ദൈവത്തിൻറെ അമൂല്യസമ്മാനം

അഞ്ചു നൂറ്റാണ്ടു മുൻപു  മെക്സിക്കോയിലെ ഒരു കോടിയോളം ആസ്ടെക്ക്  വംശജരെ ക്രിസ്തുവിൻറെ  സ്നേഹത്തിലേക്ക് അടുപ്പിച്ചത്  ഒരു ചെറിയ തുണിക്കഷണത്തിൽ പതിഞ്ഞ  പരിശുദ്ധ ദൈവമാതാവിൻറെ രൂപമായിരുന്നു, മെക്സിക്കോ നഗരത്തിനടുത്തുള്ള ടെപ്പെയാക്  മലയിൽ   `1531  ഡിസംബർ 9 മുതൽ  നാലൂ തവണ   ജുവാൻ ഡിയേഗോയ്ക്കു പരിശുദ്ധ ‘അമ്മ   (ഗ്വാഡലൂപ്പ  മാതാവ്)  പ്രത്യക്ഷപ്പെട്ടു.  അമ്മയുടെ  രൂപം  അത്ഭുതകരമായി പതിഞ്ഞ  അദ്ദേഹത്തിൻറെ  വസ്ത്രം ഇന്നും യാതൊരു കേടുപാടുകളും കൂടാതെ സരംക്ഷിക്കപ്പെട്ടിരിക്കുന്നു.   നരബലിയ്ക്ക്, പ്രത്യേകിച്ച് ശിശുബലിയ്ക്ക്  കുപ്രസിദ്ധമായിരുന്ന അന്നത്തെ മെക്സിക്കോയിലെ  ജനങ്ങളെ  മാനസാന്തരപ്പെടുത്താനായി  മാതാവ് ഒരു ഗർഭിണിയുടെ രൂപത്തിലാണു  പ്രത്യക്ഷപ്പെട്ടത് എന്നതിന് ഇന്നത്തെക്കാലത്തു  കൂടുതൽ പ്രസക്തിയുണ്ട്.  

ശിശുബലിയുടെ മറ്റൊരു  പതിപ്പായ  ഗർഭഛിദ്രം എന്ന മാരകപാപം ഇന്നു   ലോകത്തിലെമ്പാടും വ്യാപകമാണ്.  കൊലക്കളത്തിലേക്കു നയിക്കപ്പെടുന്ന അനേകലക്ഷം കുഞ്ഞുങ്ങളുടെ  നിശബ്ദരോദനം കേൾക്കാതിരിക്കാനായി വ്യക്തികളും സമൂഹങ്ങളും രാജ്യങ്ങളും  തങ്ങളുടെ ചെവികൾ അടച്ചുകളയുകയും ഹൃദയങ്ങൾ  കഠിനമാക്കുകയും  ചെയ്യുന്ന ഇക്കാലത്ത്, അജാതശിശുക്കളുടെ  സംരക്ഷകയായ ഗ്വാഡല്ലൂപ്പ  മാതാവിൻറെ മാധ്യസ്ഥം  തേടി നമുക്കു പ്രാർത്ഥിക്കാം.   ഗർഭച്ഛിദ്രത്തിനിരയാവാൻ സാധ്യതയുള്ള കുഞ്ഞുങ്ങൾക്കുവേണ്ടി മാത്രമല്ല നാം പ്രാർത്ഥിക്കേണ്ടത്.  ഏതെങ്കിലും കാരണത്താൽ ഗർഭഛിദ്രം നടത്തുകയും പിന്നീട് അതിനെക്കുറിച്ച്  അനുതപിക്കുകയും ചെയ്യുന്നവർക്കുവേണ്ടിയും അതോടൊപ്പംതന്നെ   ഗർഭഛിദ്രം നടത്തുക എന്നത് സ്ത്രീകളുടെ  മൗലികാവകാശമാണ് എന്ന പൈശാചിക ചിന്തയാൽ പ്രചോദിതരായി    തങ്ങളുടെ  പാപത്തെക്കുറിച്ച് അനുതപിക്കാതിരിക്കുന്നവർക്കുവേണ്ടിയും  നാം പ്രാർത്ഥിക്കണം.

അബോർഷൻ എന്ന  മഹാതിന്മയ്‌ക്കെതിരെ ഗ്വാഡലൂപ്പ  മാതാവിനോടുള്ള  പ്രാർത്ഥന 

——————————————–

ഗ്വാഡലൂപ്പയിലെ കന്യകേ, അജാതശിശുക്കളുടെ സംരക്ഷകയേ, അബോർഷൻ ചെയ്യപ്പെടാൻ സാധ്യതയുള്ള  ഓരോ കുഞ്ഞിനും വേണ്ടി  ഞങ്ങൾ അങ്ങയുടെ  മാധ്യസ്ഥം യാചിക്കുന്നു.   

ദൈവത്തിൽ നിന്നുളള  അമൂല്യസമ്മാനമായ  തങ്ങളുടെ കുഞ്ഞിൻറെ  ജീവനെ സ്വാഗതം ചെയ്യാൻ   എല്ലാ മാതാപിതാക്കളെയും സഹായിക്കണമേ.

ആ സമ്മാനത്തെ  ഗർഭ‌ച്ഛിദ്രത്തിലൂടെ  നഷ്ടപ്പെടുത്തിയ  മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും അങ്ങയുടെ പുത്രൻറെ ദൈവികകരുണയിലൂടെ അവരെ  പാപമോചനത്തിലേക്കും സൗഖ്യത്തിലേക്കും നയിക്കുകയും  ചെയ്യണമേ.

ദൈവം തിരിച്ചുവിളിക്കുന്നതുവരെ, ഞങ്ങളുടെ  കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വിലപ്പെട്ടവരായി കാണാനും  അവരോടു കരുതലോടെ വർത്തിക്കാനും ഞങ്ങളെ പഠിപ്പിക്കണമേ.  

ഒരിക്കലും മറ്റുള്ളവരെ  ഒരു ഭാരമായി കാണാതിരിക്കാൻ   ഞങ്ങളെ സഹായിക്കണമേ. നീതിപൂർവമായ  നിയമങ്ങളിലൂടെ  ഓരോ മനുഷ്യജീവനും പ്രതിരോധം തീർക്കാനായി ഞങ്ങളുടെ  ഭരണാധികാരികളെ വഴിനടത്തണമേ. 

ശബ്ദമില്ലാത്തവർക്കുവേണ്ടി ശബ്ദിക്കാൻ  തക്കവിധം   ഞങ്ങളുടെ  വിശ്വാസത്തെ പൊതുജീവിതത്തിലേക്കു കൊണ്ടുവരാനുള്ള പ്രചോദനം ഞങ്ങൾക്കു  നൽകണമേ.

അങ്ങയുടെ പുത്രൻ  യേശുക്രിസ്തു സ്നേഹവും കരുണയും തന്നെയാണല്ലോ.  അവിടുത്തെ നാമത്തിൽ തന്നെ  ഞങ്ങൾ ഇവ   അങ്ങയോടു  യാചിക്കുന്നു. ആമേൻ.

3 ദൈവകൃപ നിറഞ്ഞ……