വിമലഹൃദയ പ്രതിഷ്ഠ – മൂന്നാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം


എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, എന്നോടുള്ള നിങ്ങളുടെ സമര്‍പ്പണം വിശേഷവിധിയായി പുതുക്കുക. ഈ ദിവസം എൻ്റെ എല്ലാ മക്കളും എന്നോട്‌ ഗാഢമായി ബന്ധപ്പെട്ട്‌ നിലകൊള്ളണം. നിങ്ങള്‍ എൻ്റെ വിമലഹൃദയത്തിന്‌ പ്രതിഷ്ഠിക്കപ്പെട്ടവരായി ഒന്നാകുക. ഞാന്‍ നിങ്ങള്‍ക്കായി ഒരുക്കിവച്ചിരിക്കുന്ന വരപ്രസാദവിഭവങ്ങള്‍ എത്രയധികമാണെന്ന്‌ നിങ്ങള്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിയുകയില്ല. എൻ്റെ മാതൃകരങ്ങളില്‍ നിങ്ങളെ കോരിയെടുത്തു സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‌ സമര്‍പ്പിക്കുവാന്‍ ഞാന്‍ വെമ്പല്‍ കൊള്ളുകയാണ്‌. എൻ്റെ ഈശോയ്ക്ക്‌ ഞാന്‍ നിങ്ങളെ സമര്‍പ്പിക്കും. അവനാണല്ലോ നിങ്ങളുടെ സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിയും, സത്യവും, ജീവനും. വഞ്ചനയും തിന്മയും സ്വാധീനിക്കുന്ന ഈ ലോകത്തിലേക്ക്‌ നിറസാന്നിധ്യമായാണ്‌ ഞാന്‍ എത്തുക. സുവിശേഷം നല്‍കുന്ന അറിവിൻ്റെ പൂര്‍ണതയിലേക്ക്‌ നിങ്ങളെ നയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ നിങ്ങളുടെ ജീവിതം നിങ്ങള്‍ തന്നെ ക്രമപ്പെടുത്തണം. സ്വര്‍ഗ്ഗകിരീടം നിങ്ങള്‍ സ്വന്തമാക്കണം. എൻ്റെ കുഞ്ഞേ, ഞാന്‍ മുന്നറിയിപ്പ്‌ തരുന്നു, ലോകം ഇരുട്ടിനു കീഴടങ്ങാന്‍ പോവുകയാണ്‌. വലിയ ദുരിതമാണ്‌ അപ്പോള്‍ ഉണ്ടാകുവാന്‍ പോകുന്നത്‌.


