വിശുദ്ധ മഗ്ദലന മറിയത്തോടുള്ള നൊവേന

I. പ്രാരംഭ പ്രാർഥന 

പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും  നാമത്തിൽ ആമേൻ.

ഓ കാരുണ്യവാനായ യേശുവേ, പരിശുദ്ധ അമ്മ കഴിഞ്ഞാൽ അങ്ങയെ  ഏറ്റവും അടുത്തറിഞ്ഞ  വ്യക്തിയാണല്ലോ വിശുദ്ധ  മഗ്ദലന മറിയം.  അങ്ങയുടെ  കരുണയും സ്നേഹവും ഒരിക്കലെങ്കിലും അനുഭവിച്ചറിഞ്ഞവർക്ക്, ഒരുനാളും അങ്ങയെ  ഉപേക്ഷിക്കാൻ സാധിക്കില്ല എന്നതിൻറെ ഉദാഹരണമായി മഗ്ദലന മറിയത്തെ ഞങ്ങളുടെ മധ്യസ്ഥയായി നൽകിയതിന് അങ്ങേയ്ക്കു ഞങ്ങൾ നന്ദി പറയുന്നു.  പാപത്തിൻറെ ചെളിക്കുണ്ടിൽ  ആഴ്ന്നുകിടന്നിരുന്നപ്പോൾ  അവൾക്ക് പാപമോചനവും രക്ഷയും നൽകിയ അങ്ങയെ  പിന്നീടുള്ള  കാലമത്രയും അനുഗമിക്കുന്നതിൽ നിന്ന് അവളെ പിന്തിരിപ്പിക്കാൻ ലോകം വച്ചുനീട്ടിയ  പ്രലോഭനങ്ങൾക്ക് സാധിച്ചില്ല.  ഏതു കഠിനപാപിയ്ക്കും ഏതു  സമയത്തും ഓടിയെത്താവുന്ന അഭയസങ്കേതമായ  അങ്ങയുടെ  അടുക്കൽ വരാനും  അങ്ങയുടെ പരിശുദ്ധ അമ്മയോടു  ചേർന്നിരുന്നു  പുണ്യങ്ങളിൽ വളരാനും   അവൾക്ക് അനുഗ്രഹം ലഭിച്ചു.  അതുവഴി അവൾക്കു തൻറെ  ജീവിതത്തെ  പാപം നിറഞ്ഞ  ഭൂതകാലത്തിൽ നിന്നു മോചിപ്പിക്കാനും  പ്രത്യാശാനിർഭരമായ ഭാവിയിലേക്ക് ദൃഷ്ടി പതിപ്പിക്കാനും സാധിച്ചുവല്ലോ.

ലോകം, പിശാച്, ശരീരം എന്നീ  ത്രിവിധശത്രുക്കളാൽ  നിരന്തരം പ്രലോഭിപ്പിക്കപ്പെടുന്ന ഞങ്ങൾ ഇന്നു  വിശുദ്ധ മഗ്ദലനമറിയത്തിൻറെ  മാധ്യസ്ഥം തേടി അങ്ങയോടു  പ്രാർഥിക്കുന്നു.  ജഡികപാപങ്ങളിൽ  നിന്നുള്ള മോചനത്തിനായി ആഗ്രഹമുണ്ടെങ്കിലും, അതിനു സാധിക്കാതെ വിഷമിക്കുന്നവരുടെ പ്രത്യേക മധ്യസ്ഥയാണല്ലോ വിശുദ്ധ  മഗ്ദലനമറിയം. ഈ വിശുദ്ധയെ അനുകരിച്ച്, നിർഭാഗ്യപാപികളായ ഞങ്ങൾക്കും   അങ്ങയുടെ കരുണയിൽ ആശയിക്കാനുള്ള   കൃപ നൽകണമേ.  അങ്ങു   വിശുദ്ധ ഫൗസ്റ്റീനയോടു വെളിപ്പെടുത്തിയതുപോലെ  ഏറ്റവും വലിയ പാപിക്കാണല്ലോ  അങ്ങയുടെ  കരുണയിൽ ശരണപ്പെടുന്നതിനുള്ള ഏറ്റവും വലിയ അവകാശം. ഒരാത്മാവിൻറെ  ദയനീയത എത്രയധികമാണോ, അത്രയും ശക്തമാണ്  ആ ആത്മാവിനു കരുണ ലഭിക്കാനുള്ള  അവകാശവും എന്നരുളിച്ചെയ്ത അങ്ങ്  അങ്ങയുടെ   അഗ്രാഹ്യമായ കരുണാസാഗരത്തിൽ ശരണപ്പെടുന്നതിന് എല്ലാവരെയും ക്ഷണിക്കുകയും ചെയ്യുന്നുവല്ലോ.  

