വിമലഹൃദയ പ്രതിഷ്ഠ – ഇരുപത്തിയൊൻപതാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം

എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, എൻ്റെ മാതൃഹ്യദയത്തിനു സ്വയം സമർപ്പിച്ച എല്ലാ ആത്മാക്കൾക്കും സ്വർഗ്ഗീയ കൃപകൾ ലഭിക്കുവാൻ അർഹതയുണ്ട്. കൃപകൾക്കു പരിധിവച്ചിട്ടില്ല. നിങ്ങൾ എൻ്റെ മഹാവിജയത്തിൻ്റെ പൂർത്തീകരണമാണ്. നിത്യരക്ഷയുടെ ദാനങ്ങളാണ് ഞാൻ നല്കുന്നത്. ആത്യന്തികമായി നിങ്ങൾ എൻ്റെ പുത്രൻ ഈശോയുടെ തിരുഹ്യദയത്തിൻ്റെ സാക്ഷികളാണ്. മകൻ്റെ സ്നേഹത്തിൻ്റെയും കരുണയുടേയും പ്രത്യക്ഷീകരണങ്ങളാണ്. വിമലഹൃദയത്തിൻ്റെ പ്രവർത്തനങ്ങളിൽ പങ്കുകാരും, വിമല ഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെട്ടവരുമാണ്. നിങ്ങൾ മുഴുമനസ്സോടെ ചെയ്യേണ്ട കാര്യമിതാണ്; എൻ്റെ മകൻ്റെ പ്രകാശം കൂടുതൽ ആദരിക്കപ്പെടണം, ഈ ലോകത്തിൽ കൂടുതൽ സ്നേഹിക്കപ്പെടണം. ഞാൻ മറ്റൊന്നും ആഗ്രഹിക്കുന്നില്ല.

വഴികാട്ടി

ഈ കാലഘട്ടത്തിൽ നമ്മുടെ നാഥ അഭൂതപൂർവ്വമായി പ്രകാശിക്കുന്നുണ്ട് – കരുണയിലും, ശക്തിയിലും, കൃപയിലും. നിർഭാഗ്യപാപികളെ സ്നേഹപൂർവ്വം സ്വീകരിച്ചു മടക്കിക്കൊണ്ടുവരാനും, മാനസാന്തരവും സമർപ്പണവും നവീകരണവും പരിശുദ്ധ കത്തോലിക്കാ സഭയ്ക്കു നല്കാനും അമ്മ കരുണയോടെ വരുന്നു. ദൈവത്തിനെതിരായി യുദ്ധം ചെയ്യുന്ന സാത്താനെ തോല്പിക്കാൻ ഒരു വലിയ സേനയെത്തന്നെ മറിയം വിന്യസിക്കുന്നുണ്ട്. കൃപയുടെ പ്രകാശവുമായി അമ്മ വരുന്നുണ്ട്, തൻ്റെ യോദ്ധാക്കൾക്ക് മനഃശക്തി നല്കാൻ. തിന്മയ്ക്കെതിരായ യുദ്ധം നയിക്കാൻ അമ്മ വരുന്നു. കാരണം സാത്താൻ വിശുദ്ധിയിലേക്കുള്ള വഴിയിലെല്ലാം കെണികളൊരുക്കുന്നു; വിശുദ്ധരെ പീഡിപ്പിക്കുന്നു. വിശുദ്ധ ഗ്രന്ഥം പറയുന്നു, “നീയും സ്ത്രീയും തമ്മിലും നിൻ്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശ്രതുത ഉളവാക്കും. (ഉത്പത്തി 3:15). ഈ യുദ്ധം മറിയവും സാത്താനും തമ്മിലാണ്. തിന്മയുടെ തല അവൾ കാൽക്കീഴിലാക്കി ചവിട്ടിത്തകർക്കും. ഈ അവസാനയുദ്ധത്തിലാണ് നാമും പങ്കുചേരുന്നത്. അമ്മയെ നമ്മുടെ രാജ്ഞിയായി പ്രഖ്യാപിക്കാൻ നാം ഒന്നു ചേരുന്നു. ഈ മഹാവിജയം ആരംഭിക്കുന്നത് നമ്മുടെ ഹൃദയങ്ങളിലാണ്. ഇത്രയും നാൾ ഉറങ്ങിക്കിടന്നിരുന്ന ഹൃദയത്തിൽ മാതൃവിജയം ഇപ്പോൾ ഉണർന്നു കഴിഞ്ഞല്ലോ.

