ഏലിയാ പ്രവാചകൻ തപസ്സനുഷ്ഠിക്കുകയും ബാലിൻറെ പ്രവാചകരെ തോൽപിച്ച് ഇസ്രായേലിൽ സത്യദൈവവിശ്വാസം തിരികെക്കൊണ്ടുവരികയും ചെയ്ത സ്ഥലമാണു കാർമ്മൽ മല. ആദിമനൂറ്റാണ്ടുകൾ മുതൽ തന്നെ ക്രൈസ്തവ സന്യാസികൾ ഏകാന്തതയിൽ പ്രാർത്ഥനാജീവിതം നയിക്കാനായി കാർമ്മൽ മലയിൽ എത്തിയിരുന്നു. ഇന്നത്തെ ഇസ്രായേലിൽ ഹൈഫ പട്ടണത്തിനു സമീപമായി മെഡിറ്ററേനിയൻ കടലിനു അഭിമുഖമായി സ്ഥിതിചെയ്യുന്ന കാർമ്മൽ മല ഇന്നും കർമ്മലീത്താ സന്യാസിമാരുടെ ഒരു പ്രധാന കേന്ദ്രമാണ്. മാതാവിനെ സമുദ്രതാരമായി ( Stella Maris) ചിത്രീകരിച്ചുകൊണ്ടുള്ള ഒരു തിരുസ്വരൂപവും ഇവിടെയുണ്ട്.
1251 ൽ സൈമൺ സ്റ്റോക്ക് എന്ന കർമ്മലീത്താസന്യാസിയ്ക്ക് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെടുകയും ഉത്തരീയം ( വെന്തിങ്ങ – Brown Scapular) നൽകുകയും ചെയ്തു. വെന്തിങ്ങ പതിവായി ധരിക്കുകയും മാതാവിൻറെ സംരക്ഷണം തേടുകയും ചെയ്യുന്നവർ ഒരിക്കലും നിത്യനാശമടയുകയില്ല എന്നത് നൂറ്റാണ്ടുകളായുള്ള നമ്മുടെ വിശ്വാസമാണ്. അതുപോലെ തന്നെ മരണത്തിനു ശേഷമുള്ള ആദ്യത്തെ ശനിയാഴ്ച മാതാവിൻറെ പ്രത്യേക മധ്യസ്ഥത്തിലൂടെ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾ മോചിക്കപ്പെടും എന്ന വിശാസവും (Sabbatine Privilege) കർമ്മലമാതാവിനോടുള്ള ഭക്തിയുമായി ബന്ധപ്പെട്ടു സഭയിൽ നിലനിന്നിരുന്നു.
ഉത്തരീയം ( വെന്തിങ്ങ) കർമ്മലമാതാവിൻറെ സംരക്ഷണത്തിൻറെ അടയാളമാണ്. അമ്മയുടെ സവിശേഷമാം വിധം തെരഞ്ഞെടുക്കപ്പെട്ട മക്കളുടെ സമൂഹത്തിൽ നാമും അംഗങ്ങളാണെന്നതിൻറെ അടയാളവുമാണത്. അതോടൊപ്പം തന്നെ ഉത്തരീയം ഒരു പ്രതിജ്ഞയുമാണ്. അമ്മ ആഗ്രഹിക്കുന്നതുപോലെ ജീവിച്ചുകൊള്ളാം എന്നും നമ്മെത്തന്നെ അമ്മയ്ക്ക് എന്നേയ്ക്കുമായി പ്രതിഷ്ഠിച്ചുകൊള്ളാം എന്നുമുള്ള പ്രതിജ്ഞയുടെ അടയാളം.
