വിശുദ്ധ കുർബാനയിൽ ഈശോയോട് മനുഷ്യർ ചെയ്തിട്ടുള്ള നിന്ദാപമാനങ്ങൾക്കു പരിഹാരമായി
1. എല്ലായ്പോഴും ആരാധനയ്ക്കു യോഗ്യനും സർവാധിപനുമായ ഈശോയെ പാപികൾ അങ്ങയോടു ചെയ്യുന്ന നിന്ദാപമാനങ്ങൾക്കു പരിഹാരമായി അങ്ങേ പ്രിയ മാതാവിൻ്റെ സ്നേഹവും ആരാധനാ സ്തുതികളും അങ്ങേയ്ക്ക് ഞാൻ കാഴ്‌ച വെയ്ക്കുന്നു.
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
2. സാർവത്രിക സഭയിലും അങ്ങേ മക്കളുടെ ഹൃദയങ്ങളിലും ദൈവഭക്തി ജ്വലിപ്പിക്കുന്ന ഈശോതമ്പുരാനെ, അങ്ങേ ഞങ്ങൾ സ്തുതിക്കുന്നു. അങ്ങ് നൽകിയ സ്നേഹപ്രകാശം കൈകൊണ്ട് പലരുടെയും ഉദാസീനതയ്ക്കു പരിഹാരമായി ഭക്തി ജ്വാലകരായ മാലാഖമാരുടെ തീക്ഷണതയുള്ള ആരാധനകൾ അങ്ങേയ്ക്ക് ഞങ്ങൾ കാഴ്‌ച വെയ്ക്കുന്നു.
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
3. ഭൂവാസികളുടെ നിത്യജ്ഞാനമായിരിക്കുന്ന ഈശോയെ, അത്യന്തം വിനയത്തോടെ അങ്ങേ ആരാധിക്കുന്നു. അങ്ങയോടു ദ്രോഹം ചെയ്തതിനു കാരണമായിരിക്കുന്ന ഞങ്ങളുടെ അറിവില്ലായ്മയ്ക്കു പരിഹാരമായി ജ്ഞാനധിക്യരെന്ന മാലാഖമാർ അങ്ങയെ പുകഴ്സത്തുന്ന ഉന്നത ജ്ഞാനത്തെ അങ്ങേയ്ക്ക് ഞങ്ങൾ കാഴ്‌ച വെയ്ക്കുന്നു.
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
4. അളവില്ലാത്ത കൃപയും ക്ഷമയുമുള്ള ഈശോയെ, എത്രയും ഭക്തിയോടെ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. കോപം, പക, പ്രതികാരം മുതലായ ഞങ്ങളുടെ അക്രമങ്ങൾക്കു പരിഹാരമായി ഭദ്രാസനന്മാരായ മാലാഖമാരുടെ ശാന്ത സ്വഭാവവും ശാലീനതയും അങ്ങേയ്ക്ക് ഞങ്ങൾ കാഴ്‌ച വെയ്ക്കുന്നു.
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
5. പരിശുദ്ധ സ്നേഹകൂദാശയായ വിശുദ്ധ കുർബാനയിൽ എഴുന്നള്ളിയിരിക്കുന്ന ദിവ്യരക്ഷകാ, പൂർണഹൃദയത്തോടെ അങ്ങേ ഞങ്ങൾ ആരാധിക്കുന്നു. പാപികൾ അങ്ങയുടെ ബലിപീഠത്തിൽ പുലർത്തുന്ന അശുദ്ധമായ ചിന്തകൾക്കും ദുരാശകൾക്കും പരിഹാരമായി നാധാകൃത്യരായ മാലാഖമാരുടെആഗ്രഹങ്ങളെയും അത്യന്ത സ്നേഹത്തേയും അങ്ങേയ്ക്ക് ഞങ്ങൾ കാഴ്‌ച വെയ്ക്കുന്നു.
