ഇന്ന് 2020 നവംബർ 18. ലോകചരിത്രത്തെ എന്നെന്നേയ്ക്കുമായി മാറ്റിമറിച്ച ഒരു പ്രധാന സംഭവത്തിൻറെ ശതാബ്ദിയാണിന്ന്. പിൽക്കാലത്തു നൂറുകോടിയിലധികം മനുഷ്യജീവിതങ്ങളെ നേരിട്ടു ബാധിക്കാൻ പോകുന്ന ആ തീരുമാനമെടുത്തത് ഒരു രാഷ്ടത്തിൻറെ ഗവൺമെൻറായിരുന്നെങ്കിലും അതിൻറെ അനന്തരഫലങ്ങൾ ലോകമെങ്ങും പടരുക തന്നെ ചെയ്തു. ആ രാജ്യത്തിൻറെ പേര് ഫാത്തിമയിലെ പ്രത്യക്ഷീകരണത്തിൻറെ സമയത്ത് പരിശുദ്ധ ‘അമ്മ പരാമർശിക്കുകയും ചെയ്തിരുന്നു.
1917 ജൂലൈ 13ന് ലൂസിയ, ജസീന്ത, ഫ്രാൻസിസ്‌കോ എന്നീ മൂന്നു കുട്ടികൾക്കു പരിശുദ്ധ ‘അമ്മ ഫാത്തിമയിൽ വച്ചു നൽകിയ സന്ദേശങ്ങളുടെ ആഴവും പ്രസക്തിയും അന്ന് അവർക്കു മനസ്സിലായിരുന്നില്ല എന്നതിൽ അത്ഭുതപ്പെടാനില്ല. എന്നാൽ ആ സന്ദേശങ്ങൾ ഒരായിരം തവണ വായിച്ച നമ്മളും അതിൻറെ പ്രസക്തി മനസിലാക്കുന്നില്ല എന്നതാണു ദുരന്തം.
അമ്മയുടെ സന്ദേശം എന്തായിരുന്നു?
” ഇതാ പാവപ്പെട്ട ആത്മാക്കൾ പതിക്കുന്ന നരകം നിങ്ങൾ കണ്ടുകഴിഞ്ഞു. ഇനിയും ആത്മാക്കളെ രക്ഷിക്കാനായി എൻറെ അമലോത്ഭവഹൃദയത്തോടുള്ള ഭക്തി ലോകത്തിൽ സ്ഥാപിക്കപ്പെടണം എന്നു ദൈവം ആഗ്രഹിക്കുന്നു. മനുഷ്യർ ഞാൻ പറയുന്നതുപോലെ പ്രവർത്തിച്ചാൽ അനേകം ആത്മാക്കൾ രക്ഷപ്പെടും. എൻറെ ആഹ്വാനം സ്വീകരിച്ചാൽ റഷ്യ മാനസാന്തരപ്പെടുകയും സമാധാനം ഉണ്ടാകുകയും ചെയ്യും. അല്ലെങ്കിൽ റഷ്യ തൻറെ തിന്മകൾ ലോകമെങ്ങും പരത്തുകയും യുദ്ധവും സഭാപീഡനവും ഉണ്ടാവുകയും ചെയ്യും. നല്ല മനുഷ്യർ രക്തസാക്ഷികളാകും. പരിശുദ്ധപിതാവിന് ഒരുപാടു സഹിക്കേണ്ടിവരും. അനേകം രാഷ്ട്രങ്ങൾ നശിപ്പിക്കപ്പെടും. എന്നാൽ അവസാനം എൻറെ അമലോത്ഭവഹൃദയം വിജയം വരിക്കും. പരിശുദ്ധപിതാവു റഷ്യയെ എനിക്കു പ്രതിഷ്ഠിക്കുകയും റഷ്യ മാനസാന്തരപ്പെടുകയും ലോകത്തിൽ സമാധാനത്തിൻറെ ഒരു കാലഘട്ടം സംജാതമാവുകയും ചെയ്യും’.