ഉത്തരീയം ധരിക്കുന്നവരിൽ നിന്ന് മാതാവ് ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും അമ്മയുടെ ജീവിതത്തിൽ വിളങ്ങിയിരുന്ന പുണ്യങ്ങൾ അനുകരിച്ചുകൊണ്ടുള്ള ഒരു വിശുദ്ധജീവിതമാണ്. എളിമയും ശുദ്ധതയും നിരന്തര പ്രാർത്ഥനയും ആണ് അമ്മയിൽ നിന്നു നാം പഠിക്കേണ്ട പാഠങ്ങൾ. 1917 ൽ ഫാത്തിമയിലും അതിനും അര നൂറ്റാണ്ടിനുശേഷം ഗരബന്ദാളിലും പ്രത്യക്ഷപ്പെട്ടപ്പോൾ ‘അമ്മ തന്നെത്തന്നെ കർമ്മലമാതാവെന്നു പരിചയപ്പെടുത്തിയിരുന്നു.
അനേകം വിശുദ്ധർ കർമ്മലമാതാവിൻറെ ഭക്തരായിരുന്നു. അവരിൽ വിശുദ്ധ അൽഫോൻസ് ലിഗോരിയുടെയും വിശുദ്ധ ഡോൺ ബോസ്‌കോയുടെയും പേരുകൾ പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. ഈ വിശുദ്ധരുടെ മരണത്തിന് അനേക വർഷങ്ങൾക്കുശേഷം അവരുടെ കല്ലറകൾ തുറന്നുനോക്കിയപ്പോൾ അവർ അണിഞ്ഞിരുന്ന വെന്തിങ്ങകൾക്കു യാതൊരു കേടുപാടുകളും ഇല്ലായിരുന്നു
ഇറ്റലിയിലെ പാൽമി ( Palmi) എന്ന നഗരത്തിൽ കർമ്മലമാതാവിൻറെ ഒരു തിരുസ്വരൂപം ഉണ്ടായിരുന്നു. 1894ൽ തുടർച്ചയായി പതിനേഴുദിവസത്തോളം ആ രൂപത്തിൽ അസാധാരണമായ ചില പ്രത്യേകതകൾ ദൃശ്യമായതിനെത്തുടർന്ന് അവിടുത്തെ ജനങ്ങൾ കൂടുതലായി പ്രാർത്ഥിക്കുകയും നവംബർ പതിനാറാം തിയതി വൈകുന്നേരം കർമ്മലമാതാവിൻറെ തിരുസ്വരൂപം വഹിച്ചുകൊണ്ട് നഗരം ചുറ്റിയുള്ള പ്രദക്ഷിണം ആരംഭിക്കുകയും ചെയ്തു. പ്രദക്ഷിണം അവസാനിക്കാറായപ്പോൾ അതിശക്തമായ ഒരു ഭൂകമ്പം പാൽമിയെ പിടിച്ചുകുലുക്കി. അതിൻറെ ആഘാതത്തിൽ പതിനയ്യായിരത്തോളം ജനങ്ങൾ വസിച്ചിരുന്ന ആ പട്ടണം തകർന്നടിഞ്ഞെങ്കിലും മരണമടഞ്ഞവരുടെ എണ്ണം വെറും ഒൻപതായിരുന്നു. കാരണം നഗരത്തിലെ ജനങ്ങൾ എല്ലാവരും തന്നെ പ്രദക്ഷിണത്തിൽ പങ്കെടുക്കുകയോ അത് വീക്ഷിക്കാനായി തെരുവീഥികളിൽ കാത്തുനിൽക്കുകയോ ചെയ്യുകയായിരുന്നു.
ദുരന്തങ്ങളുടെ മുൻപിൽ പകച്ചുനിൽക്കുന്ന ഈ ലോകത്തിനു വേണ്ടി പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിൽ ആശ്രയം അർപ്പിച്ചുകൊണ്ട് നമുക്കു പ്രാർത്ഥിക്കാം. കർമ്മലമാതാവിനോടുള്ള രണ്ടു പ്രാർത്ഥനകൾ താഴെക്കൊടുക്കുന്നു. രണ്ടാമത്തെ പ്രാർത്ഥന വിശുദ്ധ സൈമൺ സ്റ്റോക്ക് രചിച്ചതും അദ്ദേഹം സ്ഥിരമായി ചൊല്ലിയിരുന്നതുമാണ്.
