എവിടെപ്പോകാൻ? നാം ഇവിടെത്തന്നെയുണ്ടല്ലോ എന്നതായിരിക്കും നമ്മുടെ ആദ്യ പ്രതികരണം. ശരി തന്നെ. നാം ഇപ്പോൾ ഇവിടെയുണ്ട്. എങ്കിൽ അടുത്ത ചോദ്യം നാം എവിടെയായിരിക്കണം എന്നതാണ്.. ഒരുപക്ഷെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യവും അതുതന്നെയാണ്. നാം ആയിരിക്കേണ്ടിടത്ത് ആകാതിരിക്കുമ്പോൾ ഇങ്ങനെയൊരു ചോദ്യം നാം പ്രതീക്ഷിക്കണം. അത് ആദത്തോട് ദൈവം ചോദിച്ച ചോദ്യം തന്നെയാണ്.
” നീ എവിടെയാണ്?” ( ഉൽപത്തി 3:9) എന്ന് ദൈവത്തിനു ചോദിക്കേണ്ടിവന്നത് ആദവും ഹവ്വയും ആയിരിക്കേണ്ട സ്ഥലത്ത് അവരെ കാണാത്തതുകൊണ്ടാണ്. അതിൻ്റെ കാരണം നമുക്കറിയാം. അവർ ദൈവവചനത്തെ അവിശ്വസിച്ചുകൊണ്ട്, നുണയനും നുണയുടെ പിതാവുമായവൻ്റെ വാക്കുകളുടെ പിറകെ പോയി പാപം ചെയ്തപ്പോൾ ദൈവം ഉദ്ദേശിച്ച സ്ഥലത്തു നിൽക്കാൻ അവർക്കു കഴിഞ്ഞില്ല എന്നതാണ് സത്യം.
ദൈവം പ്രതീക്ഷിക്കുന്നതും നാം ആയിരിക്കുന്നതുമായ ഇടങ്ങൾ തമ്മിലുള്ള വ്യത്യാസം വളരെ ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. കാരണം അതു നമ്മുടെ അന്തിമഭാഗധേയത്തെയും നിത്യജീവനെയും ബാധിക്കുന്ന ഒന്നാണ്. അതിനെക്കുറിച്ചുള്ള ബോധ്യം സദാ നമ്മുടെ ഉള്ളിലുണ്ടായിരിക്കണം. അവ തമ്മിൽ വളരെ അന്തരമുണ്ടെങ്കിൽ ഇപ്പോൾ തിരിച്ചുവരാൻ നമുക്കു സാധിക്കും. എന്നാൽ തിരിച്ചുവരവു സാധ്യമല്ലാത്ത ഒരിടത്തേക്കാണു നാമെല്ലാവരും പോകുന്നത് എന്ന കാര്യം ഒരിക്കലും മറക്കരുത്.
പരമപ്രധാനമായ ആ കാര്യം മറന്നുപോയി എന്നതായിരുന്നു ധനവാൻ്റെയും ലാസറിൻ്റെയും ഉപമയിലെ ധനവാനു പറ്റിയ ഒരേയൊരു അബദ്ധം. അതു തിരിച്ചറിഞ്ഞപ്പോഴേയ്ക്കും അവൻ തിരിച്ചുവരവ് അസാധ്യമായ ഒരിടത്ത് എത്തിക്കഴിഞ്ഞിരുന്നു. അപ്പോഴും അവൻ കരുതിയതു തൻ്റെ നാവു തണുപ്പിക്കാൻ വേണ്ടി ഒരു തുള്ളി വെള്ളവുമായി തൻ്റെ അടുത്തേയ്ക്കു വരാൻ ലാസറിനു കഴിഞ്ഞേക്കും എന്നായിരുന്നു, പിതാവായ അബ്രഹാം ആ തെറ്റിദ്ധാരണ അപ്പോൾത്തന്നെ തിരുത്തിക്കൊടുക്കുന്നതു നാം വായിക്കുന്നുണ്ട്.