പ്രവൃത്തിപഥം

നമ്മുടെ സമർപ്പണമാണ്, അമ്മയെ ലോകത്തിനു പ്രസിദ്ധപ്പെടുത്തിക്കൊടുക്കുന്നത്. എല്ലാവരിലേക്കും അമ്മയുടെ കൃപ എത്തിക്കുന്നതിനാണ് ഈ മാർഗം. അമ്മയുടെ വിജയത്തിനുവേണ്ടിയുള്ള യുദ്ധത്തിൽ നാം സത്യത്തിൻ്റെ പ്രകാശ കിരണങ്ങളാകണം. സാത്താൻ നയിക്കുന്ന യുദ്ധം അമ്മയുടെ മക്കൾക്ക് എതിരായിത്തന്നെയാണ്. സാത്താൻ അഹങ്കാരം മുഖേന നഷ്ടപ്പെടുത്തിയത്, മറിയം എളിമയിലൂടെ നേടി. അനുസരണക്കേട് മുഖേന സാത്താൻ നഷ്ടപ്പെടുത്തിയത്, പരിപൂർണ്ണ കീഴ്വഴക്കത്തിലൂടെയും സ്വാർത്ഥത ഉപേക്ഷിക്കലിലൂടെയും അമ്മ നേടി എടുത്തു. ആദ്യപാപംവഴി ദൈവം സൃഷ്ടിച്ച പറുദീസ നശിപ്പിക്കപ്പെട്ടു. പരിശുദ്ധ കന്യകാമറിയമാകട്ടെ, മക്കളെ രക്ഷിക്കാൻ വിശ്വസ്ഥയായ ഭ്രത്യയെപ്പോലെ ശ്രമിക്കുന്നു. ഈശോയുടെ തിരുഹൃദയം ലോകത്തിലെ എല്ലാ ആത്മാക്കളേയും രക്ഷിക്കാൻ വേണ്ടി അമ്മ നേടിയ ആത്മാക്കളെ എല്ലാം ഈ മക്കൾ സമർപ്പിക്കുന്നു. അവർ സ്വയം സമർപ്പിക്കുകയും ചെയ്യുന്നു. വെളിച്ചവും ഇരുട്ടും തമ്മിലാണു യുദ്ധം. ഈ യുദ്ധത്തിൻ്റെ കെടുതികളാണ് നാം ഈ കാലഘട്ടങ്ങളിൽ കാണുന്നതും അനുഭവിക്കുന്നതും. എളിമയുള്ള ആത്മാവ് അഹങ്കാരിയെ പരാജയപ്പെടുത്തും എന്ന് നാം ഓർക്കുക.