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
6. ലോകത്തിൻ്റെ പാപങ്ങൾ നീക്കുന്ന കറയില്ലാത്ത കുഞ്ഞാടായ ഈശോയേ, അനന്ത ഭക്തിയോടെ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. കുർബാനയുടെ സമയം പാപികൾ ചെയ്യുന്ന ബഹുമാനഹീനതകൾക്ക് പരിഹാരമായി താത്വികൻമാർ എന്ന മാലാഖമാർ അർപ്പിക്കുന്ന നമസ്കാരങ്ങളേ അങ്ങേയ്ക്ക് ഞങ്ങൾ കാഴ്‌ച വെയ്ക്കുന്നു.
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
7. കറയറ്റ പരിശുദ്ധതക്ക് കാരണമായിരിക്കുന്ന കർത്താവേ, അങ്ങേ ഞങ്ങൾ ആരാധിക്കുന്നു . പാപത്താൽ അശുദ്ധമായ ആത്മാവോടുകൂടെ വിശുദ്ധകുർബാന അർപ്പിക്കുന്നവരുടെ തെറ്റിന് പരിഹാരമായി ബലവത്തുക്കളായ മാലാഖമാരുടെ പരിശുദ്ധതയും ആരാധനകളും അങ്ങേയ്ക്ക് ഞങ്ങൾ കാഴ്‌ച വെയ്ക്കുന്നു.
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
8. സകലരുടെയും ആരാധനാ സ്തുതിക്ക് യോഗ്യനായ കർത്താവേ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. അങ്ങേക്ക് അപമാനമായി മനുഷ്യർ പറഞ്ഞിട്ടുള്ള എല്ലാ ദൂഷണങ്ങൾക്കും പരിഹാരമായി പ്രാഥമികന്മാർ എന്ന മാലാഖമാർ സമർപ്പിക്കുന്ന അനന്ത സ്‌തുതിപ്പുകളെ അങ്ങേയ്ക്ക് ഞങ്ങൾ കാഴ്‌ച വെയ്ക്കുന്നു.
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
9. അത്യന്തം വിശ്വാസ സ്ഥിരതയോടെ സേവിച്ചു സ്‌തുതിക്കുവാൻ യോഗ്യനായ ലോകരക്ഷിതാവേ, അങ്ങേ ഞങ്ങൾ വണങ്ങി സ്തുതിക്കുന്നു. പാപപങ്കിലമായ ആത്മാവോടുകൂടെ വിശുദ്ധ കുർബാന കൈക്കൊള്ളുന്നവർ അങ്ങയോടുകാണിക്കുന്ന ദ്രോഹത്തിന് പരിഹാരമായി മുഖ്യദൂതരായ മാലാഖമാരുടെ ഉണർവുള്ള വിശ്വാസത്തെയും സ്നേഹത്തെയും അങ്ങേയ്ക്ക് ഞങ്ങൾ കാഴ്‌ച വെയ്ക്കുന്നു .
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
10. സ്വർഗ്ഗത്തിലും ഭൂമിയിലും ആനന്ദമായിരിക്കുന്ന ദിവ്യ ഈശോയെ, പൂർണഹൃദയത്തോടെ അങ്ങേ ഞങ്ങൾ ആരാധിക്കുന്നു. വിശുദ്ധ കുർബാനയിലൂടെ മനുഷ്യരോടൊത്തു ചേരുവാൻ ആഗ്രഹിക്കുന്ന അങ്ങയെ വെറുത്തുപേക്ഷിക്കുന്നവരുടെ നിന്ദനങ്ങൾക്ക് പരിഹാരമായി ദൈവദൂതന്മാരുടെ കീഴ്വഴക്കത്തെയും ഉപകാരസ്മരണസ്തോത്രങ്ങളേയും അങ്ങേയ്ക്ക് ഞങ്ങൾ കാഴ്‌ച വെയ്ക്കുന്നു.