‘ ഞങ്ങൾക്കും നിങ്ങൾക്കും മധ്യേ ഒരു വലിയ ഗർത്തവും സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുത്തേക്കോ അവിടെ നിന്നു ഞങ്ങളുടെ അടുത്തേക്കോ വരാൻ ആഗ്രഹിക്കുന്നവർക്ക് അതു സാധിക്കുകയില്ല’ ( ലൂക്കാ 16:26).
ഇനി നമുക്കു നമ്മോടുതന്നെ ചോദിക്കാം ; “നാം എവിടെയാണ്?” അതു നാം ഇപ്പോൾ തന്നെ തിരിച്ചറിഞ്ഞില്ലെങ്കിൽ വെയിലാറുമ്പോൾ തോട്ടത്തിൽ ഉലാത്തുവാൻ വരുന്ന ദൈവം നമ്മോടും ചോദിക്കും. ” നീ എവിടെയാണ്?” ഓർക്കുക, വെയിലാറുകയും നിഴലുകൾ നീളുകയും ചെയ്യുമ്പോൾ തിരിച്ചുവരവു വിഷമകരമാകും. കർത്താവു നമ്മെ അവസാനവട്ടം സന്ദർശിക്കാൻ വരുമ്പോൾ പിറകിലൊളിക്കാൻ മരങ്ങളൊന്നും അവശേഷിച്ചിട്ടുണ്ടായിരിക്കില്ല. അഥവാ ഉണ്ടെങ്കിലും സൂര്യനേക്കാൾ പതിനായിരം മടങ്ങു ശക്തിയുള്ള കർത്താവിൻ്റെ കണ്ണുകളിൽ നിന്നു രക്ഷപെടാൻ നമുക്കു കഴിയുകയുമില്ല.
നാം ഇടത്തോട്ടോ വലത്തോട്ടോ തിരിയുമ്പോൾ, ഇതാണു വഴി, ഇതിലേ പോവുക എന്നു പിന്നിൽ നിന്നു വിളിച്ചുപറയുന്ന കർത്താവിൻ്റെ സ്വരം കേൾക്കാതെ പോകുമ്പോഴാണു നാം ചെന്നെത്താൻ പാടില്ലാത്തയിടങ്ങളിൽ ചെന്നെത്തുന്നത്. ജീവിക്കുന്ന ദൈവത്തിൻ്റെ പ്രസാദവരം സ്വന്തം ജീവിതത്തിൽ നിന്നു നഷ്ടമാകുന്ന ഈ അവസ്ഥയാണ് ഒരു മനുഷ്യനു നേരിടേണ്ടിവരുന്ന ഏറ്റവും വലിയ ദുരന്തം. നമുക്കു ചെയ്യാവുന്നത് ഒന്നേയുള്ളൂ. ഓരോ പ്രവർത്തികൾ ചെയ്യുമ്പോഴും അതിലൂടെ നാം ദൈവത്തോട് അടുക്കുകയാണോ അതോ അകലുകയാണോ എന്നു ചിന്തിക്കുക.
ദൈവം ഏറ്റവുമധികം വേദനിക്കുന്നതു തൻ്റെ മക്കൾ തന്നിൽ നിന്ന് അകന്നുപോകുന്നതിലാണ്. ‘ നീ എവിടെയാണ്’ എന്നു കർത്താവു ചോദിക്കുന്നതു നമ്മെ തെരഞ്ഞുപിടിച്ചു ശിക്ഷിക്കാനല്ല, മറിച്ച് നമുക്കായി കാത്തുവച്ചിരിക്കുന്ന രക്ഷയിലേക്കു നമ്മെ നയിക്കാനാണ്. അതിന് ആദ്യം വേണ്ടതു നാം എവിടെയാണെന്നു തിരിച്ചറിയുകയാണ്. പന്നിക്കൂട്ടിൽ കിടന്ന ധൂർത്തുപുത്രന് അതു തൻ്റെ പിതാവിൻ്റെ ഭവനത്തേക്കാൾ നല്ലതാണെന്നു തോന്നിയ ഒരു കാലമുണ്ടായിരുന്നു. അക്കാലമത്രയും അവനു വീട്ടിലേക്കു തിരിച്ചുപോകണമെന്നു തോന്നിയതേയില്ല. എന്നാൽ സുബോധമുണ്ടായ നിമിഷത്തിൽ അവൻ്റെ ചിന്തകൾ മാറുകയാണ്. പന്നികളുടെ മേൽനോട്ടക്കാരനായി താൻ ജീവിക്കുന്ന സ്ഥലത്തേക്കാൾ എന്തുകൊണ്ടും നല്ലത്, വേലക്കാരനായിട്ടെങ്കിലും ജീവിക്കാൻ കഴിയുന്ന പിതാവിൻ്റെ ഭവനമാണെന്ന തിരിച്ചറിവാണ് അവനെ രക്ഷിച്ചത്.
എന്നാൽ ആ പിതാവിൻ്റെ മൂത്ത പുത്രനാകട്ടെ സ്വന്തം വീടിൻ്റെ പടിവാതിൽക്കലായിരിക്കുമ്പോഴും താൻ എവിടെയാണു നിൽക്കുന്നതെന്നു മനസിലാക്കാൻ കഴിയുന്നില്ല. സഹോദരനോടുള്ള വെറുപ്പുകൊണ്ട് അവൻ്റെ കണ്ണുകൾ അന്ധമായിക്കഴിഞ്ഞിരുന്നു. കാലൊന്നെടുത്തുവച്ചാൽ പ്രവേശിക്കാവുന്ന സ്വന്തം ഭവനത്തിൻ്റെ മുറ്റത്തും അതിനു തയാറാകാതെനിന്നു മുറുമുറുക്കുന്ന അവനെയോർത്തല്ലേ പിതാവു പിന്നീടുള്ള നാളുകളിൽ കരഞ്ഞിട്ടുണ്ടാകുക!
വൃക്ഷങ്ങളുടെ വേരിനു കോടാലി വയ്ക്കപ്പെട്ടുകഴിഞ്ഞിട്ടും അതറിയാതെ പോയ വടവൃക്ഷങ്ങളെയല്ലേ സ്നാപകൻ അണലി സന്തതികളേ എന്നു വിളിച്ചത്! തങ്ങൾ നിൽക്കുന്നതു മറ്റൊരുവൻ്റെ മുന്തിരിത്തോട്ടത്തിലാണെന്നും അവിടുത്തെ കൃഷിക്കാർ മാത്രമാണു തങ്ങളെന്നും മറന്നുപോയതുകൊണ്ടല്ലേ ആ കൃഷിക്കാർ മുന്തിരിത്തോട്ടത്തിൻ്റെ ഉടമസ്ഥൻ്റെ മകനെപ്പോലും കൊന്നുകളഞ്ഞത്! എറിഞ്ഞുകളയാൻ പോകുന്നതു മൂലക്കല്ലാണെന്നു പണിക്കാർ അറിഞ്ഞിരുന്നുവെങ്കിൽ ഒരുപക്ഷെ അവർ ആ കല്ല് എറിഞ്ഞുകളയുമായിരുന്നില്ല. താൻ നിൽക്കുന്നതു രാജകീയവിവാഹവിരുന്നു നടക്കുന്ന ഇടത്താണെന്ന ബോധം ഇല്ലാതെപോയതുകൊണ്ടാണല്ലോ ഒരുവൻ വിവാഹവസ്ത്രം ധരിക്കാതെ അവിടെ കയറിച്ചെന്നത്.
