ദിവ്യസ്നേഹം ദൈവത്തെപ്പോലും ജയിക്കുന്നു.
1. നമ്മുടെ ദൈവം സർവ്വശക്തനാണ്: അപ്പോൾ ആർക്കാണ് എപ്പോഴെങ്കിലും അവിടുത്തെ ജയിക്കുകയും കീഴടക്കുകയും ചെയ്യാൻ കഴിയുക? വിശുദ്ധ ബെർണാർഡ് പറയുന്നു: ‘അല്ല, മനുഷ്യനോടുള്ള സ്നേഹം ദൈവത്തെ കീഴടക്കുകയും വിജയിക്കുകയും ചെയ്തു’: അതുകൊണ്ടാണ് മനുഷ്യൻറെ രക്ഷ സാധിതമാക്കുന്നതിനായി അപമാനകരമായ ഒരു കുരിശിൽ, വേദനയോടെ മരിക്കാൻ അവിടുത്തെ സ്നേഹം കാരണമായത്. ഓ അനന്തസ്നേഹമേ! അങ്ങയെ സ്നേഹിക്കാത്ത ആത്മാവ് നിർഭാഗ്യനത്രേ.
2. യേശു കുരിശിൽ മരിക്കുന്ന ദിവസം കാൽവരിയിലൂടെ കടന്നുപോകുന്നവർ, ഇത്രയും നികൃഷ്ടമായ അവസ്ഥയിൽ ക്രൂശിക്കപ്പെട്ട ആ കുറ്റവാളി ആരാണെന്ന് അന്വേഷിക്കുന്നുവെന്നിരിക്കട്ടെ. അതു ദൈവപുത്രനാണെന്നും യഥാർത്ഥ ദൈവമാണെന്നും തൻറെ പിതാവിനു തുല്യനാണെന്നും ആരെങ്കിലും അവരോടു പറഞ്ഞുവെന്നും ഇരിക്കട്ടെ. അത് കേൾക്കുന്നവൻ – അവൻ ഒരു വിശ്വാസിയല്ലെങ്കിൽ – ഇത്തരം കാര്യങ്ങൾ വിശ്വസിക്കുക ഭോഷത്വം ആണെന്ന്, ചുറ്റുമുള്ള അവിശ്വാസികളോടുചേർന്ന് പറയാതിരിക്കുമോ? വിശുദ്ധ ഗ്രിഗറി പറയുന്നു: “ജീവൻറെ ഉടയവൻ മനുഷ്യർക്കുവേണ്ടി മരിക്കണമെന്നതു വിഡ്ഢിത്തമായി കരുതപ്പെടുന്നു ”. ഒരു രാജാവ്, ഒരു പുഴുവിനോടുള്ള സ്നേഹത്താൽ ഒരു പുഴുവായി മാറുമെന്നു കരുതുന്നതു വിഡ്ഢിത്തമായിരുന്നെങ്കിൽ; മനുഷ്യനോടുള്ള സ്നേഹത്തെപ്രതി, മനുഷ്യനുവേണ്ടി മരിക്കുന്നതിനായി ദൈവം മനുഷ്യനായിത്തീർന്നുവെന്നു വിശ്വസിക്കുന്നതിലെ വിഡ്ഢിത്തം അതിലും കൂടുതലായി കാണപ്പെടും. ഇതാണ്, ദൈവത്തിൻറെ ഈ അപാരമായ സ്നേഹത്തെക്കുറിച്ചു പസ്സിയിലെ വിശുദ്ധ മേരി മഗ്ദലനയെ, “എൻറെ യേശുവേ, അങ്ങു ഞങ്ങളെ ഉന്മാദിയെപ്പോലെ സ്നേഹിക്കുന്നു” എന്നു പറയാൻ പ്രേരിപ്പിച്ചത്. ഹാ! ഒരു ഹീനപാപിയായ ഞാൻ ദൈവത്തെ സ്നേഹിച്ചിട്ടില്ല, എന്നുമാത്രവുമല്ല പലതവണ അവിടുത്തെ മുറിപ്പെടുത്തിയിട്ടുമുണ്ട്!
3. ക്രിസ്ത്യാനീ, കണ്ണുകൾ മുകളിലേക്കുയർത്തി കാണുക. തീവ്രദു:ഖത്തിലും പീഡനങ്ങളിലും വലഞ്ഞ്, അസഹനീയമായ മരണവേദനയനുഭവിച്ച്, നിന്നോടുള്ള സ്നേഹത്തെ പ്രതി മാത്രം മരിക്കുന്ന
ക്രൂശിതനെ കാണുക. അവൻ ആരാണെന്നു നിനക്കറിയാമോ? അവൻ നിൻറെ ദൈവമാണ്. അവൻ നിൻറെ ദൈവമാണെന്നു നീ വിശ്വസിക്കുന്നുവെങ്കിൽ, ആരാണ് അവനെ ഇത്ര ദയനീയമായ അവസ്ഥയിലേക്കു കൊണ്ടുചെന്നെത്തിച്ചതെന്നു ചോദിക്കുക. വിശുദ്ധ ബെർണാർഡ് പറയുന്നു: ‘എന്തുകൊണ്ടിത് സംഭവിച്ചു? സ്വന്തം മഹത്വം കണക്കിലെടുക്കാത്ത സ്നേഹമാണത് ചെയ്തത്.’ തൻറെ പ്രിയപ്പെട്ടവർക്കായി സ്വയം വെളിപ്പെടുത്തുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോൾ വേദനയെയോ, അപമാനത്തെയോ പോലും വകവയ്ക്കാത്ത സ്നേഹമായിരുന്നു അത്. ഓ യേശുവേ! അങ്ങ് എന്നെ വളരെയധികം സ്നേഹിക്കുന്നതുകൊണ്ടാണ് അങ്ങ് എനിക്കുവേണ്ടി വളരെയധികം സഹിച്ചത്: അങ്ങ് എന്നെ കുറച്ചേ സ്നേഹിച്ചിട്ടുണ്ടായിരുന്നുള്ളുവെങ്കിൽ അങ്ങു കുറച്ചേ സഹിക്കുമായിരുന്നുള്ളു. എൻറെ പ്രിയപ്പെട്ട രക്ഷകാ, ഞാൻ അങ്ങയെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുന്നു. അവിടുത്തെ വിലയേറിയ രക്തവും ജീവൻ തന്നെയും എനിക്കുവേണ്ടി നൽകുവാൻ അവിടുന്ന് മടിക്കാതിരുന്നതിനാൽ, എൻറെ മുഴുവൻ സ്നേഹത്തെയും ഞാൻ എങ്ങനെ ദൈവത്തിനു കൊടുക്കാതിരിക്കും? ഓ യേശുവേ, എൻറെ സ്നേഹമേ, എൻറെ സർവ്വസ്വവുമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. പരിശുദ്ധ മറിയമേ, കന്യകകളുടെ രാജ്ഞീ, അങ്ങയുടെ പ്രാർത്ഥനകളാൽ, യേശുവിനെ വിശ്വസ്തതയോടെ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ.