ഗരബന്ദാളിലെ അമ്മ

വടക്കൻ സ്പെയിനിലെ  കാൻറെബ്രിയ  പ്രവിശ്യയിലെ  സാൻ സെബാസ്റ്റ്യൻ ദെ ഗരബന്ദാൾ  എന്ന  കൊച്ചുഗ്രാമത്തിലാണു   മേരി  ലോലി, ജസീന്ത, മേരി  ക്രൂസ്, കൊഞ്ചിത്ത  എന്നീ നാലു കുട്ടികൾക്ക്   പരിശുദ്ധ അമ്മ  ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അന്ന് അവർക്കു  പതിനൊന്നോ പന്ത്രണ്ടോ വയസു ,മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ.  അക്കാലത്ത്  ഗരബന്ദാളിലെ  മുന്നൂറു വീട്ടുകാർക്കായി   ഒരു ചെറിയ  ദൈവാലയം ഉണ്ടായിരുന്നെങ്കിലും  അവിടെ സ്ഥിരമായി ഒരു വൈദികൻ ഉണ്ടായിരുന്നില്ല.

 1961  ജൂൺ 18 ന്  മുഖ്യദൂതനായ വിശുദ്ധ മിഖായേൽ അവർക്കു പ്രത്യക്ഷപ്പെട്ടു. തുടർന്നു പലതവണ അവരെ സന്ദർശിച്ച മാലാഖ   ജൂലൈ രണ്ടാം തിയതി  അവർക്ക് അമ്മയെ കാണാൻ  കഴിയുമെന്നു  പറയുകയും പരിശുദ്ധ അമ്മയുടെ സന്ദർശനത്തിനായി അവരെ ഒരുക്കുകയും ചെയ്തു. അന്നു  പരിശുദ്ധ അമ്മ ആദ്യമായി  ആ കുഞ്ഞുങ്ങൾക്കു പ്രത്യക്ഷപ്പെട്ടു. ശുഭ്രവസ്ത്രവും നീല മേലങ്കിയും  പന്ത്രണ്ടു നക്ഷത്രങ്ങളുള്ള കിരീടവും  കൈയിൽ ഒരു വെന്തിങ്ങയുമായി പ്രത്യക്ഷപ്പെട്ട ‘അമ്മ  താൻ കർമ്മലമാതാവാണെന്നു   പരിചയപ്പെടുത്തി. തുടർന്നുള്ള നാലു  വർഷങ്ങളിൽ  നിരവധി തവണ  പ്രത്യക്ഷപ്പെട്ട മാതാവ്  ആ കുട്ടികൾക്ക് ചില സന്ദേശങ്ങൾ , അഥവാ മുന്നറിയിപ്പുകൾ നൽകുകയുണ്ടായി.

ആദ്യത്തെ സന്ദേശം  ലഭിച്ചത്  1961  ഒക്ടോബർ 18 നായിരുന്നു. ” ഒരുപാടു പ്രായശ്ചിത്ത- പരിഹാര പ്രവർത്തികൾ ചെയ്യേണ്ടിയിരിക്കുന്നു.  ഇടയ്ക്കിടെ ദിവ്യകാരുണ്യനാഥനെ സന്ദർശിക്കണം. എന്നാൽ അതിലും പ്രധാനപ്പെട്ടതു    നാം നല്ല ജീവിതം നയിക്കണം എന്നതിലാണ്. ഇപ്പോൾ തന്നെ പാനപാത്രം നിറഞ്ഞുകൊണ്ടിരിക്കുകയാണ്.  നമ്മൾ മാനസാന്തരപ്പെടുന്നില്ലെങ്കിൽ  ശിക്ഷിക്കപ്പെടും”. ഈ സന്ദേശം നാലു ദർശകർക്കും ഒരേസമയം  ആണു ലഭിച്ചത്.

രണ്ടാമത്തെ സന്ദേശം ലഭിച്ചത്  എട്ടു മാസങ്ങൾക്കുശേഷം 1962  ജൂൺ  19 നായിരുന്നു. അതു  ജസീന്തയ്ക്കും മേരി  ലോലിയ്ക്കും  മാത്രമാണു  ലഭിച്ചത്.   സംഭവിക്കാനിരിക്കുന്നവയെ  നേരിടാൻ നാം ഒരുങ്ങിയിട്ടില്ല  എന്നും അമ്മയുടെ  സന്ദേശങ്ങൾ അവഗണിച്ചുകൊണ്ടു  ലോകം കൂടുതൽ കൂടുതൽ  അധപതനത്തിലേക്കു പോകുകയാണ് എന്നും കുമ്പസാരത്തിലൂടെ  നമ്മളെത്തന്നെ  ഒരുക്കണമെന്നും  നാം മാനസാന്തരപ്പെട്ടില്ലെങ്കിൽ ശിക്ഷ വരികതന്നെ ചെയ്യും എന്നുമായിരുന്നു  സന്ദേശത്തിൻറെ   ചുരുക്കം.

