സാധാരണ നാം ചൊല്ലുന്ന ജപമാല തന്നെയാണ് അജാ തശിശുക്കളുടെ ജപമാലയിലും ചെയ്യേണ്ടത്. എന്നാൽ ഓരോ രഹസ്യത്തിനു ശേഷവും സാധാരണ പോലെ “ഓ എന്റെ ഈശോയെ, എന്റെ പാപങ്ങൾ ക്ഷമിക്കണമെ’! എന്ന പ്രാർത്ഥന ചൊല്ലിയതിനു ശേഷം, “ഈശോയെ, എല്ലാ അജാ തശിശുക്കൾക്കും സംരക്ഷണവും രക്ഷയും നല്കണമേ” എന്നു കൂടി പ്രാർത്ഥിക്കണം.
പരിശുദ്ധ അമ്മയുടെ ആവശ്യപ്രകാരം ത്രിത്വസ്തുതി ചൊല്ലുമ്പോൾ, “പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എല്ലാ സ്തുതിയും.” എന്നു വേണം.
ജപമാല ആരംഭിക്കുന്നതിനു മുൻപായി (i) മാനസാന്തരത്തിനായുള്ള പ്രാർത്ഥനയും (ii) ഗർഭഛിദ്രത്തിനെതിരായുള്ള പ്രാർത്ഥനയും (താഴെ കാണുക) ചൊല്ലുക.
അജാതശിശുക്കളുടെ ജപമാല
(1) ജപമാല ഉയിർത്തിപ്പിടിച്ചു കൊണ്ട് ഇങ്ങനെ പ്രാർത്ഥിക്കുക: “സ്വർലോക രാജ്ഞീ, ഈ ജപമാലയാൽ ഞങ്ങൾ എല്ലാ പാപികളെയും എല്ലാ രാഷ്ട്രങ്ങളെയും അങ്ങേ വിമല ഹൃദയത്തോടു ചേർത്തു ബന്ധിക്കുന്നു.”
2) അതിനു ശേഷം കുരിശുവരയ്ക്കുക;
പിതാവിനും പുത്രനും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമ്മേൻ.
3) മാനസാന്തരത്തിനു വേണ്ടിയുള്ള പ്രാർത്ഥന
സ്വർഗ്ഗീയ പിതാവേ, ലോകത്തിലെ ഈ വിഷമഘട്ടത്തിൽ, എല്ലാ ആത്മാക്കളും അങ്ങയുടെ ദിവ്യഹിതത്തിൽ സമാധാനവും രക്ഷയും കണ്ടെത്തട്ടെ. ഓരോ നിമിഷത്തിലും അങ്ങയുടെ ഹിതം പരിശുദ്ധ സ്നേഹമാണെന്ന് മനസ്സിലാക്കുവാനുള്ള കൃപ ഓരോ ആത്മാവിനും നല്കണമെ.
ദയാലുവായ പിതാവേ, അങ്ങയുടെ തിരുഹിതത്തിനെതിരായുള്ള വഴികളിലൂടെ ജീവിതം നയിക്കുന്നത് തിരിച്ചറിയുവാൻ, ഓരോ മനസ്സാക്ഷിയെയും അങ്ങ് പ്രകാശിപ്പിക്കണമെ. ലോകത്തിനു മാനസാന്തരപ്പെടുവാനുള കൃപയും അതിനുള്ള സമയവും അനുവദിക്കണമെ. ആമ്മേൻ
4) ഗർഭഛിദ്രത്തിനെതിരായുള്ള പ്രാർത്ഥന
ദിവ്യ ഉണ്ണീശോയെ, ഗർഭഛിദ്രമെന്ന പാപം ചെയ്യുവാനുള്ള ആഗ്രഹം മനുഷ്യഹൃദയങ്ങളിൽ നിന്നും നീക്കിക്കളയണമെന്ന്, ഈ ജപമാല പ്രാർത്ഥിക്കുമ്പോൾ അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. ലൈംഗിക അരാജകത്വം സ്വാതന്ത്യമാണെന്ന സാത്താന്റെ വഞ്ചനയുടെ മൂടുപടം ഹൃദയത്തിൽ നിന്നും നീക്കിക്കളയണമേ. അത് പാപത്തിന്റെ അടിമത്തമാണെന്ന യാഥാർത്ഥ്യം വെളിപ്പെടുത്തുകയും ചെയ്യണമെ.
