ദൈവകരുണയുടെ സ്വരം


എല്ലാവർക്കും സ്നാപകയോഹന്നാന്റെ തിരുനാൾ ആശംസകൾ. കർത്താവിനു വഴി ഒരുക്കാനും അവിടുത്തെ പാതകൾ നേരെയാക്കുവാനുമായി അയയ്ക്കപ്പെട്ടവനാണല്ലോ സ്നാപകൻ.

ഏറെ കലുഷിതമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോൾ കടന്നുപോകുന്നത്. പകർച്ചവ്യാധികൾ, ക്ഷാമം, യുദ്ധം, യുദ്ധശ്രുതികൾ, പ്രകൃതിക്ഷോഭങ്ങൾ, ധാർമ്മികാധപതനം, സാമ്പത്തികത്തകർച്ച എന്നിങ്ങനെ നമ്മുടെ പിടിയിലൊതുങ്ങാത്ത ഒരുപാടു കാര്യങ്ങൾ സംഭവിക്കുന്നതുകാണുമ്പോൾ ലോകം പരിഭ്രമിക്കുന്നു. എന്നാൽ ലോകത്തിന്റെ ഗതിവിഗതികളെ നാം വിലയിരുത്തേണ്ടത് സത്യവിശ്വാസത്തിന്റെ കണ്ണുകളിലൂടെയാണ്. അതിന് പരിശുദ്ധാത്മാവിന്റെ സഹായം കൂടിയേ തീരൂ. ബോധജ്ഞാനത്തിന്റെ സിംഹാസനമായ പരിശുദ്ധ ‘അമ്മ കാലത്തിന്റെ അടയാളങ്ങൾ വിവേചിച്ചറിയാൻ നമ്മെ സഹായിക്കട്ടെ.

അനേകർ അങ്ങുമിങ്ങും ഓടിനടക്കുകയും അറിവു വർധിക്കുകയും ചെയ്യുന്ന ( ദാനി. 12:4) ഒരു കാലത്താണ് നാം ജീവിക്കുന്നത്. അത് യുഗാന്തത്തിന്റെ അടയാളമാണെന്ന് തിരുവചനം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അറിവിന്റെ പിറകെ ഓടിനടക്കുമ്പോൾ സംഭവിക്കാവുന്ന അപകടം നാം തെറ്റായ അറിവുകളാൽ ആകർഷിക്കപ്പെടാം എന്നതാണ്. സെക്കുലറായ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഒക്കെ നമുക്ക് വിളമ്പിത്തരുന്ന ലോകത്തിന്റെ വാർത്തകൾ ഒരു വിധത്തിലും നമ്മുടെ ആത്മീയജീവിതത്തെ പോഷിപ്പിക്കുന്നവയല്ല എന്നു നമുക്കറിയാം.

മറുവശത്ത് ആത്മീയകാര്യങ്ങളും ക്രിസ്തീയവാർത്തകളും പങ്കുവയ്ക്കുന്നു എന്നവകാശപ്പെടുന്ന പല മാധ്യമങ്ങളും സോഷ്യൽ മീഡിയ ഗ്രൂപ്പുകളും ശ്രദ്ധിച്ചാൽ നമുക്ക് മനസിലാകുന്ന കാര്യം അവയിൽ ചിലതെങ്കിലും യഥാർത്ഥ ക്രിസ്തീയവിശ്വാസത്തിൽ നിന്ന് നാമറിയാതെ തന്നെ നമ്മെ അകറ്റുന്നവയാണ് എന്നാണ്. ഉദാഹരണത്തിന് സഭയുടെയോ ഏതെങ്കിലും ചില സഭാധികാരികളുടെയോ പോരായ്മകൾ പൊതുസമൂഹത്തിനു മുൻപിൽ തുറന്നുകാട്ടുന്ന ഗ്രൂപ്പുകൾ ചിന്തിക്കുന്നത് തങ്ങൾ സഭയ്ക്ക് വലിയൊരു സേവനമാണ് ചെയ്യുന്നതെന്നാണ്. പരിശുദ്ധകുർബാന നടന്നില്ലെങ്കിലും കുഴപ്പമില്ല എന്ന അപകടകരമായ ഒരു ചിന്താഗതി സോഷ്യൽ മീഡിയയിൽ ഒരു വിഭാഗത്തിന്റെ വാക്കുകളിലൂടെ വെളിവാകുന്നുണ്ട്. സഭാവിരുദ്ധ ശക്തികളും മുഖ്യധാരാമാധ്യമങ്ങളും അവർക്ക് വ്യാപകമായ പ്രചാരണവും പിന്തുണയും കൊടുക്കുന്നുമുണ്ട്.

