ശുദ്ധീകരണാത്മാക്കക്കുവേണ്ടിയുള്ള പ്രാർത്ഥനകൾ

ശുദ്ധീകരണാത്മാക്കൾക്കുവേണ്ടിയുള്ള വി . ജർരൂദിൻ്റെ പ്രാർത്ഥന

നമ്മുടെ കർത്താവീശോമിശിഹാ വി . ജർത്രദിനോടു പറഞ്ഞു : ” ഈ പ്രാർത്ഥന വിശ്വാസത്തോടും ഭക്തിയോടും സ്നേഹത്തോടും കൂടെ ഒരു പ്രാവശ്യം ചൊല്ലുമ്പോൾ ആയിരം ആത്മാക്കൾ ശുദ്ധീകരണസ്ഥലത്തുനിന്നും മോചിതരാകുന്നു.”

“ നിത്യപിതാവേ , ഇന്നേദിവസം ലോകമാസകലം അർപ്പിക്കപ്പെടുന്ന ദിവ്യബലികളിൽ അങ്ങേയ്ക്ക് സമർപ്പിക്കപ്പെടുന്ന അങ്ങേ തിരുക്കുമാരൻ്റെ  തിരുരക്തം ശുദ്ധീകരണസ്ഥലത്തെ സകല ആത്മാക്കൾക്കും , ലോകത്തിലെ എല്ലാ പാപികൾക്കും സാർവ്വത്രിക സഭയിലെയും എൻ്റെ  കുടുംബത്തിലെയും പാപികൾക്കുവേണ്ടിയും ഞാൻ കാഴ്ചവച്ചുകൊള്ളുന്നു . ആമ്മേൻ . ”

( ശക്തി നിറഞ്ഞ ഈ കൊച്ചുപ്രാർത്ഥന താങ്കളും മുടങ്ങാതെ പ്രാർത്ഥിച്ച് അനേകായിരം ആത്മാക്കളെ രക്ഷയിലേക്കു നയിക്കൂ. ശുദ്ധീകരണാത്മാക്കൾക്കുവേണ്ടിയുള്ള പ്രാർത്ഥന ഒരു വലിയ കാരുണ്യപ്രവൃത്തിയാണ് . )

ശുദ്ധീകരണാത്മാക്കൾക്കുവേണ്ടിയുള്ള വി . ഫൗസ്റ്റീനയുടെ പ്രാർത്ഥന

“ ഏറ്റവും കാരുണ്യവാനായ ഈശോയെ ! കരുണയാണ് അങ്ങു ആഗ്രഹിക്കുന്നതെന്ന് അങ്ങുതന്നെ അരുളിച്ചെയ്തിട്ടുണ്ടല്ലോ . ശുദ്ധീകരണസ്ഥലത്തുള്ള എല്ലാ ആത്മാക്കളെയും അവിടുത്തെ എത്രയും ആർദ്രതയുള്ള തിരുഹൃദയത്തിലേക്കു ഞാൻ സമർപ്പിക്കുന്നു . അവർ അങ്ങയുടെ എത്രയും പ്രിയപ്പെട്ട് ആത്മാക്കളാണെങ്കിലും , അങ്ങയുടെ നീതിക്കനുസൃതമായി പരിഹാരമനുഷ്ഠിക്കേണ്ടവരാണവർ . അങ്ങയുടെ ഹൃദയത്തിൽനിന്നു പുറപ്പെട്ട തിരുരക്തത്തിൻ്റെ യും തിരുജലത്തിൻ്റെയും പ്രവാഹം അവരെ ശുദ്ധീകരിക്കുന്ന അഗ്നിജ്വാലകളെ അണയ്ക്കട്ടെ . അങ്ങനെ അങ്ങയുടെ കാരുണ്യത്തിൻ്റെ  ശക്തി അവിടെയും പ്രകീർത്തിക്കപ്പെടട്ടെ .

നിത്യപിതാവേ ! ഈശോയുടെ ഏറ്റവും കരുണാർദ്രമായ ഹൃദയത്തിൽ സ്ഥാനമുള്ള ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെ മേൽ അങ്ങയുടെ കരുണ വർഷിക്കണമേ . അങ്ങേ പുത്രനായ ഈശോ സഹിച്ച അതിദാരുണമായ പീഡാസഹനങ്ങളെ പ്രതിയും , അവിടുത്തെ ആത്മാവിൽ കയ്പ്പുനിറഞ്ഞ എല്ലാ വേദനകളെ പ്രതിയും , ഞാൻ അങ്ങയോടു യാചിക്കുന്നു . നീതിവിധിക്കുവിധേയരായിരിക്കുന്ന ആത്മാക്കളുടെമേൽ അങ്ങയുടെ കാരുണ്യം വർഷി ക്കണമേ . അങ്ങയുടെ വത്സലപുത്രനായ ഈശോയുടെ തിരുമുറിവുകളിലൂടെ മാത്രം അങ്ങു അവരെ നോക്കണമേ . അങ്ങയുടെ ദയയ്ക്കും നന്മയ്ക്കും അതിരുകളില്ലെന്നു ഞങ്ങൾ ഉറച്ചുവിശ്വസിക്കുന്നു . ആമ്മേൻ .