വസ്ത്രത്തിലെ ഇഴകള്‍പോലെ എൻ്റെ വിശുദ്ധഹൃദയത്തോട്‌ ചേര്‍ന്നിരിക്കാന്‍ ഞാന്‍ നിങ്ങളോട്‌ ആവശ്യപ്പെടുന്നു. എന്തെന്നാല്‍, ഇരുളിൻ്റെ ഇടയില്‍ നിന്നെ നയിക്കുകയും സംരക്ഷിക്കുകയും ചെയ്യാന്‍ എന്നോട്‌ ചേര്‍ന്നിരിക്കുക അത്യാവശ്യമാണ്‌. പ്രിയകുഞ്ഞുങ്ങളേ, സാത്താന്‍ നിങ്ങളെ കുടുക്കാന്‍ തയ്യാറാക്കുന്ന തിന്മയുടെ കെണിയില്‍നിന്നും രക്ഷപ്പെടുക എത്ര ദുഷ്കരമാണെന്നു നിങ്ങള്‍ക്കറിയില്ല. സാത്താൻ്റെ വശീകരണ തന്ത്രങ്ങൾ ആകര്‍ഷണീയവും തിരിച്ചറിയാന്‍ വിഷമകരവും ആയിക്കൊണ്ടിരിക്കുന്നു. അവയില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ നിങ്ങളുടേയും എൻ്റെയും ഹൃദയങ്ങള്‍ ഒട്ടിച്ചേര്‍ന്നിരിക്കണം. അങ്ങനെ മാത്രമേ നിങ്ങള്‍ അപകടത്തില്‍നിന്നും രക്ഷപ്രാപിക്കുകയുള്ളു. ഓരോ ദിവസവും കൂടുതല്‍ വ്യക്തമാകുന്ന ഒരു സത്യമിതാണ്‌, എൻ്റെ ഹൃദയത്തിനു സമര്‍പ്പിക്കപ്പെട്ടവരും എൻ്റെ കൈകളില്‍ ഞാന്‍ വഹിക്കുന്നവരുമായ എൻ്റെ ആടുകള്‍, ഈ അവസാനനാളുകളില്‍ സുവിശേഷപ്രബോധനങ്ങളോടും ക്രിസ്തുവിൻ്റെ വികാരിയോടും പ്രതിബദ്ധതയുള്ളവരും, ദിവ്യകാരുണ്യത്തില്‍ സന്നിഹിതനായിരിക്കുന്ന എൻ്റെ പുത്രനെ ആരാധിക്കുന്നവരും ആയിരിക്കും. എൻ്റെ വിമലഹൃദയപ്രതിഷ്ഠവഴിയായി ഇവര്‍ എല്ലാവരും എൻ്റെ മേലങ്കിക്കുള്ളില്‍ പൊതിഞ്ഞു സംരക്ഷിക്കപ്പെടും. പരമ പരിശുദ്ധത്രിത്വത്തെ മഹത്വപ്പെടുത്തുവാന്‍ ഞാന്‍ നിങ്ങളെ വഴി നടത്താം. ഈ വഴി പോകുന്നത്‌ എൻ്റെ ഹൃദയത്തിൻ്റെ വാതിലിലൂടെയാണ്‌ എന്ന്‌ നിങ്ങള്‍ മനസ്സിലാക്കും. അങ്ങനെ ദൈവികപ്രഭയുടെ വെളിച്ചം നിങ്ങള്‍ വഹിക്കുകയും ചെയ്യും. നിങ്ങള്‍ വിതറാന്‍ പോകുന്ന ഈ വെളിച്ചം ലോകമെമ്പാടും എത്തികഴിയുമ്പോള്‍ എൻ്റെ ഈ ദൗത്യം പൂര്‍ണമായി നിറവേറ്റപ്പെട്ടിരിക്കും. അപ്പോള്‍ എൻ്റെ ഈശോയുടെ തിരുഹൃദയ വാഴ്ച ആരംഭിക്കും. ഈശോയുടെ രാജ്യം വീണ്ടും നിലവില്‍വരികയും ചെയ്യും. നിങ്ങളുടെ എളിയ പരിശ്രമമാണ്‌ ഈ മഹത്വത്തെ പ്രസരിപ്പിക്കുവാന്‍ പോകുന്നത്‌. നമ്മുടെ രണ്ട്‌ ഹൃദയങ്ങളുടെ വിജയവും ലോകമെമ്പാടുമുള്ള പ്രഘോഷങ്ങളും നിങ്ങളുടെ കൈകളിലാണ്‌.


വഴികാട്ടി

വിശുദ്ധീകരണത്തിനുള്ള ഒരുക്കം പ്രാധാന്യമുള്ളതാണ്‌. അസാധാരണമായ വരപ്രസാദം ലഭിക്കണമെങ്കില്‍ അത്‌ സ്വീകരിക്കുവാനുള്ള കഴിവ്‌ ആത്മാവിന്‌ അത്യാവശ്യമാണ്‌. ഈ കഴിവ്‌ ലഭിക്കുന്നത്‌ ആത്മവിശുദ്ധീകരണത്തിലൂടെയാണ്‌. മുന്നൊരുക്കമാണ്‌ വിശുദ്ധീകരണം നടത്തുന്നത്‌. ദൈവത്തില്‍നിന്നും സ്വീകരിക്കുവാന്‍ പോകുന്ന വരദാനത്തിന്‌ ആനുപാതികമായ ഒരുക്കവും നടന്നിരിക്കണം. സമര്‍പ്പണമെന്നത്‌ ആത്മീയമായ ഒത്തുചേരലാണ്‌. ഈശോയുമായുള്ള ഒന്നാകല്‍ മാതാവിൻ്റെ ഹൃദയത്തിലൂടെയാണ്‌ സംഭവിക്കുന്നത്‌. ഇതു ഒരിക്കലും നിസ്സാരമായി പരിഗണിക്കരുത്‌. സമര്‍പ്പണത്തില്‍ ചേര്‍ന്നിരിക്കുന്ന വരദാനത്തിനു യോജിച്ച ആഴമായ അവബോധം നമുക്കുണ്ടാകണം. നമ്മുടെ അമ്മ പറയുന്നു: ഒരു ആത്മാവ്‌ ഒരുങ്ങിയിട്ടുണ്ടെങ്കില്‍ മാത്രമേ ദൈവം തരുന്ന കൃപ അതിൻ്റെ പൂര്‍ണതയില്‍ സ്വീകരിക്കുവാന്‍ സാധിക്കുകയുള്ളൂ.