ഗർഭധാരണ സമയത്തു തന്നെ ജീവനോടുള്ള നവീകരിച്ച ആദരവ് മനുഷ്യഹൃദയങ്ങളിൽ പ്രതിഷ്ഠിക്കുകയും ചെയ്യണമെ. ആമ്മേൻ
5) വിശ്വാസപ്രമാണം…..
സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ ..(പരിശുദ്ധ പിതാവിന്റെ നിയോഗത്തിന്)
6) മൂന്ന് നന്മനിറഞ്ഞ … (വിശ്വാസം ശരണം, ഉപവി എന്നിവയ്ക്കായി)
1 ത്രിത്വ സ്തുതി
7) ജപമാല രഹസ്യങ്ങൾ..
സന്തോഷത്തിന്റെ രഹസ്യങ്ങൾ – തിങ്കൾ ശനി
പ്രകാശത്തിന്റെ രഹസ്യങ്ങൾ – വ്യാഴം
ദുഃഖത്തിന്റെ രഹസ്യങ്ങൾ – ചൊവ്വ/വെള്ളി
മഹിമയുടെ രഹസ്യങ്ങൾ – ബുധൻ ഞായർ
8) ഓരോ രഹസ്യത്തിനു ശേഷവും ചെല്ലേണ്ടത്.
i) ഓ, എന്റെ ഈശോയെ, എന്റെ പാപങ്ങൾ ക്ഷമിക്കണമേ. നരകാഗ്നിയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ, എല്ലാ ആത്മാക്കളെയും പ്രത്യേകിച്ച് അങ്ങേ സഹായം കൂടുതലായി ആവശ്യമുള്ളവരെയും സ്വർഗ്ഗത്തിലേക്ക് ആനയിക്കണമെ.
ii) ഈശോയെ, എല്ലാ അജാതശിശുക്കൾക്കും സംരക്ഷണവും രക്ഷയും നല്കണമെ.
iii) പരി. അമ്മയുടെ ആവശ്യപ്രകാരം ത്രിത്വസ്തുതി ചൊല്ലുമ്പോൾ “പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എല്ലാ സ്തുതിയും’ എന്നു വേണം)
9) സമാപന പ്രാർത്ഥന
വിശ്വാസ സംരക്ഷകയായ മാതാവേ, ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെ. ഈശോയുടെയും മാതാവിന്റെയും ഐക്യഹൃദയങ്ങൾ വിജയം വരിക്കുകയും ഭരണം നടത്തുകയും ചെയ്യട്ടെ.
ജപമാല സമർപ്പണം …..
പരിശുദ്ധ രാജ്ഞീ …..
I, ജപമാല രഹസ്യങ്ങൾ
സന്തോഷത്തിന്റെ രഹസ്യങ്ങൾ
1. മംഗലവാർത്ത
ഗ്രബ്രിയേൽ മാലാഖയുടെ അഭിവാദ്യം കേട്ടപ്പോൾ മാതാവ് പരിഭ്രമിച്ചു. എങ്കിലും, ദൈവേഷ്ടം നിറവേറ്റുന്നതിൽ അവിടുന്ന് ആനന്ദിച്ചു. ഗർഭധാരണത്തിൽ അസ്വസ്ഥരാകുന്നവർക്കു വേണ്ടി നമുക്കു പ്രാർത്ഥിക്കാം. ദൈവഹിതത്തിലാശ്രയിക്കുവാനുള്ള കൃപ അവർക്കു ലഭിക്കട്ടെ.
2. മറിയം എലിസബത്തിനെ സന്ദർശിക്കുന്നു.