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
11. കരുണാ സമുദ്രമായ ദിവ്യ ഈശോയെ, അങ്ങേ ഞങ്ങൾ ആരാധിക്കുന്നു. അങ്ങയുടെ ദയയിൽ ശരണം വെക്കാതെ ഭയപ്പെടുന്ന ചില പാപികളുടെ അന്ധമായ ശരണക്കേടിനു പരിഹാരമായി പൂർവപിതാക്കന്മാരുടെ മനോധൈര്യത്തോടു കൂടിയ ശരണത്ത അങ്ങേയ്ക്ക് ഞങ്ങൾ കാഴ്‌ച വെയ്ക്കുന്നു.
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
12. അറുതിയില്ലാത്ത സ്നേഹത്തിനു യോഗ്യനായ ഈശോയെ, വിശുദ്ധ കുർബാനയെ അവിശ്വസിക്കുന്ന മനുഷ്യരുടെ സംശയങ്ങൾക്ക് പരിഹാരമായി ദൈവദർശനങ്ങളേയും അരുളപ്പാടുകളെയും ഭക്തിപൂർവ്വം കൈക്കൊണ്ട ദീർഘദർശികളുടെ ശ്രവണത്തെ അങ്ങേയ്ക്ക് ഞങ്ങൾ കാഴ്‌ച വെയ്ക്കുന്നു.
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
13. ദയാപരനായ ദിവ്യരക്ഷിതാവേ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. അങ്ങ് അനന്തമായി സ്നേഹിച്ച് സ്വീകരിച്ച മനുഷ്യമക്കളുടെ അവിശ്വാസത്തിനും നന്ദികേടിനും പരിഹാരമായി അങ്ങേ ശ്ലീഹന്മാരുടെ സ്നേഹത്തെയും വിശ്വാസത്തെയും അങ്ങേയ്ക്ക് ഞങ്ങൾ കാഴ്‌ച വെയ്ക്കുന്നു.
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
14. സത്യമായ സ്നേഹത്തിൻ്റെ ദിവ്യ മാതൃകയും നല്ല ഇടയനുമായ ഈശോയെ, എത്രയും വലിയ സ്നേഹത്തോടെ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. അങ്ങേ കല്പനകൾക്ക് വിരോധമായി മനസ്സിൽ ജ്വലിച്ച കോപത്തിനും ദുരഭിപ്രായങ്ങൾക്കും പരിഹാരമായി വേദശാസ്ത്രികളുടെ ക്ഷമയും പ്രാർത്ഥനകളും അങ്ങേയ്ക്ക് ഞങ്ങൾ കാഴ്‌ച വെയ്ക്കുന്നു.
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
15. സർവ നന്മസ്വരൂപനായ ദിവ്യ ഈശോയെ, സർവ്വത്തെയുംകാൾ അത്യന്തം ഭക്തിയോടെ ഞങ്ങൾ അങ്ങേ ആരാധിക്കുന്നു. ദുർമ്മാർഗ്ഗികളായ അക്രമികൾ അങ്ങയുടെ ദേവാലയത്തിൽ നടത്തിയ സർവ കളവുകൾക്കും പരിഹാരമായി ഞങ്ങൾ അങ്ങയുടെ വിശ്വസ്തരായി നിന്നുകൊണ്ട് കാഴ്ചകളെയും ഞങ്ങളെത്തന്നെയും അങ്ങേയ്ക്ക് സ്തോത്രമായി കാഴ്‌ച വെയ്ക്കുന്നു.
