ചെറിയ കാര്യങ്ങൾ വലിയ സ്നേഹത്തോടെ ചെയ്ത് വിശുദ്ധയായവളാണ് യേശുവിന്റെ ചെറുപുഷ്പം എന്ന് തന്നെത്തന്നെ വിശേഷിപ്പിച്ചിരുന്ന ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യ. ഫ്രാൻസിലെ അലൻകോൺ എന്ന ചെറുപട്ടണത്തിൽ ലൂയി മാർട്ടിൻ – സെലിഗ്വെറിൻ ദമ്പതികൾക്ക് 1873 ജനുവരി രണ്ടിന് ജനിച്ച കുഞ്ഞുതെരേസയ്ക്ക് രണ്ടു ദിവസങ്ങൾക്കുളളിൽ തന്നെ ജ്ഞാനസ്നാനം നൽകപ്പെട്ടു. വളരെ ചെറുപ്പത്തിലേ ‘അമ്മ നഷ്ടപ്പെട്ട തെരേസ 15 വയസ്സായപ്പോഴേക്കും കർത്താവിന്റെ മണവാട്ടിയാകാനുള്ള ആഗ്രഹം പിതാവിനോട് പറഞ്ഞിരുന്നു. തന്റെ മൂത്ത മൂന്ന് പെൺമക്കളും അപ്പോഴേക്കും സന്യാസജീവിതം സ്വീകരിച്ചുകഴിഞ്ഞിരുന്നെങ്കിലും ലൂയി മാർട്ടിൻ മകളുടെ ആഗ്രഹത്തിന് എതിരുനിന്നില്ല എന്നുമാത്രമല്ല അതിന് പ്രോത്സാഹനം നൽകുകയും ചെയ്തു. ലൂയി മാർട്ടിനും സെലിഗ്വെറിനും തങ്ങളുടെ വിവാഹത്തിനുമുമ്പ് സന്യാസജീവിതം നയിക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും പല കാരണങ്ങളാൽ അവർക്ക് അത് കഴിയാതെപോയി എന്നത് യേശുവിനെ സ്നേഹിച്ചിരുന്ന, അതിലേറെ യേശു ഏറെ സ്നേഹിച്ചിരുന്ന കൊച്ചുത്രേസ്യ എന്ന പുണ്യവതിയ്ക്ക് ജന്മം നൽകാനായി സ്വർഗം ഒരുക്കിയ പദ്ധതിയായിരുന്നു.
15 വയസ്സുമുതൽ 24 വയസ്സുവരെയുള്ള 9 വർഷക്കാലം മുഴുവൻ അവൾ മഠത്തിന്റെ നാല് ചുവരുകൾക്കുള്ളിൽ ആയിരുന്നു. 1897 സെപ്റ്റംബർ 30 ന് കൊച്ചുത്രേസ്യ തന്റെ സ്വർഗീയമാണവാളന്റെ അടുത്തേക്ക് തിരിച്ചുപോയി. 1925 ൽ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട കൊച്ചുത്രേസ്യയുടെ തിരുനാൾ സഭ എല്ലാവർഷവും ഒക്ടോബർ ഒന്നാം തിയതി ആഘോഷിക്കുന്നു.