സ്നാപകയോഹന്നാൻ, മാതാവിന്റെ അഭിവാദ്യം കേട്ടപ്പോൾ എലിസബത്തിന്റെ ഉദരത്തിൽ കുതിച്ചുചാടി. ഗർഭചിദ്രം വഴി കൊല ചെയ്യപ്പെടുന്നത് ഭൂമിയിൽ പിറക്കുവാനിരിക്കുന്ന കുഞ്ഞുങ്ങളല്ല എന്നും, അവർ അമ്മയുടെ ഉദരത്തിൽ ജീവിക്കുന്നവരും വളരുന്നവരുമായി, ഈ ഭൂമിയിൽ തന്നെയുള്ളവരാണെന്ന് എല്ലാവരും തിരിച്ചറിയേണ്ടതിന് നമുക്കു പ്രാർത്ഥിക്കാം.
3. യേശുവിന്റെ തിരുപ്പിറവി
ദൈവം ഒരു പൈതലായി പിറന്നു. ഒരു വ്യക്തിയുടെ വലിപ്പം അയാളുടെ ആകാരത്തിലല്ല, എന്തെന്നാൽ നവജാതനായ രാജാവ് തീരെ ചെറുതായിരുന്നു. കൊച്ചുകുഞ്ഞുങ്ങളെ വ്യക്തികളായി കാണാത്ത യുക്തിഹീനമായ മുൻവിധി അവസാനിക്കുവാനായി നമുക്കു പ്രാർത്ഥിക്കാം.
4, യേശുവിനെ ദൈവാലയത്തിൽ സമർപ്പിക്കുന്നു.
ഉണ്ണീശോയെ ദൈവാലയത്തിൽ സമർപ്പിച്ചത് അവിടുന്ന് ദൈവത്തിന്റേതായതിനാൽ ആണല്ലോ. കുഞ്ഞുങ്ങൾ മാതാപിതാക്കളുടെയോ രാജ്യത്തിന്റെയോ മാത്രം സമ്പത്തല്ല. അവരും നമ്മളും ദൈവത്തിന്റെ സ്വന്തമാണെന്ന അറിവിലേയ്ക്കു വളരുവാനായി നമുക്കു പ്രാർത്ഥിക്കാം.
5. യേശുവിനെ ദൈവാലയത്തിൽ കണ്ടെത്തുന്നു.
ബാലനായ യേശു ജ്ഞാനത്താൽ നിറഞ്ഞവനായിരുന്നു, എന്തെന്നാൽ അവൻ ദൈവമത്രെ. ദൈവമഹത്വത്തെക്കുറിച്ചുള്ള അവിടുത്തെ പ്രബോധനങ്ങളെ വെറും അഭിപ്രായമായി കാണാതെ, അതിലെ ജ്ഞാനവും സത്യവും ദർശിക്കുവാൻ മനുഷ്യർക്കു കഴിയട്ടെ എന്ന് നമുക്കു പ്രാർത്ഥിക്കാം.
II. പ്രകാശത്തിന്റെ രഹസ്യങ്ങൾ
1, യേശുവിന്റെ ജ്ഞാനസ്നാനം
ഈശോ ജ്ഞാനസ്നാനം സ്വീകരിച്ചപ്പോൾ പിതാവിന്റെ സ്വരം മുഴുങ്ങിക്കേട്ടു, “ഇവനെന്റെ പ്രിയ പുത്രനാണ്.”എല്ലാ മനുഷ്യരും ദൈവത്തിന്റെ ദത്തുപുത്രന്മാരും പുത്രിമാരും ആകുവാനായി വിളിക്കപ്പെട്ടവരാണ്. അമ്മയുടെ ഗർഭപാത്രത്തിലായിരിക്കുന്ന കുഞ്ഞുങ്ങൾക്കു വേണ്ടി നമുക്കു പ്രാർത്ഥിക്കാം. അവരും ക്രിസ്തുവിന്റെതാകുവാൻ വിളിക്കപ്പെട്ടവരാണല്ലോ.