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
16. പരമപിതാവിൻ്റെ മുൻപിൽ ഞങ്ങളുടെ മധ്യസ്ഥനായ ദിവ്യരക്ഷകനെ, എത്രയും നന്ദിയോടെ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. മനുഷ്യർ അങ്ങയുടെ ദേവാലയത്തിൽ ചെയ്ത അനാചാരങ്ങൾക്ക് പരിഹാരം ചെയ്യാതെ, തിരുസഭയിൽ അധികാരം സിദ്ധിച്ചിട്ടുള്ളവർ അങ്ങയോട് കാണിച്ച ഉദാസീനതകൾക്ക് പരിഹാരമായി, പരിശുദ്ധ മെത്രാന്മാരും വൈദികരും അങ്ങേ ശുശ്രൂഷയിൽ കാണിക്കുന്ന ജാഗ്രതയും ശ്രദ്ധയും അങ്ങേയ്ക്ക് ഞങ്ങൾ കാഴ്‌ച വെയ്ക്കുന്നു.
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
17. അളവില്ലാത്ത മഹിമാ പ്രതാപമുള്ള കർത്താവായ ഈശോയെ, ഏറ്റവും ഭക്തിയോടെ ഞങ്ങൾ അങ്ങയേ ആരാധിക്കുന്നു. അങ്ങേ തിരുനാമത്തിൽ ചെയ്യപ്പെട്ട വ്യാജസത്യം, കള്ളസാക്ഷി മുതലായവയ്ക്ക് പരിഹാരമായി വേദ പാരംഗതന്മാർ, ധർമ്മ ശാസ്ത്രികൾ എന്നിവരുടെ പ്രസംഗങ്ങളും സങ്കീർത്തനങ്ങളും ഞങ്ങൾ അങ്ങേയ്ക്ക് കാഴ്‌ച വെയ്ക്കുന്നു.
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
18. എളിമ കൊണ്ട് മറഞ്ഞിരിക്കുന്ന ദിവ്യ ഈശോയെ, മഹിമ പ്രതാപത്തിൻ്റെ കതിരുകൾ മറയ്ക്കാത്ത വിശുദ്ധ കുർബാനയിൽ അങ്ങേ ഞങ്ങൾ ആരാധിക്കുന്നു. അങ്ങയോട് ഞങ്ങൾ ചെയ്യുന്ന എല്ലാ പാപത്തിനും പരിഹാരമായി പരിശുദ്ധ വന്ധകരുടെ പുണ്യങ്ങളെ കർത്താവേ, അങ്ങേയ്ക്ക് കാഴ്‌ച വെയ്ക്കുന്നു.
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
19. ഞങ്ങൾക്കുവേണ്ടി ബലിയായിത്തീർന്ന യേശുവേ, നന്ദിപൂർവം ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. അങ്ങയുടെ പ്രതിപുരുഷന്മാരായ വൈദികർ, സന്യാസികൾ, തപോധനന്മാർ, കന്യകകൾ മുതലായവരോട് ചെയ്യപ്പെട്ട നിന്ദാ അപമാനങ്ങൾക്ക് പരിഹാരമായി അങ്ങയുടെ ക്ഷമയെയും അങ്ങയുടെ വിശ്വസ്ത ദാസരുടെ ഭക്തിയെയും സ്നേഹത്തെയും അങ്ങേയ്ക്ക് ഞങ്ങൾ കാഴ്‌ച വെയ്ക്കുന്നു.
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
20. മാലാഖമാരുടെ ദിവ്യ അപ്പമായ ഈശോയെ, അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു. അങ്ങ് കല്പിച്ച ഉപവാസം, മിതഭോജനം എന്നീ കല്പനകൾക്ക് വിരോധമായി ഞങ്ങൾ ചെയ്ത ഭോജനപ്രിയം, മദ്യപാനം എന്നിവയ്ക്ക് പരിഹാരമായി അങ്ങേ പരിശുദ്ധ സന്യാസികൾ അനുഷ്ഠിക്കുന്ന ഉപവാസങ്ങളും ത്യാഗ പ്രവർത്തികളും അങ്ങേയ്ക്ക് ഞങ്ങൾ കാഴ്‌ച വെയ്ക്കുന്നു.