മൂന്നാമത്തെ സന്ദേശത്തിൽ മാതാവ് പറഞ്ഞതു  ലോകം പഴയതുപോലെ തന്നെ തുടരുകയാണെന്നും  വളരെ കുറച്ചുപേർ മാത്രമേ ദൈവത്തെ കാണുകയുള്ളൂ എന്നും  പാനപാത്രം നിറഞ്ഞുകൊണ്ടിരിക്കുകയാണെന്നും  നീതിമാന്മാർ ദുഷ്ടന്മാർക്കുവേണ്ടി പ്രാർത്ഥിക്കണം എന്നും  ആയിരുന്നു.

1965 ജൂൺ  18 ൻറെ പ്രത്യക്ഷീകരണം പലതുകൊണ്ടും പ്രത്യേകതകളുള്ളതായിരുന്നു.  അഞ്ചുമാസം മുൻപ് ജനുവരിയിൽ തന്നെ ഈ പ്രത്യക്ഷീകരണത്തെക്കുറിച്ചുള്ള  സന്ദേശം മാതാവ് കുട്ടികൾക്കു നൽകിയിരുന്നു.  തൽഫലമായി  ഫ്രാൻസ്, ഇറ്റലി, പോളണ്ട് , സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നായി ഏതാണ്ടു  രണ്ടായിരത്തോളം  പേർ  മാതാവിൻറെ പ്രത്യക്ഷീകരണത്തിനു സാക്ഷികളാകാൻ എത്തിച്ചേർന്നിരുന്നു.  അക്കൂട്ടത്തിൽ ഫ്രഞ്ച് പത്രപ്രവർത്തകരും ഇറ്റാലിയൻ  ടെലിവിഷൻ സംഘവും  സ്പാനിഷ് ഡോകുമെൻററി നിർമ്മാതാക്കളും ഉണ്ടായിരുന്നു. അന്നു  മാതാവ് കൊഞ്ചിതയ്ക്കു  വെളിപ്പെടുത്തിക്കൊടുത്തത്  ഇപ്രകാരമായിരുന്നു.

 ‘എൻറെ മുൻ സന്ദേശങ്ങൾ അനുസരിച്ചു  പ്രവർത്തിക്കുകയോ അവ ലോകത്തിൽ പ്രചരിപ്പിക്കപ്പെടുകയോ ചെയ്തിട്ടില്ല.  ഇത് അവസാനത്തെ സന്ദേശമാണ്. മുൻപു  പാനപാത്രം നിറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോൾ അതു  കവിഞ്ഞൊഴുകുകയാണ്. അനേകം കർദിനാൾമാരും  മെത്രാന്മാരും വൈദികരും  നാശത്തിൻറെ വഴിയിലാണ്. അവർ മറ്റനേകം ആത്മാക്കളെയും തങ്ങളുടെ കൂടെ  കൊണ്ടുപോകുന്നു. ദിവ്യകാരുണ്യത്തിനു നൽകുന്ന   പ്രാധാന്യം നാൾക്കുനാൾ കുറഞ്ഞുവരുന്നു. നമ്മുടെ സത്‌പ്രവൃത്തികൾ കൊണ്ടു  നാം ദൈവത്തിൻറെ ക്രോധത്തെ തടഞ്ഞുനിർത്തണം.  ആത്മാർത്ഥമായ  ഹൃദയത്തോടെ മാപ്പുചോദിക്കുകയാണെങ്കിൽ  ദൈവം നിങ്ങൾക്കു  മാപ്പുനൽകും. നിങ്ങളുടെ അമ്മയായ ഞാൻ വിശുദ്ധ മിഖായേലിലൂടെ നിങ്ങളോടു  പറയാനാഗ്രഹിക്കുന്നത് ഇവയാണ്. നിങ്ങളുടെ വഴികൾ തിരുത്തുക. നിങ്ങൾ ഇപ്പോൾ തന്നെ അവസാന മുന്നറിയിപ്പുകളുടെ കാലത്താണു  ജീവിക്കുന്നത്. ഞാൻ നിങ്ങളെ ഒരുപാടു സ്നേഹിക്കുന്നു. നിങ്ങളുടെ നാശം ഞാൻ ആഗഹിക്കുന്നില്ല. ആത്മാർത്ഥമായി ചോദിക്കുന്നതെന്തും നിങ്ങള്ക് നൽകപ്പെടും.  കൂടുതൽ പരിത്യാഗപ്രവർത്തികൾ ചെയ്യണം. യേശൂവിൻറെ പീഡാസഹനത്തെക്കുറിച്ചു ധ്യാനിക്കുക’.