ഓ, കാരുണ്യവാനായ യേശുവേ, ദൈവകരുണയിൽ ആശ്രയിക്കേണ്ടതിൻറെ  ആവശ്യകത എന്തെന്നും   ദൈവകരുണ എപ്രകാരമാണ് ഞങ്ങളുടെ  ജീവിതത്തെ  പൂർണ്ണമായും രൂപാന്തരപ്പെടുത്തുന്നത് എന്നതിൻറെയും  ഉത്തമോദാഹരണമാണല്ലോ   വിശുദ്ധ മഗ്ദലനമറിയത്തിൻറെ  ജീവിതം.    തങ്ങൾക്ക് ഇനിയൊരിക്കലും പാപത്തിൽ നിന്നു രക്ഷപെടാൻ  കഴിയില്ല എന്ന നിരാശയിൽ  അനേകർ ഇന്നും  ജീവിക്കുന്നുവെന്ന്  അങ്ങ് അറിയുന്നുവല്ലോ.    മഗ്ദലനാമറിയം  ചെയ്തതുപോലെ  പൂർണ്ണഹൃദയത്തോടെ അങ്ങയുടെ  അടുത്തേയ്ക്കു  വരാത്തതാണ്  അതിനുള്ള കാരണം എന്നു  ഞങ്ങൾ അറിയുന്നു. അങ്ങയുടെ  അടുക്കൽ വരുന്ന ഒരാളെപ്പോലും  തള്ളിക്കളയില്ല എന്ന വലിയ വാഗ്ദാനം  അങ്ങു ഞങ്ങൾക്കു  നല്കിയിട്ടുണ്ടല്ലോ. പാപത്തിൽ നിന്നും പാപസാഹചര്യങ്ങളിൽ നിന്നും  ഞങ്ങളെ രക്ഷിക്കണമേയെന്നു  

വിശുദ്ധ മഗ്ദലനമറിയത്തിൻറെ മാധ്യസ്ഥം വഴിയായി ഞങ്ങൾ പ്രാർഥിക്കുന്നു. പ്രത്യേകമായി ജഡികപാപങ്ങളിൽ നിന്നും, പഴയ പാപവഴികളിലേക്കു തിരിച്ചുപോകാനുള്ള  പ്രലോഭനങ്ങളിൽ   നിന്നും ഞങ്ങളെ രക്ഷിക്കണമേയെന്ന്  ആ വിശുദ്ധയുടെ മാധ്യസ്ഥം വഴിയായി  ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.

സ്നേഹം തന്നെയായ യേശുവേ, ഞങ്ങൾ അങ്ങിൽ ആശ്രയിക്കുന്നു; ഞങ്ങൾ അങ്ങിൽ വിശ്വസിക്കുന്നു; ഞങ്ങൾ അങ്ങിൽ ശരണപ്പെടുന്നു ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്നു. അങ്ങു ഞങ്ങൾക്കു നൽകിയിരിക്കുന്ന എല്ലാ അനുഗ്രഹങ്ങളെയും ഓർത്തു   ഞങ്ങൾ അങ്ങേയ്ക്കു നന്ദി പറയുന്നു.    അയോഗ്യപാപികളായ ഞങ്ങൾ ഞങ്ങളുടെ  എല്ലാ കുറവുകളോടും കൂടെ  അങ്ങേ സന്നിധിയിൽ വന്നിരിക്കുന്നു. പാപം  നിറഞ്ഞ ഈ ലോകത്തിൽ പുണ്യജീവിതം നയിക്കാനുള്ള കൃപയ്ക്കായുള്ള ഞങ്ങളുടെ പ്രാർഥനകൾ  ഞങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ മഗ്ദലനമറിയം വഴിയായി അങ്ങേയ്ക്കു ഞങ്ങൾ സമർപ്പിക്കുന്നു.

