സർവ ജനപദങ്ങളുടെയും നാഥ

‘ക്രിസ്തുനാഥാ, പിതാവിൻറെ പുത്രാ, അങ്ങയുടെ അരൂപിയെ ഇപ്പോൾ ഭൂമിയിലേക്ക്  അയയ്ക്കണമേ.  എല്ലാ  ജനപദങ്ങളുടെയും ഹൃദയത്തിൽ  പരിശുദ്ധാത്മാവു  വസിക്കട്ടെ. അതുവഴി   ധാർമ്മികാധപതനം, ദുരന്തങ്ങൾ, യുദ്ധം ഇവയിൽ നിന്നും  അവർ സംരക്ഷിക്കപ്പെടട്ടെ.  സർവ ജനപദങ്ങളുടെയും നാഥയായ പരിശുദ്ധ കന്യകാമറിയം  ഞങ്ങളുടെ അഭിഭാഷക ആയിരിക്കട്ടെ. ആമേൻ’.

നമുക്കു സുപരിചിതമായ ഈ പ്രാർഥന   പരിശുദ്ധ അമ്മ  നെതർലാൻഡിലെ ആംസ്റ്റർഡാമിലുള്ള ഇഡാ പീഡർമാൻ എന്ന സഹോദരിയ്ക്കു  പറഞ്ഞുകൊടുത്തതാണ്. 1945  മുതൽ 1959  വരെ അമ്പത്താറു  തവണ പരിശുദ്ധ അമ്മ  തനിക്കു പ്രത്യക്ഷപ്പെട്ടു സന്ദേശങ്ങൾ നൽകി എന്നാണ് ഇഡാ പീഡർമാൻ പറഞ്ഞത്. അതിൽ ആദ്യത്തേത് 1945  മാർച്ച് 25 ന്  സ്വന്തം വീട്ടിൽ വച്ചായിരുന്നു. അപ്പോൾ ഇഡായുടെ വീട്ടിൽ അവളുടെ ആത്മീയോപദേഷ്ടാവും 1967ൽ മരിക്കുന്നതുവരെ അവളുടെ കുമ്പസാരക്കാരനുമായിരുന്ന Fr. Freheയും ഉണ്ടായിരുന്നു. അങ്ങ് ആരാണ് എന്നു  ചോദിച്ച ഇഡായ്ക്ക്  അമ്മ കൊടുത്ത മറുപടി ഇപ്രകാരമായിരുന്നു,  ‘ അവർ എന്നെ നാഥ എന്നും അമ്മ എന്നും വിളിക്കുന്നു’. 

രണ്ടാം ലോകമഹായുദ്ധം നടന്നുകൊണ്ടിരുന്ന  കാലമായിരുന്നു അത്. തൻറെ അഞ്ചു വിരലുകൾ ഉയർത്തി, മാർച്ച്, ഏപ്രിൽ, മെയ് എന്നിങ്ങനെ പറഞ്ഞുകൊണ്ട്    1945 മെയ് അഞ്ചാം തിയതി ഇഡായുടെ രാജ്യമായ നെതർലാൻഡിൽ  യുദ്ധം അവസാനിക്കും എന്നു  മാതാവു  പ്രവചിക്കുകയായിരുന്നു. തുടർന്നുള്ള പതിനാലു വർഷങ്ങളിലായി മാതാവു  നൽകിയ സന്ദേശങ്ങൾ വരാനിരിക്കുന്ന കാലത്തു  ലോകം നേരിടാനിരിക്കുന്ന  ബുദ്ധിമുട്ടേറിയ കാലഘട്ടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളായിരുന്നു.

1947  ഡിസംബർ 26 ന്  ഇഡായ്ക്ക് നൽകിയ ദർശനത്തിൽ  കറുത്ത നിറമുള്ള സൂക്ഷ്മവസ്തുക്കൾ തനിക്കുചുറ്റും പാറിനടക്കുന്നതായി  അവൾ കണ്ടു. അത് ഒരു  മൈക്രോസ്കോപ്പു കൊണ്ടുമാത്രം  കാണാൻ  കഴിയുന്നത്ര ചെറുതായിരുന്നു.  അതു  ബാസിലി (ബാക്ടീരിയ) ആണോ  എന്നു  ചോദിച്ചപ്പോൾ അമ്മ കൊടുത്ത മറുപടി, അതു  നാരകീയമായ ഒന്നാണെന്നും  അതാണ് അവർ തയ്യാറാക്കിക്കൊണ്ടിരിക്കുന്നത് എന്നുമായിരുന്നു. ലബോറട്ടറിയിൽ ഉണ്ടാക്കിയെടുക്കുന്ന  വൈറസുകളെക്കൊണ്ടു  രോഗം പരത്തുക എന്ന കാര്യം  അന്നാളുകളിലൊന്നും  ചിന്തിക്കാൻ പോലും  സാധിക്കുമായിരുന്നില്ലല്ലോ. 