2. കാനായിലെ കല്യാണം
കാനായിലെ അത്ഭുതത്തോടെ ഈശോ തന്റെ മഹത്വം വെളിപ്പെടുത്തി. നവദമ്പതികൾ പുതുവീഞ്ഞു കൊണ്ടു മാത്രമല്ല, യേശുവിലുള്ള വിശ്വാസംകൊണ്ടും അനുഗ്രഹിക്കപ്പെട്ടു. കർത്താവിൽ വേരൂന്നിയ, ഉറപ്പുള്ള വിവാഹബന്ധങ്ങളുണ്ടാകുവാനായി നമുക്കു പ്രാർത്ഥിക്കാം. ദാനമായിക്കിട്ടിയ പുതുജീവിതത്തിലേയ്ക്ക്, വിശ്വാസത്തിന്റെ തുറവിയോടെ അവർ പ്രവേശിക്കട്ടെ.
3. ദൈവരാജ്യ പ്രഘോഷണം
“മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിക്കുവിൻ” എന്ന യേശുവിന്റെ പരസ്യശുശ്രൂഷയിലെ ആദ്യവചനങ്ങൾ ഭ്രൂണഹത്യ എന്ന തിന്മ പ്രവർത്തിച്ചിട്ടുള്ളവർ കേൾക്കട്ടെ. മാനസാന്തരത്തിലേയ്ക്കാണ് യേശു അവരെ വിളിയ്ക്കുന്നതെന്ന് അവർ അറിയേണ്ടതിനായി നമുക്കു പ്രാർത്ഥിക്കാം. അതിലൂടെ ഇവർ പുതിയ ജീവിതത്തിന്റെ അനുഭവത്തിലേയ്ക്കു പ്രവേശിക്കട്ടെ.
4. യേശുവിന്റെ താബോറിലെ രൂപാന്തരീകരണം
താബോർ മലയിൽ വച്ച് യേശു രൂപാന്തരപ്പെട്ടപ്പോൾ, ശിഷ്യന്മാർ അവിടുത്തെ മഹത്വം ദർശിച്ചു. സകലജനങ്ങളുടെയും നയനങ്ങൾ രൂപാന്തരപ്പെട്ട് അവർ എല്ലാ മനുഷ്യജന്മങ്ങളിലും ദൈവമഹത്ത്വത്തിന്റെ പ്രതിഫലനം കാണുവാനിയടാകട്ടെ എന്ന് നമുക്കു പ്രാർത്ഥിക്കാം.
5. ദിവ്യ കാരുണ്യ സ്ഥാപനം
“ഇതു നിങ്ങൾക്കായ് അർപ്പിക്കുന്ന എന്റെ ശരീരമാകുന്നു.” എങ്ങനെ ജീവിക്കണം, എങ്ങനെ സ്നേഹിക്കണം എന്നു ദിവ്യകാരുണ്യം നമ്മെ പഠിപ്പിക്കുന്നുണ്ട്. സ്വന്തം സുഖസൗകര്യങ്ങൾക്കു വേണ്ടി മക്കളെ നശിപ്പിക്കുന്ന മാതാപിതാക്കൾ, മക്കൾക്കു വേണ്ടി, ബലിയുടെ ഒരു ജീവിതം തന്നെ ദൈവത്തിനർപ്പിക്കുന്നവരാകട്ടെ എന്നു നമുക്കു പ്രാർത്ഥിക്കാം.
III, ദുഃഖകരമായ രഹസ്യങ്ങൾ
1. ഗത്സമെനിലെ പീഢാസഹനം
ഒരു കുഞ്ഞിനെ ഗർഭാവസ്ഥയിൽത്തന്നെ നശിപ്പിക്കുവാൻ പ്രലോഭിതരായി മനസ്സ് നീറിക്കഴിയുന്ന മാതാപിതാക്കൾക്കു വേണ്ടി നമുക്കു പ്രാർത്ഥിക്കാം. അവരെ നമുക്കു സഹായിക്കാം. ജീവനുവേണ്ടി നമുക്ക് നിലകൊള്ളാം.