ദൈവകരുണയിൽ ആശ്രയിക്കുന്നവരിൽ ഒരുവനെപ്പോലും ഉപേക്ഷിക്കാത്ത അങ്ങേ സ്നേഹത്തിൻറെ  ഏറ്റവും വലിയ സാക്ഷ്യമായിത്തീർന്ന  അങ്ങേ പ്രിയശിഷ്യയും  ഞങ്ങളുടെ മധ്യസ്ഥയുമായ വിശുദ്ധ  മഗ്ദലന മറിയത്തിൻറെ  മധ്യസ്ഥതയാൽ അങ്ങു ഞങ്ങളെ വിശുദ്ധീകരിക്കണമേ.  ഈ വിശുദ്ധയുടെ സുകൃതങ്ങൾ പരിഗണിച്ചു  ഞങ്ങളുടെ യാചനകൾ സ്വീകരിക്കണമേ. ആമേൻ.

II അപേക്ഷകൾ 

1. കാരുണ്യവാനായ  യേശുവേ,  ഞങ്ങളുടെ  കുറവുകളും ബലഹീനതകളും  ഏറ്റെടുത്തു  ഞങ്ങളെ വിശുദ്ധിയിൽ വളർത്തണമേയെന്ന് അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു.

കർത്താവേ, ഞങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ മഗ്ദലന മറിയം വഴി ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

2. ലോകം, പിശാച്, ശരീരം എന്നിവയിലൂടെ വന്നുഭവിക്കുന്ന പ്രലോഭനങ്ങളിൽ വീഴാതെ പിടിച്ചുനിൽക്കാനുള്ള കൃപ നൽകി ഞങ്ങളെ അനുഗ്രഹിക്കണമെന്ന്  അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു.

 കർത്താവേ,  ഞങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ മഗ്ദലന മറിയം വഴി ഞങ്ങളുടെ പ്രാർഥന  കേൾക്കണമേ 

3. ജഡികപാപങ്ങളിൽ നിന്നും തഴക്കദോഷങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേയെന്ന്  അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു.

 കർത്താവേ, ഞങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ മഗ്ദലന മറിയം വഴി ഞങ്ങളുടെ പ്രാർഥന  കേൾക്കണമേ 

4.ഞങ്ങൾക്കു ലഭിച്ച കരുണയും പാപക്ഷമയും നിസ്സാരമാക്കി തള്ളിക്കളഞ്ഞു വീണ്ടും പാപത്തിൽ വീഴുന്നതിൽ നിന്നും ഞങ്ങളെ  രക്ഷിക്കണമേയെന്ന് അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു.

കർത്താവേ ,  ഞങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ മഗ്ദലനമറിയം വഴി ഞങ്ങളുടെ പ്രാർഥന  കേൾക്കണമേ 

5. അങ്ങയുടെ കരുണയും സ്നേഹവും  ഒരിക്കൽ അനുഭവിച്ചറിഞ്ഞ  ഞങ്ങൾ  ഇനിയൊരുനാളും അങ്ങയെ വിട്ടുപോകാൻ ഇടയാകരുതേയെന്ന് അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു.

 കർത്താവേ,  ഞങ്ങളുടെ മധ്യസ്ഥയായവിശുദ്ധ മഗ്ദലനമറിയം വഴി ഞങ്ങളുടെ പ്രാർഥന  കേൾക്കണമേ 

6. ഏഴു ദുഷ്ടാത്മാക്കളിൽ നിന്നു മഗ്ദലന മറിയത്തെ  മോചിപ്പിച്ച് അവളെ പുണ്യങ്ങൾ കൊണ്ട് നിറച്ച  യേശുവേ,   അഹങ്കാരത്തിനു പകരം എളിമയും , ദ്രവ്യാഗ്രഹത്തിനു പകരം  ഔദാര്യവും, മോഹത്തിനു പകരം അടക്കവും, കോപത്തിനു പകരം ക്ഷമയും, കൊതിയ്ക്കു പകരം മിതഭോജനവും, അസൂയയ്ക്കു പകരം ഉപവിയും, അലസതയ്ക്കു  പകരം ഉത്സാഹവും  നൽകി ഞങ്ങളെ അനുഗ്രഹിക്കണമെന്ന്  അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു.