മതവിശ്വാസികൾക്ക് ബുദ്ധിമുട്ടേറിയ നാളുകൾ വരുമെന്നും  മതവിശ്വാസം ചവിട്ടിയരയ്ക്കപ്പെടുമെന്നും റോം ജാഗ്രതയോടെയിരിക്കണം എന്നും ( 29 03 1946)  നീതിയും സത്യവും സ്നേഹവും  നിലനിന്നില്ലെങ്കിൽ ദുരന്തങ്ങൾക്കുമേൽ ദുരന്തങ്ങൾ വന്നുചേരുമെന്നും,  മാർപ്പാപ്പയ്‌ക്കെതിരെ റോമിൽ  പ്രക്ഷോഭം ഉണ്ടാകുമെന്നും (09 06 1946 ) ജെറുസലേമിന് ചുറ്റും  ഭീകരയുദ്ധം നടക്കുമെന്നും (26.12.1947) റഷ്യ എല്ലാക്കാര്യങ്ങളിലും എല്ലാവരെയും  വഞ്ചിക്കാൻ ശ്രമിക്കുമെന്നും   പ്രകൃതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നും  (07 05 1949)  അമ്മ മുൻകൂട്ടി ഇഡായ്ക്കു   വെളിപ്പെടുത്തി ക്കൊടുത്തു.  പൗരോഹിത്യബ്രഹ്മചര്യത്തിനെതിരെ പ്രത്യേകിച്ചു  വലിയ എതിർപ്പുകൾ ഒന്നുമില്ലാതിരുന്ന 1957ൽ അമ്മ  ഇഡായോട് ഇപ്രകാരം പറഞ്ഞു. “ബ്രഹ്മചര്യം  അപകടത്തിലാണ്. എന്നാൽ എന്തൊക്കെ എതിർപ്പുകളു ണ്ടായാലും  പരിശുദ്ധപിതാവ്  പൗരോഹിത്യബ്രഹ്മചര്യം  ഉയർത്തിപ്പിടിക്കണം”.

ഏറ്റവും വലിയ അത്ഭുതം എന്നത്  ഓരോ  ദിവസവും  അർപ്പിക്കപ്പെടുന്ന  പരിശുദ്ധ  കുർബാനയിൽ അപ്പവും വീഞ്ഞും  യേശുവിൻറെ ശരീരവും രക്തവും ആയി മാറുന്നതാണെന്ന്  1957  മെയ് 31 ന്  അമ്മ പറഞ്ഞു.  അതിനും ഒരു വർഷത്തിനുശേഷം മാതാവ് ഇഡായോടു  പറഞ്ഞു. “അബദ്ധ സിദ്ധാന്തങ്ങൾക്കെതിരെ, വിശേഷിച്ചും   പരിശുദ്ധ കുർബാനയെ സംബന്ധിച്ച   പാഷാണ്ഡതകൾക്കെതിരെ വൈദികർക്കു   മുന്നറിയിപ്പു  കൊടുക്കുക”