ഈ സന്ദേശം നൽകി ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോഴേക്കും റഷ്യ കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിലായി. അതിനെത്തുടർന്നു മറ്റു പലരാജ്യങ്ങളും കമ്മ്യൂണിസത്തെ ആശ്ലേഷിച്ചു. ദൈവവിരോധവും ക്രൈസ്തവവിരോധവും അടിസ്ഥാനതത്വങ്ങളാക്കിയ കമ്മ്യൂണിസം ഒരു ഘട്ടത്തിൽ ലോകത്തിലെ ജനങ്ങളുടെ മൂന്നിലൊന്നിൻറെ മേൽ ഭരണം നടത്തിയിരുന്നു. മാതാവ് പറഞ്ഞതുപോലെ തന്നെ റഷ്യയുടെ അബദ്ധങ്ങൾ ലോകം മുഴുവൻ പടർന്നു.
എന്നാൽ കമ്മ്യൂണിസം മാത്രമായിരുന്നോ റഷ്യയുടെ അബദ്ധം? അല്ല എന്നാണുത്തരം. സോവിയറ്റ് യൂണിയൻ തുടക്കമിട്ട മറ്റൊരു തിന്മയെക്കുറിച്ചാണ് ഈ ചെറുകുറിപ്പ്. 1920 നവംബർ 18ന് സോവിയറ്റ് യൂണിയനിലെ ഗവണ്മെന്റ് ഗർഭഛിദ്രം അനുവദിച്ചുകൊണ്ട് ഒരു നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നു. ലോകത്തിൽ ആദ്യമായിട്ടായിരുന്നു ഏതെങ്കിലും ഒരു രാജ്യം അബോർഷൻ നിയമം വഴി അംഗീകരിക്കുന്നത്. അതിന് അവർ പറഞ്ഞ കാരണം നിയമവിരുദ്ധമായി അബോർഷൻ നടത്തുന്നതുകൊണ്ട് സ്ത്രീകൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളായിരുന്നു! ‘മാറ്റം എന്നതല്ലാതെ മാറ്റമില്ലാത്തതായി മറ്റൊന്നുമില്ല’ എന്നു പറയാറുണ്ടെങ്കിലും കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയ്ക്ക് നിയമം വഴി അബോർഷൻ അംഗീകരിച്ച ലോകരാജ്യങ്ങളും അതിന് ഒത്താശ ചെയ്തുകൊടുത്ത അബോർഷൻ ലോബിയും അവരുടെ ഹീനലക്ഷ്യങ്ങൾ നേടിയെടുക്കാനായി പറയുന്ന പ്രാഥമികകാരണത്തിന് ഇന്നും മാറ്റമൊന്നുമില്ല.
റഷ്യ തുടക്കമിട്ട തിന്മ ലോകമെങ്ങും പടർന്നു. 1931 ൽ മെക്സിക്കോ അബോർഷൻ നിയമവിധേയമാക്കി. പിന്നെ ഒന്നൊന്നായി ലോകരാജ്യങ്ങൾ അത് ഏറ്റുപിടിച്ചു. ഇപ്പോൾ ലോകത്തിൽ അറുപതിലധികം രാജ്യങ്ങളിൽ ആവശ്യപ്പെടുന്ന ആർക്കും അബോർഷൻ നടത്തിക്കൊടുക്കാൻ അനുവാദമുണ്ട്. ലോകജനസംഖ്യയുടെ മൂന്നിലൊന്നിലധികം അധിവസിക്കുന്ന രാജ്യങ്ങളാണിവ. ഇന്ത്യയും ബ്രിട്ടനും ന്യൂസിലാൻഡും പോലെ നിസ്സാര കാരണങ്ങൾ പറഞ്ഞ്, വളരെ എളുപ്പത്തിൽ അബോർഷൻ നടത്താൻ അനുവാദമുള്ള രാജ്യങ്ങൾ കൂടെ ഈ പട്ടികയിൽ ചേർത്താൽ ലോകത്തിലെ ആകെ ജനങ്ങളിൽ മൂന്നിൽ രണ്ടിനും അനായാസം അബോർഷൻ നടത്താൻ ഒരു നിയമതടസവുമില്ല എന്നു വ്യക്തമാകും. ഒരു കൈയിലെ വിരലുകൾ കൊണ്ട് എണ്ണിത്തീർക്കാവുന്ന ഏതാനും രാജ്യങ്ങൾ ഒഴിച്ചാൽ മറ്റെല്ലായിടത്തും ഏതെങ്കിലും കാരണം കൊണ്ട് അബോർഷൻ നടത്താൻ അനുവാദമുണ്ടെന്നും അറിഞ്ഞിരിക്കുക.