പ്രവ്യത്തിപഥം


ഒന്നാമതായി, പരിപൂര്‍ണതയില്‍ എത്താന്‍ തീവ്രമായി ആഗ്രഹിക്കുക. വിശുദ്ധി ആര്‍ജിക്കുവാനുള്ള ഉപാധി ഇതു തന്നെ. വിമലഹൃദയത്തോടുള്ള പ്രതിഷ്ഠ ആത്മാവിനെ പൂര്‍ണതയിലേക്ക്‌ നയിക്കുന്നു. ഇപ്രകാരം നമ്മള്‍ പുണ്യത്തില്‍ അഭിവൃദ്ധി നേടുന്നു. വിശുദ്ധിയുടെ ഔന്നത്യം ലക്ഷ്യമാക്കുക. സ്വന്തം പരിശ്രമത്താല്‍ ലക്ഷ്യത്തെ നോക്കി മുന്നേറുക. ലോകത്തിൻ്റെ ബന്ധനങ്ങളില്‍ നിന്നുള്ള വിമുക്തിയാണ്‌ നമ്മെ ഉയരങ്ങളിലേക്കു വഹിക്കുന്ന ചിറകുകള്‍. യഥാര്‍ത്ഥത്തില്‍ നമ്മുടെ ആത്മാര്‍ത്ഥമായ ആഗ്രഹങ്ങളാണ്‌ ഇപ്രകാരം വിശുദ്ധിയുടെ കൊടുമുടിയിലേക്ക്‌ പറന്നുയരാന്‍ നമ്മെ സഹായിക്കുന്നത്‌. ഈ ലോകത്തിനു നല്കാന്‍ കഴിയാത്ത സമാധാനം നമുക്കവിടെ കണ്ടെത്താന്‍ സാധിക്കും.


പ്രാര്‍ത്ഥന

പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയമേ, എൻ്റെ ആത്മാവിനു പൂര്‍ണത ലഭിക്കാന്‍ എന്നെ സഹായിക്കേണമേ. ദൈവം എന്നില്‍ ചൊരിയാന്‍ ആഗ്രഹിക്കുന്ന അനന്തകൃപ അങ്ങനെ ഞാന്‍ സ്വീകരിക്കട്ടെ! എന്റെ ആത്മാവ് സ്വീകരിക്കാന്‍ പോകുന്ന അനന്തകൃപയ്ക്കായി ഞാന്‍ തയ്യാറെടുക്കട്ടെ. എനിക്ക്‌ ഒരു അര്‍ഹതയും ഇല്ലാതിരിക്കെ, ദൈവം എനിക്ക്‌ കല്‍പ്പിച്ചു നല്കുന്ന കൃപ സ്വീകരിക്കാന്‍ ആത്മാര്‍ത്ഥതയോടും എളിമയോടും വിശുദ്ധിയോടും കൂടെ ഞാന്‍ എന്നെ സമര്‍പ്പിക്കട്ടെ!


വചനം


“നിങ്ങളുടെ വിശുദ്ധീകരണമാണ്‌ ദൈവം അഭിലഷിക്കുന്നത്‌.”

(1 തെസ. 4: 3)

2, വിശ്വാസ പ്രമാണം

സര്‍വശക്തനായ പിതാവും, ആകാശത്തിൻ്റെയും ഭൂമിയുടേയും സൃഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി, കനൃകാമറിയത്തില്‍നിന്ന്‌ പിറന്നു, പന്തിയോസ്‌ പിലാത്തോസിൻ്റെ കാലത്ത്‌ പീഡകള്‍ സഹിച്ച്‌, കുരിശില്‍ തറയ്ക്കപ്പെട്ട്, മരിച്ച്‌, അടക്കപ്പെട്ട്, പാതാളങ്ങളില്‍ ഇറങ്ങി. മരിച്ചവരുടെ ഇടയില്‍ നിന്നും മുന്നാംനാള്‍ ഉയര്‍ത്തു. സ്വര്‍ഗ്ഗത്തിലേക്ക്‌ എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിൻ്റെ വലതുഭാഗത്ത്‌ ഇരിക്കുന്നു. അവിടുന്ന്‌ ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐകൃത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിൻ്റെ ഉയിര്‍പ്പിലും, നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍.

3. പ്രതിഷ്ഠാ ജപം

എൻ്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യാമറിയമേ, ഞാന്‍ എന്നെ പൂര്‍ണ്ണമായി അമ്മയ്ക്ക്‌ സമര്‍പ്പിക്കുന്നു. വിശിഷ്യ, എൻ്റെ കണ്ണുകളും കാതുകളും എൻ്റെ നാവും ഹൃദയവും അമ്മയുടെ സംരക്ഷണത്തിന്‌ സമര്‍പ്പിക്കുന്നു. ഇന്നുമുതല്‍ അമ്മ എൻ്റെ സ്വന്തമാണ്‌, ഞാന്‍ അമ്മയുടെയും. എന്നെ കാത്തു സൂക്ഷിക്കണമേ.

