വിമലഹൃദയ പ്രതിഷ്ഠ – മുപ്പത്തിയൊന്നാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം

എൻ്റെ ഏറ്റവും പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, എൻ്റെ വിമല ഹൃദയത്തിനു പ്രതിഷ്ഠ നടത്തി, അതിനു വേണ്ട അംഗീകാരം എല്ലാ മാർഗ്ഗേനയും കൊണ്ടു വരുവാൻ ഞാൻ ആവശ്യപ്പെട്ടുവല്ലോ. എൻ്റെ ഈ പ്രവർത്തിയിൽ ഭാഗഭാക്കുകളായ എല്ലാവരേയും ഞാൻ സംരക്ഷിക്കുകയും നയിക്കുകയും ചെയ്യും. ഈ ആത്മാക്കളാണ് ദൈവത്തിൻ്റെ ദൃഷ്ടിയിൽ വലിയ നേട്ടങ്ങൾ കൊയ്യുന്നത്. പിതാവായ ദൈവത്തിൻ്റെ ആഗ്രഹത്തിൻ്റെ വലിപ്പം നിങ്ങളൊന്നു ധ്യാനിച്ചു നോക്കുക. എല്ലാ ഹ്യദയങ്ങളും ദൈവത്തിൻ്റെ ഹൃദയവുമായി ഗാഢബന്ധത്തിലായിരിക്കാൻ ദൈവം അഭിലഷിക്കുന്നു. ഈ ബന്ധിക്കൽ എൻ്റെ ഹൃദയത്തിലൂടെ സംഭവിക്കണമെന്നു ദൈവം തീരുമാനിച്ചിരിക്കുന്നു. എൻ്റെ ആത്മാവിലൂടെയാണല്ലോ ദൈവം മനുഷ്യമനസ്സിലെത്തിയത്. എന്നോടുള്ള പിതാവിൻ്റെ സ്നേഹമാണ്, എല്ലാ ആത്മാക്കൾക്കും ഈ കൃപ ലഭിക്കാൻ കാരണം. സ്വർഗ്ഗത്തിൻ്റെ സമ്പത്ത് എല്ലാ ആത്മാക്കൾക്കുമായി പങ്കുവയ്ക്കാൻ ദൈവം ആഗ്രഹിക്കുന്നു. അക്കാരണത്താലാണ് എൻ്റെ ഹൃദയവും പങ്കുവയ്ക്കണമെന്ന് ദൈവം അഭിലഷിക്കുന്നത്.

ചുരുങ്ങിയ കാലമേ അവശേഷിക്കുന്നുള്ളു. എൻ്റെ കുഞ്ഞുങ്ങളേ, വിമല ഹൃദയത്തിനുള്ള സമർപ്പണം എന്ന കൃപാവരം സ്വീകരിക്കാൻ ജനതതികളെ ഒരുക്കുക, എൻ്റെ ചുറ്റും വരുക, ഈ കൃപാദാനത്തിൻ്റെ പ്രാധാന്യം ഞാൻ പറഞ്ഞുമനസ്സിലാക്കിത്തരാം; മുന്നണിയിൽ പ്രവർത്തിക്കുന്നവർക്കു ഞാൻ കൃപ നല്കട്ടെ. അങ്ങനെ അവർ പരിശുദ്ധാത്മാവിൻ്റെ ശക്തിയും എൻ്റെ ഹൃദയമാകുന്ന സമ്മാനവും വഹിക്കട്ടെ. ഈ വരദാനങ്ങളിലൂടെ അവർ ജനതതികളെ സുവിശേഷത്തിൽ ഉറപ്പിക്കട്ടെ. അങ്ങനെ നാമെല്ലാം ചേർന്ന് ദൈവഹിതം നടപ്പിൽ വരുത്തട്ടെ! എൻ്റെ കുഞ്ഞുങ്ങളേ, ഞാൻ ഉറപ്പിച്ചു പറയുന്നു: നിങ്ങളുടെ പരിപൂർണ്ണ ശ്രദ്ധയും ആത്മാർത്ഥതയും ഇക്കാര്യത്തിൽ നിങ്ങൾ കൊടുക്കുകയും പ്രകടിപ്പിക്കുകയും ചെയ്യണം.

