കത്തോലിക്കാ വിശ്വാസികളായ നമ്മെ സംബന്ധിച്ചിടത്തോളം വളരെ പണ്ടേ പ്രാബല്യത്തിലുള്ളതും, വളരെ പ്രധാനപ്പെട്ടതുമായ ഒന്നാണ് വെന്തിങ്ങ, ഉത്തരീയം അല്ലെങ്കിൽ സ്കാപുലർ ധരിക്കുക എന്നത്. ജപമാലയോടൊപ്പം തന്നെ വെന്തിങ്ങയും അണിയുന്ന ഒരു പാരമ്പര്യം നമ്മുടെ വിശ്വാസജീവിതത്തിനുണ്ട്. ആദ്യകുർബ്ബാന സ്വീകരണ സമയത്ത് വൈദീകൻ കുഞ്ഞുങ്ങളുടെ കയ്യിൽ വെന്തിങ്ങ നൽകി അനുഗ്രഹിക്കുന്ന പതിവ് ഇന്നും തുടർന്നു പോരുന്നുണ്ട്. നമ്മുടെ അപ്പനപ്പൂപ്പന്മാരുടെ കാലത്തൊക്കെ ഉത്തരീയഭക്തി എന്നത് വളരെ ശക്തമായിരുന്നു. പ്രാർത്ഥിക്കുമ്പോഴും, പറമ്പിൽ അദ്ധ്വാനിക്കുമ്പോഴും, യാത്ര ചെയ്യുമ്പോഴും ഉത്തരീയം ധരിച്ച് എപ്പോഴും രക്ഷപ്രാപിക്കാൻ ആഗ്രഹിച്ച് ദൈവത്തിന്റെ സംരക്ഷണത്തിൻ കീഴിൽ ജീവിച്ചിരുന്ന ഒരു തലമുറ നമ്മുക്കുണ്ടായിരുന്നു. എന്നാൽ, കാലം ചെല്ലുന്തോറും ഉത്തരീയം, ജപമാല തുടങ്ങിയ ഭക്താഭ്യാസങ്ങളോടുള്ള വിശ്വാസികളുടെ താൽപര്യം കുറഞ്ഞു കുറഞ്ഞ് ഇല്ലാതാകുന്ന ദയനീയമായ കാഴ്ച നാം കാണുന്നുണ്ട്.
എ.ഡി 1251 ജൂലൈ 15-ന് പ്രാർത്ഥിച്ചുകൊണ്ടിരുന്ന കർമലീത്ത വൈദികനായ സൈമൺ സ്റ്റോക്കിന് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട് ‘ഉത്തരീയം’ നൽകി എന്നതാണ് ചരിത്രം. ഈ ഉത്തരീയം വിശ്വാസപൂർവം ധരിക്കുന്നവർ നിത്യനരകാഗ്നിയിൽ വീഴുകയില്ലെന്ന് മാതാവ് അദ്ദേഹത്തിന് വാഗ്ദാനം നൽകുകയും ചെയ്തു. കൂടാതെ ഇത് ഒരു വിശ്വാസിക്ക് രക്ഷയുടെ അടയാളം (ഉറപ്പ്) ആയിരിക്കുമെന്ന് പരിശുദ്ധ അമ്മ അദ്ദേഹത്തിന് പറഞ്ഞുകൊടുത്തു. ഇത് പരിശുദ്ധ അമ്മയുടെ ബാഹ്യവസ്ത്രമാകയാൽ, ഭക്തിയോടെ അതിലേറെ ഉത്സാഹത്തോടെ ഇതു ധരിക്കുവാനും, ഇത് ധരിക്കുമ്പോൾ വിശ്വാസികൾ തന്നെ ഓർക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതായി അമ്മ കരുതുമെന്നും, ഇത് ധരിക്കുന്നവരെ അമ്മ ഓരോ നിമിഷവും ഓർക്കുകയും അവരുടെ കാര്യങ്ങളിൽ ശ്രദ്ധാലുവാകുകയും ചെയ്യുമെന്നും ഉറപ്പ് നൽകി.
തുടർന്ന് 1322-ൽ പരിശുദ്ധ അമ്മ ഇരുപത്തിരണ്ടാമൻ യോഹന്നാൻ മാർപ്പാപ്പയ്ക്ക് കാണപ്പെട്ട്, ഉത്തരീയം ധരിച്ച് മരിക്കുന്നവർക്ക് ഒരു പ്രത്യേക ആനുകൂല്യം കൂടെ നല്കിക്കൊണ്ട് ഇങ്ങനെ അരുളി ചെയ്തു: ”ഉത്തരീയ സഭയുടെ അംഗങ്ങളിൽ ആരെങ്കിലും ഇഹലോക ജീവിതാനന്തരം കാലത്തിനടുത്ത ശിക്ഷയ്ക്ക് വിധേയരായി ശുദ്ധീകരണ സ്ഥലത്ത് അടയ്ക്കപ്പെട്ടാൽ, അത് കഴിഞ്ഞ് വരുന്ന ശനിയാഴ്ച അവരുടെ മാതാവായ ഞാൻ എന്റെ പ്രിയ കുമാരനിൽ നിന്ന് പ്രാപിച്ചിരിക്കുന്ന പ്രത്യേകാനുഗ്രഹം ഉപയോഗിച്ച് ശുദ്ധീകരണ സ്ഥലത്ത് ഇറങ്ങുകയും അവിടെ കാണപ്പെടുന്ന എന്റെ പ്രിയ മക്കളെ അവിടെ നിന്ന് നിത്യജീവനിലേക്ക് നയിക്കുകയും ചെയ്യും” എന്ന്.