പ്രാർത്ഥന

പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയമേ, അമ്മയുടെ വിജയത്തിൻ്റെ മഹത്വം എന്നിലൂടെ പ്രകടമാക്കണമേ. ഈ യുദ്ധത്തിൽ എന്നെ ബലപ്പെടുത്തണമേ. ആത്മാക്കൾക്കുവേണ്ടിയുള്ള യുദ്ധം ഒരിക്കലും ഇത്ര കഠിനമായിരുന്നിട്ടില്ലല്ലോ. സമർപ്പണം വഴി ഞാൻ എന്നെ പൂർണ്ണമായി മറന്ന് അങ്ങേയ്ക്ക് നല്കട്ടെ! യുദ്ധമുന്നണിയിൽ എന്നെ നിർത്തണമ. പുണ്യങ്ങൾ എൻ്റെ ആയുധങ്ങളാകട്ടെ! സത്യമാകുന്ന പടവാൾ ഞാൻ കൈയിലേന്തട്ടെ! അമ്മയുടെ മഹാവിജയത്തിൻ്റെ കൊടിക്കീഴിൽ ഞങ്ങൾ യുദ്ധം ചെയ്യട്ടെ. വചനം പഠിപ്പിക്കുന്ന തത്വങ്ങളും ധാർമ്മിക നിയമങ്ങളും എൻ്റെ ഉറച്ച വിശ്വാസമാകട്ടെ! പ്രാർത്ഥന എനിക്കു ശക്തമായ കോട്ടയാകട്ടെ! പ്രാർത്ഥനയിലൂടെ അമ്മയോടും പരിശുദ്ധാത്മാവിനോടും ഞാൻ ഒന്നായിരിക്കട്ടെ! എനിക്കു വരുന്ന ദുഃഖങ്ങളും ദുരിതങ്ങളും സഹിക്കാനുള്ള ബലം നല്കി എൻ്റെ ആത്മാവിനെ ഉറപ്പിക്കേണമേ. അമ്മയുടെ വിജയത്തിൽ ഞാൻ എന്നും ആഹ്ളാദിക്കാൻ ഇടയാക്കണമേ.

വചനം

“ഇപ്പോൾ മുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീർത്തിക്കും. ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു.” (ലൂക്കാ 1:48-49)

2, വിശ്വാസ പ്രമാണം

സര്‍വശക്തനായ പിതാവും, ആകാശത്തിൻ്റെയും ഭൂമിയുടേയും സൃഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി, കനൃകാമറിയത്തില്‍നിന്ന്‌ പിറന്നു, പന്തിയോസ്‌ പിലാത്തോസിൻ്റെ കാലത്ത്‌ പീഡകള്‍ സഹിച്ച്‌, കുരിശില്‍ തറയ്ക്കപ്പെട്ട്, മരിച്ച്‌, അടക്കപ്പെട്ട്, പാതാളങ്ങളില്‍ ഇറങ്ങി. മരിച്ചവരുടെ ഇടയില്‍ നിന്നും മുന്നാംനാള്‍ ഉയര്‍ത്തു. സ്വര്‍ഗ്ഗത്തിലേക്ക്‌ എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിൻ്റെ വലതുഭാഗത്ത്‌ ഇരിക്കുന്നു. അവിടുന്ന്‌ ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐകൃത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിൻ്റെ ഉയിര്‍പ്പിലും, നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍.

3. പ്രതിഷ്ഠാ ജപം

എൻ്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യാമറിയമേ, ഞാന്‍ എന്നെ പൂര്‍ണ്ണമായി അമ്മയ്ക്ക്‌ സമര്‍പ്പിക്കുന്നു. വിശിഷ്യ, എൻ്റെ കണ്ണുകളും കാതുകളും എൻ്റെ നാവും ഹൃദയവും അമ്മയുടെ സംരക്ഷണത്തിന്‌ സമര്‍പ്പിക്കുന്നു. ഇന്നുമുതല്‍ അമ്മ എൻ്റെ സ്വന്തമാണ്‌, ഞാന്‍ അമ്മയുടെയും. എന്നെ കാത്തു സൂക്ഷിക്കണമേ.

4. ത്രികാല ജപം

കര്‍ത്താവിൻ്റെ മാലാഖ

കര്‍ത്താവിൻ്റെ മാലാഖ പരിശുദ്ധ മറിയത്തോട്‌ വചിച്ചു. പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു – 1 നന്മ.

ഇതാ കര്‍ത്താവിൻ്റെ ദാസി നിൻ്റെ വചനം പോലെ എന്നിലാകട്ടെ – 1 നന്മ.

വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു -1 നന്മ.

ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക്‌ ഞങ്ങള്‍ യോഗ്യരാകുവാന്‍,

സര്‍വ്വേശ്വരൻ്റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വ്വേശ്വരാ, മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാര്‍ത്ത അറിഞ്ഞിരിക്കുന്ന ഞങ്ങള്‍, അവിടുത്തെ പീഡാനുഭവവും കുരിശു മരണവും മുഖേന ഉയിര്‍പ്പിൻ്റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേയെന്ന്‌ ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാവഴി അങ്ങയോട്‌ ഞങ്ങള്‍ അപേക്ഷിക്കുന്നു ആമേന്‍ – 3 ത്രിത്വ.

5. പുണ്യങ്ങളുടെ ജപമാല

(വിശ്വാസം, ശരണം, സ്നേഹം, എളിമ, ക്ഷമ, അരൂപിയിൽ നിലനില്‍പ്പ്‌, അനുസരണ എന്നീ ഏഴു പുണ്യങ്ങള്‍ക്ക്‌ വേണ്ടിയുള്ള പ്രാര്‍ത്ഥന)

I . പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ – 1 സ്വര്‍ഗ്ഗ .. 1 ത്രി ..

പരിശുദ്ധ റൂഹായെ, എൻ്റെ ഹൃദയത്തിലേക്ക്‌ എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങള്‍ കാണാന്‍ എൻ്റെ കണ്ണുകള്‍ തുറക്കണമേ.

പരിശുദ്ധ റൂഹായെ, എൻ്റെ ഹൃദയത്തിലേക്ക്‌ എഴുന്നള്ളിവരണമേ! ദൈവിക കാര്യങ്ങള്‍ ഗ്രഹിക്കാന്‍ എൻ്റെ മനസ്സിനു ശക്തി തരണമേ. അങ്ങനെ ഞാന്‍ ദൈവ മഹത്ത്വം അന്വേഷിക്കട്ടെ! എൻ്റെ ചിന്തകളും വാക്കുകളും പ്രവര്‍ത്തികളും വിശുദ്ധീകരിക്കപ്പെട്ട്‌ ഞാന്‍ ദൈവത്തിൻ്റെ സ്വന്തമാകട്ടെ!

II ) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ ..1ത്രി.. പരിശുദ്ധ റൂഹായെ…

III ) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. 1 ത്രി .. പരിശുദ്ധ റൂഹായെ…

V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

VI) പരിശുദ്ധ ദൈവമാതാവേ, അരൂപിയില്‍ നിലനില്‍പ്പ്‌ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

6. മാതാവിനോടുള്ള ജപം

പരിശുദ്ധ കനൃകാമറിയമെ, എൻ്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട്‌ അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്പവലയംകൊണ്ട്‌ അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമര്‍പ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എൻ്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാന്‍ അങ്ങേയ്ക്കു നല്‌കിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നല്കണമേ. ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതല്‍ അറിയപ്പെടാന്‍ ഞാന്‍ കാരണമാകട്ടെ!

7, പന്തക്കുസ്ത പ്രാര്‍ത്ഥന

മിശിഹായുടെ ആത്മാവേ, എന്നെ ഉണര്‍ത്തണമേ.

മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.

മിശിഹായുടെ ആത്മാവേ, എന്നില്‍ നിറയണമേ.

അങ്ങയുടെ മുദ്ര എൻ്റെ ആത്മാവില്‍ പതിപ്പിക്കണമേ.

പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എൻ്റെ ഹൃദയത്തിന്‍ പതിപ്പിച്ചുറപ്പിക്കണമേ. പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നില്‍ സൃഷ്ടിക്കണമേ.

പിതാവായ ദൈവമേ, എൻ്റെ ആത്മാവ്‌ അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദര്‍ശിക്കട്ടെ!