2. ഈശോ ചമ്മട്ടിയടിയേൽക്കുന്നു.
യേശുവിനെ ചാട്ടവാറുകൊണ്ടടിച്ചവരുടെ ദണ്ഡന ഉപകരണങ്ങളാൽ അവന്റെ മാംസം ചിതറിയതുപോലെ, ഭ്രൂണഹത്യ നടപ്പിലാക്കുന്നവരുടെ ഉപകരണങ്ങളാൽ അമ്മയുടെ ഉദരത്തിലെ കുഞ്ഞുങ്ങൾ ചിതറപ്പെടുകയാണല്ലോ. ഗർഭഛിദ്രം നടപ്പിലാക്കുന്നവർ ഈ ശിശുഹത്യയെ പ്രതി അനുതപിക്കുവാനിടയാകട്ടെ എന്നു നമുക്കു പ്രാർത്ഥിക്കാം.
3. ഈശോയുടെ തിരുശിരസ്സിൽ മുൾക്കിരീടം ധരിപ്പിക്കുന്നു.
മുൾക്കീരിടം ഉളവാക്കിയ വേദന ഈശോ നിശബ്ദമായി സഹിച്ചു. ഭ്രൂണഹത്യ, ” അത്രവലിയ കാര്യമൊന്നുമല്ല’ എന്ന് ലോകം, അതു ചെയ്ത മാതാപിതാക്കളോടു പറയുന്നുണ്ടെങ്കിലും, തിരുത്താനാവാത്ത ഈ തെറ്റിനെ ഓർത്ത് പലപ്പോഴും അവർ നിശബ്ദമായി കരയുകയാണ്. ഇത്തരത്തിൽ വിഷമിക്കുന്ന മാതാപിതാക്കൾക്കുവേണ്ടി നമുക്കു പ്രാർത്ഥിക്കാം.
4. ഈശോ കുരിശ് വഹിക്കുന്നു.
ദുഷ്ടന്മാർ ശക്തരായതു കൊണ്ടല്ല, നല്ല മനുഷ്യർ നിശബ്ദരായി നിന്നതു കൊണ്ടാണ് ഈശോ മരണത്തിനു വിധിക്കപ്പെട്ടത്. മൗനം പലപ്പോഴും പീഡിതനെയല്ല മർദ്ദനമേല്പ്പിക്കുന്നവരെയാണ് സഹായിക്കുന്നത്. തിന്മക്കെതിരെ നിശബ്ദത പാലിക്കുന്നതു തെറ്റാണെന്നറിഞ്ഞ്, ഭ്രൂണഹത്യക്കെതിരെ നാവു ചലിപ്പിക്കുവാനും, നിഷ്കളങ്കരായ പൈതങ്ങളെ മരണത്തിൽ നിന്നു രക്ഷിക്കുവാനും നമ്മൾ ശക്തരാകേണ്ടതിനായി പ്രാർത്ഥിക്കാം.
5. ഈശോയുടെ കുരിശുമരണം.
ഈശോയുടെ കുരിശുമരണത്തെപ്പറ്റി ധ്യാനിക്കുമ്പോൾ “സുരക്ഷിതവും നിയമപരവും’ എന്നു പറയപ്പെടന്ന ഭ്രൂണഹത്യ നടക്കുന്നതിനിടയിൽ മരിച്ചുപോയ അമ്മമാരെ നമുക്കോർമ്മിക്കാം. അവരെപ്രതി നമുക്കു ദൈവത്തോട് മാപ്പും ‘കരുണയും അപേക്ഷിക്കാം.
