1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം
എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, ആത്മാവ് സമർപ്പണം നടത്തുമ്പോൾ എൻ്റെ വിമലഹൃദയത്തോടുള്ള ഭക്തിക്ക് വലിയ പ്രാധാന്യം നൽകണമെന്ന് പിതാവായ ദൈവം ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ട് ഞാൻ ആവശ്യപ്പെടുകയാണ്. നിങ്ങൾ ദിവസവും ജപമാല അർപ്പിക്കുക. ആദ്യ ശനിയായാഴ്ച വ്രതം അനുഷ്ഠിക്കുക; നിങ്ങളുടെ യാചനകൾ എനിക്കു തരുക. നിങ്ങളുടെ ജീവിതത്തിൽ എന്നെ ആശ്രയിക്കുക. ഇവയെല്ലാം ഞാൻ എൻ്റെ മകനു കൈമാറും. എന്നോടുള്ള സ്നേഹത്തെപ്രതി ഇവയെല്ലാം ചെയ്യുക. നിങ്ങളോടുള്ള സ്നേഹത്തെപ്രതി ഞാനിവയെല്ലാം എൻ്റെ മകനു കൊടുക്കും.
എൻ്റെ കുഞ്ഞുമക്കളെ, നിങ്ങളുടെ ഓരോ ദിവസവും ആരംഭിക്കേണ്ടത് ഇപ്രകാരമുള്ള പ്രാർത്ഥനയോടെയാണ്. ” പരിശുദ്ധ കന്യകാമറിയമെ, എൻ്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട് അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്പവലയംകൊണ്ട് അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമർപ്പണം ചെയ്ത അങ്ങയുടെ ഹൃദയം പോലെ , എൻ്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാൻ അങ്ങേയ്ക്കു നല്കിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നല്കണമേ. മറിയമേ , ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതൽ അറിയപ്പെടാൻ ഞാൻ കാരണമാകട്ടെ ! ‘
വഴികാട്ടി
മാതാവിൻ്റെ മഹാവിജയം ഉറപ്പിക്കാൻ സമർപ്പണം ആവശ്യമാണ്. അമ്മയുടെ മഹാവിജയം വിശ്വാസികൾക്കു വലിയ സഹായം നല്കും. അങ്ങനെ വിശ്വാസികൾ ഈശോയുടെ തിരുഹൃദയത്തിൻ്റെ ഭരണത്തിനു യോഗ്യരാകും. രക്ഷകൻ്റെയും അമ്മയുടേയും ഹൃദയങ്ങളുടെ ഐക്യം സംഭവിക്കും. ലോകത്തിനു രക്ഷ നല്കാനുള്ള കൃപ സംവഹിക്കപ്പെടുന്നത് രക്ഷകൻ്റെയും അമ്മയുടേയും ഒന്നുചേർന്നിരിക്കുന്ന ഹൃദയങ്ങളിലാണ്. ഇതാണ് പിതാവിന്റെ പദ്ധതിയും. നാം സമർപ്പണം ചെയ്തു കഴിയുമ്പോൾ അമ്മ നമ്മെ വിജയത്തിലൂടെ മുമ്പോട്ടു നയിക്കും.
പ്രവൃത്തിപഥം
അമ്മയ്ക്ക് നമ്മുടെ ഹൃദയങ്ങൾ സമർപ്പിച്ചാൽ എല്ലാമായി എന്ന് നാം ധരിക്കരുത്. നാം നല്ല വിലകൊടുത്തേ പറ്റൂ. ദൈവമാതാവ് നമ്മുടെ അമ്മയാകണം. നാം അമ്മയുടെ മക്കളും. ഇതു സംഭവിക്കുവാൻ ചില നിബന്ധനകളുണ്ട്. നമ്മുടെ ജീവിത ശൈലിയെ മുഴുവനായി മാറ്റണം. പാപകരമായവയും തിന്മകളും ഈ ലോകത്തിൻ്റെതുമായതെല്ലാം ത്യജിക്കണം. അടുത്തതായി നമ്മുടെ ഹൃദയത്തിൻ്റെയും മനസ്സിൻ്റെയും ആത്മാവിൻ്റെയും ചുമതല അമ്മയ്ക്കു കൊടുക്കണം. മൂന്നാമതായി, അമ്മയുടെ വിമലഹൃദയത്തിലേക്ക് കൂടുതൽ ആത്മാക്കളെ ആകർഷിക്കണം . ഇനിമേൽ നാം അമ്മയുടെ പാദത്തിങ്കൽ ഇരുന്ന് അമ്മയെ തന്ന നാഥനെ സ്തുതിച്ചുകൊണ്ടിരിക്കണം.
പ്രാർത്ഥന
പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയമേ, എൻ്റെ ആത്മാവിനു വിശുദ്ധി ലഭിക്കാൻ പ്രാർത്ഥിക്കണമേ, എന്തെന്നാൽ അമ്മയുടെ യാചനകളെല്ലാം സ്വീകരിക്കപ്പെടുന്നു. പരിശുദ്ധ കന്യകാമറിയമേ , എൻ്റെ ആത്മാവിനെ അങ്ങയുടെ കരങ്ങളിൽ ഞാൻ ഭരമേല്പിക്കുന്നു. കൃപയിലുള്ള നിലനിൽപ് എനിക്കു വാങ്ങിത്തരേണമേ. ഞാൻ പരീക്ഷിക്കപ്പെടുമ്പോഴും നിത്യജീവൻ നഷ്ടപ്പെടുത്തുന്ന അപകടങ്ങളിൽപെടുമ്പോഴും അമ്മയെ ആശ്രയിക്കാൻ എനിക്കു സമർപ്പണം മുഖേന വരം ലഭിക്കട്ടെ. എൻ്റെ മരണസമയത്ത് എന്നെ തുണയ്ക്കണമേ. എൻ്റെ ആത്മാവിനെ പിതാവിൻ്റെ കൈകളിൽ ഏല്പിച്ചുകൊടുക്കേണമേ. എൻ്റെ എല്ലാ വിശ്വാസവും അങ്ങിൽ അർപ്പിക്കുന്നു. അമ്മയുടെ മഹാവിജയം സംഭവിക്കുമെന്ന ഉറപ്പും എനിക്കുണ്ടാകട്ടെ !
വചനം
“ എന്നെ അനുസരിക്കുന്നവൻ ലജ്ജിതനാവുകയില്ല ; എൻ്റെ സഹായത്തോടെ അദ്ധ്വാനിക്കുന്നവൻ പാപത്തിൽ വീഴുകയില്ല . ” ( പ്രഭാഷകൻ – 24:22 )
2, വിശ്വാസ പ്രമാണം
സര്‍വശക്തനായ പിതാവും, ആകാശത്തിൻ്റെയും ഭൂമിയുടേയും സൃഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി, കനൃകാമറിയത്തില്‍നിന്ന് പിറന്നു, പന്തിയോസ് പിലാത്തോസിൻ്റെ കാലത്ത് പീഡകള്‍ സഹിച്ച്, കുരിശില്‍ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ട്, പാതാളങ്ങളില്‍ ഇറങ്ങി. മരിച്ചവരുടെ ഇടയില്‍ നിന്നും മുന്നാംനാള്‍ ഉയര്‍ത്തു. സ്വര്‍ഗ്ഗത്തിലേക്ക് എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിൻ്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടുന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐകൃത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിൻ്റെ ഉയിര്‍പ്പിലും, നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍.
3. പ്രതിഷ്ഠാ ജപം
എൻ്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യാമറിയമേ, ഞാന്‍ എന്നെ പൂര്‍ണ്ണമായി അമ്മയ്ക്ക് സമര്‍പ്പിക്കുന്നു. വിശിഷ്യ, എൻ്റെ കണ്ണുകളും കാതുകളും എൻ്റെ നാവും ഹൃദയവും അമ്മയുടെ സംരക്ഷണത്തിന് സമര്‍പ്പിക്കുന്നു. ഇന്നുമുതല്‍ അമ്മ എൻ്റെ സ്വന്തമാണ്, ഞാന്‍ അമ്മയുടെയും. എന്നെ കാത്തു സൂക്ഷിക്കണമേ.
