ച നാല്പതുദിവസവും, യൂദാഭവനത്തിൻറെ അകൃത്യങ്ങൾക്കു പരിഹാരമായി എസക്കിയേൽ പ്രവാചകൻ ഒരുവശം തിരിഞ്ഞുകിടക്കേണ്ടിവന്ന നാല്പതുദിവസവും ഒക്കെ ഉദാഹരണം.
ശിക്ഷയായി ചമ്മട്ടിയടി കൊടുക്കുമ്പോൾ അതു നാൽപ്പതിൽ കൂടാൻ പാടില്ല എന്നതായിരുന്നു നിയമം. മരുഭൂമിയിലൂടെ യാത്ര ചെയ്ത നാല്പതുവർഷവും ഇസ്രായേൽക്കാരുടെ വസ്ത്രം കീറിപ്പോകുകയോ ചെരുപ്പു തേഞ്ഞുപോകുകയോ ചെയ്തിരുന്നില്ല. ഫിലിസ്ത്യരുടെ കൈയിൽ ഇസ്രായേൽക്കാർ ഏല്പിക്കപ്പെട്ടതു നാല്പതുവർഷമായിരുന്നു. ഈജിപ്ത് നാല്പതുവർഷത്തേക്കു ശൂന്യമാക്കപ്പെടും എന്ന പ്രവചനം നാം കാണുന്നത് എസക്കിയേൽ പ്രവചനത്തിലാണ്. കാനാൻ ദേശത്തേക്കു മോശ അയച്ച ചാരന്മാർ അവിടെ ചെലവഴിച്ചത് നാൽപതു ദിവസമാണ്. കർത്താവു മരുഭൂമിയിൽ ഉപവസിച്ചതും നാല്പതുദിവസം. കർത്താവിൻറെ ഉത്ഥാനത്തിനും സ്വർഗാരോഹണത്തിനും ഇടയിലുള്ള കാലയളവും നാൽപതു ദിവസമായിരുന്നു. മഹാപ്രളയത്തിൽ മഴ ശമിച്ചതിനും നാൽപതു ദിവസങ്ങൾക്കുശേഷമാണ് നോഹ പെട്ടകത്തിൻറെ കിളിവാതിൽ തുറന്നത്. അടിമത്തത്തിൻറെ ഭവനമായ ഈജിപ്തിൽ നിന്ന് വാഗ്ദത്തദേശത്തേക്കുള്ള ഇസ്രായേൽക്കാരുടെ യാത്ര വിവരിക്കുന്ന പുറപ്പാടിൻറെ പുസ്‌തകത്തിൻറെ അധ്യായങ്ങളും നാൽപതു തന്നെ.
ഇതു വായിക്കുമ്പോൾ പെട്ടെന്നു മനസിലേക്ക് വരുന്നത് കൂടുതൽ തവണയും നാൽപത് എന്ന സംഖ്യ, പ്രാർത്ഥനയും ഉപവാസവുമായിട്ടോ അല്ലെങ്കിൽ ദൈവജനത്തിനുമേൽ വന്നുപതിക്കുന്ന ശിക്ഷയുമായിട്ടോ ബന്ധപ്പെട്ടിട്ടാണല്ലോ എന്നതാണ്. അതു ശരിയുമാണ്. ദൈവത്തോടു മറുതലിച്ച് അകന്നുപോകുന്ന സ്വന്തം ജനത്തെ തിരികെക്കൊണ്ടുവരാൻ ഈ നാൽപതു ദിവസം അല്ലെങ്കിൽ നാൽപതു വർഷം ദൈവം ഉപയോഗിക്കുന്നു. ദൈവത്തോടു ചേർന്നുനിൽക്കുന്നവരെയാകട്ടെ കൂടുതൽ വലിയ ദൗത്യങ്ങൾക്ക് ഒരുക്കുന്നതിനു വേണ്ടിയും നാല്പതുദിവസത്തെ ഉപവാസവും പ്രാർഥനയും ദൈവം അനുവദിക്കുന്നുണ്ട്. ബൈബിളിൻറെ പശ്ചാത്തലത്തിൽ നീതിമാനും ദുഷ്ടനും ഒരേപോലെ ശ്രദ്ധിക്കേണ്ട ഒന്നാണു നാല്പത് എന്ന സംഖ്യ.
ഇന്ന് ജൂൺ 24. ഇന്നു നമ്മെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായ ഒരു സംഭവത്തിൻറെ നാൽപതാം വാർഷികം ആണ് . നാൽപതു വർഷങ്ങൾക്കു മുൻപ് 1981 ജൂൺ 24 നായിരുന്നു മെജുഗോറിയയിൽ പരിശുദ്ധ അമ്മ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. മെജുഗോറിയയിലെ പ്രത്യക്ഷീകരണത്തെക്കുറിച്ചു നാം ഒരുപാടു വായിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ന്, മെജുഗോറിയ പ്രത്യക്ഷീകരണങ്ങളുടെ നാല്പതാം വാർഷിക ദിനത്തിൽ നാം ചിന്തിക്കേണ്ടതു പരിശുദ്ധ കന്യക അവിടെ പറഞ്ഞ കാര്യങ്ങൾ നാം എത്രത്തോളം പ്രാവർത്തികമാക്കുന്നുണ്ട് എന്നതാണ്.
നിരന്തരമായ പ്രാർത്ഥന, ഉപവാസം ( ബുധനാഴ്ചയും വെള്ളിയാഴ്ചയും), വിശുദ്ധഗ്രന്ഥവായന, ഇടയ്ക്കിടെയുള്ള കുമ്പസാരം, യോഗ്യതയോടെയുള്ള ദിവ്യകാരുണ്യസ്വീകരണവും ദിവ്യകാരുണ്യ ആരാധനയും ഇതെല്ലാം മെജുഗോറിയയിൽ പലപ്പോഴും ആവർത്തിക്കപ്പെടുന്ന സന്ദേശങ്ങളാണ്. ഇവയുടെയെല്ലാം അന്തിമലക്ഷ്യം നാം ആഴമായ മാനസാന്തരത്തിൻറെ അനുഭവത്തിലേക്കു വരികയും അതുവഴി ക്രിസ്തുവിൻറെ സ്നേഹവും സമാധാനവും അനുഭവിക്കാൻ നമുക്ക് ഇടയാകുകയും ചെയ്യണം എന്നതാണ്.
പരിശുദ്ധ കന്യക സമാധാനത്തിൻറെ രാജ്ഞിയാണ്. വ്യക്തികളിലും കുടുംബങ്ങളിലും സമൂഹങ്ങളിലും ലോകം മുഴുവനിലും സമാധാനം ഉണ്ടാകാനായി സമാധാന ജപമാല ചൊല്ലുവാൻ അമ്മ ആഹ്വനം ചെയ്യുന്നുണ്ട്.
പിന്നിട്ട നാല്പതുവർഷങ്ങൾ സ്വർഗം നമ്മുടെ അമ്മയിലൂടെ നമ്മെ വിളിക്കുകയായിരുന്നു. വിശുദ്ധൻ ഇനിയും വിശുദ്ധീകരിക്കപ്പെടുന്നതിനു വേണ്ടി, നീതിമാൻ ഇനിയും നീതി പ്രവർത്തിക്കുന്നതിനുവേണ്ടി . അനീതി ചെയ്തിരുന്നവനും പാപക്കറ പുരണ്ടവനും അനുതപിച്ചു പാപമോചനം നേടാനും അങ്ങനെ യേശുവിൻറെ സ്നേഹം നുകരാനും വേണ്ടി.
ഓർക്കുക. നാൽപത് ഒരു വഴിത്തിരിവാണ്. അനുതപിക്കാൻ നാൽപതു ദിവസം കിട്ടിയിട്ടും അതിനു മുൻപേതന്നെ ചാക്കുടുത്തു ചാരം പൂശി ദൈവത്തിൻറെ കരുണയ്ക്കായി യാചിച്ച നിനെവേ നിവാസികളാകണം നമ്മുടെ മാതൃക.
നമുക്ക് പ്രാർഥിക്കാം. പരിശുദ്ധ അമ്മേ, സമാധാനത്തിൻറെ രാജ്ഞീ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.