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
21. പൂർണനും പരിശുദ്ധനുമായ ഈശോയെ, വിരക്തിക്ക് വിരോധമായി മനുഷ്യർ ചെയ്യുന്ന പാപങ്ങൾക്ക് പരിഹാരമായി സന്യാസികളുടെ വിരക്തിയെയും കന്യകകളുടെ വിശുദ്ധിയേയും വിനയത്തയും അങ്ങേയ്ക്ക് ഞങ്ങൾ കാഴ്‌ച വെയ്ക്കുന്നു.
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ
22. ആത്മസ്നേഹപൂർണനായ ഈശോയെ, വിശുദ്ധ കുർബാന ഉൾകൊള്ളുന്ന സമയത്തു പോലും അനേകരിലുണ്ടാവുന്ന ഭക്തിക്കുറവിനും ഉദാസീനതക്കും പരിഹാരമായി ഭക്തിനിറഞ്ഞ പരിശുദ്ധ കന്യകകളുടെ ജാഗ്രതയും പ്രാർത്ഥനകളും അത്യന്തം സ്നേഹവും അങ്ങേയ്ക്ക് ഞങ്ങൾ കാഴ്‌ച വെയ്ക്കുന്നു.
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ
23. സകല മാലാഖമാരാലും മനുഷ്യരാലും സ്നേഹിക്കപ്പെടുവാൻ യോഗ്യനായ ദിവ്യ ഈശോയെ, അങ്ങേ ഞങ്ങൾ സ്തുതിക്കുന്നു. ദുഷ്ടരും കൊലപാതകികളും അങ്ങയുടെ ദേവാലയത്തിൽ ചെയ്ത എല്ലാ നിന്ദ അപമാനങ്ങൾക്കും പരിഹാരമായി സകല വിശുദ്ധരുടെയും ഭക്തി സ്നേഹാദരവുകളും അങ്ങേ പ്രിയ ശുശ്രൂഷികൾ അനുഭവിച്ച കഷ്ടപ്പാടുകളും സങ്കടങ്ങളും അങ്ങേയ്ക്ക് ഞങ്ങൾ കാഴ്‌ച വെയ്ക്കുന്നു.
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
24. മഹിമപൂർണയായ പരിശുദ്ധ കന്യകാമറിയത്തിൻ്റെ തിരുക്കുമാരനായ ഈശോയെ, അങ്ങേ ഞങ്ങൾ ആരാധിക്കുന്നു. അങ്ങ് വസിക്കുന്ന വിശുദ്ധ കുർബാനയിൽ മനുഷ്യർ ചെയ്യുന്ന എല്ലാ ദ്രോഹങ്ങൾക്കും പരിഹാരം ചെയ്യുന്നതിന് വേണ്ടി അങ്ങ് കഴിഞ്ഞാൽ പാപികളുടെ സങ്കേതവും ശരണവുമായ അങ്ങേ ദിവ്യമാതാവിൻ്റെ സഹായം ഞങ്ങൾ തേടുന്നു. പരലോകത്തിനും ഭൂലോകത്തിനും രാജ്ഞിയും സ്വപുത്രനെ നിരന്തരം ആരാധിക്കുന്നവളുമായ സ്നേഹം നിറഞ്ഞ മാതാവേ, ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്നു. ഞങ്ങളെ നീതിപൂർവം വിധിക്കുന്ന കർത്താവിൻ്റെ പക്കൽ അമ്മ മാധ്യസ്ഥം നിൽക്കണമേ. അമ്മയുടെ പുണ്യഫലങ്ങൾ കൊണ്ട് ഞങ്ങളുടെ കടങ്ങൾ വീടുകയും ഞങ്ങൾക്ക് അസാധ്യമായ ആരാധനാ നമസ്കാരങ്ങൾ ഞങ്ങൾക്ക് വേണ്ടി നിറവേറ്റുകയും ചെയ്യണമെന്ന് ഞങ്ങൾ അങ്ങയോട് അപേക്ഷിക്കുന്നു.
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