 ഇപ്പോൾ നമുക്ക് ഒരു കാര്യം  കൂടുതൽ കൂടുതൽ വ്യക്തമായി വരുന്നു. അതായതു   ഗരബന്ദാളിലെ സന്ദേശങ്ങൾ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട മറ്റു സ്ഥലങ്ങളിലെ സന്ദേശങ്ങൾക്കു  സമാനമോ അതിൻറെ തുടർച്ചയോ ആണ് .  ഫാത്തിമ ഉൾപ്പെടുന്ന ലെയിറയിലെ ബിഷപ്പ് വെനൻസിയോ ഒരിക്കൽ പറഞ്ഞതു   ഗരബന്ദാളിലെ സന്ദേശങ്ങൾ ഫാത്തിമയിലെ സന്ദേശങ്ങളുടെ  ഒരു  ‘അപ്ഡേറ്റ്’  ആണെന്നായിരുന്നു. ഗരബന്ദാളിലെ സന്ദേശങ്ങളുടെ രത്നച്ചുരുക്കം  ഇതാണ്.

-ലോകത്തിൽ പാപം വർധിച്ചുകൊണ്ടിരിക്കുന്നു

-പശ്ചാത്തപിച്ച് ദൈവത്തിലേക്കു  തിരിയാനുള്ള സമയമാണിത് 

– അനേകം   അഭിഷിക്തർ നാശത്തിലേക്കുള്ള പാതയിലാണ്.

– അവർ തങ്ങളുടെ കൂടെ മറ്റനേകം പേരെയും നാശത്തിലേക്കു     വലിച്ചുകൊണ്ടുപോകുന്നു.

– നാം  പ്രായശ്ചിത്ത- പരിഹാര പ്രവൃത്തികൾ  കൂടുതലായി ചെയ്യേണ്ടിയിരിക്കുന്നു.

– മാനസാന്തരപ്പെടാനുള്ള  സ്വർഗ്ഗത്തിൻറെ  സന്ദേശങ്ങൾക്ക്  ആരും ചെവി കൊടുക്കുന്നില്ല  

– ദൈവത്തിൻറെ ക്രോധത്തിൻറെ  പാനപാത്രം  കവിഞ്ഞൊഴുകുകയാണ്.

– പരിശുദ്ധകുർബാനയ്ക്ക്  അർഹിക്കുന്ന  ആദരവ് നല്കപ്പെടുന്നില്ല  

– നാം ജീവിക്കുന്നത് അവസാന മുന്നറിയിപ്പുകളുടെ നാളുകളിലാണ്

– അമ്മ നമ്മുടെ  ശിക്ഷാവിധി ആഗ്രഹിക്കുന്നില്ല 

– യേശുവിൻറെ പീഡാസഹനത്തെക്കുറിച്ചു  ധ്യാനിച്ചുകൊണ്ടു   പരിഹാരപ്രവൃത്തികൾ ചെയ്യേണ്ട   സമയമാണിത് 

– ലോകം മാനസാന്തരപ്പെടുന്നില്ലെങ്കിൽ  ദൈവം ഒരു ശിക്ഷ അനുവദിക്കും 

– ഇതു  നമ്മുടെ  ശുദ്ധീകരണത്തിനായാണ് അനുവദിക്കപ്പെടുന്നത് 

തുടക്കത്തിൽ സഭാധികാരികൾ   ഗരബന്ദാൾ  പ്രത്യക്ഷീകരണങ്ങളെ സംശയത്തോടെയാണു വീക്ഷിച്ചിരുന്നത്.   അക്കാലത്ത് അവിടുത്തെ മെത്രാനായിരുന്ന Eugenio Beitia Aldazabal   ഗരബന്ദാളിലെ  സന്ദേശങ്ങളെ ഒരിക്കലും പ്രോത്സാഹിപ്പിച്ചിരുന്നില്ലെങ്കിൽ പോലും  അദ്ദേഹം അവയെ  നിരാകരിച്ചിരുന്നില്ല. അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.    “ഗരബന്ദാളിൽ  സംഭവിക്കുന്ന കാര്യങ്ങളിൽ സഭാപരമായി ശാസിക്കുകയോ അപലപിക്കുകയോ ചെയ്യേണ്ടതായി ഒന്നുമില്ല. വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ആ സന്ദേശങ്ങളിൽ  പ്രാർഥന, പരിഹാരപ്രവൃത്തികൾ, ദിവ്യകാരുണ്യാരാധന,  പരമ്പരാഗതവും പ്രശംസാർഹവുമായ രീതികളിലുള്ള  മാതൃഭക്തി, നമ്മുടെ പാപങ്ങൾ  നിമിത്തം വേദനിക്കുന്ന ദൈവത്തോടുള്ള വിശുദ്ധമായ ഭയം എന്നിവയ്ക്കുള്ള ആഹ്വാനം മാത്രമേയുള്ളൂ”.