4. ത്രികാല ജപം
കര്‍ത്താവിൻ്റെ മാലാഖ
കര്‍ത്താവിൻ്റെ മാലാഖ പരിശുദ്ധ മറിയത്തോട് വചിച്ചു. പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു – 1 നന്മ.
ഇതാ കര്‍ത്താവിൻ്റെ ദാസി നിൻ്റെ വചനം പോലെ എന്നിലാകട്ടെ – 1 നന്മ.
വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു -1 നന്മ.
ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍,
സര്‍വ്വേശ്വരൻ്റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
പ്രാര്‍ത്ഥിക്കാം
സര്‍വ്വേശ്വരാ, മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാര്‍ത്ത അറിഞ്ഞിരിക്കുന്ന ഞങ്ങള്‍, അവിടുത്തെ പീഡാനുഭവവും കുരിശു മരണവും മുഖേന ഉയിര്‍പ്പിൻ്റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേയെന്ന് ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാവഴി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു ആമേന്‍ – 3 ത്രിത്വ.
5. പുണ്യങ്ങളുടെ ജപമാല
(വിശ്വാസം, ശരണം, സ്നേഹം, എളിമ, ക്ഷമ, അരൂപിയിൽ നിലനില്‍പ്പ്, അനുസരണ എന്നീ ഏഴു പുണ്യങ്ങള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന)
I . പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ – 1 സ്വര്‍ഗ്ഗ .. 1 ത്രി ..
പരിശുദ്ധ റൂഹായെ, എൻ്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങള്‍ കാണാന്‍ എൻ്റെ കണ്ണുകള്‍ തുറക്കണമേ.
പരിശുദ്ധ റൂഹായെ, എൻ്റെ ഹൃദയത്തിലേക്ക് എഴുന്നള്ളിവരണമേ! ദൈവിക കാര്യങ്ങള്‍ ഗ്രഹിക്കാന്‍ എൻ്റെ മനസ്സിനു ശക്തി തരണമേ. അങ്ങനെ ഞാന്‍ ദൈവ മഹത്ത്വം അന്വേഷിക്കട്ടെ! എൻ്റെ ചിന്തകളും വാക്കുകളും പ്രവര്‍ത്തികളും വിശുദ്ധീകരിക്കപ്പെട്ട് ഞാന്‍ ദൈവത്തിൻ്റെ സ്വന്തമാകട്ടെ!
II ) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
1 സ്വര്‍ഗ്ഗ ..1ത്രി.. പരിശുദ്ധ റൂഹായെ…
III ) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…
IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
1 സ്വര്‍ഗ്ഗ .. 1 ത്രി .. പരിശുദ്ധ റൂഹായെ…
V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…
VI) പരിശുദ്ധ ദൈവമാതാവേ, അരൂപിയില്‍ നിലനില്‍പ്പ് എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…
VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…
6. മാതാവിനോടുള്ള ജപം
പരിശുദ്ധ കനൃകാമറിയമെ, എൻ്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട് അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്പവലയംകൊണ്ട് അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമര്‍പ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എൻ്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാന്‍ അങ്ങേയ്ക്കു നല്കിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നല്കണമേ. ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതല്‍ അറിയപ്പെടാന്‍ ഞാന്‍ കാരണമാകട്ടെ!
7, പന്തക്കുസ്ത പ്രാര്‍ത്ഥന
മിശിഹായുടെ ആത്മാവേ, എന്നെ ഉണര്‍ത്തണമേ.
മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.
മിശിഹായുടെ ആത്മാവേ, എന്നില്‍ നിറയണമേ.
അങ്ങയുടെ മുദ്ര എൻ്റെ ആത്മാവില്‍ പതിപ്പിക്കണമേ.
പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എൻ്റെ ഹൃദയത്തിന്‍ പതിപ്പിച്ചുറപ്പിക്കണമേ. പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നില്‍ സൃഷ്ടിക്കണമേ.
പിതാവായ ദൈവമേ, എൻ്റെ ആത്മാവ് അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദര്‍ശിക്കട്ടെ!