പരിഹാരപ്രവൃത്തികൾ ചെയ്യേണ്ടതിൻറെ പ്രാധാന്യം  മാതാവു പലതവണ എടുത്തുപറയുന്നുണ്ട്. ക്രിസ്തുവിലുള്ള വിശ്വാസത്തിലേക്കു തിരിച്ചുവരുന്നതുവരെ ലോകത്തിൽ സമാധാനം ഉണ്ടാവുകയില്ല എന്നു  അനേകം പ്രാവശ്യം  ആവർത്തിച്ച അമ്മ  ഇനി വരാനിരിക്കുന്ന കാലത്തു  ലോകത്തിൽ തനിക്കായി പിതാവ് ഏല്പിച്ചിരിക്കുന്ന വലിയ  ദൗത്യത്തെക്കുറിച്ചും  സൂചിപ്പിക്കുന്നുണ്ട്.    സഹരക്ഷകയും മധ്യസ്ഥയും അഭിഭാഷകയും  ആയി പരിശുദ്ധ അമ്മയെ  സഭ ഔദ്യോഗികമായി നാമകരണം ചെയ്യണമെന്നും  അത്  അഞ്ചാമത്തെ മരിയൻ വിശ്വാസസത്യം  ആയി പ്രഖ്യാപിക്കണമെന്നും അമ്മ  ആവശ്യപ്പെട്ടു.  സർവജനപദങ്ങളുടെയും നാഥയായ തന്നെ  സഹരക്ഷകയും മധ്യസ്ഥയും  അഭിഭാഷകയും ആയി   അംഗീകരിക്കുന്നതു  ലോകത്തിൽ    സമാധാനം  കൊണ്ടുവരും എന്നു വെളിപ്പെടുത്തിയ അമ്മ  താൻ കർത്താവിൻറെ അമ്മയായതുകൊണ്ടുമാത്രമല്ല  അമലോത്ഭവമായതുകൊണ്ടും കൂടിയാണ്  ഇങ്ങനെ പറയുന്നതെന്നും ഇഡായെ ഓർമ്മിപ്പിച്ചു. വർഷങ്ങൾക്കു ശേഷം നടക്കാനിരുന്ന  വത്തിക്കാൻ കൗൺസിലിനെക്കുറിച്ചു   മാതാവു  നേരത്തെതന്നെ ഇഡായ്ക്കു  ദർശനം നൽകിയിരുന്നു.  പിയൂസ് പന്ത്രണ്ടാമൻ പാപ്പാ മരിക്കുന്നതിനും   എട്ടു മാസങ്ങൾക്കുമുൻപേ 1958  ഫെബ്രുവരിയിൽ തന്നെ   ഒക്ടോബർ ആദ്യത്തിൽ പാപ്പാ മരിക്കും എന്ന് അമ്മ ഇഡായോടു പറഞ്ഞിരുന്നു.

മാതാവിൻറെ പ്രത്യക്ഷീകരണങ്ങൾ നടക്കുന്ന കാലയളവിൽ  Haarlem – Amsterdam  രൂപതയുടെ  മെത്രാനായിരുന്ന  Johannes Huibers    സർവ ജനപദങ്ങളുടെയും നാഥ എന്ന പേരിൽ അമ്മയെ വണങ്ങുന്നതിനും അമ്മ പഠിപ്പിച്ച പ്രാർഥന  ചൊല്ലുന്നതിനും അംഗീകാരം നൽകിയെങ്കിലും  ലഭ്യമായ തെളിവുകളുടെയും   നടത്തിയ അന്വേഷണങ്ങളുടെയും വെളിച്ചത്തിൽ മാതാവിൻറെ പ്രത്യക്ഷീകരണം  അതിസ്വാഭാവികമായ ഒരു പ്രതിഭാസമായിരുന്നു  എന്ന തീരുമാനത്തിലെത്താൻ അദ്ദേഹത്തിനു 

കഴിഞ്ഞില്ല. വത്തിക്കാനിലെ വിശ്വാസതിരുസംഘവും രൂപതാധ്യക്ഷൻറെ  ഈ തീരുമാനത്തെ അംഗീകരിക്കുകയാണുണ്ടായത്.

1996  മെയ് 31 ന്  അപ്പോഴത്തെ രൂപതാധ്യക്ഷനായ  ബിഷപ് ബോമേഴ്‌സ്  ‘സർവജനപദങ്ങളുടെയും നാഥ’ എന്ന പേരിൽ  പരിശുദ്ധ  അമ്മയുടെ തിരുസ്വരൂപം വണങ്ങുന്നതിനും  അമ്മ പഠിപ്പിച്ച പ്രാർത്ഥന  ചൊല്ലുന്നതിനും  അംഗീകാരം  നൽകി. ഇതു വത്തിക്കാനിലെ  വിശ്വാസതിരുസംഘത്തിൻറെ  അനുവാദത്തോടെ ആയിരുന്നു. എന്നാൽ പ്രത്യക്ഷീകരണത്തിൻറെ ആധികാരികതയെക്കുറിച്ച് അവസാനവാക്കു  പറയുന്നതിന് അദ്ദേഹവും തയ്യാറായില്ല. അതു  വിശ്വാസികളുടെ മനഃസാക്ഷിക്കനുസരിച്ചുള്ള തീരുമാനത്തിനു വിടുകയാണ് അദ്ദേഹം ചെയ്തത്.