4. ത്രികാല ജപം

കര്‍ത്താവിൻ്റെ മാലാഖ

കര്‍ത്താവിൻ്റെ മാലാഖ പരിശുദ്ധ മറിയത്തോട്‌ വചിച്ചു. പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു – 1 നന്മ.

ഇതാ കര്‍ത്താവിൻ്റെ ദാസി നിൻ്റെ വചനം പോലെ എന്നിലാകട്ടെ – 1 നന്മ.

വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു -1 നന്മ.

ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക്‌ ഞങ്ങള്‍ യോഗ്യരാകുവാന്‍,

സര്‍വ്വേശ്വരൻ്റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വ്വേശ്വരാ, മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാര്‍ത്ത അറിഞ്ഞിരിക്കുന്ന ഞങ്ങള്‍, അവിടുത്തെ പീഡാനുഭവവും കുരിശു മരണവും മുഖേന ഉയിര്‍പ്പിൻ്റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേയെന്ന്‌ ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാവഴി അങ്ങയോട്‌ ഞങ്ങള്‍ അപേക്ഷിക്കുന്നു ആമേന്‍ – 3 ത്രിത്വ.

5. പുണ്യങ്ങളുടെ ജപമാല

(വിശ്വാസം, ശരണം, സ്നേഹം, എളിമ, ക്ഷമ, അരു പിയില്‍ നിലനില്‍പ്പ്‌, അനുസരണ എന്നീ ഏഴു പുണ്യങ്ങള്‍ക്ക്‌ വേണ്ടിയുള്ള പ്രാര്‍ത്ഥന)

I . പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ – 1 സ്വര്‍ഗ്ഗ .. 1 ത്രി ..

പരിശുദ്ധ റൂഹായെ, എൻ്റെ ഹൃദയത്തിലേക്ക്‌ എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങള്‍ കാണാന്‍ എൻ്റെ കണ്ണുകള്‍ തുറക്കണമേ.

പരിശുദ്ധ റൂഹായെ, എൻ്റെ ഹൃദയത്തിലേക്ക്‌ എഴുന്നള്ളിവരണമേ! ദൈവിക കാര്യങ്ങള്‍ ഗ്രഹിക്കാന്‍ എൻ്റെ മനസ്സിനു ശക്തി തരണമേ. അങ്ങനെ ഞാന്‍ ദൈവ മഹത്ത്വം അന്വേഷിക്കട്ടെ! എൻ്റെ ചിന്തകളും വാക്കുകളും പ്രവര്‍ത്തികളും വിശുദ്ധീകരിക്കപ്പെട്ട്‌ ഞാന്‍ ദൈവത്തിൻ്റെ സ്വന്തമാകട്ടെ!

II ) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ ..1ത്രി.. പരിശുദ്ധ റൂഹായെ…

III ) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. 1 ത്രി .. പരിശുദ്ധ റൂഹായെ…

V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

VI) പരിശുദ്ധ ദൈവമാതാവേ, അരൂപിയില്‍ നിലനില്‍പ്പ്‌ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

6. മാതാവിനോടുള്ള ജപം

പരിശുദ്ധ കനൃകാമറിയമെ, എൻ്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട്‌ അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്പവലയംകൊണ്ട്‌ അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമര്‍പ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എൻ്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാന്‍ അങ്ങേയ്ക്കു നല്‌കിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നല്കണമേ. ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതല്‍ അറിയപ്പെടാന്‍ ഞാന്‍ കാരണമാകട്ടെ!

7, പന്തക്കുസ്ത പ്രാര്‍ത്ഥന

മിശിഹായുടെ ആത്മാവേ, എന്നെ ഉണര്‍ത്തണമേ.

മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.

മിശിഹായുടെ ആത്മാവേ, എന്നില്‍ നിറയണമേ.

അങ്ങയുടെ മുദ്ര എൻ്റെ ആത്മാവില്‍ പതിപ്പിക്കണമേ.

പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എൻ്റെ ഹൃദയത്തിന്‍ പതിപ്പിച്ചുറപ്പിക്കണമേ. പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നില്‍ സൃഷ്ടിക്കണമേ.

പിതാവായ ദൈവമേ, എൻ്റെ ആത്മാവ്‌ അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദര്‍ശിക്കട്ടെ!