എന്തു പാപം ചെയ്താലും കുഴപ്പമില്ല, എല്ലാവരും സ്വർഗത്തിൽ പോകും എന്നൊക്കെയുള്ള അബദ്ധപ്രബോധനങ്ങളും നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ കഴിയും. ചുറ്റും കാണുന്നവരെയൊക്കെ വിധിക്കുന്നതാണ് ക്രിസ്തീയധർമ്മം എന്ന് ചിന്തിക്കുന്ന ആധുനികഫരിസേയൻമാരെയും നാം കാണാറുണ്ട്.. ദൈവത്തിന്റെ നീതിയ്‌ക്കോ കരുണയ്ക്കോ ഏതെങ്കിലുമൊന്നിനു മാത്രം പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പ്രസംഗങ്ങളും നാം കേൾക്കാറുണ്ട്. ദൈവത്തിന്റെ കരുണയെക്കുറിച്ച് ശരിയായ ധാരണ ഇല്ലാത്തതാണ് ഇതിനെല്ലാം കാരണം.

ക്രൈസ്തവസഭകളിൽ പൊതുവെയും കത്തോലിക്കാ സഭയിൽ വിശേഷിച്ചും ദൃശ്യമായിക്കൊണ്ടിരിക്കുന്ന വലിയ വിശ്വാസത്യാഗം യുഗാന്തത്തിന്റെ അടയാളമാണെന്ന കാര്യത്തിൽ ഇനിയും സംശയിക്കേണ്ടതില്ലല്ലോ. നീതിവിധിയാളനായി വരുന്നതിനു മുൻപായി താൻ കരുണയുടെ രാജാവായി വരും എന്ന് യേശു വിശുദ്ധ ഫൗസ്റ്റീനയ്ക്ക് വെളിപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. നാം ഇപ്പോൾ ജീവിക്കുന്നത് കരുണയുടെ ആ കാലഘട്ടത്തിലാണ് എന്നതിനേക്കാൾ പ്രധാനപ്പെട്ട കാര്യം ദൈവത്തിന്റെ കരുണയുടെ വാതിൽ ഏത് നിമിഷവും അടഞ്ഞേക്കാം എന്നതാണ്. യേശുമിശിഹായുടെ മഹത്വത്തോടെയുള്ള ദ്വിതീയാഗമനം ആസന്നമാണ് എന്ന സത്യത്തെ ഏതുവിധേനയും നിഷേധിക്കാൻ തിന്മയുടെ ശക്തികൾ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന നാളുകളാണിത്. അതിനാൽ തന്നെ യുഗാന്ത്യത്തെയും അതിനു മുന്നോടിയായി നാം കടന്നുപോകേണ്ട കഷ്ടത നിറഞ്ഞ നാളുകളെയും കുറിച്ച് വ്യക്തമായ ബോധ്യം സഭാമക്കൾക്കും സാമാന്യജനത്തിനും നൽകുകയും ആർക്കും വേല ചെയ്യാൻ കഴിയാത്ത രാത്രി വരുന്നതിനുമുൻപേ ദൈവത്തിന്റെ കരുണയിൽ ആശ്രയിക്കുവാനുള്ള യേശുവിന്റെ ആഹ്വാനം ലോകമെങ്ങും എത്തിക്കുകയും ചെയ്യുക എന്നത് ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു ശുശ്രൂഷയായി ഞങ്ങൾ കരുതുന്നു.