ബിഷപ് ബോമേഴ്‌സിനു ശേഷം   Haarlem – Amsterdam  രൂപതയുടെ  മെത്രാനായി വന്ന Bishop Jozef Marianus Punt ആംസ്റ്റർഡാമിലെ സർവജനപദങ്ങളുടെയും നാഥയുടെ പ്രത്യക്ഷീകരണം ഔദ്യോഗികമായി അംഗീകരിച്ചു.  ഇതു  2002  മെയ് 31  നായിരുന്നു.  ആറു വർഷങ്ങളുടെ  ഇടവേളയിൽ രണ്ടു വ്യത്യസ്ത മെത്രാന്മാർ എടുത്ത ഈ രണ്ടു തീരുമാനങ്ങളുടെയും  തിയതി മെയ് 31  തന്നെയായിരുന്നു  എന്നതു  യാദൃച്ഛികമായിരുന്നില്ല. കാരണം  1954  മെയ് 31 ന്  തൻറെ അൻപതാമത്തെ പ്രത്യക്ഷീകരണത്തിൻറെ വേളയിൽ  മാതാവ് ഇഡായോട് ഇപ്രകാരം പറഞ്ഞിരുന്നു . ” ഇതാ ഞാൻ ഒരിക്കൽ കൂടി വന്നിരിക്കുന്നു.  സഹരക്ഷകയും മധ്യസ്ഥയും അഭിഭാഷകയും ആയി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു.  ഞാൻ ഈ ദിവസം തെരഞ്ഞെടുത്തിരിക്കുന്നു. ഈ ദിവസം നാഥ കിരീടം  ധരിക്കപ്പെടും……… ഈ ദിവസം  സർവ ജനപദങ്ങളുടെയും  നാഥയ്ക്കു തൻറെ ഈ  ഔദ്യോഗിക നാമകരണം ലഭിക്കും”

2005 ഓഗസ്റ്റ് 5 ന്  അയച്ച ഒരു കത്തിൽ  പ്രത്യക്ഷീകരണത്തിനു   രൂപതാധ്യക്ഷൻറെ അംഗീകാരം ലഭിച്ച കാര്യം വിശ്വാസതിരുസംഘത്തിൻറെ  സെക്രട്ടറി  സൂചിപ്പിക്കുന്നുണ്ട്. എന്നാൽ അതോടൊപ്പം  അമ്മ പഠിപ്പിച്ച  പ്രാർഥനയുടെ മൂലരൂപത്തിൽ ഉണ്ടായിരുന്ന  ‘ ഒരിക്കൽ മറിയമായിരുന്ന  സർവജനപദങ്ങളുടെയും നാഥ’ എന്നത്  ‘സർവജനപദങ്ങളുടെയും  നാഥയായ പരിശുദ്ധ കന്യകാമറിയം’  എന്നാക്കി മാറ്റണമെന്നും   വത്തിക്കാൻ നിർദേശിച്ചു. 2019 ൽ ജർമ്മനിയിൽ നടന്ന  സർവജനപദങ്ങളുടെയും നാഥയുടെ  പ്രാർഥനാദിനത്തിനു   മാർപ്പാപ്പ തൻറെ  ആശീർവാദവും അനുഗ്രഹവും  അറിയിച്ചിരുന്നു. 

എന്നാൽ  ഈയടുത്ത കാലത്തായി വത്തിക്കാനിൽ നിന്നും രൂപതാകാര്യാലയത്തിൽ നിന്നും അയച്ച കത്തുകളിൽ  നിന്നു  മനസിലാകുന്നത്  ഇപ്പോൾ ആംസ്റ്റർഡാം  പ്രത്യക്ഷീകരണത്തെ കൂടുതൽ പ്രചരിപ്പിക്കുന്നതിനെ സഭ പ്രോത്സാഹിപ്പിക്കുന്നില്ല എന്നാണ്.   ഈ കാര്യം വിശദമാക്കിക്കൊണ്ട് Haar­lem-Am­ster­dam ബിഷപ്പായ  Johannes Hendriks  2020  ഡിസംബർ 30 ന്  പുറപ്പെടുവിച്ച ഡിക്രിയിൽ  ഇപ്രകാരം പറയുന്നു.