കർത്താവേ,  ഞങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ മഗ്ദലനമറിയം വഴി ഞങ്ങളുടെ പ്രാർഥന  കേൾക്കണമേ 

7. അശുദ്ധമായതൊന്നും ഞങ്ങൾ ചിന്തിക്കുകയോ, പറയുകയോ, കാണുകയോ, കേൾക്കുകയോ പ്രവർത്തിക്കുകയോ ചെയ്യാത്ത വിധത്തിൽ ഞങ്ങളുടെ ആത്മാവിനെ  സത് ചിന്തകൾ കൊണ്ടു  നിറയ്ക്കണമേയെന്ന് അങ്ങയോടു ഞങ്ങൾ പ്രാർഥിക്കുന്നു.

കർത്താവേ, ഞങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ മഗ്ദലന മറിയം വഴി ഞങ്ങളുടെ പ്രാർഥന  കേൾക്കണമേ 

8. അങ്ങു ഞങ്ങളിൽ വർഷിക്കുന്ന കൃപകളിൽ വളരാനും, പുണ്യങ്ങളിൽ  സ്ഥിരതയോടെ നിലനിൽക്കാനുമുള്ള വരം ഞങ്ങൾക്കു  നൽകണമേയെന്ന് അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു  

കർത്താവേ,  ഞങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ മഗ്ദലന മറിയം വഴി ഞങ്ങളുടെ പ്രാർഥന  കേൾക്കണമേ 

9. കഠിനപാപികൾ മാനസാന്തരപ്പെടുന്നതിനും  അവർ അങ്ങു നൽകുന്ന  പാപമോചനം വഴി നിത്യരക്ഷയിലേക്ക് പ്രവേശിക്കുന്നതിനുമുള്ള   കൃപ നൽകണമെന്ന് അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു.

കർത്താവേ,  ഞങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ മഗ്ദലന മറിയം വഴി ഞങ്ങളുടെ പ്രാർഥന  കേൾക്കണമേ 

10. അങ്ങയുടെ ഉത്ഥാനത്തിനു സാക്ഷിയാകാനുള്ള മഹാഭാഗ്യം ലഭിച്ച മഗ്ദലനമറിയത്തെപ്പോലെ  അങ്ങയുടെ മഹത്വം  ദർശിക്കാനുള്ള വരം ഞങ്ങൾക്കും   നൽകണമേയെന്ന് അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു.

 കർത്താവേ, ഞങ്ങളുടെ മധ്യസ്ഥയായ  വിശുദ്ധ മഗ്ദലന മറിയം വഴി ഞങ്ങളുടെ പ്രാർഥന  കേൾക്കണമേ 

12. അങ്ങു നൽകുന്ന രക്ഷയും സമാധാനവും അനേകരോടു പ്രഘോഷിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേയെന്ന് അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു.

 കർത്താവേ,  ഞങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ മഗ്ദലന മറിയം വഴി ഞങ്ങളുടെ പ്രാർഥന  കേൾക്കണമേ 

13. അങ്ങു  ഞങ്ങളിൽ നിക്ഷേപിച്ചിരിക്കുന്ന പരിശുദ്ധാത്മാവിനെ ഇനിയൊരിക്കലും പാപം ചെയ്തു വേദനിപ്പിക്കാൻ ഞങ്ങൾക്ക് ഇടയാകരുതേയെന്ന് അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു.

 കർത്താവേ,  ഞങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ മഗ്ദലന മറിയം വഴി ഞങ്ങളുടെ പ്രാർഥന  കേൾക്കണമേ 

14. തൻറെ കണ്ണീരുകൊണ്ട് അങ്ങയുടെ  പാദങ്ങൾ  കഴുകുകയും  തലമുടി കൊണ്ടു തുടയ്ക്കുകയും വിലയേറിയ സുഗന്ധതൈലത്താൽ അങ്ങയെ  അഭിഷേകം ചെയ്യുകയും ചെയ്ത മഗ്ദലനാമറിയത്തെപ്പോലെ ഞങ്ങളും അങ്ങേയ്ക്കു ശുശ്രൂഷ ചെയ്തുകൊണ്ടു   ശിഷ്ടജീവിതം നയിക്കാൻ   ഇടയാകണമേയെന്ന് അങ്ങയോടു ഞങ്ങൾ പ്രാർഥിക്കുന്നു.