രണ്ടര പതിറ്റാണ്ടു മാത്രം ദീർഘിച്ച ജീവതം മുഴുവൻ, പ്രത്യേകിച്ച് അവസാനത്തെ ഒൻപതുവർഷം, അവൾ താൻ ചെയ്ത തികച്ചും സാധാരണമായ കാര്യങ്ങളിലൂടെ യേശുവിനെ സ്നേഹിച്ചു. യേശുവിനെ സ്നേഹിക്കാൻ മറ്റുള്ളവരെ പഠിപ്പിച്ചു. പ്രാർത്ഥനയിലൂടെയും സഹനത്തിലൂടെയും അനേകം ആത്മാക്കളെ യേശുവിനായി നേടി. തന്റെ സഹനങ്ങളെല്ലാം കൊച്ചുത്രേസ്യ യേശുവിന്റെ ഹൃദയത്തോട് ചേർത്തുവച്ചിരുന്നു. ബുദ്ധിമുട്ടേറിയതാണെങ്കിലും സഹനങ്ങൾ ഏറ്റെടുക്കുക എന്നത് ദൈവത്തിന്റെ രക്ഷാകരപദ്ധതിയിലെ ഒരു പ്രധാനപ്പെട്ട ഭാഗം ആണെന്ന ബോധ്യം അവൾക്കുണ്ടായിരുന്നു. നമ്മുടെ കർത്താവിന്റെ പീഡാസഹനത്തോടും കുരിശുമരണത്തോടും ചേർത്തുവച്ചുള്ള നമ്മുടെ സഹനങ്ങൾക്ക് ലോകത്തെ രൂപാന്തരപ്പെടുത്താനുള്ള ശക്തിയുണ്ടെന്ന് അവൾ ദൃഢമായി വിശ്വസിച്ചിരുന്നു. ആത്മാക്കളുടെ രക്ഷയ്ക്കായി സഹനങ്ങൾ സ്വീകരിക്കാനുള്ള ഈ കൃപ വിശുദ്ധ നേടിയത് പരിശുദ്ധകുർബാനയിൽ നിന്നായിരുന്നു. അവൾ ഒരിക്കൽ പറഞ്ഞു. ” യേശു എല്ലാ ദിവസവും സ്വർഗത്തിൽ നിന്നിറങ്ങിവരുന്നത് ഒരു പീലാസയിൽ അപ്പമായി കിടക്കാനല്ല, മറിച്ച് തനിക്ക് കൂടുതൽ പ്രിയപ്പെട്ട മറ്റൊരു സ്വർഗം തിരഞ്ഞാണ് അവിടുന്ന് ഭൂമിയിലേക്ക് വരുന്നത്”.
മൗനം കൊണ്ടും പ്രാർത്ഥന കൊണ്ടും പരിത്യാഗപ്രവൃത്തികൾ കൊണ്ടും സ്വർഗ്ഗത്തിന്റെ ഒരു കൊച്ചുപതിപ്പായിത്തീർന്ന അവളുടെ ഹൃദയത്തിൽ വസിച്ച ദിവ്യനാഥൻ വിശുദ്ധയെ കൃപകൾ കൊണ്ട് സമ്പന്നയാക്കി. ഇക്കാര്യം ഓർത്തുകൊണ്ട് കൊച്ചുത്രേസ്യ ഒരിക്കൽ എഴുതി. ‘ യേശു പറഞ്ഞിട്ടുണ്ടല്ലോ, ഉള്ളവന് കൂടുതൽ കൊടുക്കപ്പെടുകയും അവൻ സമ്പന്നനായിത്തീരുകയും ചെയ്യുമെന്ന്. നമുക്ക് ലഭിച്ച കൃപകൾ വേണ്ടവിധത്തിൽ ഉപയോഗിക്കുകയാണെങ്കിൽ അവിടുന്ന് കൂടുതൽ കൂടുതൽ കൃപകൾ നമുക്ക് നല്കിക്കൊണ്ടേയിരിക്കും’.
തന്റെ മണവാളനെ സ്നേഹിക്കുക, കൂടുതൽ കൂടുതലായി സ്നേഹിക്കുക എന്നതിൽ കവിഞ്ഞൊന്നും അവൾ ആഗ്രഹിച്ചിരുന്നില്ല. ഈ ആഴമായ ദൈവസ്നേഹാനുഭവത്തിൽ നിന്നാണ് അവൾ ഇപ്രകാരം എഴുതിയത്.’ സ്വർഗത്തിൽ ചെന്നാൽ എനിക്കെന്താണ് കൂടുതലായി ലഭിക്കാൻ പോകുന്നത്? നല്ല ദൈവത്തെ കാണാൻ കഴിയും എന്നത് സത്യം തന്നെ. എന്നാൽ ദൈവത്തോടൊപ്പമായിരിക്കുന്നതിനെക്കുറിച്ചാണെങ്കിൽ ഇപ്പോൾ ഭൂമിയിലായിരിക്കുമ്പോൾത്തന്നെ ഞാൻ മുഴുവനായും അവിടുത്തോടൊപ്പമാണ്’.
നമുക്ക് സ്നേഹിക്കാം; എന്തെന്നാൽ നമ്മുടെ ഹൃദയങ്ങൾ അതിനുവേണ്ടിയാണ് രൂപപ്പെടുത്തിയിരിക്കുന്നത് എന്നു പറഞ്ഞ വിശുദ്ധ കൊച്ചുത്രേസ്യ ക്രൂശിതരൂപത്തെ നോക്കി ഇപ്രകാരം പറഞ്ഞുകൊണ്ടാണ് സ്വർഗത്തിലേക്ക് യാത്രയായത്. ” ഓ, ഞാൻ അവിടുത്തെ, എന്റെ ദൈവത്തെ സ്നേഹിക്കുന്നു……… ഞാൻ നിന്നെ സ്നേഹിക്കുന്നു”.