ഒരു വേനൽകാലത്തിന്റെ അവസാനത്തിൽ 1845 ൽ, ‘സമുദ്രരാജാവ്’ (King of the Ocean) എന്ന് പേരുള്ള ഒരു ഇംഗ്ലീഷ് കപ്പൽ വലിയ കൊടുങ്കാറ്റിൽ അകപ്പെടുകയും, ഈ കാറ്റ് കപ്പലിനെ വല്ലാതെ ഉലയ്ക്കുകയും അപകടത്തിലാക്കുകയും ചെയ്തപ്പോൾ അതിലുണ്ടായിരുന്ന ഒരു പ്രൊട്ടസ്റ്റന്റ് ശുശ്രൂഷകനും കുടുംബവും കപ്പലിന്റെ മേൽത്തട്ടിൽ കയറി പാപങ്ങൾക്ക് ക്ഷമായാചനം നടത്തി, കരുണയ്ക്കായി പ്രാർത്ഥിക്കുവാനും തുടങ്ങി. സ്ഥിതി വളരെ മോശമായപ്പോൾ കപ്പലിലെ ജോലിക്കാരിൽ ഒരാളായ അയർലൻഡുകാരൻ ജോൺ മക്കോളിഫ് താൻ ധരിച്ചിരുന്ന വെന്തിങ്ങ കഴുത്തിൽനിന്നും ഊരി അതുപയോഗിച്ച് കുരിശ് വരച്ചിട്ട് കടലിലേക്ക് ഇട്ടു. പെട്ടെന്ന് കടൽ ശാന്തമാവുകയും കപ്പലിന്റെ മേൽത്തട്ടിലേക്ക് ഒരു തിര കൂടി മാത്രം അടിക്കുകയും ചെയ്തു. ആ തിരയിൽ കടലിലേക്കിട്ട വെന്തിങ്ങയും ജോണിന്റെ കാൽപാദത്തിങ്കൽതന്നെ തിര കൊണ്ടിട്ടു കൊടുത്തു. ഇതെല്ലാം കണ്ടുകൊണ്ട് കപ്പലിന്റെ മേൽത്തട്ടിൽ തന്നെ നിന്നിരുന്ന ഫിഷർ എന്ന പ്രൊട്ടസ്റ്റന്റ് ശുശ്രൂഷകൻ അത്ഭുതപ്പെട്ട്, മാതാവിനെയും വെന്തിങ്ങയെയും കുറിച്ചുള്ള കാര്യങ്ങൾ എല്ലാം ചോദിച്ച് മനസിലാക്കുകയും കത്തോലിക്കസഭ സ്വീകരിക്കുവാൻ തീരുമാനമെടുക്കുകയും ചെയ്തു.
1917 മെയ് 1 മുതൽ ഒക്ടോബർ 13 വരെ പരിശുദ്ധ അമ്മ പോർച്ചുഗലിലെ ഫാത്തിമയിൽ മൂന്ന് ഇടയ കുഞ്ഞുങ്ങൾക്ക് ഏഴു തവണ പ്രത്യക്ഷപ്പെട്ടതായി നമ്മുക്കറിയാം. അവസാനമായി പ്രത്യക്ഷപ്പെട്ടപ്പോൾ, പരിശൂദ്ധ അമ്മ ചരടുകളാൽ ബന്ധിപ്പിച്ചിരിക്കുന്ന തവിട്ടു നിറത്തിലുള്ള കമ്പിളി തുണിയുടെ രണ്ട് ചതുരങ്ങൾ കൈവശം വച്ചിരുന്നതായി. അതായത്, കർമ്മല ഉത്തരീയം കയ്യിൽ പിടിച്ചിരുന്നതായി അവർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പിന്നീട്, 1950 ഓഗസ്റ്റിൽ ഒരു കർമ്മലീത്താ കന്യാസ്ത്രീയായി മാറിയ ആ മൂന്നുപേരിൽ ഒരുവളായ സിസ്റ്റർ ലൂസിയ ഇപ്രകാരം വിശദീകരിച്ചു: “എല്ലാവരും കർമ്മലീയ ഉത്തരീയം ധരിക്കണമെന്ന് പരിശുദ്ധ അമ്മ ആഗ്രഹിക്കുന്നു” എന്ന്.