വഴികാട്ടി

നമുക്കറിയാം, ഒറ്റവാക്കിൽ പറയുകയാണെങ്കിൽ ഈ കാലഘട്ടത്തിൻ്റെ ശ്ലീഹന്മാരെല്ലാവരും ക്രിസ്തുവിൻ്റെ യഥാർത ശിഷ്യന്മാർ തന്നെ. അവർ ശ്രമിക്കുന്നത്, സുവിശേഷത്തിൻ്റെ സന്ദേശം അർത്ഥശങ്കയില്ലാതെ മുഴുവനായി പഠിപ്പിക്കാനാണ്. ഇതിൽ അവർ മായം ചേർക്കുകയേ ഇല്ല. സത്യത്തിൻ്റെ ഇടുങ്ങിയ വാതിലാണ് അവർ കാണിച്ചുകൊടുക്കുന്നത്; വിശുദ്ധഗ്രന്ഥത്തിലേതുപോലെ തന്നെയാണത്. ലോകം നല്കുന്ന അബദ്ധപ്രവേശികയല്ല അത്. തോളിൽ അവർ കുരിശുവഹിക്കുന്നു. കൈയിൽ ജപമാലയും ഏന്തുന്നു. അവരുടെ ഹൃദയഭിത്തിയിൽ മറിയം എന്ന നാമം ഉല്ലേഖനം ചെയ്തിരിക്കുന്നു. അവരുടെ കണ്ണുകളിൽ നോക്കുക. അവിടെ ക്രിസ്തുവിനെ കാണാം. അമ്മ ഒരുമിച്ചു കൂട്ടുന്നത് വലിയ ഒരു സേനാഗണത്തെ തന്നെയാണ്. പിതാവിൻ്റെ ഇഷ്ടം അനുസരിച്ച് നമ്മുടെ നാഥ അവരെ ഒരു കൂട്ടായ്മയിൽ ബന്ധിപ്പിക്കുന്നു. കൃപയാണ് അവരെ ബന്ധിക്കുന്നത്. ഈ കൃപ ലഭിക്കുന്നത് സമർപ്പണം വഴിയും.

പ്രവൃത്തിപഥം

ഈ ദൗത്യത്തിൻ്റെ ഭാഗമാകാൻ മാതാവിൻ്റെ ക്ഷണം ലഭിച്ചവർക്കെല്ലാം ഒരു കാര്യം അനുഭവപ്പെടും അവരുടെ ഹൃദയത്തിൽ ശക്തമായൊരു തീനാളം തുടർന്നുകത്തുന്നതായി. ഒന്നു കൊണ്ടും അത് അണയുകയില്ല. അതിൻ്റെ ശക്തി കുറയുകയുമില്ല. മാതാവിൻ്റെ ഹൃദയത്തിൻ്റെ സാമീപ്യവും ചൂടും കിട്ടുന്നിടത്തോളം കാലം. എല്ലാക്കാലത്തെയും വലിയ ഒരു യുദ്ധത്തിനായി, നാം അമ്മയുടെ സേനയിൽ ചേർന്നുകഴിഞ്ഞുവല്ലോ. ഈ യുദ്ധം ആരംഭിച്ചുകഴിഞ്ഞു. ലോകത്തിൽ അതിൻ്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി നാം ജയിക്കാനായി യുദ്ധം തുടരുന്നു; യേശു തരുന്ന കുരിശു വഹിക്കുമ്പോൾ, നമുക്കു ശക്തി ലഭിക്കുന്നു. കുരിശിൻ്റെ ഭാരം നമ്മെ ബലപ്പെടുത്തുന്നു. ഇനി ഉയർപ്പുണ്ട്. അപ്പോൾ നാമും ആഹ്ളാദഭരിതരാകും.