റഷ്യയുടെ പാപം ലോകരാജ്യങ്ങൾ മുഴുവൻ ഏറ്റെടുത്തപ്പോൾ സംഭവിച്ചത് എന്താണ്? കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളിൽ അബോർഷൻ വഴിയായി ബലികഴിക്കപ്പെട്ടത് നൂറുകോടിയിലധികം നിഷ്കളങ്കജന്മങ്ങളാണ്. സാത്താൻ തീർച്ചയായും ഒരു വലിയ ശതാബ്ദി ആഘോഷം പ്ലാൻ ചെയ്യുന്നുണ്ടാകും.
ഈ ദുരന്തശതാബ്ദിയിൽ നമുക്ക് എന്താണു ചെയ്യാൻ കഴിയുക? പ്രാർത്ഥനയാണ് ഏറ്റവും ഫലപ്രദമായ പ്രതിവിധി. പ്രത്യേകിച്ചും നമുക്ക് അറിയാവുന്ന ആരെങ്കിലും അബോർഷൻ നടത്താൻ പദ്ധതിയിടുന്നുണ്ടെങ്കിൽ. അബോർഷന് ഇരയാകാൻ പോകുന്ന കുഞ്ഞുങ്ങളെ ആത്മീയമായി ദത്തെടുക്കുകയും സാത്താൻറെ വഞ്ചനയ്ക്ക് ഇരയായി ഈ കൊടുംപാതകം ചെയ്യാനോ അതിനു കൂട്ടുനിൽക്കാനോ പദ്ധതിയിടുന്നവരെ ദൈവകരുണയ്ക്കായി സമർപ്പിക്കുകയും ചെയ്തുകൊണ്ട് തിരുക്കുടുംബത്തിൻറെ മാധ്യസ്ഥം തേടി നമുക്ക് ഈ പ്രാർത്ഥന ചൊല്ലാം.
‘ഈശോ, മറിയം, യൗസേപ്പേ, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ഗർഭഛിദ്രം നടത്തപ്പെടാൻ സാധ്യതയുള്ളതും ഞാൻ ആത്മീയമായി ദത്തെടുത്തതുമായ ഈ അജാതശിശുക്കളുടെ ജീവൻ രക്ഷിക്കണമേ എന്നു നിങ്ങളോടു ഞാൻ അപേക്ഷിക്കുന്നു.
നിങ്ങൾ ഈ പ്രാർത്ഥന ചൊല്ലുമോ? ഈ പ്രാർത്ഥനയിലൂടെ ആയിരക്കണക്കിനു നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന് ഉറച്ചുവിശ്വസിക്കുക.
അമ്മയുടെ ഉദരത്തിൽ, നിശബ്ദതയിൽ കൊലചെയ്യപ്പെട്ട കോടിക്കണക്കിനു കുഞ്ഞുങ്ങളുടെ ആത്മാക്കളെ ദൈവകരുണയ്ക്കായി സമർപ്പിച്ചുകൊണ്ട് ഒരു സ്വർഗ്ഗസ്ഥനായ പിതാവേ.. ഒരു ദൈവകൃപ നിറഞ്ഞ മറിയമേ.. ഒരു ത്രിത്വസ്തുതി എന്നിവ ചൊല്ലി കാഴ്ച വയ്ക്കുകയും നിങ്ങൾക്കു സാധിക്കുന്ന വിധത്തിൽ അബോർഷനെതിരായ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുന്നതു നിഷ്കളങ്കരക്തം ചിന്തിയ പാപത്തിന് നമ്മുടെ നാടിനും രാജ്യത്തിനും ലോകം മുഴുവനും വേണ്ടിയുള്ള വളരെ ചെറിയൊരു പ്രായശ്ചിത്തമെങ്കിലുമാകും.