ഇത്തരമൊരു സാഹചര്യത്തിൽ ദൈവകരുണയെക്കുറിച്ചുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കാനും സത്യവിശ്വാസം സംബന്ധിച്ച കാര്യങ്ങൾ വെള്ളം ചേർക്കാതെ പങ്കുവയ്ക്കാനും ആനുകാലികസംഭവങ്ങളെ തിരുവചനത്തിന്റെ വെളിച്ചത്തിൽ വിലയിരുത്താനും സഹായിക്കുന്ന ഒരു സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിന്റെ ആവശ്യകത എടുത്തുപറയേണ്ടതില്ല. ഈ മേഖലയിൽ സ്തുത്യർഹമായ ശുശ്രൂഷ ചെയ്യുന്ന അനേകരെ മറന്നുകൊണ്ടല്ല ഇതെഴുതുന്നത്. മറിച്ച് സുവിശേഷാനുസരണം വേല ചെയ്യുന്ന അവരുടെ ശ്രമങ്ങളെ അനുകരിക്കുന്ന അനേകം മാധ്യമങ്ങളും സോഷ്യൽ മീഡിയ ഗ്രൂപ്പുകളും ഇനിയും ഉയർന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

ഈ ലക്‌ഷ്യം മുൻ നിർത്തി ഞങ്ങൾ ചെറിയൊരു കാൽവയ്പ് നടത്തുകയാണ്. യുഗാന്ത്യകാലത്ത് കൂദാശാധിഷ്ഠിതമായ വിശുദ്ധ ജീവിതം നയിച്ചുകൊണ്ട് കർത്താവിന്റെ രണ്ടാം വരവിനായി ഒരുങ്ങാനും മറ്റുള്ളവരെ ഒരുക്കാനും വേണ്ടി വിളിക്കപ്പെട്ടിരിക്കുന്നവർക്കായി www.divinemercychannel.com ഞങ്ങൾ സമർപ്പിക്കുന്നു. യഥാർത്ഥ കത്തോലിക്കാ വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ടുള്ള ലേഖനങ്ങളും വാർത്തകളും മാത്രമേ കൊടുക്കുകയുള്ളൂ എന്ന് ഞങ്ങൾ ഉറപ്പുതരുന്നു. വ്യക്തിപരമായ പരാമർശങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുമ്പോൾ തന്നെ സഭയുടെ പൊതുനന്മയെ ലക്ഷ്യമാക്കി പങ്കുവയ്ക്കുന്ന ചില കാര്യങ്ങളിൽ വ്യക്തികളെ പരാമർശിക്കാതെ തരമില്ല എന്ന പരിമിതി ഞങ്ങൾ മനസിലാക്കുന്നു. എങ്കിലും വ്യക്തിപരമായ ഏതൊരു പരാമർശവും പൂർണ്ണമായും സാധൂകരിക്കാവുന്ന തെളിവുകളുടെ അടിസ്ഥാനത്തിലും പരാമർശവിധേയനായ വ്യക്തിയുടെ വ്യക്തിത്വത്തെ ബഹുമാനിച്ചുകൊണ്ടും മാത്രമേ നടത്താൻ പാടുള്ളൂ എന്നതാണ് ഞങ്ങളുടെ ഉറച്ച ബോധ്യം. വിമർശനത്തിന്റെ ഉദ്ദേശം ആരെയും അടിച്ചിരുത്തുകയല്ല, പിന്നെയോ കത്തോലിക്കാവിശ്വാസത്തിന് വിരുദ്ധമായ ആശയങ്ങളും പ്രബോധനങ്ങളും പ്രവർത്തനരീതികളും വഴി സഭ ദുർബലമായിത്തീരുന്നത് തടയുക എന്നതാണ്.

നിലവിലെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ലേഖനങ്ങളും വാർത്തകളും മാത്രം പോസ്റ്റ് ചെയ്യാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്. നിങ്ങളുടെ വിലയേറിയ സഹകരണവും അതോടൊപ്പം ക്രിയാത്മകമായ വിമർശനവും ഞങ്ങൾ ആഗ്രഹിക്കുന്നു. www.divinemercychannel.com ടീമിനെയും ഈ സംരംഭത്തെയും നിങ്ങളുടെ പ്രാർത്ഥനകളിൽ ഓർക്കണമേ. ഞങ്ങളുടെ അറിവോ താല്പര്യമോ അഭിപ്രായമോ അല്ല, പരിശുദ്ധാത്മാവ് പ്രദാനം ചെയ്യുന്ന ജ്ഞാനം ഈ നവസംരംഭത്തെ നയിക്കട്ടെ എന്ന പ്രാർത്ഥനയോടെ www.divinemercychannel.com നിങ്ങൾക്കായി സമർപ്പിക്കുന്നു.

കാരുണ്യവാനായ ദൈവത്തിനു മഹത്വം ഉണ്ടായിരിക്കട്ടെ.