മാതാവിൻറെ ദർശനം ലഭിക്കുന്ന സമയത്തെല്ലാം കുട്ടികൾ  ആനന്ദനിർവൃതിയിലായിരുന്നു. അപ്പോൾ അവരുടെ കണ്ണുകളിലേക്കു  ശക്തമായ പ്രകാശം പ്രവഹിപ്പിച്ചപ്പോൾ പോലും  അവർ ആരും  ഒരിക്കൽ പോലും കണ്ണു  ചിമ്മിയിരുന്നില്ല.  ദർശനസമയത്ത്  ആരെങ്കിലും അവരെ പിച്ചുകയോ തള്ളുകയോ ചെയ്തപ്പോഴും  അവരുടെ ദേഹത്തു പൊള്ളലേൽപ്പിച്ചപ്പോഴും അവർ പ്രതികരിച്ചിരുന്നില്ല. എന്നാൽ ദർശനം അവസാനിച്ച ഉടനെ അവർ സ്വാഭാവികമായ  തരത്തിൽ പ്രതികരിച്ചുതുടങ്ങി.

Bishop Juan Antonio del Val Gallo (December 1971 to August 1991) ആണു  ഗരബന്ദാളിലെ ദർശകർ ആനന്ദ നിർവൃതിയിലായിരിക്കുന്നതു കാണാൻ അവസരം ലഭിച്ച ഒരേയൊരു  രൂപതാധ്യക്ഷൻ.  വൈദികർ അവിടം സന്ദർശിക്കുന്നതിലും  അവിടുത്തെ ദൈവാലയത്തിൽ  പരിശുദ്ധകുർബാന അർപ്പിക്കുന്നതിനുമുള്ള  വിലക്ക്   എടുത്തുകളഞ്ഞത് അദ്ദേഹമാണ്.

വിശുദ്ധ പാദ്രെ പിയോയും  വിശുദ്ധ മദർ തെരേസയും   അടക്കം അനേകം വൈദികരും സന്യാസിനികളും  സഭാധികാരികളും   ഗരബന്ദാൾ  പ്രത്യക്ഷീകരണത്തിൽ വിശ്വസിച്ചിരുന്നു.  എന്നാൽ വത്തിക്കാൻ, ഗരബന്ദാളിലെ പ്രത്യക്ഷീകരണത്തിൻറെ കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. വിശ്വാസ തിരുസംഘം ഇക്കാര്യത്തിലുള്ള   രൂപതാധ്യക്ഷൻറെ തീരുമാനത്തിനായി  കാത്തിരിക്കുകയാണ്. സഭാചട്ടങ്ങൾ അനുസരിച്ചുള്ള നടപടിക്രമങ്ങൾക്കുശേഷം  വത്തിക്കാനിൽ നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നു  നമുക്കു  പ്രതീക്ഷിക്കാം.  ഗരബന്ദാളിലെ ദർശകരായ കുട്ടികൾ തന്നെ  പറഞ്ഞിരുന്നു, ഈ പ്രത്യക്ഷീകരണങ്ങൾക്ക് സഭയുടെ  അംഗീകാരം കിട്ടുന്നതിനു  വളരെയേറെ ബുദ്ധിമുട്ടേണ്ടിവരുമെന്ന്. എന്നാൽ നിലവിൽ അവിടുത്തെ മെത്രാൻ തന്നെ  ഗരബന്ദാളിലെ സന്ദേശങ്ങളിൽ ദൈവശാസ്ത്രപരമായ അബദ്ധങ്ങൾ ഒന്നുമില്ല എന്നും  അവ ജനങ്ങളെ പ്രാർത്ഥനയിലേക്കും പരിത്യാഗത്തിലേക്കും ദിവ്യകാരുണ്യഭക്തിയിലേക്കും  പരിശുദ്ധ അമ്മയോടുള്ള വണക്കത്തിലേക്കും നയിക്കുന്നതാണെന്നുമുള്ള സാക്ഷ്യം നല്കിയിരിക്കുന്നതിനാൽ നമുക്ക്  അവിടുത്തെ സന്ദേശങ്ങളെ അർഹിക്കുന്ന ഗൗരവത്തോടെ കാണാൻ സാധിക്കണം.