നമ്മുടെ ഓട്ടം പൂർത്തിയാക്കി, വിജയകിരീടത്തിനായി ശിരസ്സുതാഴ്ത്തുമ്പോൾ നമുക്കു മനസ്സിലാകാൻ പോകുന്നൊരു കാര്യമുണ്ട്. അമ്മയുടെ ഹൃദയമായിരുന്നു നമ്മുടെ വഴികളിൽ പാദങ്ങൾക്കു വെളിച്ചമായിരുന്നത് എന്ന്. നമ്മുടേതായ വഴിയിലൂടെ അമ്മ നമുക്കു വഴികാട്ടിയായി, മുമ്പിലുള്ള കുഴികളും കെണികളും ആർക്കും പ്രവചിക്കാനാവില്ലായിരുന്നു. അമ്മ എല്ലാം കാണുന്നു; എല്ലാം അറിയുന്നു. ഈ വിജയം നമുക്ക് ലഭ്യമാക്കുന്നത് സമർപ്പണം വഴി മാത്രമാണ്.

(പാർത്ഥന

പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമല ഹൃദയമേ, അമ്മയുടെ മേലങ്കിക്കുള്ളിൽ ഞങ്ങൾക്ക് സംരക്ഷണം നല്കണമേ. ഞങ്ങളെ ചേർത്തുപിടിക്കേണമേ; വിമല ഹൃദയത്തിനുള്ളിൽ സൂക്ഷിക്കേണമേ. ദൈവത്തിൻ്റെ പദ്ധതിയിൽ എൻ്റെ സ്ഥാനം അറിയാൻ എന്നെ സഹാ യിക്കേണമേ.

വചനം

“ഇതിനുവേണ്ടിയാണ് ഞാൻ ഈ ലോകത്തിലേക്കു വന്നതും – സത്യത്തിനു സാക്ഷ്യം നൽകാൻ. സത്യത്തിൽനിന്നുള്ളവൻ എൻ്റെ സ്വരം കേൾക്കുന്നു. ‘ (യോഹ 18: 37)

2, വിശ്വാസ പ്രമാണം

സര്‍വശക്തനായ പിതാവും, ആകാശത്തിൻ്റെയും ഭൂമിയുടേയും സൃഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി, കനൃകാമറിയത്തില്‍നിന്ന്‌ പിറന്നു, പന്തിയോസ്‌ പിലാത്തോസിൻ്റെ കാലത്ത്‌ പീഡകള്‍ സഹിച്ച്‌, കുരിശില്‍ തറയ്ക്കപ്പെട്ട്, മരിച്ച്‌, അടക്കപ്പെട്ട്, പാതാളങ്ങളില്‍ ഇറങ്ങി. മരിച്ചവരുടെ ഇടയില്‍ നിന്നും മുന്നാംനാള്‍ ഉയര്‍ത്തു. സ്വര്‍ഗ്ഗത്തിലേക്ക്‌ എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിൻ്റെ വലതുഭാഗത്ത്‌ ഇരിക്കുന്നു. അവിടുന്ന്‌ ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐകൃത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിൻ്റെ ഉയിര്‍പ്പിലും, നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍.

3. പ്രതിഷ്ഠാ ജപം

എൻ്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യാമറിയമേ, ഞാന്‍ എന്നെ പൂര്‍ണ്ണമായി അമ്മയ്ക്ക്‌ സമര്‍പ്പിക്കുന്നു. വിശിഷ്യ, എൻ്റെ കണ്ണുകളും കാതുകളും എൻ്റെ നാവും ഹൃദയവും അമ്മയുടെ സംരക്ഷണത്തിന്‌ സമര്‍പ്പിക്കുന്നു. ഇന്നുമുതല്‍ അമ്മ എൻ്റെ സ്വന്തമാണ്‌, ഞാന്‍ അമ്മയുടെയും. എന്നെ കാത്തു സൂക്ഷിക്കണമേ.

4. ത്രികാല ജപം

കര്‍ത്താവിൻ്റെ മാലാഖ

കര്‍ത്താവിൻ്റെ മാലാഖ പരിശുദ്ധ മറിയത്തോട്‌ വചിച്ചു. പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു – 1 നന്മ.