IV. മഹിമയുടെ രഹസ്യങ്ങൾ
1. യേശുവിന്റെ ഉത്ഥാനം
ക്രിസ്തു ഉയിർത്തെഴുന്നേറ്റു! പുനരുത്ഥാനം വഴി യേശു മരണത്തിന്റെ മേൽ വിജയം വരിച്ചു. അതുകൊണ്ടു തന്നെ ഭ്രൂണഹത്യയുടെ ശക്തിയും തകർക്കപ്പെട്ടു. ജീവനുവേണ്ടിയുള്ള പോരാട്ടത്തിന്റെ അന്തിമവിധി നിശ്ചയിക്കപ്പെട്ടു കഴിഞ്ഞു. വിജയം ജീവന്റേതാണ്. ജീവനുവേണ്ടി പ്രവർത്തിക്കുന്ന എല്ലാവരും, ജീവന്റെ ഈ വിജയസന്ദേശം സമൂഹത്തിന്റെ എല്ലാ വിഭാഗത്തിൽപ്പെട്ടവരെയും അറിയിക്കുവാൻ കൃപയുള്ളവരായിത്തീരട്ടെ എന്നു നമുക്കു പ്രാർത്ഥിക്കാം.
2. യേശുവിന്റെ സ്വർഗ്ഗാരോഹണം
പിതാവിന്റെ സിംഹാസനത്തിലേക്ക് ഉത്ഥിതനായ ക്രിസ്തു, മാതൃഗർഭത്തിലടെ നമുക്കു ലഭിച്ച മാനുഷിക പദവിയെ, ദൈവികപദവിലേയ്ക്ക് ഉയർത്തി. മനുഷ്യൻ കുപ്പയിൽ എറിയപ്പെടാനുള്ളവനല്ലെന്നും സ്വർഗ്ഗത്തിലേയ്ക്കുയർത്തപ്പെടേണ്ടവനാണെന്നും അവിടുന്ന് കാണിച്ചുവല്ലോ. സത്യം മനസ്സിലാക്കി, ലോകം ഭ്രൂണഹത്യ ഒഴിവാക്കണമെന്ന് നമുക്കു പ്രാർത്ഥിക്കാം.
3. പരിശുദ്ധാത്മാവിന്റെ ആഗമനം
പരിശുദ്ധാത്മാവ് അഭിഭാഷകനത്രെ ! സ്വയം രക്ഷയ്ക്കു കഴിവില്ലാത്ത നമുക്കുവേണ്ടി പൊരുതുന്നതും കരുതുന്നതും പരിശുദ്ധാത്മാവാണ്. സംസാരിക്കുവാനോ എതിർക്കുവാനോ സ്വയമൊരു നിലപാടു സ്വീകരിക്കുവാനോ പ്രാർത്ഥിക്കുവാനോപോലും കഴിവില്ലാത്ത ശിശുക്കൾക്കു വേണ്ടി വാദിക്കുവാനും നിലകൊള്ളുവാനും ആത്മാവ് നമ്മെ സഹായിക്കട്ടെ.
4. മാതാവിന്റെ സ്വർഗ്ഗാരോപണം
പരിശുദ്ധ കന്യകാമറിയം ദൈവത്തിന്റെ അമ്മയാകയാൽ ആത്മാവോടും ശരീരത്തോടും കൂടെ സ്വർഗ്ഗത്തിലേയ്ക്കു എടുക്കപ്പെട്ടു. അമ്മയും കുഞ്ഞും ഐക്യപ്പെട്ടിരിക്കുന്നു. അവർ ഒരുമിച്ച് ആയിരിക്കേണ്ടവരുമാണല്ലോ. അതിനായി നമുക്കു പ്രാർത്ഥിക്കാം.
5 മാതാവിന്റെ കിരീടധാരണം
മറിയം പ്രപഞ്ചത്തിന്റെ രാജ്ഞിയാണ്! ദൈവം കഴിഞ്ഞാൽ ഏറ്റവും വലിയ വ്യക്തി മറിയമാണെന്നാണ് സഭ പഠിപ്പിക്കുന്നത്. സ്ത്രീയുടെ കുലീനതയെ സഭ ബഹുമാനിക്കുന്നു. സ്ത്രീ ജീവന്റെ അമ്മയാണ്. മാതൃത്വം സംരക്ഷിക്കപ്പെടുവാനായി നമുക്കു പ്രാർത്ഥിക്കാം.