 കർത്താവേ,  ഞങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ മഗ്ദലന മറിയം വഴി ഞങ്ങളുടെ പ്രാർഥന  കേൾക്കണമേ 

15. ശിഷ്യന്മാർ അങ്ങയെ ഉപേക്ഷിച്ചുപോയപ്പോഴും ധൈര്യപൂർവം കാൽവരി  കുരിശോളം അങ്ങയെ അനുഗമിച്ച മഗ്ദലനാമറിയത്തെപ്പോലെ പരീക്ഷണഘട്ടങ്ങളിലും വിശ്വാസത്തിൽ ഉറച്ചുനിൽക്കാനുള്ള കൃപ നൽകി ഞങ്ങളെ അനുഗ്രഹിക്കണമേയെന്ന് അങ്ങയോടു ഞങ്ങൾ  അപേക്ഷിക്കുന്നു.

കർത്താവേ, ഞങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ മഗ്ദലന മറിയം വഴി ഞങ്ങളുടെ പ്രാർഥന  കേൾക്കണമേ.

III. പ്രത്യേക നിയോഗ സമർപ്പണം 

 നമുക്കു പ്രാർത്ഥിക്കാം. കാരുണ്യവാനായ യേശുവേ, വിശുദ്ധ മഗ്ദലനാമറിയത്തിൻറെ  മധ്യസ്ഥതയാൽ ആത്മീയവും ശാരീരികവുമായ എല്ലാവിധ അപകടങ്ങളിൽ നിന്നും  അങ്ങു ഞങ്ങളെ കാത്തുരക്ഷിക്കണമേ/ 

വിശിഷ്യാ ലോകസുഖങ്ങളിൽ മിതത്വവും  ആസക്തികളിൽ  വിരക്തിയും  പ്രലോഭനങ്ങളിൽ വിജയവും  നൽകി  ഞങ്ങളുടെ ജീവിതാന്തസിനൊത്ത കടമകൾ  വിശ്വസ്തതാപൂർവം   നിറവേറ്റാനുള്ള അനുഗ്രഹം ഞങ്ങൾ യാചിക്കുന്നു. അങ്ങയുടെ അമൂല്യരക്തം മറുവിലയായിക്കൊടുത്തു  പാപത്തിൽ നിന്നും  നിത്യമരണത്തിൽ നിന്നും   അങ്ങു  മോചിപ്പിച്ച ഞങ്ങൾ ഇനിയൊരിക്കലും പാപത്തിൽ വീഴാതിരിക്കാനുള്ള കൃപ നൽകിയരുളണമേ. അങ്ങ് ആഗ്രഹിക്കുന്നതുപോലെ   വിശുദ്ധിയിൽ വളരുവാനും ഞങ്ങളുടെ ജീവിതത്തിലൂടെ മറ്റുള്ളവർക്ക്  അങ്ങയെ കാണിച്ചുകൊടുക്കാനും  ഞങ്ങളെ അനുഗ്രഹിക്കണമേ.

ഓ കാരുണ്യവാനായ യേശുവേ, ഞങ്ങൾ ഇപ്പോൾ ഞങ്ങളുടെ പ്രിയപ്പെട്ടവരെയെല്ലാം അങ്ങേ തിരുസന്നിധിയിൽ  സമർപ്പിക്കുന്നു.  മഗ്ദലനാമറിയത്തെപ്പോലെ അങ്ങേ സഹായം  ഏറ്റം കൂടുതൽ ആവശ്യമായിരിക്കുന്ന  എല്ലാവരെയും പ്രത്യേകിച്ച് ( മൗനമായി പേരു പറയുക)  ഞങ്ങൾ അങ്ങയുടെ അടുക്കലേക്കു  കൊണ്ടുവരുന്നു. അനുതാപത്തിൻറെ കണ്ണുനീരുകൊണ്ട് അങ്ങയുടെ പാദങ്ങൾ   കഴുകുവാനുള്ള കൃപ ഞങ്ങൾക്കും അവർക്കും   നൽകി അനുഗ്രഹിക്കണമേയെന്ന  പ്രാർഥന ഞങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ മഗ്ദലനാമറിയം  വഴിയായി അങ്ങേയ്ക്കു ഞങ്ങൾ  സമർപ്പിക്കുന്നു. ആമേൻ.