( ഡയറി 1227 )

ഫാത്തിമാ സുകൃതജപം ( Fatima Prayer )

ശുദ്ധീകരണാത്മാക്കൾക്കുവേണ്ടി ഫലപ്രദമായി എപ്പോഴും ഉപയോഗിക്കാവുന്ന ഒരു പ്രാർത്ഥനയാണിത് . “ ഓ എൻ്റെ  ഈശോയെ , ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ . നരകാഗ്നിയിൽ നിന്നു ഞങ്ങളെ രക്ഷി ക്കണമേ . എല്ലാ ആത്മാക്കളെയും വിശിഷ്യാ അങ്ങേ സഹായം കൂടുതൽ ആവശ്യമുള്ള ആത്മാക്കളെയും സ്വർഗത്തിലേക്കാനയിക്കണമേ .

( 1917 ജൂലൈ 13 – ന് പോർച്ചുഗലിലെ ഫാത്തിമയിൽ വച്ച് ലൂസിയ , ഫ്രാൻസിസ്കോ , ജസീന്താ എന്നീ മൂന്നു ഇടയകുട്ടികൾക്കു പരിശുദ്ധ മാതാവ് മൂന്നാം പ്രാവശ്യം പ്രത്യക്ഷപ്പെട്ടപ്പോൾ നൽകിയ പ്രാർത്ഥനയാണിത് . ( ആദ്യം പ്രത്യക്ഷപ്പെട്ടത് മെയ് 13 – നാണ് . ) ആരും പ്രാർത്ഥിക്കാനില്ലാത്ത മരിച്ചുപോയതും ജീവിച്ചിരിക്കുന്നതുമായ അനേകം ആത്മാക്കളുടെ രക്ഷയ്ക്കായി ജപമാലയുടെ ഓരോ ദശകത്തിനുശേഷവും ചൊല്ലാൻ മാതാവ് ആവശ്യപ്പെട്ടു . 1930 – ൽ സഭ അതു ഔദ്യോഗികമായി അംഗീകരിച്ചു. )

മരിച്ച വിശ്വാസികൾക്കുവേണ്ടിയുള്ള ജപം

“ മരിച്ച വിശ്വാസികളുടെ ആത്മാക്കൾ തമ്പുരാൻ്റെ  മനോഗുണത്താൽ മോക്ഷത്തിൽ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ . നിത്യപിതാവേ , ഈശോമിശിഹാ കർത്താവിൻ്റെ  വില തീരാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേൽ കരുണയുണ്ടാകണമേ .

1 സ്വ . 1 നന്മ . 1 ത്രി .

നിത്യവിശ്രമ പ്രാർത്ഥന ( Eternal Rest Prayer )

“ ഓ കർത്താവേ , അവന്/ അവൾക്ക്/ അവർക്ക് നിത്യവിശ്രമം നൽകണമേ . അവൻ്റെ  / അവളുടെ / അവരുടെമേൽ നിത്യവെളിച്ചം പ്രകാശിക്കട്ടെ . അവൻ്റെ  / അവളുടെ/ അവരുടെ ആത്മാവ് ദൈവകരുണയാൽ സമാധാനത്തിൽ വിശ്രമിക്കട്ടെ . ” ആമ്മേൻ .

( നാം ഈ പ്രാർത്ഥന പേരു പറഞ്ഞു ചൊല്ലുമ്പോൾ ശുദ്ധീകരണാത്മാക്കൾക്ക് ഭാഗിക ദണ്ഡവിമോചനം ലഭിക്കുന്നതാണ് . )

ഗ്രിഗോറിയൻ കുർബാന ( Gregorian Mass )

ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെ മോചനത്തിനായി ഏതെങ്കിലും അൾത്താരകളിൽ തുടർച്ചയായി 30 ദിവസം അർപ്പിക്കപ്പെടുന്ന കുർബാനയ്ക്കു പറയുന്ന പേരാണ് ഗ്രിഗോറിയൻ കുർബാന . മരിച്ച വ്യക്തിയുടെ ആത്മാവ് ശുദ്ധീകരണസ്ഥലത്തിലെ സഹനങ്ങളിൽനിന്നു ദൈവകരുണയാൽ മോക്ഷം പ്രാപിക്കണമെന്ന് നിയോഗത്തിൽ തന്നെ – 30 കുർബാനകൾ തുടർച്ചയായി അർപ്പിക്കുന്നതാണിത് . ജീവിച്ചിരിക്കുന്ന ഒരാൾക്കു വേണ്ടി ഈ കുർബാന ചൊല്ലാനാവില്ല . ഗ്രിഗോറിയൻ കുർബാന അർപ്പിക്കുന്നതിലൂടെ ശുദ്ധീകരണസ്ഥലത്തുനിന്നും അനേകം – ആത്മാക്കൾ മോചിതരായി സ്വർഗീയഭാഗ്യം അനുഭവിക്കുന്നതായി വെളിപ്പെടുത്തലുകൾ ( Revelations ) ലഭിച്ചിട്ടുണ്ട് . വി . ഗ്രിഗറി ഈ രീതിയെ പ്രാത്സാഹിപ്പിച്ചതുകൊണ്ടാണ് ഗ്രിഗോറിയൻ കുർബാന എന്ന പേര് വന്നത് . എന്നാൽ സാമ്പത്തികമായ കാരണത്താൽ ഗ്രിഗോറിയൻ കുർബാന ചൊല്ലിക്കാൻ സാധിക്കാത്തവർ ഈ നിയോഗത്തോടെ കഴിയുന്നിടത്തോളം വിശുദ്ധകുർബാനയാചരണത്തിൽ വേണ്ടവിധം ഭക്തിയോടെ പങ്കെടുത്ത് പ്രാർത്ഥിക്കുന്നത് കൂടുതൽ ഫലപ്രദമാണ് .

നവംബർ മാസം

കത്തോലിക്കാസഭ നവംബർ മാസം ആത്മാക്കളുടെ മോചനത്തിനായി നിശ്ചയിച്ചിരിക്കുന്നു . ആ മാസം മുഴുവനും പ്രത്യേകമായി ശുദ്ധീകരണാത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കാനും ദണ്ഡവിമോചനങ്ങൾ നേടാനും സഭ പ്രോത്സാഹിപ്പിക്കുന്നു . സകല ആത്മാക്കളുടെയും തിരുനാൾ ദിവസമായ നവംബർ 2 – ന് കബറിടം സന്ദർശിച്ചാൽ മരിച്ചവർക്കുവേണ്ടി ഒന്നിലധികം പൂർണ്ണദണ്ഡവിമോചനങ്ങൾ നേടാവുന്നതാണ് . നവംബർ 1 മുതൽ 8 വരെ തീയതികളിൽ കബറിടം സന്ദർശിച്ചാൽ പൂർണ്ണദണ്ഡവിമോചനവും മറ്റു ദിവസങ്ങളിൽ സന്ദർശിച്ചാൽ ഭാഗിക ദണ്ഡവിമോചനവും ലഭിക്കുന്നതാണ് . സകല മരിച്ചവരുടെയും ഓർമ്മ നവംബർ 2 – നും , ദനഹാക്കാലത്തിലെ അവസാന വെള്ളിയാഴ്ചയും ആചരിക്കാവുന്നതാണ്

ശുദ്ധീകരണസ്ഥലം ബൈബിളിൽ ബൈബിളിൽ

പഴയനിയമത്തിലും പുതിയനിയമത്തിലും ശുദ്ധി കരണസ്ഥലത്തെക്കുറിച്ചും ശുദ്ധീകരണാഗ്നിയെക്കുറിച്ചും സൂചനകളു ണ്ട് . അവയിൽ ചിലതുമാത്രം താഴെ ഉദ്ധരിക്കുന്നു . ഉൽപത്തി 50:10 , സംഖ്യ 20:29 , നിയമാ . 34 : 8 , മക്കബായർ 12 : 43-45 , സങ്കീ . 66:12 , ജ്ഞാനം : 3 : 4-6 , ഏശയ്യാ . 4 : 4 , 6 : 5-7 , 48:10 , ബാറൂക്ക് 34 , മിക്കാ . 7 : 8-9 , സഖറിയാ 9:11 , 13 : 8-9 , മലാക്കി 3 : 2-4 മത്തായി 5 : 25-26 , 18:24 , 5:48 , 12:32 , ലൂക്കാ 12 : 58-59 , 12 : 47-48 , 16 : 9 , 16 : 19 31 , 23:43 , 1 കോറി . 15:29 , 3 : 10-15 , 2 കോറി . 5:10 , 17 : 1 , ഫിലിപ്പി . 2 : 10-11 , തിമോത്തി . 1 : 16-18 , ഹെബ്രാ . 12:23 , 12:29 , 1 പത്രോ . 3 : 19-20 , 1 : 6-7 , യൂദാ 1:23 , വെളി . 21 : 4 , 21:27 .