1981-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ നേരെയുണ്ടായ വധശ്രമത്തിൽ, വെടിയേറ്റതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ തന്റെ ശരീരത്തിൽനിന്നും വെന്തിങ്ങാ ഊരി മാറ്റരുതെന്നും അതു തന്റെ രക്ഷാകവചമാണെന്നും അദ്ദേഹം നിർദേശം നൽകിയിരുന്നതായി പറയപ്പെടുന്നു. ഗ്രിഗറി പത്താമൻ മാർപാപ്പ മരിച്ചപ്പോൾ ഉത്തരീയം ധരിച്ചിരുന്നുവെന്നും അറുന്നൂറു വർഷങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ ശവകുടീരം തുറന്നപ്പോൾ ഉത്തരീയം കേടുപറ്റാത്ത അവസ്ഥയിൽ കാണപ്പെട്ടതായി പറയുന്നു അത് ഇറ്റലിയിലെ ഒരു മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നുവെന്നും സാക്ഷ്യപ്പെടുത്തുന്നു.
ഈആധുനിക കാലത്ത് വെന്തിങ്ങ ധരിക്കുന്നവർ വിരളമാണ്. അതിൽ വിശ്വസിക്കുന്നവരും വളരെ ചുരുക്കം. നമ്മുടെ പൂർവ്വികർ കാലങ്ങളായി നമുക്കു കൈമാറിത്തന്ന വലിയ അനുഗ്രഹമായ ഈ വെന്തിങ്ങ വിശ്വാസപൂർവ്വം ധരിക്കുന്നതുവഴി അന്ധകാരശക്തികളിൽനിന്നും അപകടങ്ങളിൽനിന്നും നമുക്ക് സംരക്ഷണം ലഭിക്കുന്നു എന്ന കാര്യം ഹൃദയത്തിൽ സൂക്ഷിക്കുക. ജീവിതയാത്രയിൽ അന്ധകാരശക്തികൾക്കെതിരെ പട പൊരുതുവാൻ സ്വർഗം നൽകിയിരിക്കുന്ന ആയുധങ്ങളാണ് ഇവയെന്ന് മറക്കാതിരിക്കുക. ഇനി വരാൻ പോകുന്ന അപകടം നിറഞ്ഞ കാലഘട്ടങ്ങളിൽ ദൈവമക്കൾക്ക് സ്വർഗീയ സംരക്ഷണം ലഭിക്കുന്നതിന് വേണ്ടി എപ്പോഴും വെന്തിങ്ങ ധരിക്കുന്നത് നന്നായിരിക്കുമെന്ന് ഓർക്കുക. അതുമൂലം മരണസമയത്ത് ആത്മാവിന് ആവശ്യമായ കൃപകൾ ലഭിക്കുന്നതിനാൽ എല്ലാവരും അഭിമാനപൂർവം ഇപ്പോഴേ വെന്തിങ്ങ ധരിക്കാൻ ആരംഭിക്കുക. മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ വെന്തിങ്ങ ധരിപ്പിക്കുന്നതിലും മക്കളെ പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിനു ഭരമേല്പിക്കുന്നതിലും പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കാരണം വിശ്വാസജീവിതത്തിന് ഭീഷണിയായിരിക്കുന്ന ഇന്നത്തെ ലോകത്തിൽ നമ്മുടെ കുട്ടികൾ തീരെ സുരക്ഷിതരല്ല എന്ന യാഥാർത്ഥ്യം തിരിച്ചറിയുക. ഈ തലമുറയ്ക്ക് ഉത്തരീയ ഭക്തി പകർന്നു കൊടുക്കുക വഴി ഒരു തലമുറയെ തന്നെ പരിശുദ്ധ അമ്മയ്ക്കു ഭരമേൽപിക്കുകയാണെന്ന തിരിച്ചറിവിലേക്കു നമുക്കു കടന്നുവരാം.
നമ്മുക്കും വിശ്വാസത്തോടെ കർമ്മല ഉത്തരീയം ധരിക്കാം. ഉത്തരീയ ഭക്തി പ്രചരിപ്പിക്കാം. പൂർണ്ണമായും നമ്മുടെ ജീവിതങ്ങളെ പരിശുദ്ധ അമ്മയുടെ കരങ്ങളിൽ ഭരമേൽപിക്കാം. നമ്മുടെ ജീവിതത്തിലെ എല്ലാ സമയത്തും പ്രത്യേകിച്ച് മരണ സമയത്തും പരിശുദ്ധ അമ്മയുടെ സഹായം പൂർണ്ണമായും ഉണ്ടാകാൻ അമ്മയുടെ മാദ്ധ്യസ്ഥ്യം നമുക്കു യാചിക്കാം. പരിശുദ്ധ കർമ്മല മാതാവ് നമ്മെ തന്റെ കാപ്പയിൻ കീഴെ സംരക്ഷിക്കട്ടെ.