ദൈവത്തിൻ്റെ ശിക്ഷാവിധി ഏറ്റുവാങ്ങാൻ ഉഴിഞ്ഞുവയ്ക്കപ്പെട്ടിടത്താണു തങ്ങൾ നിൽക്കുന്നതെന്നു ജലപ്രളയം അവരെ വിഴുങ്ങുന്നതുവരെ നോഹയുടെ തലമുറയിൽ ആരും കരുതിയിരുന്നില്ല. തീയും ഗന്ധകവും പെയ്തിറക്കാനായി ദൈവം തീരുമാനിച്ചുകഴിഞ്ഞിരുന്ന ഒരിടത്തെ അവസാന തലമുറയാണു തങ്ങളെന്നു സോദോമിലെ നിവാസികൾ സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല.
നാം എവിടെയാണ്? തിരുവത്താഴം കഴിഞ്ഞ് കാൽവരി കയറുന്ന ഗുരുവിൻ്റെ കൂടെയോ അതോ പണസഞ്ചി വാങ്ങാനായി ഇരുട്ടിലേക്കിറങ്ങിയ ശിഷ്യൻ്റെ കൂടെയോ? രക്തം വിയർത്തു പ്രാർത്ഥിക്കുന്ന യേശുവിൻ്റെ കൂടെയോ അവിടെനിന്ന് ഒരു കല്ലേറു ദൂരത്തിൽ കിടന്നുറങ്ങുന്ന ശിഷ്യരുടെ കൂടെയോ? സോവാറിലേക്കു ബദ്ധപ്പെട്ടോടുന്ന ലോത്തിൻ്റെ കൂടെയോ പിന്നിട്ട പാപവഴികളിലേക്കു തിരിഞ്ഞുനോക്കുന്ന അവൻ്റെ ഭാര്യയുടെ കൂടെയോ?
ദൈവതേജസ്സിനാൽ പ്രകാശിക്കപ്പെടുന്ന സ്വർഗീയജറുസലേമിലേക്കുള്ള വഴിയിലോ അതോ “എൻ്റെ ജനമേ, അവളിൽ നിന്ന് ഓടിയകലുവിൻ. അല്ലെങ്കിൽ അവളുടെ പാപങ്ങളിൽ നിങ്ങൾ പങ്കാളികളാകും. അവളുടെ മേൽ പതിച്ച മഹാമാരികൾ നിങ്ങളെയും പിടികൂടും” ( വെളി. 18:4) എന്ന് ഏതൊരിടത്തെക്കുറിച്ച് കർത്താവു മുന്നറിയിപ്പ് നൽകിയോ ആ ബാബിലോണിൻ്റെ പെരുവഴികളിലോ?
ഇതു തിരിച്ചറിയേണ്ട സമയമാണ്. രണ്ടു വഞ്ചിയിൽ കാൽവയ്ക്കാവുന്ന കാലം കഴിഞ്ഞു എന്നറിയുക. ” കർത്താവ് അന്ധകാരം വരുത്തുന്നതിനുമുൻപ്, നിങ്ങളുടെ കാൽപാദങ്ങൾ ഇരുൾ നിറഞ്ഞ മലകളിൽ ഇടറുന്നതിനുമുൻപ്, നിങ്ങളുടെ ദൈവമായ കർത്താവിനു മഹത്വം നൽകുവിൻ” ( ജെറമിയ 13:16). നാം ആയിരിക്കുന്നയിടവും നാം ആയിരിക്കണമെന്നു ദൈവം ആഗ്രഹിക്കുന്ന ഇടവും തമ്മിൽ ഒരു കുമ്പസാരക്കൂടിൻ്റെ ദൂരമേയുള്ളൂ എന്നു മറക്കാതിരിക്കാം. ആ ദൂരം പിന്നിട്ടുകഴിഞ്ഞാൽ ‘സാമുവൽ, സാമുവൽ’ എന്നു വിളിച്ച ദൈവം നമ്മെയും പേരുചൊല്ലി വിളിക്കും. “അരുളിച്ചെയ്താലും. അങ്ങയുടെ ദാസനിതാ ശ്രവിക്കുന്നു” എന്നു പറയാൻ നമുക്കും സാധിക്കുമാറാകട്ടെ.