‘…………ഈ അർഥത്തിൽ  മറിയത്തെ  സർവജനപദങ്ങളുടെയും നാഥ എന്നു  വിളിക്കുന്നത്  ദൈവശാസ്ത്രപരമായി സ്വീകാര്യമാണ്……….. എന്നിരുന്നാലും  മറിയത്തെ ഇങ്ങനെ  വിളിക്കുന്നത്  ആ പേര് എവിടെനിന്ന് ഉത്ഭവിച്ചുവോ ആ സംഭവത്തിൻറെ അതിസ്വാഭാവികതയ്ക്കുള്ള അംഗീകാരമായി  പരോക്ഷമായിപ്പോലും കാണരുത്……….. സർവജനപദങ്ങളുടെയും നാഥയുടെ  രൂപമോ ചിത്രങ്ങളോ പ്രാർഥനയോ  ഉപയോഗിക്കുന്നത് പരോക്ഷമായിപ്പോലും ആ പ്രത്യക്ഷീകരണത്തിൻറെ   അംഗീകാരമായി കാണാവുന്നതല്ല ………….പ്രത്യക്ഷീകരണവുമായി വേർതിരിച്ചു  കാണുകയാണെങ്കിൽ, മറിയത്തെ  നാഥ, മഡോണ, സർവജനപദങ്ങളുടെയും അമ്മ  എന്നീ പേരുകളിൽ വിശേഷിപ്പിക്കുന്നതിനോടു  വിശ്വാസതിരുസംഘത്തിന്  എതിർപ്പില്ല…. അജപാലകരും വിശ്വാസികളും ഈ പേരുകളിൽ  മറിയത്തെ അഭിസംബോധന ചെയ്യുമ്പോൾ  അത്തരം വണക്കങ്ങളുടെ  ഏതൊരു രൂപവും     ആംസ്റ്റർഡാമിൽ നടന്നു എന്നു  കരുതപ്പെടുന്ന പ്രത്യക്ഷീകരണങ്ങളോട് ഏതെങ്കിലും വിധത്തിൽ അതിനെ ബന്ധപ്പെടുത്തുന്നില്ല എന്ന് ഉറപ്പുവരുത്തണം”. 

അതായതു  പ്രത്യക്ഷീകരണത്തിൻറെ ആധികാരികത പരിഗണിക്കാതെ തന്നെ  മറിയത്തെ സർവജനപദങ്ങളുടെ നാഥ എന്നു  വിളിക്കുന്നതിനും  വണങ്ങുന്നതിനും   അമ്മയുടെ മാധ്യസ്ഥം തേടി പ്രാർഥിക്കുന്നതിനും   സഭ  അനുവദിക്കുന്നുണ്ട്.

ആംസ്റ്റർഡാമിലെ സർവജനപദങ്ങളുടെയും നാഥയുടെ പ്രത്യക്ഷീകരണ ത്തെക്കുറിച്ചുള്ള  സഭാനടപടികൾ  പുരോഗമിക്കവേ തന്നെ ആയിരക്കണക്കിനു  കിലോമീറ്റർ  ദൂരെ ജപ്പാനിലെ അക്കിത്തയിൽ പരിശുദ്ധകന്യകയുടെ തിരുസ്വരൂപം  1973ൽ  തുടങ്ങി 101 തവണ കണ്ണീർ വാർത്തു. സിസ്റ്റർ ആഗ്നസ് സസഗാവയും പിന്നീട്  രൂപതാമെത്രാനും വിദഗ്ദ്ധരും  അടക്കം അനേകരും സാക്ഷ്യംവഹിച്ചു ഈ അത്ഭുതം സർവ ജനപദങ്ങളുടെയും  നാഥയുടെ രൂപത്തിൽ  നിന്നായിരുന്നു  എന്നു നാം അറിഞ്ഞിരിക്കണം.  വിശദമായ പഠനങ്ങൾക്കും അന്വേഷണങ്ങൾക്കും ശേഷം അക്കിത്തയിലെ മരിയൻ പ്രത്യക്ഷീകരണം സഭ അംഗീകരിച്ചു കഴിഞ്ഞു.