ഇതാ കര്‍ത്താവിൻ്റെ ദാസി നിൻ്റെ വചനം പോലെ എന്നിലാകട്ടെ – 1 നന്മ.

വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു -1 നന്മ.

ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക്‌ ഞങ്ങള്‍ യോഗ്യരാകുവാന്‍,

സര്‍വ്വേശ്വരൻ്റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വ്വേശ്വരാ, മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാര്‍ത്ത അറിഞ്ഞിരിക്കുന്ന ഞങ്ങള്‍, അവിടുത്തെ പീഡാനുഭവവും കുരിശു മരണവും മുഖേന ഉയിര്‍പ്പിൻ്റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേയെന്ന്‌ ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാവഴി അങ്ങയോട്‌ ഞങ്ങള്‍ അപേക്ഷിക്കുന്നു ആമേന്‍ – 3 ത്രിത്വ.

5. പുണ്യങ്ങളുടെ ജപമാല

(വിശ്വാസം, ശരണം, സ്നേഹം, എളിമ, ക്ഷമ, അരൂപിയിൽ നിലനില്‍പ്പ്‌, അനുസരണ എന്നീ ഏഴു പുണ്യങ്ങള്‍ക്ക്‌ വേണ്ടിയുള്ള പ്രാര്‍ത്ഥന)

I . പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ – 1 സ്വര്‍ഗ്ഗ .. 1 ത്രി ..

പരിശുദ്ധ റൂഹായെ, എൻ്റെ ഹൃദയത്തിലേക്ക്‌ എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങള്‍ കാണാന്‍ എൻ്റെ കണ്ണുകള്‍ തുറക്കണമേ.

പരിശുദ്ധ റൂഹായെ, എൻ്റെ ഹൃദയത്തിലേക്ക്‌ എഴുന്നള്ളിവരണമേ! ദൈവിക കാര്യങ്ങള്‍ ഗ്രഹിക്കാന്‍ എൻ്റെ മനസ്സിനു ശക്തി തരണമേ. അങ്ങനെ ഞാന്‍ ദൈവ മഹത്ത്വം അന്വേഷിക്കട്ടെ! എൻ്റെ ചിന്തകളും വാക്കുകളും പ്രവര്‍ത്തികളും വിശുദ്ധീകരിക്കപ്പെട്ട്‌ ഞാന്‍ ദൈവത്തിൻ്റെ സ്വന്തമാകട്ടെ!

II ) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ ..1ത്രി.. പരിശുദ്ധ റൂഹായെ…

III ) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. 1 ത്രി .. പരിശുദ്ധ റൂഹായെ…

V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

VI) പരിശുദ്ധ ദൈവമാതാവേ, അരൂപിയില്‍ നിലനില്‍പ്പ്‌ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

6. മാതാവിനോടുള്ള ജപം

പരിശുദ്ധ കനൃകാമറിയമെ, എൻ്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട്‌ അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്പവലയംകൊണ്ട്‌ അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമര്‍പ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എൻ്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാന്‍ അങ്ങേയ്ക്കു നല്‌കിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നല്കണമേ. ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതല്‍ അറിയപ്പെടാന്‍ ഞാന്‍ കാരണമാകട്ടെ!

7, പന്തക്കുസ്ത പ്രാര്‍ത്ഥന

മിശിഹായുടെ ആത്മാവേ, എന്നെ ഉണര്‍ത്തണമേ.

മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.

മിശിഹായുടെ ആത്മാവേ, എന്നില്‍ നിറയണമേ.

അങ്ങയുടെ മുദ്ര എൻ്റെ ആത്മാവില്‍ പതിപ്പിക്കണമേ.

പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എൻ്റെ ഹൃദയത്തിന്‍ പതിപ്പിച്ചുറപ്പിക്കണമേ. പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നില്‍ സൃഷ്ടിക്കണമേ.

പിതാവായ ദൈവമേ, എൻ്റെ ആത്മാവ്‌ അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദര്‍ശിക്കട്ടെ!