പ്രാർത്ഥനയും പരിത്യാഗവും ആണ് തന്റെ ആയുധങ്ങൾ എന്നും അവ അജയ്യമാണെന്നും ഹൃദയങ്ങളെ രൂപാന്തരപ്പെടുത്താൻ വാക്കുകളേക്കാൾ കൂടുതൽ ശക്തി പ്രാർത്ഥനയ്ക്കും പരിത്യാഗത്തിനും ഉണ്ടെന്നും പറഞ്ഞ വിശുദ്ധ സ്വജീവിതത്തിൽ അത് കാണിച്ചുതന്നത് താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു കൊലപാതകിയുടെ മാനസാന്തരം കരഞ്ഞും പ്രാർത്ഥിച്ചും യേശുവിൽ നിന്ന് നേടിയെടുത്തുകൊണ്ടാണ്. നഷ്ടപ്പെട്ടുപോകുന്ന ആത്മാക്കളെക്കുറിച്ചുള്ള ഈ ഹൃദയഭാരമാണ് കൊച്ചുത്രേസ്യയെ മിഷൻ പ്രവർത്തനങ്ങളുടെ മദ്ധ്യസ്ഥയാക്കിയത്. സഭ മിഷൻ ഞായർ ആചരിക്കുന്ന ഈ സമയത്ത് വിശുദ്ധ കൊച്ചുത്രേസ്യ വൈദികർക്കായി സ്വയം രചിച്ച് എന്നും ചൊല്ലിയിരുന്ന ഒരു പ്രാർത്ഥന നമുക്ക് ഏറ്റുചൊല്ലാം.
” ഓ, യേശുവേ, അങ്ങേ വൈദികർക്കായി, പ്രത്യേകിച്ചും വിശ്വസ്തരും തീക്ഷ്ണതയുള്ളവരുമായ വൈദികർക്കും, അവിശ്വസ്തരും മന്ദ ഭക്തരുമായ വൈദികർക്കും വേണ്ടിയും സ്വദേശത്തോ വിദൂരദേശങ്ങളിലോ സുവിശേഷവേലയിൽ ഏർപ്പെട്ടിരിക്കുന്ന അങ്ങേ വൈദികർക്കായും, പ്രലോഭനങ്ങൾ നേരിടുന്ന അങ്ങേ വൈദികർക്കായും ഏകാന്തതയും ശൂന്യതാബോധവും അലട്ടുന്ന അങ്ങേ വൈദികർക്കായും, അങ്ങേ യുവ വൈദികർക്കായും, മരണാസന്നരായ അങ്ങേ വൈദികർക്കായും, ശുദ്ധീകരണസ്ഥലത്തായിരിക്കുന്ന അങ്ങേ വൈദികർക്കായും ഞാൻ പ്രാർത്ഥിക്കുന്നു. സർവോപരി എനിക്ക് മാമോദീസ നൽകിയ വൈദികൻ, പാപമോചനം നൽകിയ വൈദികർ, ഞാൻ പങ്കെടുത്ത പരിശുദ്ധകുർബാനകൾ അർപ്പിക്കുകയും അങ്ങയുടെ തിരുശരീരവും തിരുരക്തവും എനിക്ക് നസ്ലക്ക്സയും ചെയ്ത വൈദികർ, എന്നെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്ത വൈദികർ, മറ്റേതെങ്കിലും തരത്തിൽ ഞാൻ കടപ്പെട്ടിരിക്കുന്ന( പ്രത്യേകിച്ച്…………) വൈദികർ എന്നിങ്ങനെ എനിക്ക് പ്രിയപ്പെട്ടവരായ എല്ലാ വൈദികർക്കായും ഞാൻ അങ്ങയോട് പ്രാർത്ഥിക്കുന്നു. ഓ, യേശുവേ, അവരെയെല്ലാം അങ്ങേ തിരുഹൃദയത്തോട് ചേർത്തുനിർത്തുകയും ഇപ്പോഴും നിത്യതയിലും സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്യണമേ, ആമേൻ”.