 നേരത്തെ സൂചിപ്പിച്ചതുപോലെ ഗരബന്ദാളിലെ ദൈവാലയത്തിൽ സ്ഥിരമായി ഒരു വൈദികൻ ഉണ്ടായിരുന്നില്ല. എന്നാൽ   എല്ലാ ദിവസവും പരിശുദ്ധ കുർബാന സ്വീകരിക്കാൻ  ആഗ്രഹിച്ച കൊഞ്ചിത്തയ്ക്ക് അത്ഭുതകരമായി കൂദാശ ചെയ്യപ്പെട്ട തിരുവോസ്തി നാവിൽ  നല്കപ്പെട്ടിരുന്നു എന്നും അതു പലപ്പോഴും  അനേകം സാക്ഷികളുടെ മുൻപിൽ വച്ചായിരുന്നു എന്നും രേഖപ്പെടുത്തിയിരിക്കുന്നു.

എന്നാൽ  ഗരബന്ദാളിലെ സന്ദേശങ്ങളിൽ വച്ച് ഏറ്റവും  പ്രാധാന്യം അർഹിക്കുന്നതു   ഭാവിയിൽ സംഭവിക്കാനിരിക്കുന്ന  ഒരു മഹാമുന്നറിയിപ്പിനെക്കുറിച്ചും മഹാത്ഭുതക്കുറിച്ചും  മഹാശിക്ഷയെക്കുറിച്ചും  ഉള്ള വെളിപ്പെടുത്തലുകളാണ്. മനുഷ്യവംശം മാനസാന്തരപ്പെടുന്നില്ലെങ്കിൽ മാത്രമാണു  ശിക്ഷ  സംഭവിക്കാൻ പോകുന്നത്. മഹാമുന്നറിയിപ്പ്  സംഭവിക്കുന്നത് ഏറ്റവും  മോശമായ ഒരു  സമയത്തായിരിക്കും  എന്നു  മാതാവ് പറയുന്നു. അതിൻറെ അർഥം  ഒരുപാടുപേർ അതിനായി ഒരുങ്ങിയിട്ടുണ്ടാകില്ല എന്നതാണ്. മുന്നറിയിപ്പിനു ശേഷം ഒരു വർഷത്തിനുള്ളതിൽ   ഗരബന്ദാളിൽ  ഒരു  അതിസ്വാഭാവികമായ അത്ഭുതം സംഭവിക്കുമെന്നും അതിനുശേഷം അവിടെ അവസാനദിനം വരെ നിലനിൽക്കുന്ന ഒരടയാളം സ്ഥാപിക്കപ്പെടുമെന്നും ഈ അത്ഭുതം  നടക്കുന്നതിനു എട്ടു ദിവസം മുൻപു കൊഞ്ചിത്ത അതിൻറെ തിയതി അറിയിക്കുമെന്നും  വെളിപ്പെടുത്തിയിരിക്കുന്നു.

 ഗരബന്ദാളിൽ  അമ്മ അവസാനവട്ടം  പ്രത്യക്ഷപ്പെട്ടിട്ട് അഞ്ചര ദശാബ്ദം കഴിഞ്ഞിരിക്കുന്നു.  കൊഞ്ചിത്തയ്ക്കാകട്ടെ  ഇപ്പോൾ എഴുപത്തിരണ്ടു  വയസു കഴിഞ്ഞിരിക്കുന്നു.ആത്മീയമായി അന്നത്തേതിനേക്കാൾ മോശമായ ഒരവസ്ഥയിൽ കൂടി  ലോകം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന  ഈ നാളുകളിൽ   ഗരബന്ദാൾ  സന്ദേശങ്ങളുടെ  പ്രസക്തി കൂടുതലാണ് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

അമ്മ ആഹ്വാനം ചെയ്തതുപോലെ നമുക്കു  പ്രാർഥന, പരിഹാരപ്രവൃത്തികൾ, ദിവ്യകാരുണ്യാരാധന എന്നിവ വഴിയായി  ദൈവത്തോടു  കൂടുതൽ അടുത്തിരിക്കാം.  ദുഷ്ടന്മാർക്കുവേണ്ടി പ്രാർഥിക്കേണ്ട  കടമ നീതിമാന്മാർക്കാണെന്ന അമ്മയുടെ സന്ദേശം പ്രത്യേകം ഓർമ്മയിൽ സൂക്ഷിക്കുകയും ചെയ്യാം.