ഒരുപക്ഷേ  ആംസ്റ്റർഡാമിലെ പ്രത്യക്ഷീകരണങ്ങളുടെ കാര്യത്തിൽ കൂടുതൽ പഠനങ്ങളും  അന്വേഷണങ്ങളും ആവശ്യമാണെന്നു സഭ കരുതുന്നുണ്ടാകും. നമുക്കു സഭയുടെ അന്തിമതീരുമാനത്തിനായി കാത്തിരിക്കാം. ഒപ്പം  പരിശുദ്ധ അമ്മ  സഹരക്ഷകയും മധ്യസ്ഥയും അഭിഭാഷകയും ആണെന്ന  അഞ്ചാമത്തേയും അവസാനത്തേതുമായ  മരിയൻ വിശ്വാസസത്യം  സഭ എത്രയും വേഗം പ്രഖ്യാപിക്കട്ടെ എന്നു പ്രാർത്ഥിക്കുകയും ചെയ്യാം.

അതിനേക്കാളൊക്കെ  പ്രധാനപ്പെട്ടതു  പരിശുദ്ധ അമ്മ തനിക്കു വെളിപ്പെടുത്തിത്തന്നുവെന്ന് ഇഡാ പീഡർമാൻ പറഞ്ഞ സന്ദേശങ്ങളെ അതിനുശേഷം നടന്നതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങളുമായി ബന്ധപ്പെടുത്തി ചിന്തിക്കുന്നതിനു    പരിശുദ്ധാത്മാവിൻറെ  അഭിഷേകം ലഭിക്കാനായി പ്രാർഥിക്കുക എന്നതാണ്.  അമ്മ ആംസ്റ്റർഡാമിൽ  പഠിപ്പിച്ച ഒരേയൊരു പ്രാർഥന പരിശുദ്ധാത്മാവിനെ ലോകത്തിനുമേൽ അയയ്ക്കാനും അതുവഴിയായി ലോകം ധാർമ്മികാധപതനം, ദുരന്തങ്ങൾ, യുദ്ധം എന്നിവയിൽ നിന്നും രക്ഷപ്പെടാനും വേണ്ടിയായിരുന്നുവെന്നതു  യാദൃച്ഛികമല്ലല്ലോ.

പരിശുദ്ധകുർബാനയ്‌ക്കെതിരെയുള്ള നിന്ദനങ്ങളും  ദിവ്യകാരുണ്യത്തെ  താഴ്ത്തിക്കെട്ടിക്കൊണ്ടുള്ള കപടപ്രബോധനങ്ങളും വർധിച്ചുവരുകയും പൗരോഹിത്യ ബ്രഹ്മചര്യത്തിനെതിരെ  മുൻപെങ്ങുമില്ലാത്ത  തരത്തിൽ ആസൂത്രിതമായ നീക്കങ്ങൾ നടക്കുകയും, മാതാവു മുന്നറിയിപ്പു  തന്ന  പ്രകൃതിക്ഷോഭങ്ങളും ദുരന്തങ്ങളും യുദ്ധങ്ങളും നമ്മുടെ കൺമുൻപിൽ സംഭവിക്കുകയും,  അമ്മ എന്തിനെക്കുറിച്ച് ഏറെ വിലപിച്ചുവോ ആ ധാർമ്മികാധപതനം  ഒരു മഹാപ്രളയമായി ലോകത്തെ നശിപ്പിക്കുകയും ചെയ്യുമ്പോൾ  നാം പരിഹാരം ചെയ്തു പ്രാർഥിക്കേണ്ടതിൻറെ ആവശ്യകത കൂടുതൽ എടുത്തുപറയേണ്ടതില്ല.

പ്രാർത്ഥനയിലൂടെയും  യഥാർത്ഥമായ അനുതാപത്തിലൂടെയും  വിശുദ്ധജീവിതത്തിലൂടെയും യേശുവിൻറെ സമാധാനം നമുക്കും ലോകത്തിനുമായി വാങ്ങിത്തരാനായി നമുക്ക് അമ്മയുടെ മാധ്യസ്ഥം തേടി  പ്രാർഥിക്കാം. ഒപ്പം തന്നെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിൻറെ മാധ്യസ്ഥം വഴിയായി  പരിശുദ്ധാത്മാവു  ലോകമെങ്ങും വർഷിക്കപ്പെടാൻ  വേണ്ടിയും നമുക്കു  പ്രാർഥിക്കാം.