പരിശുദ്ധ കർമ്മല മാതാവിനോടുള്ള പ്രാർത്ഥനകൾ
(1)
ഓ എത്രയും പരിശുദ്ധയായ കർമ്മല മാതാവേ, അങ്ങേയ്ക്കു പ്രിയങ്കരമായ ഉത്തരീയം ധരിച്ചിരിക്കുന്നവരെ സവിശേഷമായ കാരുണ്യത്തോടെ വീക്ഷിക്കുന്ന അങ്ങയുടെ ദയാദൃഷ്ടി എൻറെ മേലും പതിപ്പിക്കണമേ. എൻറെ ബലഹീനതകളിൽ അങ്ങയുടെ ശക്തിയാൽ എന്നെ ബലപ്പെടുത്തണമേ. അന്ധകാരത്തിലാഴ്‌ന്ന എൻറെ മനസിനെ അങ്ങയുടെ ജ്ഞാനം കൊണ്ട് പ്രകാശിപ്പിക്കണമേ. എൻറെ വിശ്വാസവും ശരണവും സ്നേഹവും വർധിപ്പിക്കണമേ. ഇഹലോകജീവിതത്തിൽ എന്നെ സഹായിക്കുകയും മരണസമയത്ത് അങ്ങയുടെ സാന്നിധ്യം കൊണ്ട് എന്നെ ആശ്വസിപ്പിക്കുകയും അങ്ങയുടെ പ്രിയമകനായി/ മകളായി എന്നെ പരമപരിശുദ്ധത്രിത്വത്തിനു സമർപ്പിക്കുകയും ചെയ്യണമേ. അങ്ങനെ ഞാൻ സ്വർഗത്തിൽ എന്നേയ്ക്കും അങ്ങയോടൊത്ത് ആയിരിക്കട്ടെ. ആമേൻ.
(2)
പരിശുദ്ധ അമ്മേ, കാർമ്മലിലെ സുന്ദരപുഷ്പമേ, ഫലസമൃദ്ധയായ മുന്തിരിവള്ളീ, സ്വർഗ്ഗത്തിൻറെ തേജസേ, ദൈവപുത്രൻറെ അനുഗ്രഹീതയായ മാതാവേ, അമലോത്ഭവകന്യകേ, എൻറെ ആവശ്യങ്ങളിൽ എന്നെ സഹായിക്കണമേ. പരിശുദ്ധ അമ്മേ, സമുദ്രതാരമേ, എന്നെ സഹായിക്കുകയും അങ്ങ് എൻറെ മാതാവാണെന്നു കാണിച്ചുതരികയും ചെയ്യണമേ. പരിശുദ്ധ മറിയമേ, ദൈവമാതാവേ, സ്വർഗ്ഗത്തിൻറെയും ഭൂമിയുടെയും രാജ്ഞീ, എൻറെ ഈ ആവശ്യത്തിൽ ….(ആവശ്യം പറയുക)…… എന്നെ തുണയ്ക്കണമേയെന്ന് എൻറെ ഹൃദയത്തിൻറെ ആഴങ്ങളിൽ നിന്നു വിനയപൂർവം ഞാൻ അപേക്ഷിക്കുന്നു. അങ്ങയുടെ ശക്തിയെ ചെറുത്തുനിൽക്കാൻ ആർക്കും സാധ്യമല്ലല്ലോ.
ഓ മറിയമേ, അമലോത്ഭവകന്യകയേ, അങ്ങേ സഹായം തേടി അണയുന്ന ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ. ഏറ്റവും മാധുര്യമുള്ള അമ്മേ, ഈ അപേക്ഷ ഞാൻ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ആമേൻ.