IV. കൃതജ്ഞത 

സ്നേഹം തന്നെയായ യേശുവേ, അങ്ങയെ ഏറ്റവും സ്നേഹിച്ച അങ്ങയുടെ പ്രിയശിഷ്യയായ വിശുദ്ധ മഗ്ദലനമറിയത്തെ    ഞങ്ങൾക്കു  മധ്യസ്ഥയായി നൽകുവാൻ തിരുമനസായതിനെ ഓർത്ത് അങ്ങേയ്ക്കു ഞങ്ങൾ നന്ദി പറയുന്നു.  ഈ വിശുദ്ധ വഴിയായി  അങ്ങു  ഞങ്ങളിൽ ചൊരിഞ്ഞ എല്ലാ അനുഗ്രഹങ്ങൾക്കുമായി ഞങ്ങൾ അങ്ങേയ്ക്കു നന്ദി പറയുന്നു. വിശിഷ്യാ,  ഞങ്ങളുടെ പാപങ്ങളോർത്തു കരയാനും  അനുതാപാർദ്രമായ ഹൃദയത്തോടെ അങ്ങയുടെ പാദാന്തികത്തിൽ അണയാനും  ഞങ്ങളെ അനുഗ്രഹിച്ചതിനു ഞങ്ങൾ  അങ്ങേയ്ക്കു നന്ദി പറയുന്നു.    ‘നല്ല ഭാഗം തെരഞ്ഞെടുത്ത’ മഗ്ദലനാമറിയത്തെപ്പോലെ ലോകത്തിൻറെ മായാമോഹങ്ങളിൽപ്പെടാതെ മരണം വരെ അങ്ങയെ സധൈര്യം പിന്തുടരാനുള്ള ശക്തി ഞങ്ങൾക്കു പ്രദാനം ചെയ്യണമേ.

V. സമാപന പ്രാർത്ഥന

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവം നമ്മെ  അനുഗ്രഹിക്കുമാറാകട്ടെ. പാപങ്ങളിൽ നിന്ന് മോചനവും പ്രലോഭനങ്ങളിൽ വിജയവും   നൽകി അവിടുന്നു  നമ്മെ സംരക്ഷിക്കട്ടെ.   വിശുദ്ധിയിലും എളിമയിലും വിശ്വാസത്തിലും പ്രത്യാശയിലും സ്നേഹത്തിലും നിരന്തരം വളർന്നു വരുവാൻ അവിടുന്നു  നമ്മെ  സഹായിക്കട്ടെ. യേശുവിനെ  അതിരറ്റു  സ്നേഹിക്കുകയും ജീവിതം  യേശുവിനായി സമർപ്പിക്കുകയും  ചെയ്ത വിശുദ്ധ മഗ്ദലന മറിയത്തിൻറെ  മധ്യസ്ഥതയും സംരക്ഷണവും നമുക്കു ലഭിക്കുമാറാകട്ടെ. ഈ വിശുദ്ധയുടെ മാധ്യസ്ഥം വഴിയായി ലോകമോഹങ്ങളിൽ  നിന്നും  ശരീരത്തിൻറെ ആസക്തികളിൽനിന്നും ജീവിതവ്യഗ്രതകളിൽ നിന്നും പാപസ്വാധീനങ്ങളിൽ നിന്നും നാം  സംരക്ഷിതരായിത്തീരട്ടെ. 

പാപത്തിൽ നിന്നു പിന്തിരിഞ്ഞു  പുണ്യജീവിതം നയിക്കാനാഗ്രഹിക്കുന്നവർക്കു  മധ്യസ്ഥയായി  വിശുദ്ധ മഗ്ദലനാമറിയത്തെ നൽകിയ  നമ്മുടെ  കർത്താവീശോമിശിഹായുടെ  കൃപയും പിതാവായ ദൈവത്തിൻറെ സ്നേഹവും പരിശുദ്ധാത്മാവിൻറെ സംസർഗവും നാമെല്ലാവരോടും കൂടി എല്ലായ്‌പ്പോഴും  ഉണ്ടായിരിക്കുകയും ചെയ്യട്ടെ.  ആമേൻ.