ഭ്രൂണഹത്യയിലൂടെ മരണമടഞ്ഞ കുഞ്ഞുങ്ങളുടെ മാമ്മോദിസക്കുവേണ്ടിയുള്ള പ്രാർത്ഥന
( ഈ പ്രാർത്ഥന ബർണബാസിന് ജൂലൈ 29-ന് യേശു പറഞ്ഞു കൊടുത്തതാണ് “നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുടെ രക്തത്താൽ ഇന്ന് സ്വർഗം നിറഞ്ഞിരിക്കുകയാണ് . അവരുടെ എണ്ണം വളരെ വലുതാണ് . അതുമൂലം നിത്യപിതാവിൻ്റെ കോപം മനുഷ്യവർഗത്തിനുമേൽ പതിക്കാറായിരിക്കുന്നു. നിഷ്‌കളങ്കരായ അവരുടെ രക്തം എൻ്റെ വേദനിക്കുന്ന ഹൃദയത്തെ കൂടുതൽ വേദനിപ്പിക്കുന്നു. ജനിക്കാൻ സാധിക്കാതെ പോയ അനേകം നിഷ്‌കളങ്കരായ കുഞ്ഞുങ്ങൾ ഈ പ്രാർത്ഥനയിലൂടെ രക്ഷിക്കപ്പെടും. ഈ പ്രാർത്ഥന എല്ലാ ദിവസവും ചൊല്ലുകയും ലോകത്തെ മുഴുവൻ അറിയിക്കുകയും ചെയ്യുക. ഈ പ്രാർത്ഥന പഠിപ്പിക്കുന്ന ആരും നഷ്ട്ടപെട്ടുപോകുകയില്ല. അവർ നഷ്ട്ടപെട്ടു പോകുവാൻ സ്വർഗത്തിലുള്ള നിഷ്‌കളങ്കരായ ആത്മാക്കൾ ഒരിക്കലും അനുവദിക്കുകയില്ല. എൻറെ സ്നേഹവും കരുണയും കൊണ്ട് മാരകപാപത്തിൽ വീഴുന്നതിൽ നിന്ന് ഞാൻ അവരെ സംരക്ഷിക്കും.”)
സ്വർഗീയ പിതാവേ, അങ്ങയുടെ സ്നേഹം അനന്തമാകുന്നു. അങ്ങയുടെ സ്നേഹസമുദ്രത്തിൽ, അവിടുത്തെ ഏകജാതനായ യേശുക്രിസ്‌തു വഴി അങ്ങ് ഈ ലോകത്തെ രക്ഷിച്ചു. അങ്ങയുടെ ജനത്തോടുള്ള സ്നേഹത്തെ പ്രതി നിരന്തരം കുരിശിൽ രക്തം ചൊരിഞ്ഞുകൊണ്ടിരിക്കുന്ന അങ്ങേ ഏക പുത്രനെ ഇപ്പോൾ നോക്കുകയും അങ്ങയുടെ ലോകത്തോട് ക്ഷമിക്കുകയും ചെയ്യണമേ. അവരുടെ രക്ഷയ്ക്കുവേണ്ടി കുരിശിൽ മരിച്ച ഈശോമിശിഹായുടെ തിരുവിലാവിൽ നിന്നും ഒഴുകുന്ന വിലയേറിയ രക്തത്താലും ജലത്താലും പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ ഭ്രൂണഹത്യയിലൂടെ മരണമടഞ്ഞ എല്ലാ ശിശുക്കളെയും ശുദ്ധീകരിക്കുകയും മാമ്മോദീസ നൽകുകയും ചെയ്യണമേ. യേശുക്രിസ്‌തുവിൻ്റെ പരിശുദ്ധ മരണം വഴി അവർ നിത്യജീവൻ നേടുകയും അവിടുത്തെ വിലയേറിയ തിരുരക്തത്താൽ സ്വതന്ത്രരാക്കപ്പെടുകയും ചെയ്യട്ടെ. അങ്ങനെ സ്വർഗത്തിലെ വിശുദ്ധരോടൊന്നിച്ച് ആനന്ദിക്കാനും ഇടയാകട്ടേ. ആമ്മേൻ